ക്രിസ്തുമസ് ചരിത്രത്തിന്റെ ദിശമാറ്റിയ ദിനം

പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്.

ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്. ദുർബലൻ ശക്തനാൽ അടിച്ചമർത്തപ്പെടുന്നതായിരുന്നു അത്. പക്ഷേ, മാലാഖമാർ ആനന്ദഗീതം ആലപിച്ച ആ രാത്രിയിൽ ചരിത്രത്തിന്റെ ഒഴുക്ക് നിശ്ചലമാകുന്നു.

ബേത്‌ലെഹെമിൽ ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു. പുതിയൊരു ചരിത്രം ആരംഭിക്കുന്നു. പഴയ ചരിത്രത്തിന് നേർവിപരീതമായി അത് ഒഴുകുന്നു. ദൈവം മനുഷ്യനിലേക്ക് ഇറങ്ങിവരുന്നു. വലുത് ചെറുതായി മാറുന്നു. സ്വർഗ്ഗം താഴേക്കിറങ്ങുന്നു. നഗരം ഗ്രാമത്തെ തേടുന്നു. പുൽക്കൂട് ദേവാലയമായി മാറുന്നു. രാജാക്കന്മാർ ഒരു കുഞ്ഞിനെ തേടിയലയുന്നു.

നിസ്സാരനായ ദൈവം: ഇതാണ് ക്രിസ്തുമസ്. ഇതുതന്നെയാണ് ചരിത്രത്തെ ഭേദിച്ച ദൈവീക യുക്തിയും. ചരിത്രത്തിന്റെ അച്ചുതണ്ടാണ് ആ രാത്രി. യുഗങ്ങളും ദിനരാത്രങ്ങളും അതിനുചുറ്റും ഇനി നൃത്തമാടും. ആ കാലിത്തൊഴുത്ത് നിത്യതയുടെ ഇടമായി മാറും. ആദിയിൽ കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ച അതേ ദൈവം അതേ മണ്ണിലേക്ക് തന്നെ ഇറങ്ങിവന്നിരിക്കുന്നു. ആ വലിയ കുശവൻ അഴകുള്ള ഒരു കളിമൺ പാത്രമായി മാറുന്നു.

പുൽത്തൊട്ടിയിലെ കുഞ്ഞ് “

അവള്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി” (ലൂക്കാ 2 : 6-7). പുല്‍ത്തൊട്ടി – ഗ്രീക്ക് ഭാഷയിൽ φάτνῃ (phatnē), തൊഴുത്ത് എന്നും അർത്ഥം. സത്രങ്ങൾ അവഗണിച്ച ഒരു പൂർണ്ണ ഗർഭിണിയുടെ ഭാഗ്യ ഇടം. മൃഗങ്ങൾക്കായി മാറ്റിവെച്ച ആ ഇടത്തിൽ നിന്നും ഒരു നവജാത ശിശുവിന്റെ കരച്ചിൽ മുഴങ്ങുന്നു. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ ആ ഇളംമേനിയിൽ അമ്മയുടെ ആർദ്രത കിനിഞ്ഞിറങ്ങുന്നു. സ്നേഹമായ ദൈവം ബേത്‌ലെഹെമിലെ കാലിത്തൊഴുത്തിൽ ഒരു അമ്മയുടെയും അച്ഛന്റെയും സ്നേഹമനുഭവിക്കുന്നു. ദൈവം ഒരു കുഞ്ഞായി മാറിയിരിക്കുന്നു. ആ കുഞ്ഞിനെ അമ്മ പാലൂട്ടുന്നു. അച്ഛൻ സംരക്ഷണമാകുന്നു. ആ കുഞ്ഞുദൈവത്തിന് ഈ മണ്ണിൽ ഇനി അതിജീവിക്കണമെങ്കിൽ ആ മാതാപിതാക്കളുടെ സ്നേഹവും ലാളനയും വേണം. നമ്മുടെ സ്നേഹത്തിലൂടെ ജീവിക്കുന്ന ഒരു ദൈവം. ദൈവത്തെ സംരക്ഷിക്കുന്ന മനുഷ്യർ. ദൈവത്തിന്റെ കാര്യങ്ങളിൽ തൽപരരാകുന്ന മനുഷ്യർ. ഈ കുഞ്ഞ് വളർന്നു വലുതാകുമ്പോൾ ഇതുതന്നെ നമ്മളെയും പഠിപ്പിക്കും: ദൈവ കാര്യങ്ങളിൽ തല്പരരാകുക. അന്ന് നമ്മൾ പ്രാർത്ഥിക്കും; നിന്റെ നാമം പൂജിതമാകണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം നിറവേറണമേ.

പുൽത്തൊട്ടിയിൽ നിന്നുള്ള ദൂരം

തലചായ്ക്കാൻ ഇടമില്ലാത്ത ഒരുവൻ ജനിച്ച ഇടമാണ് തൊഴുത്ത്. കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്‌ഷികള്‍ക്കു കൂടുകളും ഉണ്ട്‌ (Cf. ലൂക്കാ 9 : 58). അവസാനം സംസ്കരിക്കാൻ ഒരിടം പോലും കിട്ടാതിരുന്നവനാണവൻ (Cf. മത്താ 27:60). ഒരു നാടോടിയെ പോലെ ഇന്നും അവൻ അലയുന്നു. ഓരോ വാതിലുകളിലും വന്നു മുട്ടുന്നുണ്ട്, തുറക്കപ്പെടും എന്ന പ്രതീക്ഷയോടെ (Cf. വെളി 3:20). അവന്റെ ജനനസമയത്ത് വാതിലുകൾ തുറക്കാതിരുന്ന സത്രങ്ങൾ ഇന്നും അടഞ്ഞു തന്നെ കിടക്കുന്നു.

ചിത്രങ്ങളിലൂടെ ദൈവശാസ്ത്രം വിളമ്പുന്നവരാണ് പൗരസ്ത്യ ക്രൈസ്തവർ. പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ കുഞ്ഞിനെ കിടത്തിയിരിക്കുന്ന പുൽത്തൊട്ടിക്ക് ഒരു ശവപ്പെട്ടിയുടെ സാദൃശ്യം കൽപ്പിച്ചു നൽകിയിരിക്കുന്ന ചിത്രങ്ങൾ പൗരസ്ത്യ ചിത്രകലയിൽ കാണാൻ സാധിക്കും. ക്രിസ്തുമസ് അതിന്റെ വാതിൽ തുറക്കുന്നത് ഈസ്റ്ററിന്റെ പ്രകാശത്തിലേക്കാണെന്ന്‌ ആ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. പുൽത്തൊട്ടിയിൽ നിന്നും കുരിശുമരത്തിലേക്കുള്ള ദൂരം, അതാണ് ചരിത്രത്തിന്റെ മാപിനി.

അപ്പത്തിന്റെ ഭവനം

കാലിത്തൊഴുത്ത് ഒരു ഭക്ഷണശാലയാണ്. മനുഷ്യരുടെതല്ല, മൃഗങ്ങളുടെ ഭക്ഷണശാല. ഭക്ഷണം എന്നും വിശുദ്ധമാണ്. ജീവൻ എന്ന വിശുദ്ധിയെ സംരക്ഷിക്കുന്ന ഒരു ഘടകം. ഭക്ഷണത്തിൽ പ്രപഞ്ചം മുഴുവനുമുണ്ട്. അതിൽ സൂര്യനുണ്ട്, ചന്ദ്രനുണ്ട്, മഴയുണ്ട്, വെയിലുണ്ട്, പക്ഷിമൃഗാദിസസ്യലതാദികളുണ്ട്. മനുഷ്യന്റെ വിയർപ്പും പ്രയത്നഫലവുമുണ്ട്. അപ്പത്തിന്റെ ഭവനമായ ബേത്‌ലെഹെമിലാണ് പുൽത്തൊട്ടിയിൽ ഒരു കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. നാളെ ആ കുഞ്ഞു പറയും: “ഞാനാണ് ജീവന്റെ അപ്പം”. ഭക്ഷ്യയോഗ്യമായ ഒരു ദൈവമാണ് അവൻ. അപ്പം എന്നത് ഒരേസമയം സുന്ദരവും ഭീകരവുമായ ഒരു പ്രതീകം തന്നെയാണ്. ആട്ടുകല്ലിലൂടെയും തീയിലൂടെയും കടന്നുവരുന്ന ഭോജ്യം. സ്വയം അലിഞ്ഞില്ലാതായി പോഷകമാകുന്ന ഗോതമ്പുമണിയുടെ ജൈവീക പ്രതീകം. ദൈവം ഒരു അപ്പമായി മാറി നിന്നിൽ അലിഞ്ഞില്ലാതാകുന്നു. ഈയൊരു നിമിഷത്തിലാണ് മനുഷ്യാവതാരം അതിന്റെ പൂർണതയിൽ എത്തുന്നത്; നിന്നിലേക്ക് അലിഞ്ഞു ചേർന്നു നീയായി മാറുന്ന ആ നിമിഷത്തിൽ.

വചനം മാംസം ധരിച്ചതുപോലെതന്നെ വചനം അപ്പമായി മാറുന്ന ഒരു സ്വർഗ്ഗീയ ആൽക്കമി നാളെ ആ കുഞ്ഞു പഠിപ്പിച്ചു തരും. ആ കുഞ്ഞിന്റെ കണ്ണുകളിലേക്ക് നോക്കുക. അത് ദൈവത്തിന്റെ കണ്ണുകളാണ്. ആ കുഞ്ഞിന്റെ വിശപ്പ് ദൈവത്തിന്റെ വിശപ്പാണ്. ആ കുഞ്ഞ് അമ്മയിലേക്ക് ഉയർത്തുന്ന കരങ്ങൾ നമ്മിലേക്ക് നീട്ടി പിടിച്ചിരിക്കുന്ന ദൈവത്തിന്റെ കരങ്ങളാണ്. ആകാശവീഥിയിലൂടെ നടന്നവൻ ആരോമലായി അമ്മകരങ്ങളിൽ വിശ്രമിക്കുന്നു. ശക്തനായവൻ അശക്തനായി മാറിയിരിക്കുന്നു. ഇത് സ്നേഹത്തിന്റെ യുക്തിയാണ്. നമ്മുടെ യുക്തിയും കണക്കുകൂട്ടലുകളും ഇടറി വീഴുമ്പോൾ, ഓർക്കുക, ദൈവത്തിന്റെ യുക്തി മറ്റൊരു ദിശ സ്വീകരിക്കുന്നുണ്ട് എന്ന കാര്യം.

സീസറിന്റെ കാനേഷുമാരി

ലോക ചരിത്രത്തിലെ ഒരു പ്രധാന സംഭവത്തിനുള്ളിലെ ചെറുസംഭവമായിട്ടാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്നത്. സീസറിന്റെ കാനേഷുമാരിയാണ് അവന്റെ ജനനത്തിന്റെ ചരിത്രപരത. ഭരണചക്രം ജനങ്ങളുടെമേൽ ശക്തമായി ആഴ്ന്നിറങ്ങുന്ന കാലയളവ്. ഭരണാധിപനു എല്ലാവരുടെയും മേൽ നിയന്ത്രണം വേണം എന്ന ചിന്തയിൽ നിന്നാണ് ജനസംഖ്യയുടെ കണക്കെടുപ്പ് റോമാസാമ്രാജ്യത്തിൽ തുടങ്ങുന്നത്. കാനേഷുമാരി ഒരു അടയാളമാണ്. നിന്റെ ജീവിതം രാജ്യത്തിന്റെ ഭണ്ഡാരം നിറക്കുന്നതിനു വേണ്ടിയുള്ള മാർഗ്ഗം മാത്രമാണ് എന്ന അടയാളം. ഭരണ ചക്രത്തിനു മുൻപിൽ നീ വെറുമൊരു അക്കം മാത്രമാണെന്ന അടയാളം. നോക്കുക, മനുഷ്യൻ ഒരു അക്കമായി മാറിയ ആ സന്ദർഭത്തിലാണ് ചരിത്രം മറ്റൊരു ദിശ സ്വീകരിക്കുന്നത്.

അന്ധകാരം ചരിത്രത്തിനുമേൽ ശക്തമായി അള്ളിപ്പിടിച്ചപ്പോൾ ദൈവം സ്വയം പ്രകാശമായി വെളിപ്പെടുത്തി. ഭരണാധികാരികൾ വാൾമുനയിലൂടെ ലോകത്തിന്റെ ഭാവിയെ നിർണയിക്കാൻ തുടങ്ങിയപ്പോൾ ബേത്‌ലെഹെമിൽ ഒരു കുഞ്ഞ് ജനിക്കുന്നു. ഇനിമുതൽ മനുഷ്യർ അക്കങ്ങളല്ല. ദൈവപുത്രന്റെ സഹോദരങ്ങളാണ്. ചരിത്രം, ഇതാ, മറ്റൊരു വഴി സ്വീകരിച്ചിരിക്കുന്നു. ബേത്‌ലെഹെമിൽ ദൈവം മനുഷ്യന്റെ അന്തസ്സിനെ വിശുദ്ധീകരിക്കുന്നു. ലോകത്തിന് ഒരു തലസ്ഥാനമുണ്ടെങ്കിൽ അത് രക്ഷകൻ പിറന്ന ഇടമാണ്; ബേത്‌ലെഹെം.

പുൽത്തൊട്ടിയിലെ ദൈവം

ലൂക്കാ സുവിശേഷകൻ ഏഴ് വാക്യങ്ങളിലാണ് യേശുവിന്റെ ജനനത്തെ ചിത്രീകരിക്കുന്നത് (2:1-7). ചരിത്രത്തിലിടപെടുന്ന ദൈവത്തിന്റെ സൗന്ദര്യാത്മകതയാണ് വരികളിലെ സമചിത്തതയും സംക്ഷിപ്തതയും. ദൈവം മനുഷ്യനാകുന്നു. അല്ല, ഒരു ശിശുവാകുന്നു. രാജകൊട്ടാരങ്ങൾക്കകലെയായി ഒരു തൊഴുത്ത് അവൻ തിരഞ്ഞെടുക്കുന്നു. ആ തൊഴുത്തിനെ നിത്യതയുടെ ഇടമാക്കി അവൻ മാറ്റുന്നു. രാവിന്റെ നിശബ്ദതയിൽ, ദരിദ്രരുടെ ഇടയിൽ, അങ്ങനെ ദൈവം ജനിക്കുന്നു.

ഒരു നവജാതശിശുവും ഭയം ജനിപ്പിക്കുന്നില്ല. ആ കുഞ്ഞ് എല്ലാവരിലും ആശ്രയിക്കുന്നു. എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു. ആരെയും ഭയപ്പെടുത്താത്ത ഒരു ദൈവം. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ദൈവം. ആ ദൈവത്തിന്റെ ജനനം ചരിത്രത്തിന്റെ നിർവൃതിയാണ്. യുഗങ്ങളും ദിനരാത്രങ്ങളും നൃത്തംചെയ്യുന്ന പുതിയൊരു അച്ചുതണ്ടാണ് ആ ദൈവത്തിന്റെ ജന്മദിനം.

/// ഫാ . മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്