The Lord tears down the house of the proud but maintains the widow’s boundaries.”
‭‭(Proverbs‬ ‭15‬:‭25‬) ✝️

മനുഷ്യൻറെ പാപമാണ് ദൈവത്തിന്റെ ഏറ്റവും വലിയ തലവേദന. പാപം ചെയ്ത തന്നിൽ നിന്ന് അകന്നു പോയ മനുഷ്യനെ ഓർത്ത് ദൈവം വേദനിക്കുന്നു. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നവനാണ് ദൈവം. അഹങ്കാരിയെ മനുഷ്യനും ദൈവവും വെറുക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ ഒരു വ്യക്തിയുടെ സ്വന്തം ശ്രേഷ്ഠത വെളിവാക്കുന്നതാണ് അഹങ്കാരം എന്നു പറയുന്നത്. മറ്റുള്ളവരെക്കാൾ ഉയർന്നുവരാനും, മറ്റു വ്യക്തികളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അപമാനിക്കാനും താഴ്ത്താനുമുള്ള മനുഷ്യരുടെ സ്വഭാവ സവിശേഷത ആണ് അഹങ്കാരം. പൊടിയും ചാരവും ആയ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട് എന്ന് വചനം ചോദിക്കുന്നു.

ആരോഗ്യം, സൗന്ദര്യം, സമ്പത്ത്, പദവി എന്നിവയെല്ലാം ദൈവത്തിന്റെ ദാനമാണ്, അതുകൊണ്ട് അഹങ്കരിക്കാതിരിക്കാം. അഹങ്കരിക്കാൻ ഇടവരുത്തരുത് എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം
വചനം അനുസരിച്ച് അഹങ്കാരത്തെ എങ്ങനെ മറികടക്കാം?അതിനുള്ള ഏക വഴി പരിശുദ്ധാൽമാവിന്റെ ശക്തിയാൽ അഹങ്കാരത്തെ തോൽപ്പിക്കുക എന്നതാണ്. കർത്താവ് അഹങ്കാരികളെ ശാസിക്കുകയും താഴ്മയുള്ളവർക്ക് കൃപ നൽകുകയും ചെയ്യുന്നു.

വിധവ എന്നത് ജീവിതത്തിൽ ആരും നോക്കാനില്ലാതെ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളുടെ പ്രതിനിധി ആണ്. വിധവകൾ സമൂഹത്തിൽ ഒറ്റപ്പെട്ട് പലരുടെയും കാരുണ്യത്തിലാണ് കഴിയുന്നത്. വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് ദൈവം ഇപ്രകാരം ചെയ്തത്. സമൂഹം മാത്രമല്ല അവരെ ചേർത്ത് നിർത്തേണ്ട കുടുംബാംഗങ്ങൾ പോലും ഇന്ന് വിധവകളെ ഒറ്റപ്പെടുത്തുന്നു. വിധവകൾക്ക് ആരും ആശ്രയിക്കാൻ ഇല്ലെങ്കിലും കർത്താവ് അവർക്ക് സഹായകനായി കൂടെയുണ്ട്

ലൂക്കായുടെ ലേഖനത്തിൽ അന്നാ എന്ന പ്രവാചികയുടെ  സ്ഥിതിയും  വ്യത്യസ്ഥമായിരുന്നില്ല. ഏഴു വർഷത്തെ ദാമ്പത്യജീവിതം ഭർത്താവിന്റെ മരണത്തോടെ അവസാനിച്ചപ്പോൾ, അവൾ ആഗ്രഹിച്ചതൊന്നും തന്നെ
ഫലമണിഞ്ഞിട്ടു ഉണ്ടായിരുന്നില്ല. പിന്നീടുള്ള അറുപതിലേറെ വർഷങ്ങൾ ആ സ്ത്രീ ജറുസലേം ദേവാലയത്തിൽ ദൈവാരാധനയിലാണ് കഴിച്ചുകൂട്ടിയത്. അവരുടെ വേദനകളെ ദൈവം ഒരനുഗ്രഹമാക്കി മാറ്റി. ലോകത്തിന്റെ രക്ഷകനായ യേശുവിനെ കാണുവാൻ ഭാഗ്യം ലഭിച്ചു. അന്നത്തെ കാലത്ത് ജീവിച്ചിരുന്ന സഭാശ്രേഷ്ഠർക്ക് പോലും യേശുവിനെ കാണുവാനുള്ള ഭാഗ്യം ലഭിച്ചില്ല. ദൈവത്തിൽ ആശ്രയിച്ച്, തന്നെ മുഴുവനായും ദൈവഹിതത്തിനു സമർപ്പിച്ച്‌, ദൈവത്തിന്റെ വഴികളിലൂടെ നടക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെയും ദൈവം ഒരിക്കലും കൈവിടുകയില്ല. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്