ആലപ്പുഴ: അപൂര്‍വ്വ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ (25) മരണത്തിന് കീഴടങ്ങി. മുഖത്തും ശരീരത്തുമുള്ള വലിയ മറുകിന്‍റെ പേരിലാണ് പ്രഭുലാലിനെ എല്ലാവർക്കും പരിചിതം. മാലിഗ്നന്‍റ് മെലോമ എന്ന സ്കിൻ കാൻസറിനോട് പോരാടിയാണ് പ്രഭുലാൽ വിടവാങ്ങിയത്.

പല്ലന കൊച്ചുതറ തെക്കതില്‍ പ്രസന്നന്‍ -ബിന്ദു ദമ്ബതികളുടെ മകനാണ്. ചികിത്സയില്‍ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം.

മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ ആത്മധൈര്യത്തോടെ മറികടന്ന പ്രഭുലാല്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ജനപ്രിയനായത്. മുഖത്തും ശരീരത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാന്‍സറാണെന്ന് വളരെ വൈകിയാണ് കണ്ടെത്തിയത്.

കഴിഞ്ഞ മാര്‍ച്ചിലാണ് പ്രഭുലാലിന്റെ വലത് തോള്‍ഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയില്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ പ്രഭുലാല്‍, ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് മരണം കവരുന്നത്. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനുമായി പ്രഭുലാല്‍, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ വിട്ടുപോയത്