ഭാരതത്തിലെ പ്രഥമ തദ്ദേശീയനായ മെത്രാപോലീത്ത മാർ ജോസഫ് കരിയാറ്റിലിന്റെ 235 ആം ചരമ വാർഷികത്തിനോട്‌ അനുബന്ധിച്ച് മെത്രാപ്പോലീത്തായുടെ ഛായാചിത്രത്തിന്റെ വെഞ്ചിരിപ്പ് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ പറവൂർ ഫൊറോനാ വികാരി മോൺ. ആന്റണി പെരുമായൻ നിർവഹിച്ചു.

ഫാ. സിറിൽ തയ്യിൽ വിശുദ്ധ കുർബാനയ്ക്കും ഒപ്പീസിനും നേതൃത്വം നൽകുകയും ഇടവക വികാരി ഫാ. പോൾ ചുള്ളി സഹകാർമികത്വം വഹിക്കുകയും ചെയ്തു.
ഛായാചിത്രത്തിന്റെ ചിത്രകാരൻ ഡേവിസ് സാജു ആണ്. റിസേർച്ചും മെറ്റീരിയൽ ശേഖരണവും നടത്തിയത് ജോസ് കെ ജോർജ് മാപ്പിളപറമ്പിലും ലിയോൺ ജോസ് വിതയത്തിലും ചേർന്നാണ്. അതിപുരാതനമായ ആലങ്ങാട് സെന്റ് മേരീസ്‌ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനും മറ്റും നേതൃത്വം നൽകുന്നത് ഫാ. പോൾ ചുള്ളിയാണ്.

ഈ ഛായാചിത്രത്തിന് വളരെയേറെ പ്രത്യേകതകളുണ്ട്. 1700 കളിൽ കത്തോലിക്കാസഭയിൽ മെത്രാപ്പോലീത്തമാർ ഉപയോഗിച്ചിരുന്ന വസ്ത്രവും കരിയാറ്റിൽ പിതാവിന് പോർച്ചുഗലിൽ നിന്ന് മെത്രാഭിഷേകത്തിന് ലഭിച്ച മാലയും മോതിരവും ആണ് ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ കുരിശിന് രണ്ട് നിറങ്ങൾ ഉണ്ട് അത് ഇന്ത്യയിൽ തന്നെ വളരെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കുരിശാണ്. സ്വർണ്ണവും വജ്രങ്ങളും അടങ്ങിയ മാലയിൽ ഉള്ള സ്വാസ്തിക ചിഹ്നം രണ്ടാം ലോകമഹാ യുദ്ധത്തിന് മുൻപുവരെ യൂറോപ്പിൽ ഭാഗ്യചിഹ്നമായി ഉപയോഗിച്ചിരുന്നതാണ്.

ചരിത്രത്തോട് പൂർണമായും നീതി പുലർത്താൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ ശ്രമിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂർ ഭദ്രാസനത്തിന്റെ മെത്രാപോലീത്തയായിരുന്ന കരിയാറ്റി മാർ യൗസേപ്പ് മെത്രാപ്പോലീത്തായുടെ ഓർമ്മതിരുനാൾ.

കർത്താവേ അങ്ങേ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ.

അനുഗ്രഹീതയും കൃപ നിറഞ്ഞവളും കന്യകയുമായ മാർത്ത് മറിയത്തിന്റെ അപേക്ഷയും മാർ യൗസേപ്പിന്റെയും മാർ യോഹന്നാൻ മാംദാനയുടെയും പ്രാർത്ഥനാ സഹായവും വിശുദ്ധ ശ്ലീഹന്മാരുടെയും സുവിശേഷകരുടെയും അഭ്യർത്ഥനകളും വിശ്രുതനായ ഞങ്ങളുടെ പിതാവ് മാർ തോമാ ശ്ലീഹായുടെയും കിഴക്കിന്റെ പ്രേഷിതരായ മാർ അദ്ദായിയുടെയും മാർ മാറിയുടെയും ആദ്യ രക്തസാക്ഷിയായ മാർ എസ്തപ്പാനോസിന്റെയും സുറിയാനി സഭകളുടെ മുഴുവൻ മൽപ്പാനും റൂഹാദ്‌ഖുദ്ശായുടെ വീണയുമായ മാർ അപ്രേമിന്റെയും ധീരയോദ്ധാവും വിശ്രുത രക്തസാക്ഷിയുമായ മാർ ഗീവർഗീസിന്റെയും മാർ ശെമയോൻ ബർസബായുടെയും മാർ ഖുറിയാഖോസിന്റെയും മാർ ഹോർമീസിന്റെയും വിശുദ്ധരായ ബർബരായുടെയും ശ്മോനിയുടെയും അവളുടെ മക്കളുടെയും മാർത്ത് അല്ഫോൻസാമ്മയുടെയും മാർത്ത് എവുപ്രാസ്യാമ്മയുടെയും മാർ ഖുരിയാഖോസ് ഏലിയാസ് അച്ചന്റെയും മാർത്ത് മറിയം ത്രേസ്യാമ്മയുടെയും മറ്റെല്ലാ സഹദാമരുടെയും മൽപന്മാരുടെയും വിശുദ്ധരുടെയും പ്രത്യേകമായി സഹദാ മാർ സെബാസ്ത്യാനോസിന്റെയും ഞങ്ങളുടെ സഭയിലെ വാഴ്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെയും റാണി മരിയാമ്മയുടെയും പ്രാർത്ഥനയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. പുണ്യശ്ലോകനായ മാർ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തയുടെ പ്രാർത്ഥന ഞങ്ങൾക്ക് അഭയവും സഹായവും ദുഷ്ടപിശാചിലും അവന്റെ സൈന്യങ്ങളിൽ നിന്നു സംരക്ഷണവും പ്രത്യേകിച്ചു ലോകവും ഞങ്ങളുടെ ദേശവും നേരിടുന്ന ഭീകര പകർച്ചവ്യാദികളിൽ നിന്നും സംരക്ഷണവും നൽകി നിത്യഭാഗ്യത്തിലേയ്ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും റൂഹാദ്ഖുദ്‌ശായുമായ സർവേശ്വരാ, എന്നേയ്ക്കും.ആമേൻ

🌹

1742 മെയ്‌ 5 ന് പൈലി മറിയം ദമ്പതികളുടെ നാലാമത്തെ മകനായി ആലങ്ങാട്ട് ജനനം.പിതാവ് പൈലിയുടെ സഹോദരൻ ആലങ്ങാട് ഇടവകയിൽ ശെമ്മാശൻ ആയിരുന്നു.

1753 ൽ പതിമൂന്നാം വയസിൽ റോമായിലേക്ക് പഠനത്തിനായി അയക്കപെട്ടു.1754-55 ൽ റോമിൽ പഠനം ആരംഭിച്ചു.1766 മാർച്ചിൽ 15 ന് വൈദീക പട്ടം സ്വീകരിച്ചു.1766 ഏപ്രിൽ മാസത്തിൽ ഇന്ത്യയിലേക്ക് മടങ്ങി.1768 ജനുവരി മുതൽ സുറിയാനി മൽപ്പാൻ ആയി ആലങ്ങാട് സെമിനാരിയിൽ നിയമിതനായി.സുറിയാനി പഠിപ്പിക്കാൻ മുണ്ടാടൻ ഇട്ടിരാ മൽപ്പാനെകൂടി നിയമിക്കുന്നു.1777 ൽ ആലങ്ങാട് സെമിനാരി വാരാപ്പുഴയിലേക്ക് മാറ്റി.ലത്തീൻ സെമിനാരിയോട് യോജിച്ചതോടെ സുറിയാനി പഠിപ്പിക്കാതായി.1777 മാർച്ച്‌ 18 ന് പുത്തന്കൂർ തലവൻ മാർത്തോമാ ആറാമന്റെ പക്കലേക്ക് കരിയാറ്റി അയക്കപെടുന്നു.1778 നവംബർ 14 ന് കരിയാറ്റിയും പാറേമാക്കലും രണ്ട് ശമ്ശാനമാരും റോമിലേക്ക് കപ്പൽ യാത്ര ആരംഭിച്ചു.1780 ജനുവരി 30 ന് റോമിൽ എത്തി.1782ജൂലൈ 16 ന് പോർച്ചുഗീസ് രാജ്ഞി കരിയാറ്റിയെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നിയമിച്ചു.

മിശിഹാക്കാലം 1783 കുംഭമാസം (ഫെബ്രുവരി 17 ന് ) എഴുപതാം ഞായറാഴ്ച എന്ന് ചൊല്ലപ്പെടുന്ന നോമ്പിന്റെ ഞായറാഴ്ചയുടെ തലേന്നിൻറെ പേതൃത്ത ഞായറാഴചയുടെ തലേനിന്റെ തലേഞായറാഴ്ച നാൾ ലിസ്ബണിൽ മാർ ബെനദിക്തോസ് പുണ്യവാന്റെ സഭക്കാരുടെ സംബന്തുവെന്ന ആശ്രമപള്ളിയിൽ വച്ച് മാർ ഫ്രംസിസ്‌കോസ് ദേ അബസൂദ എന്ന ഗോവയുടെ മുൻ മെത്രാപ്പോലീത്തായിൽ നിന്ന് , മയ്യാ എന്ന ദേശത്തിന്റെ മെത്രാൻ മാർ വർത്തുൽമായുടെയും , മക്കാവെന്ന ദേശത്തിന്റെ മെത്രാൻ മാർ അലക്സന്ത്രയോസിന്റെയും സഹകാർമികത്വത്തിൽ, മുൻപ് അങ്കമാലിയെന്നും ഇപ്പോൾ കൊടുങ്ങല്ലൂരെന്നും പറയപ്പെടുന്ന മലങ്കര മഹായിടവകയുടെ മെത്രാപ്പോലീത്തായായി മാർ യൗസേപ്പ് കരിയാറ്റി വാഴ്ച കൈകൊള്ളുകയും ചെയ്തു.ആ വർഷംതന്നെ മാർച്ച് 17നു കരിയാറ്റി പിതാവിന് മെത്രാപ്പൊലീത്തായ്ക്കടുത്ത പാലിയം ( റോമാ സഭയുടെ ആചാരമനുസരിച്ചു മെത്രാപ്പോലീത്ത സ്ഥാനത്തിന്റെ പൂർത്തീകരണമായ തിരുവസ്ത്രം) ലഭിച്ചു.

കേരളത്തിലെ ലത്തീൻ മിഷിണറിമാർ കരിയാറ്റി മെത്രാപ്പോലീത്തയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് തടയാനുള്ള കുതന്ത്രങ്ങൾ മെനഞ്ഞു. നാട്ടുമെത്രാൻ വന്നുകഴിഞ്ഞാൽ യൂറോപ്യന്മാർക്കു ഇവിടെയുള്ള അധികാരം നഷ്ടപ്പെടും എന്നതിനാലായിരുന്നു ഇത്.ഇതിനെക്കുറിച്ചുള്ള കത്തിടപാടുകൾ വളരെയേറെ ഇതിനകം നടന്നിരുന്നു.1786 സെപ്റ്റംബർ 9 ആം തിയതി രാത്രി 9:30 ന് മാർ കരിയാറ്റി ദുരൂഹസാഹചര്യത്തിൽ ആകസ്മികമായി ചരമം പ്രാപിച്ചു.ഗുരുതരമായ പനിയും ശ്വാസസംബന്ധമായ ഉണ്ടായ അസ്വസ്ഥതയുമാണ് മരണത്തിനു കാരണമെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു.

ഗോവൻ ആർച്ബിഷപ്പിന്റെ വസതിയിൽ വച്ചായിരുന്നു മരണം.പിറ്റേന്ന് ഗോവയിലെ സെൻറ് കാതറിൻ സിംഹാസനപള്ളിയിൽ കബറടക്കവും നടത്തി.1960 ഡിസംബറിൽ 10ന് കബറിടം തുറക്കുകയും ശേഷിപ്പുകൾ രക്തം അലിഞ്ഞു ചേർന്ന മണ്ണും ,ഏതാനും ചില അസ്ഥികളും,അംശവസ്ത്രത്തിന്റെ ഭാഗങ്ങളും പേടകത്തിനുള്ളിലാക്കി ആലങ്ങാട് പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചു.

(കടപ്പാട് : ഫാദർ തോമസ് കൂനമ്മാക്കൽ ,വർത്തമാനപുസ്തകം.)

നിങ്ങൾ വിട്ടുപോയത്