വിശുദ്ധ കുർബാനയർപ്പണത്തിന്റെ പേരിൽ സീറോ മലബാർ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയിൽ യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിൽ ആരംഭിച്ച തർക്കങ്ങൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുകയാണ്. 1999-ൽ സിനഡ് അംഗീകരിച്ച “50:50 ഫോർമുല” പ്രകാരം പകുതി സമയം ജനാഭിമുഖവും പകുതി സമയം അൾത്താര അഭിമുഖവുമായ “സിനഡ് കുർബാന” അർപ്പിക്കണം എന്നതായിരുന്നു ഒത്തുതീർപ്പു വ്യവസ്ഥ. എന്നാൽ ഇതിനും തയ്യാറാകാതെ പൂർണമായും ജനാഭിമുഖ കുർബാന വേണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ആവശ്യപ്പെടുന്നത്. ഇതാണ് സീറോ മലബാർ സഭയിലെ കുർബാന തർക്കത്തിനു കാരണം.
സീറോ മലബാർ സഭയിലെ കുർബാന വിവാദം പോലെ സങ്കീർണ്ണമല്ലെങ്കിലും ലത്തീൻ സഭയിലും ആരാധനക്രമത്തിൻ്റെ പേരിൽ പതിറ്റാണ്ടുകളായി ചർച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട്. ഫ്രാൻസിസ് പാപ്പായുടെ കാലത്ത് ഏറെക്കുറെ നിശ്ശബ്ദമായിരുന്ന “ട്രെഡീഷണൽ ലാറ്റിൻ മാസ്” (Traditional Latin Mass) അഥവാ ‘ട്രിഡന്റൈൻ കുർബാന’യുമായി (The Tridentine Latin Mass) ബന്ധപ്പെട്ട തർക്കങ്ങൾ ലിയോ 14-ാമൻ പാപ്പാ സഭയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം ഇപ്പോൾ വീണ്ടും സജീവമാവുകയാണ്.
ട്രിഡന്റൈൻ ലത്തീൻ കുർബാനയും
രണ്ടാം വത്തിക്കാൻ സൂന്നഹദോസും
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ട്രെന്റ് കൗൺസിലിനു (The Council of Trent 1545-1563) ശേഷമാണ് ട്രിഡന്റൈൻ കുർബാന അർപ്പണരീതി നിലവിൽ വന്നത്. ഇറ്റലിയിലെ ട്രെന്റ് നഗരത്തിന് ലത്തീൻ ഭാഷയിൽ ‘ട്രിഡന്റം’ എന്നാണ് പറയുന്നത്. ഈ വാക്കിൽ നിന്നാണ് പഴയ ലത്തീൻ കുർബാനയെ ‘ട്രിഡന്റൈൻ കുർബാന’ എന്ന് വിളിക്കുന്നത്. പയസ് അഞ്ചാമൻ പാപ്പയായിരുന്നു 1570-ൽ ഈ ആരാധനാ രീതി സഭയിൽ ഔദ്യോഗികമായി നടപ്പിലാക്കിയത്.
ലത്തീൻ ഭാഷയിൽ അർപ്പിക്കുന്ന ട്രിഡന്റൈൻ ആരാധനക്രമത്തിൽ വൈദികൻ പൂർണ്ണസമയവും അൾത്താരയ്ക്ക് അഭിമുഖമായി നിന്നുകൊണ്ടായിരുന്നു ദിവ്യബലി അർപ്പിച്ചിരുന്നത്. പുരോഹിതൻ നിശബ്ദമായി (സ്വരം താഴ്ത്തി) ചൊല്ലുന്ന പ്രാർത്ഥനകളും ഗ്രിഗോറിയൻ സംഗീതവുമെല്ലാം ഈ ആരാധനാക്രമത്തിന്റെ പ്രത്യേകതയായിരുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലും
ആരാധനക്രമത്തിലെ മാറ്റങ്ങളും
1960-കളിലെ രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം 1969-ൽ പോൾ ആറാമൻ പാപ്പയാണ് പുതിയ ആരാധനാക്രമം (Novus Ordo) സഭയിൽ നിയമവിധേയമാക്കിയത്. തൽഫലമായി പ്രാദേശിക ഭാഷകളിൽ, ജനാഭിമുഖമായി വിശുദ്ധ കുർബാനയർപ്പിക്കുന്ന രീതി ലത്തീൻ സഭയിൽ നിലവിൽ വന്നു.
വൈദികന് ജനാഭിമുഖമായോ (versus populum) അൾത്താര അഭിമുഖമായോ (ad orientem) കുർബാന അർപ്പിക്കാം. എന്നാൽ ജനാഭിമുഖം മാത്രമായിട്ടാണ് ഇന്ന് ലത്തീൻ കുർബാന അറിയപ്പെടുന്നത്.
വിശ്വാസികൾക്ക് സജീവമായി പങ്കെടുക്കാൻ കഴിയുന്ന രീതിയിലേക്ക് ആരാധനാക്രമം മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു സഭാനേതൃത്വത്തിന്റെ നിലപാട്. തിരുസഭ ഒരു മ്യൂസിയം അല്ല, അതൊരു ജീവനുള്ള ശരീരമാണെന്നും അതിനാൽ കാലികമായ മാറ്റം സഭയിലും ലിറ്റർജിയിലും ആകാം എന്നതായിരുന്നു സഭ കൈക്കൊണ്ട നിലപാട്. (Sacrosanctum Concilium, 14)
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ട്രിഡന്റൈൻ കുർബാന അർപ്പിക്കുന്നതിനു “നിയന്ത്രണം” ഏർപ്പെടുത്തുകയും പകരം പുതിയ ലത്തീൻ കുർബാന ഔദ്യോഗികമാക്കുകയും ചെയ്തതു. ഇതു സഭയിലെ പാരമ്പര്യവാദികളെ ഏറെ പ്രകോപിതരാക്കി. വിശുദ്ധ കുർബാനയിൽ കൗൺസിൽ വരുത്തിയ ഈ പരിഷ്കാരങ്ങൾ ആരാധനയുടെ ഗൗരവം ഇല്ലാതാക്കുകയും ദിവ്യബലിയുടെ രഹസ്യാത്മകതയ്ക്കു മങ്ങലേൽപ്പിക്കുകയും ചെയ്തെന്ന് ഇവർ വാദിച്ചു. ലത്തീൻ ഭാഷയും അൾത്താര അഭിമുഖവും ഉപേക്ഷിച്ചത് സഭയുടെ ആത്മീയ പൈതൃകം തലമുറകളിലേക്കു കൈമാറുന്നതിനു വിഘാതമായെന്ന് ഇവർ ആരോപിച്ചു.
പാരമ്പര്യ സംരക്ഷണമോ
അനുസരണമോ, ഏതാണ് പ്രധാനം ?
ലത്തീൻ സഭയിലെ പഴയ- പുതിയ കുർബാന വിഷയങ്ങളുടെ പേരിൽ വിവാദപുരുഷനായി അറിയപ്പെട്ടത് ഫ്രഞ്ചുകാരനായിരുന്ന ആർച്ച് ബിഷപ്പ് മാഴ്സൽ ലെഫെബ്രെ (Arch Bishop Marcel François Marie Joseph Lefebvre) ആയിരുന്നു. ‘ഹോളി ഗോസ്റ്റ് ഫാദേഴ്സ്’ എന്ന സന്യാസസമൂഹത്തിന്റെ തലവനായിരുന്ന അദ്ദേഹം രണ്ടാം വത്തിക്കാൻ കൗൺസിലിൽ സജീവമായി പങ്കെടുത്തിരുന്നു. കൗൺസിൽ പഴയ ലത്തീൻ കുർബാന ഒഴിവാക്കിയതിനെ അദ്ദേഹം സഭയ്ക്ക് അകത്തും പുറത്തും ശക്തിയുക്തം എതിർത്തു. കൗൺസിലിനു ശേഷം നിരാശരായ ലത്തീൻ സഭയിലെ മുഴുവൻ വൈദികർക്കും വേണ്ടി അദ്ദേഹം ‘സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത്’ (The Society of Saint Pius X (SSPX) എന്ന സംഘടന രൂപീകരിച്ചു. പഴയ ട്രിഡന്റൈൻ കുർബാന മാത്രം അർപ്പിക്കുകയും പാരമ്പര്യ ദൈവശാസ്ത്രം മാത്രം പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം.
വത്തിക്കാൻ വിലക്കിയിട്ടും ആർച്ച് ബിഷപ്പ് മാഴ്സൽ വൈദികർക്കു പട്ടംകൊടുത്തതിനാൽ 1976-ൽ പോൾ ആറാമൻ പാപ്പ അദ്ദേഹത്തെ സഭാ ശുശ്രൂഷകളിൽ നിന്ന് നീക്കി. എന്നാൽ അതൊന്നും വകവയ്ക്കാതെ അദ്ദേഹം തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. 1988-ൽ വത്തിക്കാന്റെ അനുമതിയില്ലാതെ അദ്ദേഹം നാല് ബിഷപ്പുമാരെ വാഴിച്ചതോടെ ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെയും ആ നാല് മെത്രാന്മാരെയും സഭയിൽ നിന്ന് പുറത്താക്കി.
എന്നാൽ ഈ പുറത്താക്കൽ നടപടികൾക്കു ശേഷം പാരമ്പര്യവാദികൾക്കും സഭയിൽ ഇടമുണ്ട് എന്ന ചിന്ത സഭാനേതൃത്വത്തെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി ആർച്ച് ബിഷപ്പ് മാഴ്സൽ ലെഫെബ്രെയുടെ മരണശേഷം (1991), അദ്ദേഹം സ്ഥാനാരോഹണം ചെയ്ത ബിഷപ്പുമാരുടെ പുറത്താക്കൽ നടപടി ബെനഡിക്ട് പതിനാറാമൻ പാപ്പ 2009-ൽ പിൻവലിച്ചു. ഇപ്പോഴും SSPX-ന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും വത്തിക്കാന് കീഴിൽ വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
യാഥാസ്ഥിതികരുടെ ആവശ്യങ്ങൾക്ക്
മാർപാപ്പാമാരുടെ വ്യത്യസ്ത നിലപാടുകൾ
പാരമ്പര്യ സംരക്ഷണത്തിനു വേണ്ടി തിരുസഭയെ അനുസരിക്കാതെ മുന്നോട്ട് പോകുന്ന പ്രവണതയെ സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. എന്നാൽ ഇതിന് വഴിയൊരുക്കുന്നതു സഭയുടെ നിലപാടുകളാണെങ്കിൽ അതു പുനഃപരിശോധിക്കണമെന്ന ചിന്ത കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ ശക്തമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം സഭയെ നയിച്ച ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ, ലിയോ പതിനാലാമൻ പാപ്പ എന്നിവരുടെ ട്രിഡന്റൈൻ കുർബാനയോടുള്ള നിലപാടുകൾ ചർച്ചയാകുന്നത്. (ജോൺ പോൾ ഒന്നാമൻ പാപ്പ തന്റെ വാഴ്ചയുടെ 33-ാം നാൾ കാലം ചെയ്തതിനാൽ അദ്ദേഹത്തിന് ഈ വിഷയത്തിൽ കാര്യമായ പ്രതികരണങ്ങളൊന്നും നടത്താൻ സാധിച്ചില്ല, അതിനാൽ അദ്ദേഹത്തെ ഈ വിഷയത്തിൽ ഉൾപ്പെടുത്തിയിട്ടില്ല).
ജോൺ പോൾ രണ്ടാമൻ പാപ്പയും ആരാധനാക്രമ നിലപാടുകളും
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ ആരാധനാക്രമ വിഷയങ്ങളിൽ ”സഭയുടെ ഐക്യവും പാരമ്പര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിച്ച ഇടയൻ” എന്നാണ് വിശേഷിപ്പിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പരിഷ്കാരങ്ങളെ അദ്ദേഹം ശക്തമായി പിന്തുണയ്ക്കുമ്പോൾ തന്നെ പാരമ്പര്യ ലത്തീൻ കുർബാനയോട് ആഭിമുഖ്യം പുലർത്തുന്ന വിശ്വാസികൾക്കും സഭയിൽ ഇടമുണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വിശുദ്ധ കുർബാനയിൽ കടന്നുകൂടുന്ന അനാവശ്യമായ പുതുമകളെയും പാരമ്പര്യത്തിന്റെ പേരിൽ നടക്കുന്ന അച്ചടക്കമില്ലായ്മയെയും അദ്ദേഹം എതിർത്തു. അതിനാൽ മാത്രമായിരുന്നു വത്തിക്കാൻ വിലക്കിയിട്ടും അനുസരിക്കാതെ മുന്നോട്ടു പോയ ആർച്ച് ബിഷപ്പ് മാഴ്സൽ ലെഫെബ്രെയ്ക്കെതിരേ അദ്ദേഹം കടുത്ത നടപടിയെടുത്തത്.
വിശുദ്ധ കുർബാന കേവലം വിശ്വാസികൾ തമ്മിലുള്ള ഒരു കൂടിച്ചേരലല്ല, ദൈവവുമായുള്ള ദിവ്യസംഗമമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിശബ്ദതയ്ക്കും ഗ്രിഗോറിയൻ സംഗീതത്തിനും കുർബാനയിൽ വലിയ സ്ഥാനമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. പൗരസ്ത്യ സഭകൾ ലത്തീൻ വൽക്കരിക്കപ്പെടരുതെന്ന് മുൻഗാമിയായിരുന്ന ലിയോ പതിമൂന്നാമൻ പാപ്പയെപ്പോലെ (1878-1903) ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കും നിർബന്ധമുണ്ടായിരുന്നു.
ബെനഡിക്ട് പതിനാറാമൻ പാപ്പായും
ആരാധനാക്രമ നിലപാടുകളും
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഭൂരിപക്ഷവും പുതിയ ക്രമത്തോട് പൂർണ്ണമായും വിധേയപ്പെട്ടുവെങ്കിലും ട്രിഡന്റൈൻ ക്രമം ആവശ്യപ്പെടുന്ന ന്യൂനപക്ഷത്തെയും കൂടെനിർത്താനായിരുന്നു ബെനഡിക്ട് പാപ്പ ശ്രമിച്ചത്. “മുൻ തലമുറകൾക്ക് പവിത്രമായിരുന്ന കാര്യങ്ങൾ നമുക്കും പവിത്രമായി നിലനിൽക്കണം” എന്ന് അദ്ദേഹം വാദിച്ചു. ട്രിഡന്റൈൻ കുർബാനയെ Extraordinary Form എന്നു വിളിച്ചു.
സഭയുടെ ഭൂതകാലവും വർത്തമാനകാലവും പ്രതിനിധീകരിക്കുന്ന ട്രിഡന്റൈൻ ലിറ്റർജിയും പുതിയ ലിറ്റർജിയും രണ്ടല്ലെന്നും ഇവ തമ്മിൽ വൈരുദ്ധ്യമില്ലെന്നും അദ്ദേഹം വിശ്വസിച്ചു. വിശ്വാസികൾ ആവശ്യപ്പെടുന്ന പക്ഷം, അല്ലെങ്കിൽ സ്വകാര്യമായോ ട്രിഡന്റൈൻ ദിവ്യബലി അർപ്പിക്കാൻ വൈദികർക്ക് അദ്ദേഹം അനുവാദം നൽകി. അതിന് മെത്രാന്റെയോ വത്തിക്കാന്റെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം നിലപാട് സ്വീകരിച്ചു (Summorum Pontificum 2007).
ഫ്രാൻസിസ് പാപ്പയും
ആരാധനാക്രമ നിലപാടുകളും
ബെനഡിക്ട് പതിനാറാമൻ പാപ്പ ആരാധനാക്രമം സംബന്ധിച്ചു സ്വീകരിച്ച ഉദാരമായ സമീപനം സഭയിൽ ഭിന്നതയുണ്ടാക്കാൻ ചിലർ ദുരുപയോഗിക്കുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പ മനസ്സിലാക്കി. ഭിന്നത ക്രിസ്തുവിന്റെ ശരീരമായ സഭയിൽ മുറിവുകളുണ്ടാക്കാൻ കാരണമാകും. സഭയുടെ ഐക്യം പരമപ്രധാനമായതിനാൽ റോമൻ ആരാധനാക്രമത്തിന് ഒരേയൊരു ഔദ്യോഗിക പ്രകടനം മാത്രമേയുള്ളൂവെന്നും അത് പുതിയ കുർബാനയാണെന്നും അദ്ദേഹം നിലപാടു സ്വീകരിച്ചു. ട്രിഡന്റൈൻ കുർബാന അർപ്പിക്കാൻ മെത്രാന്റെ അനുവാദം അദ്ദേഹം കർശനമാക്കി. ഇതോടെ പാരമ്പര്യവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം സഭയിൽ നിയന്ത്രിക്കപ്പെട്ടു.
ട്രിഡന്റൈൻ ക്രമം പിന്തുടരുന്നവർ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും മാർപാപ്പമാരുടെ അധികാരത്തെയും നിരാകരിക്കുന്നതായി കണ്ടതിനാലാണ് ഫ്രാൻസിസ് പാപ്പ ഈ ആരാധനക്രമത്തിൽ നിയന്ത്രണം കടുപ്പിച്ചത്. സഭയുടെ ഐക്യം സംരക്ഷിക്കുന്നതിന് ഐകരൂപ്യം ആവശ്യമാണെന്ന് അദ്ദേഹം ശഠിച്ചു. അദ്ദേഹം എഴുതിയ Traditionis Custodes എന്ന അപ്പസ്തോലിക ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ലിയോ പതിനാലാമൻ പാപ്പയും
ആരാധനാക്രമ നിലപാടുകളും
പാരമ്പര്യവാദത്തെ ഉൾക്കൊള്ളുന്ന ലിയോ പതിനാലാമൻ പാപ്പായുടെ നയങ്ങൾ ഇനിയും വ്യക്തമാകാൻ പോകുന്നതേയുള്ളൂ. എന്നാൽ ലിയോ പാപ്പാ സഭാ നേതൃത്വത്തിൽ വന്ന ശേഷം സഭയിലെ യാഥാസ്ഥിതികർക്ക് ഏറെ സന്തോഷമുളവാക്കുന്ന ഒരു സംഭവമുണ്ടായി. 2025 ഒക്ടോബർ 25-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അമേരിക്കൻ കർദ്ദിനാളായ റെയ്മണ്ട് ലിയോ ബുർക്കെ (Cardinal Raymond Leo Burke) ട്രിഡന്റൈൻ കുർബാന അർപ്പിച്ചതായിരുന്നു ആ സംഭവം. ഇത് ആഗോളതലത്തിൽ വാർത്തയായിരുന്നു. ഫ്രാൻസിസ് പാപ്പ കർശനനിയന്ത്രണം ഏർപ്പെടുത്തിയ ഈ ആരാധനക്രമം ലിയോ പതിനാലാമൻ പാപ്പ അധികാരത്തിൽ വന്നയുടൻ പത്രോസിന്റെ ബസിലിക്കയിൽ തന്നെ അർപ്പിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
മുൻഗാമികളായിരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെയും ഫ്രാൻസിസ് പാപ്പായുടെയും ആരാധക്രമം സംബന്ധിച്ച നിലപാടുകൾ എങ്ങനെ സമന്വയിപ്പിക്കാം എന്നതാണ് ഇന്നു ലിയോ പാപ്പയുടെ മുന്നിലുള്ള ഒരു പ്രധാന വിഷയം. ഈ വർഷം ജനുവരി 7, 8 തീയതികളിൽ വത്തിക്കാനിൽ നടന്ന കർദ്ദിനാൾമാരുടെ അസാധാരണ സമ്മേളനത്തിൽ അദ്ദേഹം നിർദ്ദേശിച്ച നാല് പ്രധാന വിഷയങ്ങളിൽ “ആരാധനാക്രമം” എന്നത് ഒരു പ്രധാന വിഷയമായിരുന്നു (സുവിശേഷവൽക്കരണം, കൂരിയ പരിഷ്കരണം, സിനഡാലിറ്റി എന്നിവയായിരുന്നു മറ്റ് മൂന്നു വിഷയങ്ങൾ). എന്നാൽ ഈ രണ്ട് ദിവസങ്ങളിൽ ആരാധനാക്രമം എന്ന വിഷയം സമയക്കുറവുമൂലം ചർച്ചയ്ക്ക് വന്നില്ല. ഇത് പാരമ്പര്യവാദികളെ നിരാശരാക്കിയെങ്കിലും അടുത്ത സമ്മേളനത്തിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടും എന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നത്.
പ്രാദേശിക സഭകളും
ആരാധനക്രമ നിലപാടുകളും
പഴയ ലത്തീൻ കുർബാനയ്ക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നത് അമേരിക്കയിലെ യാഥാസ്ഥിതിക മെത്രാന്മാരിൽ നിന്നാണ്. കൂടാതെ, ബിഷപ്പ് ജെയിംസ് കോൺലി (ലിങ്കൺ രൂപത), ബിഷപ്പ് തോമസ് പാപ്റോക്കി (സ്പ്രിംഗ്ഫീൽഡ് രൂപത) എന്നിവർക്കൊപ്പം അമേരിക്കയിലെ നിരവധി യുവവൈദികരും പാരമ്പര്യവാദത്തിലേക്ക് കടന്നുവരുന്നതായാണ് റിപ്പോർട്ടുകൾ. ട്രിഡന്റൈൻ കുർബാന അർപ്പിക്കുന്നതിന് മൃദുസമീപനം വേണമെന്ന് ഫ്രാൻസിലെ പാരമ്പര്യവാദികളായ മെത്രാന്മാരും ആവശ്യപ്പെട്ടിരുന്നു. ആഫ്രിക്കയിൽ ഗിനിയയിലെ കർദ്ദിനാൾ റോബർട്ട് സാറയും ഇംഗ്ലണ്ടിൽ വെയിൽസിലെ നിരവധി മെത്രാന്മാരും ഈ ആവശ്യം ഉന്നയിക്കുന്നവരാണ്.
ബ്രിട്ടീഷ് കത്തോലിക്കാ സഭയിൽ ലത്തീൻ കുർബാനയെയും പാരമ്പര്യങ്ങളെയും പിന്തുണയ്ക്കുന്ന നിരവധി മെത്രാന്മാരുണ്ട്. ബിഷപ്പ് റിച്ചാർഡ് മോത്ത് (Bishop Richard Moth), ബിഷപ്പ് മാർക്ക് ഡേവീസ് (Bishop Mark Davies), ആർച്ചുബിഷപ്പ് ജോൺ വിൽസൺ (Archbishop John Wilson), ബിഷപ്പ് മൈക്കൽ കാംബെൽ (Bishop Michael Campbell) എന്നിവർ തങ്ങളുടെ രൂപതയിൽ ലത്തീൻ കുർബാന പ്രോത്സാഹിപ്പിക്കുന്നതിൽ മുമ്പന്തിയിലാണ്. പല ബിഷപ്പുമാരും വത്തിക്കാന്റെ അനുമതിയോടെ ലത്തീൻ കുർബാനയ്ക്ക് രണ്ടു വർഷത്തെ ഇളവുകൾ (Exemptions) അനുവദിക്കുന്നുണ്ട്. ഇത് ബ്രിട്ടനിലെ പാരമ്പര്യവാദി വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ബ്രിട്ടനിലെ ലത്തീൻ കുർബാനയുടെ സംരക്ഷണത്തിനായി ലത്തീൻ മാസ്സ് സൊസൈറ്റി (Latin Mass Society – LMS) എന്നൊരു സംഘടനയും പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ ജർമ്മനിയിലെ സഭ പാരമ്പര്യവാദത്തെ പൂർണമായി തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
മാത്യൂ ചെമ്പുകണ്ടത്തിൽ
