*സീറോമലബാർസഭയുടെ സിനഡുസമ്മേളനം ആരംഭിച്ചു

കാക്കനാട്: കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാം സമ്മേളനം സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കർദിനാൾ.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിലിനെതിരെ കത്തീഡ്രൽ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഃഖമുണ്ടാക്കിയെന്ന് കർദിനാൾ പറഞ്ഞു.

പൊന്തിഫിക്കൽ ഡെലഗേറ്റിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് നയിച്ച ധ്യാനചിന്തകളോടെയാണ് സിനഡ് ആരംഭിച്ചത്. തുടർന്ന് മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടൊപ്പം സിനഡുപിതാക്കന്മാർ വിശുദ്ധ കുർബാനയർപ്പിച്ചു. മേല്പട്ട ശുശ്രൂഷയുടെ സു​വ​ർ​ണ​ജൂ​ബി​ലി ആഘോഷിക്കുന്ന മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ൽ പിതാവിന്റെ സേവനങ്ങളെ കർദിനാൾ പ്രത്യേകം അനുസ്മരിച്ചു. ഈ വർഷം ജൂബിലിയുടെ നിറവിലായിരിക്കുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവിനും മാർ തോമസ് തുരുത്തിമറ്റം പിതാവിനും മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിനും സിനഡ് ആശംസകൾ അറിയിച്ചു.

പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ സിനഡുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കത്തോലിക്കാ കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കരാഹിത്യം സഭയ്ക്ക് അപകടകരമാണെന്ന് പൊന്തിഫിക്കൽ ഡെലഗേറ്റ് ചൂണ്ടിക്കാട്ടി.

സഭയുടെ മേജർ സെമിനാരികളുടെ റെക്ടർമാരുമായും സമർപ്പിത സമൂഹങ്ങളുടെ മേജർ സുപ്പീരിയേഴ്സുമായും സിനഡുപിതാക്കന്മാർ കൂടിക്കാഴ്ച്ച നടത്തും. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് സിനഡ് ചർച്ചകൾ ആരംഭിച്ചു. ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് സിനഡുസമ്മേളനം സമാപിക്കും.

ഫാ. ഡോ. ആന്റണി വടക്കേകര വി.സി.
പി.ആർ.ഒ, സീറോമലബാർസഭ &
സെക്രട്ടറി, മീഡിയാ കമ്മീഷൻ

ഓഗസ്റ്റ് 21, 2023

ഫോട്ടോ അടിക്കുറിപ്പ്: സീറോമലബാർസഭയുടെ സിനഡുസമ്മേളനത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവ്വഹിക്കുന്നു. സിനഡ് സെക്രട്ടറി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ, ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, വൈസ് ചാൻസലർ ഫാ. പ്രകാശ് മറ്റത്തിൽ എന്നിവർ സമീപം.

നിങ്ങൾ വിട്ടുപോയത്