സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അനാഫറകൾ. ഇതിൽ “മാർ നെസ്തോറിയസിന്റെ അനാഫറ” (മൂന്നാം കൂദാശക്രമം) അന്ത്യത്താഴ സംഭവം വിവരിക്കുന്നത് സുവിശേഷങ്ങളിലോ മറ്റ് കൂദാശക്രമങ്ങളിലോ കാണാത്ത വിധത്തിലാണ്. മാർ നെസ്തോറിയസിന്റെ കൂദാശക്രമത്തിൽ അന്ത്യത്താഴവിവരണം നൽകിയിരിക്കുന്നതു നോക്കുക:
”പെസഹാ ഭക്ഷണസമയത്ത് ഈശോ കറയില്ലാത്തതും നിർമ്മലവുമായ തന്റെ തൃക്കരങ്ങളിൽ അപ്പമെടുത്തു വാഴ്ത്തി വിഭജിച്ചു ഭക്ഷിക്കുകയും തന്റെ ശിഷ്യന്മാർക്കു നൽകുകയും ചെയ്തുകൊണ്ട് അരുൾചെയ്തു: “ഇത് പാപമോചനത്തിനായി നിങ്ങൾക്കുവേണ്ടി വിഭജിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു, നിങ്ങളെല്ലാവരും ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ.” അപ്രകാരം തന്നെ കാസയിൽ വീഞ്ഞും വെള്ളവും കലർത്തി കൃതജ്ഞതാ സ്തോത്രം ചെയ്തു വാഴ്ത്തി, പാനം ചെയ്തശേഷം തന്റെ ശിഷ്യന്മാർക്കു നൽകിക്കൊണ്ട് അരുൾചെയ്തു: “ഇത് പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടെ എന്റെ രക്തമാകുന്നു, നിങ്ങളെല്ലാവരും ഇതിൽ നിന്നു വാങ്ങി പാനം ചെയ്യുവിൻ.”
അപ്പ-വീഞ്ഞുകൾ ഈശോമിശിഹാ വാഴ്ത്തി ആദ്യം അതു “ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്ത ശേഷം” ശിഷ്യന്മാർക്കു നൽകി എന്ന മാർ നെസ്തോറിയസിന്റെ വിവരണം സുവിശേഷങ്ങളിലോ മറ്റ് അനാഫറകളിലോ കാണാൻ കഴിയില്ല. ഈ വിവരണങ്ങൾ എത്രമേൽ കൃത്യതയാർന്നതാണെന്ന സംശയം പലരും ഉന്നയിക്കുന്നു. അതിനാൽ പ്രസ്തുത വിവരണത്തെ ആസ്പദമാക്കി പഴയ- പുതിയ നിയമ ബൈബിളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
ബൈബിൾ നൽകുന്ന
അന്ത്യത്താഴ വിവരണങ്ങൾ
വിശുദ്ധ ബൈബിൾ പുതിയ നിയമത്തിൽ പ്രധാനമായും നാലിടത്താണ് ഈശോമിശിഹായുടെ അന്ത്യത്താഴ ആചരണത്തെക്കുറിച്ചു വിവരിക്കുന്നത്. മത്തായി, മർക്കോസ്, ലൂക്കാ എന്നീ സുവിശേഷങ്ങളും പൗലോസ് ശ്ലീഹാ കൊറിന്ത്യ സഭയ്ക്ക് എഴുതിയ ആദ്യ ലേഖനത്തിലും (11:23-26) അന്തിമ പെസഹാ ആഘോഷത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
ഈ നാല് വിവരണങ്ങളിലും ഒരുപോലെ കാണുന്നത് ”അവൻ അപ്പമെടുത്തു, കൃതജ്ഞതാ സ്തോത്രം ചെയ്തു, മുറിച്ചു, “ഇത് ഭക്ഷിക്കുവിൻ” എന്ന് പറഞ്ഞ് അവർക്ക് “കൊടുത്തു, എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ” എന്ന് പറഞ്ഞു. അപ്രകാരം തന്നെ അത്താഴത്തിന് ശേഷം അവൻ പാനപാത്രം എടുത്തു, സ്തോത്രം ചെയ്തു, അവർക്ക് കൊടുത്തു, “ഇതിൽ നിന്നു പാനം ചെയ്യുവിൻ” എന്ന് പറഞ്ഞു. പുതിയനിയമത്തിലെ ഈ നാല് വിവരണങ്ങളും ഏകദേശം ഒരുപോലെയാണ് അന്ത്യത്താഴരംഗം ചിത്രീകരിച്ചിരിക്കുന്നത്.
മാർ നെസ്തോറിയസിൻ്റെ അനാഫറയും ബൈബിൾ വിവരണങ്ങളും എന്തുകൊണ്ട് വ്യത്യസ്തമായി നിലകൊള്ളുന്നു?
ബൈബിൾ ദൈവശാസ്ത്രത്തിൽ വിവിധ വിഷയങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്നതും ഈശോമിശിഹാ തൻ്റെ ശിഷ്യരോടൊത്ത് ആചരിച്ചതുമായ ഈ അന്തിമപെസഹായെ മനസ്സിലാക്കാൻ ചില അനുബന്ധ കാര്യങ്ങളും നാം പഠനവിധേയമാക്കേണ്ടതുണ്ട്. യേശുക്രിസ്തുവിന്റെ പൗരോഹിത്യക്രമം, പഴയനിയമ യാഗങ്ങൾ, കാൽവരിയാഗത്തിൻ്റെ പ്രത്യേകത എന്നിവ മനസ്സിലാക്കിയാൽ മാത്രമേ മാർ നെസ്തോറിയസിൻ്റെ അനാഫറ ബൈബിൾ വിവരണങ്ങളിൽ നിന്ന് എന്തുകൊണ്ട് വ്യത്യസ്തമായിരിക്കുന്നു എന്ന് മനസ്സിലാവുകയുളളൂ.
യേശുക്രിസ്തുവും
മെൽക്കിസെദേക്കിന്റെ
പൗരോഹിത്യ ക്രമവും
ബൈബിളിൽ ഏറ്റവും നിഗൂഢമായി നിലകൊള്ളുന്ന വ്യക്തിത്വമാണ് ശാലേം രാജാവായ മെൽക്കിസെദേക്ക്. ഉല്പത്തി പുസ്തകത്തിൽ വെറും മൂന്ന് വാക്യങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ രാജാവ്, മിശിഹായുടെ നിഴലായി പഴയനിയമത്തിൽ കാണപ്പെടുന്നു. “മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം നീ എന്നേക്കും ഒരു പുരോഹിതനാകുന്നു” (ഹെബ്രായർ 7:17) എന്നാണ് യേശുവിനെക്കുറിച്ച് ഹെബ്രായ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, യേശുക്രിസ്തുവിന്റെ പൗരോഹിത്യം മെൽക്കിസെദേക്കിന്റെ പൗരോഹിത്യ ക്രമത്തിലാണ് നിലകൊള്ളുന്നത് എന്നർത്ഥം.
യൂദാ ഗോത്രത്തിൽ ദാവീദിന്റെ വംശത്തിലാണ് യേശു ജനിച്ചത്. നിയമപ്രകാരം യൂദാ ഗോത്രത്തിൽ ഉൾപ്പെട്ട വ്യക്തിക്കു ലേവി ഗോത്രത്തിൽ അഹറോന്യ ക്രമത്തിലുള്ള ഒരു പുരോഹിതനാകാൻ കഴിയില്ല. എന്നാൽ മെൽക്കിസെദേക്കിന്റെ ക്രമം അനുസരിച്ച് പുരോഹിതനാകുന്നതിൽ നിയമതടസ്സങ്ങളുമില്ല. തൽഫലമായി, നിത്യപുരോഹിതനായി അറിയപ്പെടുന്ന മെൽക്കിസെദേക്കിൻ്റെ ക്രമത്തിൽ പുരോഹിതനായതിനാൽ യേശുക്രിസ്തുവും നിത്യപുരോഹിതനാണെന്നു തിരുവചനം പറയുന്നു.
യേശുക്രിസ്തുവും
ലേവി പൗരോഹിത്യവും
അഹറോന്യ പൗരോഹിത്യം പഴയനിയമത്തിലെ ഇസ്രായേൽ ജനതയുടെ ആരാധനാക്രമത്തിന്റെ ആണിക്കല്ലാണ്. ദൈവിക കല്പനപ്രകാരം മോശയുടെ സഹോദരനായ അഹറോനെയും അവന്റെ പുത്രന്മാരെയുമാണ് വിശുദ്ധ മന്ദിരത്തിലെ ശുശ്രൂഷകൾക്കായി ദൈവം തെരഞ്ഞെടുത്തത്. ഇവർ ലേവി ഗോത്രത്തിൽ ഉൾപ്പെട്ടവരായതിനാൽ “ലേവി പൗരോഹിത്യം” എന്നും വിളിക്കുന്നു. ഈ പൗരോഹിത്യം വരാനിരിക്കുന്ന യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തിന്റെ നിഴലും മുൻകൂട്ടിയുള്ള അടയാളവുമായിട്ടാണ് ക്രൈസ്തവ ദൈവശാസ്ത്രം കണക്കാക്കുന്നത്.
ലേവ്യ യാഗങ്ങൾ
പൂർത്തീകരിച്ച ക്രിസ്തു
ലേവി പുരോഹിതന്മാർ അർപ്പിച്ചിരുന്ന യാഗങ്ങളെക്കുറിച്ചു പഠിച്ചാൽ പ്രധാനമായും അഞ്ചുവിധ യാഗങ്ങളാണ് അവർ അർപ്പിച്ചിരുന്നത്. ദഹനബലി, ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി; ഇവയെക്കുറിച്ചു ലേവ്യ പുസ്തകം 1 മുതൽ 5 വരെയുള്ള അധ്യായങ്ങളിൽ വിവരിക്കുന്നുണ്ട്.
ലേവ്യ നിയമപ്രകാരം നൂറ്റാണ്ടുകളായി അർപ്പിച്ചുകൊണ്ടിരുന്ന ഈ അഞ്ചു പ്രധാന യാഗങ്ങളെയും സംഗ്രഹിച്ച് യേശുക്രിസ്തു “ഏകബലി” (ഹെബ്രായർ 10:12) അർപ്പിച്ചു എന്നാണ് പുതിയനിയമ ബൈബിളിൽ പറയുന്നത്. മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനായ യേശുക്രിസ്തു എപ്രകാരമാണ് ലേവ്യയാഗങ്ങൾ പൂർത്തീകരിച്ചത് എന്ന് നോക്കാം.
മെൽക്കിസെദേക്കിന്റെ പൗരോഹിത്യത്തിന്റെ അടയാളം “അപ്പവും വീഞ്ഞും” ആയിരുന്നു. ലേവ്യ പൗരോഹിത്യത്തിന്റെ അടയാളം പ്രധാനമായും ബലിമൃഗത്തിന്റെ “മാംസവും രക്തവു”മാണ്. അന്ത്യത്താഴത്തിൽ മെൽക്കിസെദേക്കിന്റെ ക്രമത്തിലുള്ള പുരോഹിതനായി നിന്നുകൊണ്ട് അപ്പവും വീഞ്ഞും കൈകളിൽ എടുത്ത്, ലേവ്യ പൗരോഹിത്യത്തിൽ ഉൾപ്പെടുന്ന മാംസരക്തങ്ങളുമായി അവയെ ക്രിസ്തു സമന്വയിപ്പിക്കുന്നതാണ് നാം കാണുന്നത്.
യേശുക്രിസ്തു ഇസ്രായേൽ വംശജനായി ജനിച്ചതുകൊണ്ട് ലേവ്യ യാഗനിയമങ്ങൾക്ക് അവിടുന്നു വിധേയനാണ്. നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല, പൂർത്തീകരിക്കാനാണല്ലോ മിശിഹാ വന്നിരിക്കുന്നത്. അതിനാൽ ലേവ്യയാഗങ്ങളുടെ പൂർത്തീകരണത്തിനായി ഒരു അന്തിമബലിയർപ്പിക്കുന്ന ഈശോമിശിഹായുടെ ബലി കുറ്റമറ്റതാകണമെങ്കിൽ ലേവ്യപുരോഹിതൻ ചെയ്യേണ്ട എല്ലാ യാഗനിയമങ്ങളും അപ്രകാരം തന്നെ ക്രിസ്തുവും ചെയ്യേണ്ടതുണ്ട്. അതിനായി പുരോഹിതൻ ബലിവസ്തു ഭക്ഷിക്കേണ്ടത് അനിവാര്യമാണ്.
ബലിവസ്തു ഭക്ഷിക്കുന്ന
ലേവീ ‘പുരോഹിതൻ
ലേവ്യ നിയമപ്രകാരം പാപപരിഹാര ബലിയും ധാന്യബലിയും പ്രായശ്ചിത്തബലിയും പുരോഹിതൻ ഭക്ഷിക്കണം; ഇതു അനിവാര്യമായ വ്യവസ്ഥയാണ്. അഹറോന്റെ പുത്രന്മാർ ബലിമാംസം ഭക്ഷിക്കാൻ വിസമ്മതിച്ചപ്പോൾ മോശ അവരെ ശകാരിക്കുന്നത് ലേവ്യർ 10:17-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബലിവസ്തു ഭക്ഷിക്കുമ്പോൾ പുരോഹിതൻ ജനത്തിന്റെ പാപങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റെടുക്കുകയും അവർക്കുവേണ്ടി മധ്യസ്ഥനായി യാചിക്കുകയും ചെയ്യുന്നു, ഇതൊരു പൗരോഹിത്യ ധർമ്മമായിട്ടാണ് മോശ പ്രഖ്യാപിക്കുന്നത്.
പെസഹായിൽ മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനായി നിന്നുകൊണ്ട് തന്റെ ശരീരത്തെയും രക്തത്തെയും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ അർപ്പിച്ചശേഷം അതിൽ നിന്ന് ഭക്ഷിച്ചാൽ മാത്രമേ ആ യാഗം മോശെയുടെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പൂർണ്ണമാവുകയുള്ളൂ. പെസഹായിൽ യേശുക്രിസ്തു അർപ്പിച്ചത് അപ്പവും വീഞ്ഞുമാണ്. ഈ ബലിവസ്തുക്കൾ അവിടുന്ന് ഭക്ഷിച്ചില്ലെങ്കിൽ ആ യാഗം ലേവ്യ നിയമത്തിന് വെളിയിലുള്ള ഒന്നായി മാത്രം അവശേഷിക്കുമായിരുന്നു. അന്ത്യത്താഴത്തിനു പങ്കാളികളായിരുന്ന ശിഷ്യന്മാർ സാധാരണക്കാരായിരുന്നെങ്കിലും അവർ തീവ്ര യഹൂദ മതബോധമുള്ളവരും ആയിരുന്നു. ആയതിനാൽ അവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ യാഗം കുറ്റമറ്റതാകേണ്ടതും അനിവാര്യമാണ്.
ശരീര-രക്തങ്ങളായി അർപ്പിച്ച
അപ്പവും വീഞ്ഞും യേശു ഭക്ഷിച്ചതിനു
ബൈബിളിൽ തെളിവുണ്ടോ?
ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഉയരുന്നത്: മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിതനായി നിന്നുകൊണ്ട് ലേവ്യയാഗങ്ങളെ പൂർത്തീകരിച്ച ഈശോമിശിഹാ, താൻ വാഴ്ത്തി ശരീര-രക്തങ്ങളായി അർപ്പിച്ച അപ്പവും വീഞ്ഞും ഭക്ഷിച്ചോ? ഭക്ഷിച്ചെങ്കിൽ അതിന് ബൈബിളിൽ തെളിവുണ്ടോ? എന്നാൽ സുവിശേഷങ്ങളിലോ പൗലോസ് ശ്ലീഹായുടെ ലേഖനത്തിലോ എങ്ങും യേശുക്രിസ്തു അന്ത്യത്താഴം ഭക്ഷിച്ചു എന്ന് രേഖപ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കിൽ യേശുക്രിസ്തു അർപ്പിച്ച “ഏകയാഗം” എങ്ങനെയാണ് ദൈവത്തിന് സ്വീകാര്യമാവുക എന്നൊരു ചോദ്യം ഉയരും. കൂടാതെ, ബൈബിൾ വിവരിക്കുന്ന യേശുക്രിസ്തുവിൻ്റെ മഹാപൗരോഹിത്യവും ഇവിടെ ചോദ്യംചെയ്യപ്പെടും. ബൈബിൾ വച്ചു പുലർത്തുന്ന ഈ നിശ്ശബ്ദത സഭാപിതാക്കന്മാരുടെ ശ്രദ്ധ പതിഞ്ഞ വിഷയമാണ്.
മാർ നെസ്തോറിയസിന്റെ
അനാഫറയുടെ മഹത്വം
പെസഹായിൽ വാഴ്ത്തിയ അപ്പവും വീഞ്ഞും യേശുക്രിസ്തു ഭക്ഷിച്ചോ എന്നതിനെക്കുറിച്ച് ബൈബിൾ വെച്ചുപുലർത്തുന്ന നിശബ്ദതയെ ഭേദിക്കുന്നതാണ് മാർ നെസ്തോറിയസിന്റെ അനാഫറയിൽ കാണുന്നത്. മാർ നെസ്തോറിയസിന്റെ അനാഫറയിൽ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: “പെസഹാ ഭക്ഷണസമയത്ത് ഈശോ കറയില്ലാത്തതും നിർമ്മലവുമായ തന്റെ തൃക്കരങ്ങളിൽ അപ്പമെടുത്ത് വാഴ്ത്തി, വിഭജിച്ച്, ഭക്ഷിക്കുകയും തന്റെ ശിഷ്യന്മാർക്ക് നൽകുകയും ചെയ്തു…”
അഹറോന്യ പൗരോഹിത്യത്തെ സംബന്ധിച്ച് ബൈബിൾ വെച്ചുപുലർത്തുന്ന നിഷ്കർഷയും മെൽക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ പരിപൂർണ്ണതയും സമന്വയിപ്പിക്കുന്ന വിവരണമാണ് മാർ നെസ്തോറിയസ് തന്റെ അനാഫറയിൽ വ്യക്തമാക്കുന്നത്. മെൽക്കിസെദേക്കിന്റെ ബലിയുടെ അടയാളമായി അപ്പവും വീഞ്ഞും ലേവ്യയാഗങ്ങളിലെ മാംസവും രക്തവുമായി അർപ്പിച്ച്, ലേവ്യപുരോഹിതനെപ്പോലെ അത് സ്വയം ഭക്ഷിച്ചു, തുടർന്ന് മെൽക്കിസെദേക്കിനെപ്പോലെ തന്റെ ശിഷ്യന്മാർക്ക് അത് ഭക്ഷിക്കാൻ നൽകുകയും ചെയ്തു. “ബലിവസ്തുക്കൾ ഭക്ഷിക്കുന്നവർക്കാണല്ലോ ബലിപീഠത്തിലെ ഭാഗഭാകിത്വം” (1 കോറി. 10:18). അന്ത്യത്താഴ മേശയിൽ പങ്കാളിത്തം നൽകിയതിലൂടെ ശിഷ്യന്മാരെയും യേശു ക്രിസ്തു തന്റെ പൗരോഹിത്യത്തിൽ പങ്കാളികളാക്കുകയായിരുന്നു.
മാർ നെസ്തോറിയസ് തന്റെ അനാഫറയിലൂടെ ക്രൈസ്തവ വിശ്വാസത്തിന് നൽകിയത് അതിപ്രധാനമായ വ്യക്തതയാണ്. ബൈബിൾ നിശബ്ദമായി നിൽക്കുന്ന ഈ വിഷയത്തെ സഭയുടെ പാരമ്പര്യ പ്രബോധനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അനാഫറയിൽ ഉൾപ്പെടുത്തി. സഭയുടെ പാരമ്പര്യത്തിൽ ഇപ്രകാരം ഇല്ലായിരുന്നുവെങ്കിൽ യേശുക്രിസ്തുവിന്റെ മഹാപൗരോഹിത്യം ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ചെടുക്കാൻ കഴിയാത്ത ഒരു വിഷയമായി മാറുമായിരുന്നു.
രക്തം ഭക്ഷിക്കുന്നവൻ
ജനത്തിൽ നിന്ന് വിച്ഛേദിക്കപ്പെടണം
രക്തം ഭക്ഷിക്കുന്നവൻ തൻ്റെ ജനത്തിൽ നിന്നു വിച്ഛേദിക്കപ്പെടണം എന്ന ലേവ്യനിയമം (ലേവ്യർ 7:27) യേശു സ്വയം ഏറ്റെടുത്തു. അവിടുന്ന് സ്വന്തം രക്തം പാനം ചെയ്തപ്പോൾ നിയമപ്രകാരമുള്ള വിച്ഛേദനം സംഭവിച്ചു. കാൽവരിയിൽ അവിടുന്ന് തന്റെ ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു. യേശുക്രിസ്തു എല്ലാ കാര്യങ്ങളിലും നമുക്ക് ഉദാഹരണമാണെന്ന പത്രോസ് ശ്ലീഹായുടെ സാക്ഷ്യവും (1 പത്രോസ് 2:21), യേശുക്രിസ്തു നമുക്ക് മുന്നോടിയാണെന്ന വചനവും (ഹെബ്രായർ 6:20) പൂർത്തീകരിക്കപ്പെടാൻ അന്ത്യത്താഴത്തിലുള്ള യേശുവിന്റെ പങ്കാളിത്തം അത്യന്താപേക്ഷിതമായിരുന്നു.
മാർ നെസ്തോറിയസിനോടൊപ്പം വിശ്വസിക്കുന്ന മറ്റ് സഭാപിതാക്കന്മാർ
മാർ നെസ്തോറിയസിന്റെ അനാഫറയിൽ നാം കാണുന്ന “ഭക്ഷിച്ചു” എന്ന ഭാഗത്തിന് ഏറ്റവും വലിയ തെളിവ് നൽകിയിട്ടുള്ളത് സഭാപിതാവായ മാർ അപ്രേം ആണ്. പെസഹാ മേശയിൽ മെൽക്കിസെദേക്കിന്റെ പൗരോഹിത്യം ധരിച്ചുകൊണ്ട് യേശുക്രിസ്തു ബലിയർപ്പിച്ചു എന്നും അഹറോന്യ പൗരോഹിത്യം നീക്കിക്കളഞ്ഞു എന്നും (ഗാനം 2) മാർ അപ്രേമിന്റെ പെസഹാ ഗീതങ്ങളിൽ കാണാം. “ഭക്ഷിക്കുന്നവൻ ഭക്ഷ്യവസ്തുവായിത്തീർന്നു” ( 12-ാം ഗീതം), “അവിടുന്ന് നൽകിയ അപ്പവും വീഞ്ഞും ജീവന്റെ ഔഷധമായിരുന്നു (14-ാം ഗീതം). നമ്മുടെ കുർബാനയിൽ അത് സ്വീകരിക്കുന്നവൻ ജീവൗഷധം സ്വീകരിക്കുന്നു. നമ്മുടെ കർത്താവ് തന്റെ ശിഷ്യന്മാരോടൊത്ത് പെസഹാ ഭക്ഷിച്ചു” എന്ന് മാർ അപ്രേം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സഭാപിതാവായ മാർ ക്രിസോസ്റ്റം മത്തായിയുടെ സുവിശേഷത്തിന് എഴുതിയ അതിപ്രധാനമായ വ്യാഖ്യാനങ്ങളിലാണ് യേശുവിന്റെ ആത്മഭക്ഷണത്തെ സംബന്ധിച്ചു വിശദീകരിച്ചിട്ടുള്ളത്. “ശിഷ്യന്മാർ ആ നിമിഷം ഭയപ്പെടാതിരിക്കാൻ വേണ്ടിയാണ് അവിടുന്ന് അത് ചെയ്തത്” എന്നു മാർ ക്രിസോസ്റ്റം എടുത്തു പറയുന്നു. “താൻ നൽകുന്നത് വെറും വാക്കുകളല്ലെന്നും അത് യഥാർത്ഥത്തിൽ തന്റെ ശരീരവും രക്തവുമാണെന്നും അവർക്ക് ബോധ്യപ്പെടാൻ വേണ്ടി അവിടുന്ന് ആദ്യം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്തു, അതിനുശേഷം അവർക്ക് നൽകി” എന്ന് (ഹോമിലി 82) രേഖപ്പെടുത്തി.
പടിഞ്ഞാറൻ സഭയിലെ പിതാക്കന്മാരും അന്ത്യത്താഴത്തെ സംബന്ധിച്ചുള്ള ബൈബിളിന്റെ നിശബ്ദതയെ ഭേദിച്ച് യേശുക്രിസ്തു അന്ത്യത്താഴം ഭക്ഷിച്ചു എന്നാണ് സഭയെ പഠിപ്പിക്കുന്നത്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുള്ള വിശുദ്ധ ജെറോം പഠിപ്പിച്ചത് “അവിടുന്ന് ആദ്യം തന്റെ രക്തം പാനം ചെയ്തു, അതിനുശേഷം അത് ശിഷ്യന്മാർക്ക് നൽകി” എന്നാണ്.
പാശ്ചാത്യ ദൈവശാസ്ത്രത്തിന്റെ നെടുംതൂണായ വിശുദ്ധ അഗസ്റ്റിനോസ് “സങ്കീർത്തന വ്യാഖ്യാനങ്ങളിൽ” എഴുതിയത് ക്രിസ്തു തന്നെത്തന്നെ തന്റെ കൈകളിൽ വഹിച്ചുവെന്നും “ഇത് എന്റെ ശരീരമാകുന്നു” എന്ന് പറഞ്ഞ് ഭക്ഷിച്ചുവെന്നുമാണ്. യേശുക്രിസ്തുവിന്റെ ദൈവത്വവും പൗരോഹിത്യവും ഒരേസമയം വെളിപ്പെട്ടു എന്നതാണ് അഗസ്റ്റിനോസ് ഇവിടെ പ്രസ്താവിക്കുന്നത്.
വിശുദ്ധ തോമസ് അക്വീനാസ് പറയുന്നത് അന്ത്യത്താഴത്തിൽ യേശുക്രിസ്തു ഭക്ഷിക്കേണ്ടത് അനിവാര്യമാണ് എന്നായിരുന്നു. “ക്രിസ്തു ആദ്യം താൻ തന്നെ അത് ഭക്ഷിച്ചു, അതിനുശേഷം മറ്റുള്ളവർക്ക് നൽകി.” ഒരു നിയമം മറ്റുള്ളവർക്ക് നൽകുന്നയാൾ ആദ്യം അത് സ്വയം പാലിക്കണം. യേശു തന്റെ ശിഷ്യന്മാരോട് ഇത് ഭക്ഷിക്കാൻ കല്പിച്ചപ്പോൾ ആ കല്പന ലംഘിക്കപ്പെടാതിരിക്കാൻ ആദ്യം അവിടുന്ന് തന്നെ അത് സ്വീകരിച്ചു. കുരിശിൽ മരിക്കാൻ പോകുന്ന അതേ ശരീരം തന്നെയാണ് അന്ത്യത്താഴത്തിൽ നൽകപ്പെട്ടത്- ഇതായിരുന്നു അക്വീനാസ് പഠിപ്പിച്ചത്.
അപ്പസ്തോലിക പാരമ്പര്യവും
വിശുദ്ധ ഗ്രന്ഥവും
ചേർന്നു നിൽക്കുമ്പോൾ…
വാസ്തവത്തിൽ ബൈബിളിൽ എഴുതാത്ത ഈ രഹസ്യം സഭാപിതാക്കന്മാരിലൂടെയും ആരാധനാക്രമത്തിലൂടെയും കൈമാറിവന്ന് ക്രൈസ്തവ വിശ്വാസബോധ്യങ്ങളെ അതിന്റെ തികവിൽ എത്തിക്കുകയാണ്. അന്ത്യത്താഴത്തിൽ വാഴ്ത്തി നൽകിയ ശരീരരക്തങ്ങൾ ഈശോമിശിഹാ ഭക്ഷിച്ചു എന്ന സത്യം അവിടുത്തെ ബലിയർപ്പണത്തിന് നിയമസാധുത നൽകുന്നു. പഴയനിയമത്തിലെ അഞ്ച് പ്രധാന യാഗങ്ങളെയും തന്റെ ഏകയാഗത്തിൽ സംഗ്രഹിച്ച് അർപ്പിച്ചുകൊണ്ടാണ് ക്രിസ്തു നിത്യപുരോഹിതനായി മാറിയത്.
അപ്പസ്തോലിക പാരമ്പര്യവും വിശുദ്ധ ഗ്രന്ഥവും ഒരുപോലെ കൈകോർത്തുനിൽക്കുമ്പോൾ മാത്രമേ ഈ മർമ്മം വെളിപ്പെടുകയുള്ളൂ. ബൈബിളിലെ അക്ഷരങ്ങൾക്കപ്പുറത്ത് സഭയുടെ പാരമ്പര്യ നിധിനിക്ഷേപങ്ങളിലും മഹത്തായ ആത്മീയ യാഥാർത്ഥ്യങ്ങൾ നിറഞ്ഞുനിൽക്കുന്നു; അതിന്റെ ഏറ്റവും ശക്തമായ തെളിവാണ് മാർ നെസ്തോറിയസിന്റെ അനാഫറയിലുള്ളത്.

മാത്യൂ ചെമ്പുകണ്ടത്തിൽ
