
For to us a child is born, to us a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty God, Everlasting Father, Prince of Peace.
(Isaiah 9:6)

യേശുവിന് പഴയനിയമം ചാർത്തി നൽകിയ പേരുകൾ വളരെ അർത്ഥ സമ്പുഷ്ടവും, ദൈവശാസ്ത്ര തികവുള്ളതുമാണ്. ഏശയ്യാ പ്രവാചകൻ നൽകിയിരിക്കുന്ന നാല് പേരുകൾ, വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്, ഇവ നാലും യേശുവിൻറെ വ്യക്തിത്വത്തിന്റെ സവിശേഷതകളാണ്. യേശുവിനെ വിസ്മയനീയനായ ഉപദേഷ്ടാവായ സ്വീകരിക്കുന്ന കുംടുബങ്ങളും, സമൂഹവും, മറ്റുള്ളവർക്ക് അനുഗ്രഹവും, അഭയവുമാണ്.

രക്ഷ അനുഭവിക്കണമെങ്കിൽ രക്ഷകനെ അറിയണം. ഒരേയൊരു രക്ഷകനേയുള്ളൂ. അത് ക്രിസ്തുമാത്രം. ക്രിസ്തുവിനെക്കൂടാതെ ഏതെങ്കിലും രക്ഷാകരപ്രവൃത്തി ചെയ്യുവാനോ ആരെയെങ്കിലും രക്ഷിക്കുവാനോ നമുക്കാര്‍ക്കും സാധിക്കുകയില്ല; “എന്നെക്കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ല (യോഹ. 15:5) എന്നാണല്ലോ യേശുതന്നെ പഠിപ്പിക്കുന്നത്. യേശു രക്ഷകനാണ്. നമ്മില്‍തന്നെ നാമാരും രക്ഷകരല്ല. ഇതാണ് യേശുവിന്റെ ദൗത്യവും നമ്മുടെ ദൗത്യവും തമ്മിലുള്ള വ്യത്യാസം
രണ്ടായിരം വർഷം മുൻപ് സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ പാപത്തിനു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു . ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസ്യരൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് കുരിശുമരണം വരെ സ്വയം താഴ്ത്തി.’’ ഈ പരിത്യാഗത്തിനു പിന്നിൽ മനുഷ്യരോടുള്ള സ്നേഹമല്ലാതെ മറ്റൊന്നുമല്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ











