സ്പെയിനിലെ ടോളിഡോയിലുള്ള വിശ്വപ്രസിദ്ധമായ ടോളിഡോ കത്തീഡ്രൽ (Santa Iglesia Catedral Primada de Toledo) 800-ാം വാർഷികത്തിന്റെ നിറവിൽ. സങ്കീർണ്ണമായ ചരിത്ര സംഭവങ്ങളിലൂടെ കടന്നുപോയ ഈ ദേവാലയം പുതുക്കിപ്പണിയുന്നതിന് 1226-ൽ സ്പെയിനിലെ ഫെർഡിനാൻഡ് മൂന്നാമൻ രാജാവാണ് തറക്കല്ലിട്ടത്. ഈ ഗോഥിക് വിസ്മയത്തിന്റെ 800-ാം വാർഷികമാണ് ഈ വർഷം ആഘോഷിക്കുന്നത്.

​സ്പെയിൻ എന്ന രാജ്യത്തിന്റെ ചരിത്രപരിണാമങ്ങളുടെ നേർക്കാഴ്ചയാണ് ടോളിഡോ കത്തീഡ്രൽ. ഇന്ന് ഈ ദേവാലയം നിൽക്കുന്നയിടം മൂന്നു പ്രധാന ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. അതിൽ ആദ്യത്തേതാണ് വിസിഗോത്തിക് കാലഘട്ടം (Visigothic). ആറാം നൂറ്റാണ്ടിൽ സ്പെയിൻ ഭരിച്ചിരുന്ന വിസിഗോത്തുകളുടെ കാലത്ത് ഇതൊരു പ്രധാന ക്രൈസ്തവ ദേവാലയമായിരുന്നു. “ദിവ്യരക്ഷകന്റെ” നാമത്തിൽ (സാൻ സാൽവഡോർ, Church of San Salvador) ആയിരുന്നു ഈ ദേവാലയം ആറാം നൂറ്റാണ്ടിൽ നിർമ്മിച്ചത്.

​രണ്ടാമത്തെ കാലഘട്ടം മുസ്ലിം ഭരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. എട്ടാം നൂറ്റാണ്ടിൽ (ക്രി.വർഷം 711) മുസ്ലിം ഭരണാധികാരികൾ ടോളിഡോ നഗരം കീഴടക്കിയതോടെ, പഴയ വിസിഗോത്തിക് പള്ളി അവർ നശിപ്പിക്കുകയും അവിടെ ‘ഗ്രാൻഡ് മോസ്ക്’ (Great Mosque of Toledo) പണിയുകയും ചെയ്തു. ഒൻപതാം നൂറ്റാണ്ടിൽ ഇതിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ഇസ്ലാമിക കലാരൂപങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. മോസ്കിന് മിനാരവും ഈ കാലഘട്ടത്തിൽ നിർമ്മിച്ചതാണ്. 374 വർഷങ്ങൾ ഈ ദേവാലയം ഒരു മോസ്കായി നിലനിന്നു.

​മൂന്നാം ഘട്ടം 1085-ലാണ്. അൽഫോൻസോ ആറാമൻ രാജാവ് ടോളിഡോ തിരിച്ചുപിടിച്ചതോടെ ഈ നിർമ്മിതി വീണ്ടും ക്രൈസ്തവ അധീനതയിലായി. 1159-ലാണ് ഇത് ഔദ്യോഗികമായി ഒരു ക്രിസ്ത്യൻ ദേവാലയമായി പുനഃപ്രതിഷ്ഠ ചെയ്തത്. 1226 ഓഗസ്റ്റ് 14-നാണ് നിലവിലുണ്ടായിരുന്ന പള്ളിയുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ ഇന്നത്തെ വലിയ ഗോഥിക് കത്തീഡ്രലിന്റെ നിർമ്മാണം ആരംഭിച്ചത്. ഫ്രഞ്ച് ഗോഥിക് ശൈലിയിൽ നിർമ്മിച്ച ഈ ദേവാലയം പൂർത്തിയാക്കാൻ ഏകദേശം 267 വർഷങ്ങളെടുത്തു.

​വിസിഗോത്തിക് കാലഘട്ടത്തിലും മുസ്ലിം ഭരണത്തിലെ ഗ്രാൻഡ് മോസ്ക് കാലഘട്ടത്തിലും ഈ ദേവാലയം കടന്നുപോയതിന്റെ അവശേഷിപ്പുകൾ ഇപ്പോഴും ഇവിടെ നിലനിർത്തിയിട്ടുണ്ട്. വിസിഗോത്തിക് തൂണുകൾ, മുസ്ലിം കാലഘട്ടത്തിൽ നിർമ്മിച്ച കുതിരലാടത്തിന്റെ ആകൃതിയുള്ള ആർച്ചുകൾ (Horseshoe arches), മിനാരം എന്നിവ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു.

♦️പ്രൈമേറ്റ് ഓഫ് സ്പെയിൻ

(Primate of Spain)

​ടോളിഡോയിലെ ആർച്ച് ബിഷപ്പിനെ “Primate of Spain” എന്നാണ് വിളിക്കുന്നത്. സ്പെയിനിലെ എല്ലാ സഭാധ്യക്ഷന്മാരിലും മുൻഗണനാ സ്ഥാനം ഇദ്ദേഹത്തിനാണ്. അതിനാൽ തന്നെ സ്പെയിനിലെ കത്തോലിക്കാ സഭയുടെ ആത്മീയ തലസ്ഥാനമായി ടോളിഡോ കത്തീഡ്രൽ കണക്കാക്കപ്പെടുന്നു.

♦️ ​സഭാ കൗൺസിലുകളുടെ വേദി

​ആറാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെ നീണ്ടുനിന്ന വിഖ്യാതമായ ‘ടോളിഡോ കൗൺസിലുകൾ’ (Councils of Toledo) നടന്നത് ഇവിടെയാണ്. ക്രൈസ്തവ വിശ്വാസപ്രമാണങ്ങളിൽ (Creed) വളരെ പ്രധാനപ്പെട്ട ചർച്ചകൾക്കും മാറ്റങ്ങൾക്കും ഈ വേദികൾ സാക്ഷ്യം വഹിച്ചു.

♦️മൊസാറാബിക് ആരാധനാക്രമം

(Mozarabic Rite / Visigothic Rite)

​കത്തോലിക്കാ സഭയിൽ നിലവിലുള്ള ഏറ്റവും പഴയ ആരാധനാക്രമങ്ങളിൽ ഒന്നാണ് മൊസാറാബിക് ആരാധനാക്രമം. ടോളിഡോ കത്തീഡ്രലിൽ ഈ ആരാധനാക്രമം ഇന്നും നിലനിൽക്കുന്നു. ഏഴാം നൂറ്റാണ്ടിൽ സ്പെയിനിലെ വിസിഗോത്തിക് രാജാക്കന്മാരുടെ കാലത്താണ് ഈ ക്രമം രൂപപ്പെട്ടത്. പിന്നീട് മുസ്ലിം ഭരണകാലത്ത് (8 മുതൽ 11 വരെ നൂറ്റാണ്ടുകൾ) അവിടെ കഴിഞ്ഞിരുന്ന ക്രിസ്ത്യാനികൾ (ഇവരെയാണ് ‘മൊസാറാബുകൾ’ എന്ന് വിളിക്കുന്നത്) ഈ പുരാതന ക്രമം മുറുകെ പിടിച്ചു.

​ലാറ്റിൻ ആരാധനാക്രമത്തിൽ നിന്ന് വ്യത്യസ്തമായി ഇതിൽ സങ്കീർത്തനങ്ങളുടെയും പുരാതന സ്പാനിഷ് കവിതകളുടെയും സ്വാധീനം കൂടുതലാണ്. പ്രാർത്ഥനകളുടെ ഘടനയും സംഗീതവും വളരെ വ്യത്യസ്തമാണ്. പതിനൊന്നാം നൂറ്റാണ്ടിൽ റോമൻ ആരാധനാക്രമം സ്പെയിനിൽ നിർബന്ധമാക്കിയപ്പോഴും ടോളിഡോയിലെ വിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് ഈ ക്രമം നിലനിർത്താൻ അനുവാദം നൽകി. ഇന്നും ടോളിഡോ കത്തീഡ്രലിലെ ഒരു പ്രത്യേക ചാപ്പലിൽ (Mozarabic Chapel) എല്ലാ ദിവസവും ഈ രീതിയിലുള്ള കുർബാന നടക്കുന്നുണ്ട്.

♦️വിശ്വാസവും കലയും കൈകോർക്കുന്ന

ജൂബിലിയാഘോഷം

​800-ാം വാർഷികത്തിന്റെ ഭാഗമായി വത്തിക്കാൻ പ്രഖ്യാപിച്ച പ്രത്യേക ‘ജൂബിലി വർഷ’ത്തിന്റെ ഭാഗമായി ടോളിഡോയിലേക്ക് തീർത്ഥാടകരുടെ വൻ പ്രവാഹത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് കത്തീഡ്രലിനുള്ളിൽ ഒരുക്കിയിരിക്കുന്ന ‘ലുമിന’ (Lumina) എന്ന ഡിജിറ്റൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. രാത്രികാലങ്ങളിൽ കത്തീഡ്രലിന്റെ വാസ്തുവിദ്യയെ പ്രകാശത്താൽ പുനരാവിഷ്കരിക്കുന്ന ഈ ഷോ, ദേവാലയത്തിന്റെ വിസിഗോത്തിക്, ഇസ്ലാമിക്, ഗോഥിക് കാലഘട്ടങ്ങളിലെ പരിണാമം കണ്മുന്നിലെത്തിക്കുന്നു.

​നഗരത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധത്തിലുള്ള ഒരു കലാപ്രദർശനത്തിനാണ് കത്തീഡ്രൽ വേദിയാകുന്നത്. ‘Primate’ എന്ന് പേരിട്ടിരിക്കുന്ന ഈ എക്സിബിഷനിൽ എൽ ഗ്രെക്കോ, വെലാസ്ക്വെസ്, ഗോയ തുടങ്ങിയ വിശ്വപ്രസിദ്ധരായ ചിത്രകാരന്മാരുടെ 350-ലധികം മാസ്റ്റർപീസുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്പെയിനിന്റെ ക്രൈസ്തവ ചരിത്രവും ഇസ്ലാമിക് ഭരണകാലത്തെ സ്വാധീനങ്ങളും ഒത്തുചേരുന്ന ടോളിഡോയുടെ സവിശേഷമായ സംസ്കാരം വിളിച്ചോതുന്നതാണ് ഈ ശേഖരം.

​കത്തീഡ്രലിലെ സാക്രിസ്റ്റിയിൽ (Sacristy) സ്ഥിതി ചെയ്യുന്ന എൽ ഗ്രെക്കോയുടെ ചിത്രം ലോകപ്രശസ്തമാണ്. യേശുക്രിസ്തുവിന്റെ വസ്ത്രങ്ങൾ ഉരിയുന്ന രംഗമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ അപ്പസ്തോലന്മാരുടെ പന്ത്രണ്ട് ചിത്രങ്ങളും ഇവിടെയുണ്ട്.

​ജൂൺ 4-ന് നടക്കുന്ന “കോർപ്പസ് ക്രിസ്റ്റി” (Corpus Christi) ആഘോഷങ്ങൾ ഇത്തവണ ചരിത്രപ്രധാനമായിരിക്കും. ടോളിഡോയിലെ ഇടുങ്ങിയ വീഥികളിലൂടെ സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിച്ച ഭീമാകാരമായ ‘മോൺസ്ട്രാൻസ്’ (Monstrance) വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കാണാൻ പതിനായിരക്കണക്കിന് ആളുകൾ നഗരത്തിലെത്തും.

​ഗോൾഡൻ മോൺസ്ട്രാൻസ് (The Great Monstrance): 18 കിലോ സ്വർണ്ണവും 183 കിലോ വെള്ളിയും കൊണ്ട് നിർമ്മിച്ച പത്തടിയിലധികം ഉയരമുള്ള വിശുദ്ധ കുർബാന പേടകമാണിത്. 5600-ഓളം ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഓരോ വർഷവും കോർപ്പസ് ക്രിസ്റ്റി ദിനത്തിൽ ഇത് പുറത്തേക്ക് എഴുന്നള്ളിക്കുന്നു.

​ടോളിഡോ കത്തീഡ്രലിന്റെ തറയുടെ അടിയിൽ പഴയ മുസ്ലിം പള്ളിയുടെയും അതിനും മുൻപുണ്ടായിരുന്ന വിസിഗോത്തിക് പള്ളിയുടെയും അവശിഷ്ടങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 2026-ലെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇവ സന്ദർശകർക്ക് കാണാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

♦️ ഹോണോറിയസ് മൂന്നാമൻ പാപ്പാ

(Pope Honorius III)

​1226-ൽ തറക്കല്ലിട്ട ടോളിഡോ കത്തീഡ്രലിന്റെ നിർമ്മാണ സമയത്ത് റോമിലെ മാർപ്പാപ്പ ഹോണോറിയസ് മൂന്നാമൻ (Pope Honorius III) ആയിരുന്നു. കത്തോലിക്കാ സഭയിലെ പ്രശസ്തമായ സന്യാസ സഭകളായ ഡൊമിനിക്കൻ, ഫ്രാൻസിസ്കൻ (St. Francis of Assisi), കാർമലൈറ്റ് എന്നീ സഭകൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയത് ഇദ്ദേഹമാണ്. ടോളിഡോ കത്തീഡ്രലിന്റെ നിർമ്മാണം ആരംഭിക്കാൻ അനുമതി നൽകുന്നതിലും സ്പെയിനിലെ ക്രൈസ്തവ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്