ഇന്ന് മിഷൻ ഞായർ!

“രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം Ad gentes /രാജ്യങ്ങളിലേക്ക് എന്ന പേരിലാണ് സഭയുടെ പ്രേഷിത പ്രവർത്തനത്തെപ്പറ്റിയുള്ള പ്രമാണരേഖ അറിയപ്പെടുന്നത്.

1967-ലെ മലയാളപരിഭാഷ പ്രേഷിതപ്രവർത്തനം എന്നും. പല പ്രമാണരേഖകളുടെയും പേരുകൾ പരിഭാഷ എന്നതിലുപരി ഉള്ളടക്കം വ്യക്തമാക്കുന്ന പദപ്രയോഗങ്ങളായിരുന്നു മലയാളത്തിലും മറ്റു പക ഭാഷകളിലും പരിഭാഷകൻ നൽകിയത്.

കൃത്യമായ പരിഭാഷകൾ നൽകുകയായിരുന്നു യുക്തം എന്ന് കരുതുന്നതുകൊണ്ട് ഞാൻ പരിഭാഷകൾ നല്കാൻ ശ്രമിച്ചു. “രാജ്യങ്ങളിലേക്ക്” എന്ന പേര് അർത്ഥവത്തും മനോഹരവും എന്നാണെന്റെ അഭിപ്രായം. രാജ്യങ്ങളിലേക്ക് എന്ന് പരിഭാഷപ്പെടുത്തിയാലും പ്രേഷിതപ്രവർത്തനം എന്ന പേരുകൊടുത്താലും മതസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനം എന്ന പേര് നൽകി മതസ്വാതന്ത്ര്യത്തെ അറത്തുകളയുന്ന ഒരു ഭരണവ്യവസ്ഥിതിക്ക്‌ കാവൽ നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും പ്രേഷിതപ്രവർത്തനത്തിന് തുനിയുന്നതും. അതുകൊണ്ടു ആവശ്യങ്ങൾ ബലികഴിക്കാതെയും തെറ്റുകൾ ഉണ്ടാകാതെയും പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള ശരിയായ ദിശാബോധത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്.

ഉള്ളടക്കം

സഭ രക്ഷയുടെ കൂദാശയാണ് എന്ന തത്വത്തിൽ അധിഷ്ഠിതമാണ് Ad gentes (രാജ്യങ്ങളിലേക്ക്) എന്ന സഭയുടെ പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള പ്രബോധനം. പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പിതാവിന്റെ ഹിതാനുസൃതം ക്രിസ്തുവിലൂടെ രക്ഷാകരപ്രവൃത്തി ഫലമണിയുന്നുവെന്ന് സഭ പഠിപ്പിക്കുന്നു. സഭ അതുകൊണ്ടു അവളുടെ സ്വഭാവത്തിൽ പ്രേഷിതയാണ്. ലോകത്തെ രക്ഷിക്കാൻ അഥവാ ക്രിസ്തുവിൽ അനുരഞ്ജനപ്പെടുത്താൻ സഭ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം വരെ പ്രേഷിതയായി പ്രവർത്തിക്കുന്നു എന്നതാണ് സഭയുടെ സ്വഭാവവും ശൈലിയും. മാമോദീസായിലൂടെ എല്ലാ ജനതകളെയും ക്രിസ്തുവിലേക്കു നയിക്കുകയാണ് സഭയുടെ ദൗത്യം.

പ്രേഷിതപ്രവർത്തനം പ്രഥമമായും സാക്ഷ്യമാണ്. ക്രിസ്തുവാണ് പ്രേരകശക്തി. സംവാദമാണ് അടിസ്ഥാന ശൈലി. വർഗ, വർണ്ണ, ജാതി, വ്യത്യാസങ്ങളില്ലാതെയും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കാതെയും എല്ലാവരിലും ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനാണ് പ്രേഷിതർ ശ്രദ്ധിക്കേണ്ടത്. ദൈവജനത്തെ ഒരുമിപ്പിക്കുന്നതിനാണ് സുവിശേഷം പ്രഘോഷിക്കുന്നത്.

ക്രൈസ്തവ സമൂഹങ്ങൾ രൂപീകരിക്കുന്നതിന്റെ ലക്‌ഷ്യം അടിസ്ഥാനപരമായി ജനതകളുടെ ഐക്യമാണ്. വ്യക്തിസഭകളും പ്രാദേശിക സഭകളും പ്രേഷിതപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പരസ്പരം സഹായിക്കുക കടമയാണെന്ന നിർദേശവും ഈ ഡിക്രിയിൽ ഉണ്ട്. സുവിശേഷം പ്രസംഗിക്കുന്നത് ക്രിസ്തുശിഷ്യരുടെ പ്രഥമമായ കടമയായി പ്രേഷിതപ്രവർത്തനം എന്ന ഡിക്രി അവതരിപ്പിക്കുന്നു.

പ്രേഷിതർക്ക് അവർക്കാവശ്യമായ പരിശീലനം കൊടുക്കണമെന്നും ഡിക്രി നിർദേശിക്കുന്നു. ത്യാഗം സഹിക്കുവാൻ അവർ സന്നദ്ധരാണ്. മെത്രാന്മാരുടെ സംഘവും രൂപതാതലത്തിലും വത്തിക്കാനിലെ തിരുസംഘവും ആവശ്യമായ ഒരുക്കങ്ങൾ നടത്തണം. മെത്രാന്മാരുടെയും സമർപ്പിതരുടെയും വൈദികരുടെയും മാത്രം ജോലിയല്ല,

ദൈവജനത്തിന്റെ പൊതുകടമയാണ് പ്രേഷിതപ്രവർത്തനം എന്നും കൗൺസിൽ പഠിപ്പിക്കുന്നു.

പ്രേഷിതപ്രവർത്തനം അന്നും ഇന്നും എന്നും

പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ ദർശനവും കാഴ്ചപ്പാടും നിലപാടും ഗൗരവമായി പരിഗണിക്കണം. സഭയുടെ കാഴ്ച്ചപ്പാടു വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമെന്ന ദൗത്യം ഏറ്റെടുക്കുന്ന ദൈവശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും നിർദേശങ്ങളും വിലമതിക്കണം. അതുപോലെ ഇന്ന് നടക്കുന്ന പ്രേഷിതപ്രവർത്തനത്തിൽനിന്നും മനസിലാകുന്നതും മനസിലാക്കാവുന്നതുമായ പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പരിഗണിക്കണം. ഏതൊരു ദൈവശാസ്ത്രവിഷയവും പരമ്പരാഗതമായി വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ദൈവശാസ്ത്രത്തോടൊപ്പം ഇന്ന് മനുഷ്യർ അഥവാ വിശ്വാസികൾ വിശ്വസിക്കുകയും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവരുടെ ജീവിതം കാണുമ്പോൾ മനസിലാകുന്ന ഒരു ദൈവശാസ്ത്രമായിക്കൂടി മനസിലാക്കുകയും പഠിപ്പിക്കുകയും ചെയ്യണം. അതായതു വിശ്വാസജീവിതത്തിൽനിന്നും ഉരുത്തിരിയുന്ന ഒരുദൈവശാസ്ത്രം. ഉദാഹരണത്തിന് പരിസ്ഥിതപ്രവർത്തനത്തെക്കുറിച്ചും പ്രേഷിതപ്രവർത്തനത്തെക്കുറിച്ചും പരിചിന്തിക്കുമ്പോൾ നമ്മുടെ ഇന്നത്തെ പ്രേഷിതപ്രവർത്തനത്തിൽനിന്നും ഉരുത്തിരിയുന്ന പ്രേഷിതപ്രവർത്തനത്തേക്കുറിച്ചുള്ള ഒരു ദൈവശാസ്ത്രം. അത് പരമ്പരാഗത വിശ്വാസത്തിനും പഠനത്തിനും വിരുദ്ധമാകാൻ പാടില്ല. മറിച്ചു പരമ്പരാഗത വിശ്വാസത്തിന്റെയും രീതികളുടെയും സ്വാഭാവിക പരിണാമമാകാൻ ഇടയുണ്ട്. സ്വാഭാവിക പരിണാമത്തെ ഈ രീതിയിൽ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ സംഘർഷമുണ്ടാകുമെന്നുമാത്രമല്ല വളർച്ചയും സ്വസ്ഥതയും നഷ്ടപ്പെടുകയും ചെയ്യും. തീർവവാദത്തിന്റെ ബീജം വളർന്നുതുടങ്ങുകയും അതിനു വഴിയൊരുക്കുകയും ആകും ഫലം. ഈ മൂന്നു കാഴ്ചപ്പാടുകൾ അഥവാ സഭയുടെ ഔദ്യോഗിക കാഴ്ചപ്പാട്, ദൈവശാസ്ത്രജ്ഞരുടെ കാഴ്ചപ്പാട്, ഇന്നത്തെ പ്രേഷിതപ്രവർത്തനത്തിൽ നിന്നും ഉരുത്തിരിയുന്ന കാഴ്ചപ്പാട് തുടങ്ങിയവ ഒന്ന് വിശദീകരിക്കാം.

സഭയുടെ കാഴ്ചപ്പാട്.

extra eclesiam nulla salus: “സഭക്ക് പുറത്തു രക്ഷയില്ല” എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ലാറ്ററൻ കൗൺസിലിന്റെ (1438 1445) പ്രഖ്യാപനം അതിന്റെ സാഹചര്യവും ചരിത്രവും ഉദ്ദേശിച്ച അർത്ഥവും തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അർത്ഥവ്യതിയാനങ്ങൾ മനസിലാക്കാതെയുള്ള ഒരു പ്രേഷിത ചൈതന്യവും പ്രേഷിത പ്രവർത്തനവും ഒരു കാലത്തു ഉണ്ടായി എന്ന് മനസിലാക്കണം. അന്ന് ഉദ്ദേശിച്ചതും ഇന്ന് സഭ ഔദ്യോഗികമായി മനസിലാക്കുന്നതും പഠിപ്പിക്കുന്നതുമായ കാഴ്ചപ്പാടിൽ നിലനിന്നുകൊണ്ടുള്ള ഒരു പ്രേഷിത ചൈതന്യവും പ്രേഷിത ത്വരയുമാണ് നമുക്കാവശ്യം.

അന്നത്തെ നിലപാട് അതിന്റെ ചരിത്രപശ്ചാത്തലത്തിൽ പുനർവ്യാഖ്യാനം ചെയ്യുകകൂടി വേണം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Ad gentes എന്നപ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രമാണരേഖയുടെ ആമൂഹത്തിൽ ദൈവജനം ലോകം മുഴുവൽ പ്രചരിക്കണമെന്നും ദൈവരാജ്യം ലോകം മുഴുവൻ പ്രചരിക്കണമെന്നും പ്രതിപാദിക്കുന്നുണ്ട്. (Mk .16 :16 ; 1 Thes .3 :1 ). വിശ്വാസികളുടെ ശക്തി സംഘടിപ്പിക്കണമെന്നും തത്വങ്ങളുടെ മാർഗരേഖ നൽകണമെന്നും അവിടെ പ്രതിപാദനമുണ്ട്. എന്നാൽ എന്താണ് പ്രേഷിത പ്രവർത്തനമെന്നും എന്താണ് ദൈവാരാജ്യമെന്നും മനസിലാക്കിക്കൊണ്ടുമാത്രമേ ഈ ആമുഖം വ്യാഖ്യാനിക്കാൻ സാധിക്കുകയുള്ളു.

തത്വങ്ങൾ വിവരിക്കുന്ന ഒന്നാമത്തെ അദ്ധ്യായത്തിൽ ഈശോ പ്രേഷിതനായിരുന്നു എന്നും ഈശോ പ്രസംഗിച്ചത് ഭൂമിയുടെ അതിർത്തി വരെയും പ്രസംഗിക്കപ്പെടണമെന്നും പ്രേഷിതപ്രവർത്തനം യാഥാർഥ്യമാകാൻ ശക്തി ലഭിക്കാനാണ് അവിടുന്ന് പരിശുദ്ധാല്മാവിനെ അയച്ചത് എന്നും പറയുന്നു. ക്രിസ്തുവിന്റെ ശിഷ്യർ സുവിശേഷം പ്രസംഗിക്കാൻ അയക്കപ്പെട്ടുവെന്നും പ്രേഷിതപ്രവർത്തനം സഭാമക്കളുടെ എല്ലാവരുടെയും ചുമതല ആണെന്നുമുള്ള പ്രസ്താവനയും പ്രേഷിതപ്രവർത്തനം ലക്ഷ്യമാക്കുമ്പോൾ അത് വിവിധ രൂപഭാവങ്ങളിലാകാം എന്ന സൂചനയും പരിചിന്തനത്തിനു വിധേയമാകണം.

സഭയുടെ ഒരു പ്രധാന സാക്ഷ്യം പ്രേഷിതപ്രവർത്തനമെന്ന് സഭപഠിപ്പിക്കുന്നു. മാത്രമല്ല എന്താണ് പ്രേഷിത പ്രവർത്തനമെന്നും എങ്ങിനെയാണ് പ്രേഷിതപ്രവർത്തനം നടത്തേണ്ടതെന്നും സഭ നിർദേശിക്കുന്നുണ്ട്.

പ്രേഷിത പ്രവർത്തനത്തിന് വിവിധ ഘട്ടങ്ങൾ വേണ്ടെന്നും സഭ വിശ്വസിക്കുന്നു. ഉദാഹരണത്തിന് സുവിശേഷം കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിലും വളർച്ച പ്രാപിച്ച സഭയിലും വ്യത്യസ്തങ്ങളായ പ്രേഷിതപ്രവർത്തനങ്ങളാണ് നടക്കേണ്ടത്. പ്രേഷിതപ്രവർത്തനം സഭയുടെ ആന്തരികസ്വഭാവത്തിൽ നിന്നും ഉത്ഭവിച്ചതാണ്. സുവിശേഷം കേട്ടിട്ടില്ലാത്തിടത്തു സുവിശേഷം എത്തിക്കണം എന്നത് സഭയുടെ നയമാണ്. സുവിശേഷവൽക്കരണത്തിലൂടെ ക്രൈസ്തവസമൂഹം ദൈവജനത്തെ ഒരുമിച്ചുകൂട്ടുക, രൂപവൽക്കരിക്കുക എന്നതും സഭയുടെ ലക്ഷ്യമാണ്. നേരിട്ട് പ്രസംഗിക്കാൻ സാധിക്കാത്തിടത്തു ക്ഷമയോടെ കാത്തിരിക്കണം. വിവേകവും ക്ഷമയും കാരുണ്യവും കാണിക്കണം എന്നും കൗൺസിൽ നിർദേശിക്കുന്നു.

തുടർന്നുള്ള സംരംഭങ്ങൾ

Ad gentes എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖക്കുശേഷം പത്തുവർഷങ്ങൾ കഴിഞ്ഞപ്പോഴാണ് പോൾ ആറാമൻ മാർപ്പാപ്പ evangeli nunciandi എന്ന ചാക്രീയലേഖനം സുവിശേഷവൽക്കരണത്തെക്കുറിച്ചു എഴുതുന്നത്. 1973 -ൽ കർദ്ദിനാളന്മാരുടെ സമ്മേളനത്തിലും 1974 -ൽ ബിഷപ്പുമാരുടെ സിനഡിലും ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു ഇത്.

പ്രേഷിതപ്രവർത്തനത്തിനു ഏതൊക്കെ മാർഗ്ഗ ങ്ങൾ ഉപയോഗിക്കാം എന്നും എന്താണ് പ്രേഷിതപ്രവർത്തനം എന്നും പോൾ ആറാമൻ മാർപ്പാപ്പ വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ സുവിശേഷപ്രഘോഷകൻ ഈശോമിശിഹാ ആണ്. അവിടുന്ന് സ്വയം ഒരു സദ്വാർത്തയായിരുന്നു. ക്രിസ്തു ദൈവരാജ്യം പ്രസംഗിച്ചു; രക്ഷ പ്രസംഗിച്ചു; സർവവിധ അടിച്ചമർത്തലിൽനിന്നും വിമോചനം പ്രഖ്യാപിച്ചു. (9 ) ക്രിസ്തു തന്റെ സഹനവും മരണവും വരെ വിമോചനം പ്രസംഗിച്ചു. അവിടുന്ന് അധികാരത്തോടെ പ്രസംഗിച്ചു. ക്ഷീണിക്കാതെ പ്രസംഗിച്ചു. അത്ഭുതങ്ങളിലൂടെ പ്രസംഗിച്ചു.

രോഗികളെ സുഖപ്പെടുത്തി. വിശക്കുന്നവരെ പോറ്റി. ശിഷ്യരെ വിവിധ പ്രദേശങ്ങളിലേക്ക് അയച്ചു. ക്രിസ്തുവിന്റെ മാതൃക തുടരുന്ന സഭയുടെ ദൗത്യമാണ് സുവിശേഷവൽക്കരണം. മാനവസമൂഹത്തെ നവീകരിക്കണം; സംസ്‌കാരങ്ങളെ നവീകരിക്കണം, ജീവിതസാക്ഷ്യം നൽകണം, പ്രത്യക്ഷമായി പ്രഘോഷിക്കണം എന്നിങ്ങനെയുള്ള ആശയങ്ങളും ചർച്ച ചെയ്യപ്പെടുന്നു.

1974 -ലെ ബിഷപ്‌സ് സിനഡിൽ ആശയവിനിമയ മാധ്യമങ്ങൾ സുവിശേഷപ്രഘോഷണത്തിനും പ്രേഷിതപ്രവർത്തനത്തിനും ഉപയോഗിക്കണമെന്നും മാർപ്പാപ്പ പറഞ്ഞു.

ഇന്ത്യയിൽ നിന്നും അന്ന് ഏഴു മെത്രാന്മാർ അന്നത്തെ സിനഡിൽ പങ്കെടുത്തിരുന്നു. കൽക്കട്ടയിൽനിന്നുള്ള കർദിനാൾ പിക്കാച്ചി, ആഞ്ചല ഫെർണാണ്ടസ്, എറണാകുളത്തുനിന്നുള്ള മാർ ജോസഫ് പാറേക്കാട്ടിൽ, തിരുവന്തപുരത്തുനിന്നുള്ള മാർ ഗ്രീഗോറിയോസ്, ചെങ്ങനാശ്ശേരിയിൽ നിന്നുള്ള മാർ ആന്റണി പടിയറ, ഷില്ലോങിൽ നിന്നുള്ള ഹ്യൂബർട്‌സ് റൊസാരിയോ, വരണാശിയിൽ നിന്നുള്ള പാട്രിക് ഡിസൂസ തുടങ്ങിയവരായിരുന്നു അവർ.

അധുനിക ആശയനിനിമായമാധ്യമങ്ങളുടെ വിനിയോഗം 1974 മുതൽ കഴിഞ്ഞ ഏതാണ്ട് അമ്പതു വർഷങ്ങൾക്കിടയിൽ ഇന്ത്യയിൽ എന്തുമാത്രം ഏതെല്ലാം രീതിയിൽ പ്രയോഗികമാക്കപ്പെട്ടു എന്ന് ആൽമപരിശോധന ചെയ്യേണ്ട സമയമായി. തിരുത്തേണ്ടവ തിരുത്താനും തുടങ്ങേണ്ടത് തുടങ്ങാനുമുള്ള ചാതുരിയും സന്നദ്ധതയും ഉണ്ടാകേണ്ടിയിരിക്കുന്നു.

Redemptoris missio എന്ന ചാക്രീയ ലേഖനം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ എഴുതിയത് 1990 -ലാണ് (december 7). “സുവിശേഷംപ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം ” (1 Cor .9 :16) എന്ന വി പൗലോസിന്റെ നിലവിളി സഭയുടെ പേരിൽ ആവർത്തിക്കേണ്ട ആവശ്യകത ഈ ചാക്രീയലേഖനത്തിൽ പ്രതിഫലിക്കുന്നു. തന്റെ ഭരണത്തിന്റെ ആരംഭം മുതൽ ഭൂമിയുടെ അതിർത്തിവരെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത് പ്രേഷിതപ്രവർത്തനത്തിനുവേണ്ടിയുള്ള തന്റെ തീഷ്ണത മൂലമാണെന്ന് ജോണ് പോൾ രണ്ടാമൻ മാർപ്പാപ്പ എഴുതി. ക്രിസ്തുവിനെ മനസിലാക്കുകയോ സ്വീകരിക്കുകയോ ചെയ്യാത്ത മനുഷ്യരോടുള്ള ബന്ധവും സമ്പർക്കവും പ്രേഷിത പ്രവർത്തനത്തിന്റെ ആവശ്യകത തന്നെ ബോധ്യപ്പെടുത്തി എന്നും മാർപ്പാപ്പ പറയുന്നു.

ആധുനികലോകത്തിന്റെ ആവശ്യാനുസരണം സഭയെ നവീകരിക്കാനുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ സഭയുടെ പ്രേഷിതദൗത്യം ഊന്നിപ്പറയുന്നു എന്നും redemtoris missio എന്ന ചാക്രീയലേഖനം വ്യകതമാക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയുടെ പ്രേഷിതപ്രവർത്തനത്തിനു നല്ല ഫലങ്ങൾ ഉളവാക്കി എന്നും ചക്രീയലേഖനം സൂചിപ്പിക്കുന്നു. പ്രാദേശിക സഭകളുടെ വളർച്ച, മറ്റു സഭയുമായുള്ള ബന്ധം, പ്രേഷിതപ്രവർത്തനം ഓരോ ക്രിസ്ത്യാനിയുടെയും ചുമതല ആണെന്നുള്ള ബോധം തുടങ്ങിയവ പ്രേഷിതപ്രവർത്തനം മെച്ചപ്പെടുത്തി.

നല്ല ഫലങ്ങളും ചീത്ത ഫലങ്ങളും

പക്ഷെ സഭയുടെ നവവ്യവസ്ഥിതി നല്ല ഫലങ്ങൾ മാത്രമല്ല, നല്ലതല്ലാത്ത ഫലങ്ങളും പുറപ്പെടുവിച്ചു. ചില തെറ്റായ പ്രവണതകളും വളർന്നു വന്നു. അത് കൗൺസിലിന്റെ ചൈതന്യത്തിനും സഭയുടെ പഠനത്തിനും ചേർന്നതല്ല. അതായതു ക്രിസ്തുവിനെ അറിയാത്തവർക്കിടയിൽ സുവിശേഷം അറിയിക്കാനുള്ള സഭയുടെ തീക്ഷണത കുറഞ്ഞുപോയി എന്നും സൂചനയുണ്ട്. Ad gentes പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ട് 25 വർഷങ്ങൾ കഴിഞ്ഞിട്ടും evangeli nuntiandi യുടെ 15 വർഷങ്ങൾ കഴിഞ്ഞിട്ടും സഭയുടെ പ്രേഷിതപ്രവർത്തനം ശക്തിപ്പെടുത്താൻ redemtoris missio ആഹ്വാനം ചെയ്യുന്നു. വിശ്വാസം പങ്കുവെക്കുകയും മറ്റുള്ളവർ അത് നവീകരിക്കുകയും ചെയ്യുമ്പോഴാണ് വിശ്വാസം വളരുന്നത്. എന്നാൽ ക്രിസ്തുവിനെ അറിയുകയും അതേസമയം ക്രിസ്തുവിനെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇന്ന് ഏറുന്നുണ്ടെന്നും സൂചനയുണ്ട്. അതുകൊണ്ടു അവർക്കിടയിലെ സുവിശേഷവൽക്കരണം ആവശ്യമാണെന്നും ഈ ചാക്രീയ ലേഖനം സൂചിപ്പിക്കുന്നു.

ക്രിസ്തുരഹസ്യം അനുഭവിക്കുകയും പ്രചരിപ്പിക്കുകയുമാണ് സഭയുടെ അടിസ്ഥാന ദൗത്യം. പലരും ചിന്തിക്കുകയും ചോദിക്കുകയും ചെയ്യുന്ന ഒരു കാര്യം അക്രൈസ്തവർക്കിടയിൽ മിഷൻ പ്രവർത്തനവും പ്രേഷിതവേലയും പ്രസക്തമാണോ എന്നാണ്. അവരുമായി മതസംവാദം പോരെ എന്നും. മനുഷ്യപുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മിഷൻ പ്രവർത്തനമല്ലേ എന്നും പലരും ചോദിക്കുന്നു. മതപരിവർത്തനം മതസ്വാതന്ത്ര്യത്തിനു ചേരുന്നതാണോ എന്നും ചോദിക്കുന്നവരുണ്ട്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെങ്കിൽ മതപരിവർത്തനം അപ്രസക്തമല്ലേ എന്നും ചോദിക്കുന്നു. ലോകത്തെവിടെയുമുള്ള ജനാധിപത്യരാജ്യങ്ങളിൽ നിലവിലുള്ള സ്വാതന്ത്ര്യം മതസ്വാതന്ത്ര്യത്തിന്റേതാണ്. ഇന്ത്യൻ ഭരണഘടന മതസ്വാതന്ത്ര്യവും മതംപ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നുണ്ട്. സുവിശേഷം പ്രഘോഷിക്കുന്നതും സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതും മനഃസാക്ഷിക്കും മതസ്വാതന്ത്ര്യത്തിനും എതിരല്ല.

സഭ രക്ഷയുടെ അടയാളവും ഉപകരണവും എന്ന് നമ്മൾ വിശ്വസിക്കുന്നു. സഭയിലുള്ള രക്ഷ എല്ലാവര്ക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് എല്ലാവര്ക്കും ലഭ്യമാക്കാനുള്ള കടമ നമുക്കുണ്ട്. ദൈവരാജ്യം പ്രസംഗിക്കുക നമ്മുടെ കടമയാണ്. രക്ഷയും വിമോചനവും ബൗദ്ധികവും അദ്ധ്യാത്‌മികവുമായ തലങ്ങളിൽ എത്തിക്കുകയാണ് ദൈവാരാജ്യസ്ഥാപനം. സുഖപ്പെടുത്തുകയും ക്ഷമിക്കുകയുമാണ് ദൈവവരാജ്യത്തിന്റെ അടയാളങ്ങൾ. പരിശുദ്ധാത്മാവാണ് നമ്മെ ശക്തിപ്പെടുത്തുന്നത്. പരിശുദ്ധാത്മാവ് എല്ലായിടത്തും എക്കാലത്തും സന്നിഹിതനാണ്. ചില ക്രിസ്തീയ നഗരങ്ങൾ മിഷൻ വയലുകളായി മാറി. ഒരുനവാസുവിശേഷവൽക്കരണം അവിടങ്ങളിൽ നടക്കണം.

പ്രേഷിതപ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളെപ്പറ്റി മാർപ്പാപ്പ പറയുന്നുണ്ട്. സാക്ഷ്യം , ക്രിസ്തുവിനെ പ്രഘോഷിക്കൽ, മാമോദീസ, പ്രാദേശിക സഭകളുടെരൂപീകരണം, അടിസ്ഥാന ക്രിസ്തീയ സഭകളുടെ രൂപീകരണം, സംസ്കാരത്തിന്റെ സുവിശേഷവൽക്കരണം, മറ്റു മതങ്ങളുമായി സംവാദം, മനുഷ്യപുരോഗതിക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ എന്നിവയാണവ. ആദ്യത്തേത് നടപ്പാക്കിയശേഷമാണ് അവസാനത്തേത് വരേണ്ടതെന്നും സൂചനയുണ്ട്. ചാക്രീയ ലേഖനങ്ങളിലൂടെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനമായ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രമാണ രേഖയിലും പറയുന്നവീക്ഷണത്തിനും ദർശനത്തിനും വിശദീകരണവും വ്യാഖ്യാനവും നല്കുന്നതുപോലെ തന്നെ നല്ല പ്രചോദനങ്ങളും നിർദേശങ്ങളും നൽകാനും ഉള്ളഉത്തരവാദിത്തമാണ് ദൈവശാസ്ത്രജ്ഞർ ഏറ്റെടുക്കുന്നത്. ദൈവശാസ്ത്രജ്ഞരുടെ വീക്ഷണവും സമീപനരീതിയും ഒന്ന് പരിശോധിക്കാം.

ദൈവശാസ്ത്രജ്ഞരുടെ വീക്ഷണവും ദർശനവും

ഇന്ത്യയിലെ ചില ദൈവശാസ്ത്രഞ്ജരും മിസീയോളജിസ്റ്റുകളും പ്രേഷിതപ്രവർത്തനം മനുഷ്യപുരോഗതിയാണ് എന്നൊരു ദർശനം രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം രൂപീകരിച്ചു. ഈ രീതിയിലുള്ള വ്യാഖ്യാനം ഇന്ത്യക്കാർക്കിടയിൽ മാത്രമേ പ്രധാനമായും പ്രചരിച്ചുള്ളു . എല്ലാവരും രക്ഷപെടും; പിന്നെന്തിനു പ്രേഷിതപ്രവർത്തനം എന്നൊക്കെയുള്ള ചിന്തകളും ഉണ്ട്.

രക്ഷയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മാത്രമുള്ള ഒരുസമീപനമല്ല ആവശ്യം. മരണശേഷമുള്ള രക്ഷ എന്ന സങ്കല്പത്തിൽനിന്നുള്ള ഒരു പ്രേഷിതപ്രവർത്തനമല്ല വിഭാവന ചെയ്യുന്നത്. മറിച്ചു സുവിശേഷം പ്രഘോഷിക്കുക വഴി ദരിദ്രക്കും, അടിച്ചമർത്തപ്പെട്ടവർക്കും, അധഃകൃതർക്കും സമത്വം, മോചനവും, സ്വാതന്ത്ര്യവും നൽകുന്ന വ്യവസ്ഥിതി ആണ് ആവശ്യം.

സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ആണ് സുവിശേഷവൽക്കരണം. അത് വിതരണം ചെയ്യുന്ന സാമൂഹ്യ പ്രവർത്തനമാണ് സുവിശേഷവൽക്കരണം. സ്‌കൂളുകൾ വഴി വിദ്യാഭ്യാസം നൽകുന്നു. അത് മാത്രം പോരാ. മൂല്യങ്ങളും നൽകണം. അതിൽ സുവിശേഷവൽക്കരണം ഉൾപ്പെടും.

ഉപസംഹാരം

1 . ബൈബിളും സഭാപഠനങ്ങളും ക്രൈസ്തവ സമൂഹങ്ങൾ രൂപീകരിക്കുന്നതിന് അനുയോജ്യമാണ്.

2 . സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ക്രൈസ്തവമൂല്യങ്ങൾ ലോകത്തു പ്രചരിപ്പിക്കാൻ സുവിശേഷവൽക്കരണം എന്ന സങ്കൽപ്പമാണ് ക്രൈസ്തവരുടേത്.

3 . സഭ ഒരു സംഘടനാ കൂടിയാണ്. മതമെന്ന നിലയിൽ മാത്രമല്ല സംഘടനാ എന്ന നിലയിലും സഭ സ്വതന്ത്രവും കെട്ടുറപ്പുള്ളതുമാണ്.

4 . മതതീവ്രവാദം പെരുകുന്ന പശ്ചാത്തലത്തിൽ കൃത്യമായ സുവിശേഷവൽക്കരണം നടത്തേണ്ട ആവശ്യമുണ്ട്.

5 ദളിതർ, ആദിവാസികൾ, ഗിരിവർഗ്ഗങ്ങൾ, തൊട്ടുകൂടാത്തവർ, തീണ്ടൽ ഉള്ളവർ തുടങ്ങിയ സമൂഹത്തിൽ അവഗണിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായവർക്കും കൂടി ഉള്ളതാണ് സുവിശേഷവൽക്കരണം.

6 . മിഷൻ പ്രവർത്തനത്തിനുതകുന്ന ഒരു സെമിനാരി പരിശീലനവും അതിനുതകുന്ന സമർപ്പിതജീവിതത്തിനുള്ള പരിശീലനവും നൽകണം.

7 . കേരളത്തിൽ വലിയ പള്ളികളിൽ പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് ഗംഭീര പ്രസംഗങ്ങൾ പറയാനുള്ള പരിശീലനമാണ് സെമിനാരികളിൽ കൊടുക്കുന്നതെങ്കിൽ, അത് മാത്രമാണ്, കിട്ടുന്നതെങ്കിൽ അത് മതിയാകില്ല. അതുപോലെ മതാധ്യാപകർക്കും മാതൃസംഘങ്ങൾക്കും യുവാക്കൾക്കും ക്‌ളാസെടുക്കാനുള്ള പരിശീലനം മാത്രമല്ല നമുക്കാവശ്യം.

മാനുഷികമൂല്യങ്ങളും മൂല്യബോധവും ലോകത്തെല്ലായിടത്തും ഒരുപോലെയാണ്. സംസ്കാരത്തിന്റെ വളർച്ചയനുസരിച്ചു മൂല്യബോധവും വളരും.

ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

നിങ്ങൾ വിട്ടുപോയത്