സി അമലയ്ക്ക് പ്രണാമം

അമലാമ്മ എന്നാണ് എല്ലാവരും സിസ്റ്ററിനെ വിളിക്കുന്നത്. പറയത്തക്ക കഴിവുകളൊന്നുമില്ല അമലാമ്മയ്ക്ക്. പക്ഷെ ഒരു സന്യസ്ത ആരായിരിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സി അമല.

സ്വദേശം ഇരിങ്ങാലക്കുടക്കടുത്ത് പുല്ലൂർ, വയസ് 79. പുഞ്ചിരിക്കുന്ന മുഖത്തോടെയെല്ലാതെ സി അമലയെ ആരും കണ്ടിട്ടുണ്ടാകില്ല, ഉറപ്പ്. സന്യസ്‌തജീവിതമെന്നത്, പരോന്മുഖതയുടെ ജീവിതമെന്ന് ലളിതമായി പഠിപ്പിക്കുന്ന ഒരു പഠപുസ്തകമാണ് സി അമലയുടെ ജീവിതം. സ്വന്തം ആരോഗ്യമോ, സമയമോ, സൗകര്യമോ ഒന്നും നോക്കാതെ മറ്റുള്ളവർക്ക് നന്മചെയ്യുന്നതിൽ മാത്രം സന്തോഷം കണ്ടെത്തിയവൾ.

ആദരവോടെയെല്ലാതെ ഒരു കുഞ്ഞിനോടു പോലും സംസാരിക്കുന്നത് കണ്ടിട്ടില്ല. ആരോടും പരിഭവമില്ലാ… ആർക്കും എപ്പോഴും സംലഭ്യയായ ഒരു സിസ്റ്റർ… പ്രാർത്ഥന മാത്രം കൈമുതലായ നിഷ്കളങ്കളായ ഒരു അമ്മ

ഡൽഹിയിലെ പാലം പള്ളിയിൽ വികരിയച്ചനായിരുന്ന കാലത്ത് (2011-2013) അവിടെയുള്ള ഒരു മഠത്തിലെ മദറായിരുന്നു സി അമല. ഇടവകക്കാർക്കു ഒരു അമ്മയും, മഠത്തിലെ നേഴ്സറിയിലെ കൊച്ചുപട്ടാളങ്ങൾക്ക് കളികൂട്ടുക്കാരിയും, പഠനത്തിനും തൊഴിലിനുമായി ഡൽഹിയിലെ മഠത്തിലെ ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി യുവതികൾക്ക് ഒരു സംരക്ഷകയും, ഹിന്ദിക്കാരായ ആ നാട്ടുകാർക്ക് ജാതിമതഭേദ്യമെന്നേ നല്ല ഒരു അയൽവാസിയുമായിരുന്നു. ഒരാളോടും പിണങ്ങുന്നതായി കണ്ടിട്ടില്ല… ഒരാളോടും വിരോധമായി ഒന്നും പറയാറില്ല. വയസു 70 കഴിഞ്ഞ ആ കാലത്തും സന്യാസജീവിതത്തിന്റെ നിയമങ്ങൾ അഭംഗുരം പാലിച്ചു മാത്രകയായിരുന്നു.

ഡൽഹിയിലെ പാലം ഇടവകയിലേക്ക് എല്ല ദിവസവും ഒന്നര കിലോമീറ്റർ നടന്ന് എക്കാലത്തും ഒരു കുടയും പിടിച്ചു കുർബാനയ്ക്ക് വന്നിരുന്ന പ്രായമുള്ള സി അമല, ഇടവകയിലെ എല്ലാവരെയും ഒരു കുടകീഴിലാക്കാൻ എന്നും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്ന ഒരു സ്നേഹമുള്ള സിസ്റ്റർ.

ഇന്നും പച്ചകെടാതെ ഓർക്കുന്ന സംഭവം; ഒരു ക്രിസ്മസ് കാലം, എല്ലാ വീടുകളിലേക്കും ക്രിസ്മസിന് ഒരുക്കമായി ആഘോഷമായി കരോൾ പോകുന്ന ഒരു പത്തുദിവസത്തെ സന്തോഷമായ പതിവുണ്ട്. മുടങ്ങാതെ വരുന്നവർക്ക് സമ്മാനവും വാഗ്ദാനം ചെയ്തു. വൈകിട്ട്‌ ആറിന് തുടങ്ങിയാൽ പാതിരാത്രിക്ക് അവസാനിക്കുന്ന ഈ ശ്രമകരമായ ആ കരോളിന് മുടങ്ങാതെ വന്ന 70 പേരിൽ ഈ എഴുപത്തുകാരിയും ഉണ്ടായിരുന്നു. എന്തു സന്തോഷത്തോടെയാണ് കൈകൊട്ടിയും, നൃത്തച്ചുവടുകൾ വച്ചും ഇടവകക്കാരോടൊപ്പം കൂടെകൂടിയിരുന്നത്… അതൊക്കെ ഇടവകക്കാർക്കു വലിയൊരു സാക്ഷ്യമായിരുന്നു. ഡൽഹിയിലെ ഓണസദ്യയും ഓണകളികളുമൊക്കെ അമലാമ്മയ്ക്ക് പെരുത്ത് ഇഷ്ടമായിരുന്നു.

ഒരു അപേക്ഷ മാത്രമേ എന്നോട് ചോദിച്ചിട്ടുള്ളൂ, സിസ്റ്ററിന്റെ സുവർണ്ണ ജൂബിലിക്ക് പ്രസംഗം പറയണമെന്ന്. ആ വാക്ക് പാലിക്കാൻ ഞാൻ ഇറ്റലിയിൽ നിന്നു മൂന്നുവർഷം മുൻപ് ഇതിനുവേണ്ടി മാത്രം വന്നതും പുല്ലൂർ ഇടവകയിൽ ജൂബിലി കുർബാനയിൽ പ്രസംഗം പറഞ്ഞതും ഓർക്കുന്നു.

ഈ കുറിപ്പ് എഴുതിയത്, എന്റെ കടപ്പാട് ഒന്നു അറിയിക്കാനും, ഒരു സാധാരണ സിസ്റ്റർ എത്രയോപേരെ സ്വാധീനിക്കുന്നു എന്നും പറയാനാണ്.

കോവിഡ് രോഗം സി അമലയെ ദൈവസന്നിധിയിലേക്ക് കൊണ്ടുപ്പോയെങ്കിലും, സ്നേഹത്തിന്റെ വൈറസ് ഈ ലോകത്തിലേക്ക് പരത്തികൊണ്ടാണ് സിസ്റ്റർ പോയത്. ഇന്നലെ മരണവാർത്ത അറിഞ്ഞപ്പോൾ എന്നെ വിളിച്ചു കരഞ്ഞ പഴയ ഡൽഹി കുടുംബങ്ങൾ കുറച്ചൊന്നുമല്ല.

ഒരു കഴിവും വേണ്ടാ, മറ്റുള്ളവരെക്കുറിച്ചു കരുതലുള്ള ഒരു ഹൃദയം ഉണ്ടാകുക എന്നതാണ് ഒരു സന്യാസ ജീവിതത്തിന്റെ വിജയമെന്ന് തന്റെ ലളിതജീവിതത്തിലൂടെ സിസ്റ്റർ അമല പഠിപ്പിച്ച സത്യം ഒന്നു കുറിച്ചുവെന്നു മാത്രം. ഒരു കുടുംബാംഗത്തെ പോലെ ആ സ്നേഹവും കരുതലും ആദരവും മതിയാവോളം അമലാമ്മയിൽ സ്വീകരിച്ചതിന്റെ എന്റെ കടപ്പാട് അറിയിക്കുന്നു. നിത്യശാന്തി നേരുന്നു….

.പ്രാർഥിക്കുന്നു.

ഫാ വർഗീസ് പാലാട്ടി

ഡൽഹി പാലം ഇടവക മുൻവികാരി

17 മെയ് 2021

നിങ്ങൾ വിട്ടുപോയത്