കാക്കനാട്: കർത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയിൽ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ‘ക്രിസ്തീയ ദൗത്യവും ജീവിതവും – പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററൽ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്പാർക്കിയൽ അസംബ്ലിയുടെ പ്രസക്തിയെക്കുറിച്ച് സഭാപ്രബോധനങ്ങളുടെയും റോമിൽ സമാപിച്ച സിനഡാത്മക സിനഡിന്റെ ഒന്നാം സമ്മേളനത്തിന്റെ വിചിന്തനങ്ങളുടെയും വെളിച്ചത്തിൽ കർദിനാൾ ഉദ്ബോധിപ്പിച്ചു. പൗരസ്ത്യസഭകൾക്ക് സാർവത്രിക സഭയിലുള്ള പ്രാധാന്യവും അവിഭാജ്യതയും സുവ്യക്തമാക്കുന്നതാണ് ഒന്നാം സമ്മേളനത്തിന്റെ ഔദ്യോഗിക രേഖയുടെ ഒരദ്ധ്യായമെന്ന് മേജർ ആർച്ച്ബിഷപ് വ്യക്തമാക്കി. മാമ്മോദീസ സ്വീകരിച്ച എല്ലാവരും സമന്മാരാണ്, എന്നാൽ സവിശേഷ വരങ്ങളിലൂടെ ശുശ്രൂഷയിൽ വ്യതിരിക്തതയുള്ളവരുമാണ്. എപ്പാർക്കിയൽ അസംബ്ലിയിൽ എല്ലാവരെയും ശ്രവിക്കുന്നതും ക്രിയാത്മകവുമായ ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

“സ്നേഹം ഒരു ശീശ്മയ്ക്കും ജന്മം കൊടുക്കുന്നില്ല, വിഭാഗീയതയുണ്ടാക്കുന്നില്ല, അപരനെ ദ്രോഹിക്കുന്ന ഒന്നും ചെയ്യുന്നില്ല” എന്ന് വിശുദ്ധ ക്ലെമെന്റിനെ ഉദ്ധരിച്ചുകൊണ്ട് കർദിനാൾ പറഞ്ഞു. ജീവനെയും കുടുംബബന്ധങ്ങളെയും സഭാകൂട്ടായ്മയെയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയുന്ന മനോഭാവം വളർത്തിയെടുക്കുകയും അതിനായി പരിശ്രമിക്കുകയും വേണം.

സഭാ സ്ഥാപനങ്ങളിലൂടെയുള്ള സാമൂഹ്യ സേവനത്തിലും ആതുരശുശ്രൂഷയിലും ക്രൈസ്തവസാക്ഷ്യം നൽകാൻ കൂടുതൽ പരിശ്രമിക്കണം. ദരിദ്രരും പീഡിതരും പാർശ്വവത്കരിക്കപ്പെടുന്നവരും സഭയുടെ കരുതലിനും കാരുണ്യത്തിനും പാത്രീഭൂതരാകണം. അവർ നമ്മുടെ അടുക്കൽ വരുമ്പോഴല്ല അവരെ അന്വേഷിച്ചുചെന്ന് അവർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ നൽകാൻ നാം കടപ്പെട്ടവരാണ്. “ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്” എന്ന ക്രിസ്തുവിന്റെ തിരുവചനം അവരെ സംരക്ഷിക്കുവാനുള്ള സഭയുടെ കടമയെയാണ് സൂചിപ്പിക്കുന്നത് എന്നും മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിങ്ങവനം ക്നാനായ സുറിയാനി സഭാധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപോലിത്ത അനുഗ്രഹപ്രഭാഷണം നടത്തി.

പാലാ രൂപതാ മുന്‍ അധ്യക്ഷന്‍ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഗ്രേറ്റ്‌ ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാർ ജോസഫ് സ്രാമ്പിക്കൽ, ഷംഷാബാദ്‌ രൂപതാ സഹായമെത്രാന്‍ മാർ ജോസഫ് കൊല്ലംപറമ്പിൽ, സീറോമലബാർസഭയുടെ പി.ആർ.ഒ.യും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വി.സി. എന്നിവർ സന്നിഹിതരായിരുന്നു.

രൂപതാ വികാരി ജനറൽ റവ. ഫാ. ജോസഫ് തടത്തിൽ സ്വാഗതമാശംസിക്കുകയും ചാൻസലർ റവ. ഫാ. ജോസഫ് കുറ്റിയാങ്കൽ ഉദ്ഘാടന സമ്മേളനത്തിൽ കൃതജ്ഞതയർപ്പിക്കുകയും ചെയ്തു.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ., സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

നവംബർ 21, 2023

നിങ്ങൾ വിട്ടുപോയത്