Lord God Says: Behold, I, I myself will search for my sheep and will seek them out. (Ezekiel 34:11) ✝️
ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ നിന്നും ഒന്ന് കൂട്ടം തെറ്റി പോകുന്നത്, ആ കൂട്ടത്തിന്റെ ഭാഗമല്ലാതെ മാറി നിൽക്കുന്ന മറ്റെന്തെങ്കിലും ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ്. എല്ലാ ആപത്തുകളിൽ നിന്നും തന്നെ പരിരക്ഷിച്ച് സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന യേശു ആകുന്ന ഇടയനെയും ഉപേക്ഷിച്ച്, വഴിയരുകിൽ കണ്ടുമുട്ടുന്നവയുടെ ബാഹ്യമോടികളിൽ ആകൃഷ്ടരായി കൂട്ടം വിട്ടുപോകുന്നവർക്ക് പലപ്പോഴും ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധ്യം ലഭിക്കുന്നത് വളരെ വൈകി ആയിരിക്കും. ആട്ടിൻതോലിട്ട ചെന്നായ ആണ് ശ്രദ്ധ തെറ്റിച്ച് തന്നെ കൂട്ടത്തിൽ നിന്നും പുറത്തു കൊണ്ടു വന്നത് എന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ബാക്കിയുള്ള ആട്ടിൻ പറ്റം കാണാമറയത്ത് ആയിട്ടുണ്ടാകും.
എങ്ങോട്ടു പോകും എന്നറിയാതെ പാപത്തിന്റെ കരകാണാക്കടലിൽ ഉഴലുന്ന മനുഷ്യന്റെ സ്ഥിതിയും കൂട്ടംവിട്ടുപോയ ആടിന്റെ സ്ഥിതിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. തിരിച്ചു യേശുവിന്റെ കരത്തിന്റെ സുരക്ഷയിലേക്ക് എത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ നിത്യ നാശത്തിലായിരിക്കും രണ്ടാളുടെയും യാത്ര അവസാനിക്കുന്നത്, കാരണം ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു കൊണ്ടു ചുറ്റി നടക്കുന്നു” (1 പത്രോസ് 5:8). എന്നാൽ, നഷ്ടപ്പെട്ടു പോയവയെ വഴിയിൽ മറന്നു കളഞ്ഞിട്ടു തനിക്കുള്ള ബാക്കി ആടുകളിൽ സംതൃപ്തി കണ്ടെത്തുന്ന ഒരാളല്ല സ്വർഗ്ഗസ്ഥനായ പിതാവ്. പിതാവായ ദൈവം തന്റെ പ്രിയപുത്രനെ ഭൂമിയിലേക്കയച്ചത് നീതിമാന്മാരെ തേടിയല്ല, പാപം ചെയ്ത് ദൈവീക സംരക്ഷണത്തിൽ നിന്നും അകന്നു പോയ പാപികളെ തേടിയാണ്.
രക്ഷകനായ യേശുവിലൂടെ സ്വർഗ്ഗത്തിലേക്കുള്ള വഴി തിരികെ കണ്ടെത്തുന്നവരെ പ്രതി ദൈവം ഒട്ടധികം സന്തോഷിക്കും എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. പാപമല്ല നമ്മിൽ ഇല്ലാത്തത്; പാപിയാണെന്ന തിരിച്ചറിവാണ് ഇല്ലാത്തത്. നല്ലയിടയനായ ഈശോയെ, പാപത്തിന്റെ ഇരുളിൽപെട്ട് വഴിതെറ്റി കൂട്ടം വിട്ടുപോയ എന്നെ തേടിയിറങ്ങിയ ദൈവപുത്രാ, പാപവും പാപമാർഗ്ഗങ്ങളും ഉപേക്ഷിച്ച്, അങ്ങയുടെ തോളിലേറി സ്വർഗ്ഗരാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനുള്ള കൃപ തന്ന് എന്നെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.