ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ് ആത്മവിശ്വാസം .

മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണത്. കാറ്റും കോളും നിറഞ്ഞാടുന്ന കടലിൽ ദിശ തെറ്റാതെ തീരം തൊടാൻ മുക്കുവനെ പ്രാപ്തനാക്കുന്ന ശക്തിയെ നമുക്ക് ആത്മവിശ്വാസം എന്ന് വിളിക്കാം.

കടലിനെകുറിച്ചുള്ള അവന്റെ അറിവും കരുതുന്ന ദൈവത്തിലുള്ള വിശ്വാസവുമാണ് അവനിൽ ആത്മവിശ്വാസത്തിന്റെ അലമാലകൾ തീർക്കുന്നത്.

ആത്യന്തികമായി അത് സ്വയം തിരിച്ചറിവിൽ നിന്നും ഉയിർ കൊള്ളുന്ന ഊർജ പ്രവാഹമാണ്. ലോകത്തെ , അതിന്റെ വെല്ലുവിളികളെ നേരിടാൻ അത് വ്യക്തിയെ പ്രാപ്തനാക്കുന്നു.

ആത്മവിശ്വാസം തോന്നുമ്പോൾ നാം ലോകത്തിന് മുന്നിൽ സ്വയം പ്രകാശിപ്പിക്കുന്ന രീതി മാറുകയാണ്. ആളുകൾ നമ്മെ കൂടുതലായി വിശ്വസിക്കുന്നു. പ്രവർത്തന മേഖലകളിൽ കൂടുതൽ കർമ്മ നിരതരാകാനും വിജയങ്ങൾ എത്തിപ്പിടിക്കുവാനും നമുക്ക് കഴിയുന്നു.

വിഖ്യത ചിത്രകാരൻ പീറ്റർ ടി. മക്കിന്റയറിന്റെ വാക്കുകളിൽ
” എല്ലായ്പ്പോഴും ശരിയായിരിക്കുന്നതിലൂടെയല്ല, തെറ്റിപോകുമെന്ന ഭയമില്ലാതെ പ്രവർത്തിക്കുന്നതിലൂടെയാണ് ഒരുവന്റെ ആത്മവിശ്വാസം പ്രകടമാകേണ്ടത്.”
ആത്‌മവിശ്വാസവും അഹങ്കാരവും തന്നിൽ ഒരു നേർത്ത ഇടനാഴിയാനുള്ളത്. അതിൽ തട്ടി പലരും വീണുപോയിട്ടുണ്ട്. അവനവന്റെ കഴിവിലുള്ള വിശ്വാസം അതിരു കടക്കുമ്പോൾ ചിലർക്കെങ്കിലും താൻ മാത്രമാണ് ശരിയെന്ന് തോന്നാം അതവരെ അഹങ്കാരികളാക്കി മാറ്റും.
മാതൃകകൾക്കു നമുക്കൊരു പഞ്ഞവുമില്ല . സ്വയപ്രയത്നത്തിലൂടെ, കഠിനാധ്വാനത്തിലൂടെ, ആത്മവിശ്വാസത്തിന്റെ ചിറകേറി ജീവിത വിജയത്തിന്റെ തീരമണഞ്ഞവർ നമുക്ക് പ്രചോദമാകട്ടെ.
പ്രമോദ് മാവിലേത്ത് എന്ന യുവ കവിയോടൊപ്പം നമുക്കും ഏറ്റുപാടാം.

മൺചിരാതിൽ എണ്ണ വറ്റീ…

അമൃത കുംഭത്തിൻ ഉറവ വറ്റീ…

ആത്മവിശ്വാസമേ.. തളരരുതേയെൻ ..

ഹൃദയ ചേതനയെ തളർത്തരുതേ…..

ഒത്തിരി സ്നേഹത്തോടെ


സെമിച്ചൻ ജോസഫ്
അസിസ്റ്റന്റ് പ്രൊഫസർ
സാമൂഹ്യ പ്രവർത്തക വിഭാഗം
ഭാരത മാതാ കോളേജ് , തൃക്കാക്കര

നിങ്ങൾ വിട്ടുപോയത്