പ്രാർത്ഥനയും ബൈബിൾ വായനയുമൊക്കെ ഉണ്ടായിരുന്നെങ്കിലും എന്റെ ആത്മീയജീവിതം തരിശുഭൂമി പോലെയായിരുന്നു. അവന്റെ സ്വരത്തിനോട് ഉടനടി പ്രത്യുത്തരിക്കേണ്ടതിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകാതെ പോയി.

ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാത്മാവ്, എന്റെ ജീവിതം ഞാൻ അവന് സമർപ്പിക്കാൻ എപ്രകാരം ആഗ്രഹിക്കുന്നു, എന്നതിനെക്കുറിച്ച് അത്ര വിവരമൊന്നും എനിക്കുണ്ടായില്ല.

അങ്ങനിരിക്കെ ഞാനൊരു ധ്യാനം കൂടി.

വർഷങ്ങൾക്ക് മുൻപ് നടന്ന ചില സംഭവങ്ങൾ എന്റെ ഓർമ്മയിൽ വന്നു.

കുറച്ചുപേരോടൊക്കെ ഞാൻ മാപ്പ് ചോദിക്കാനുള്ള പോലെ എനിക്ക് തോന്നി. പക്ഷേ, അത്ര പ്രാധാന്യമുള്ള കാര്യങ്ങൾ അല്ലെന്ന് തോന്നിയത് കൊണ്ടും അത് കഴിഞ്ഞിട്ട് കുറേ വർഷങ്ങൾ ആയതു കൊണ്ടും, ഉള്ളിലെ ആ ചെറിയ തോണ്ടൽ ഞാൻ അവഗണിക്കാൻ ശ്രമിച്ചു. അതേ സമയം, ഞാൻ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നത് ഞാൻ ചെയ്തില്ലെങ്കിൽ, അവൻ എന്നെ അവന്റെ ആളായി ഉപയോഗിക്കില്ലെന്ന ബോധ്യവും ശക്തമായി.

അങ്ങനെ, ഞാൻ ഇരുന്ന് ക്ഷമാപണക്കത്തുകൾ എഴുതി. പരിശുദ്ധാത്മാവ് എന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നതാണ് ഉള്ളിലെ ആ തോന്നൽ എന്നെനിക്ക് മനസ്സിലായി.

കത്തുകൾക്ക് വന്ന പ്രതികരണങ്ങൾ എനിക്ക് വലിയ ആശ്വാസമായി.

ദൈവത്തെ ഞാൻ അനുസരിച്ചപ്പോൾ പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും പ്രവർത്തനവും ഞാൻ മനസ്സിലാക്കിതുടങ്ങുകയായിരുന്നു.’സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും……..അറിയിക്കും’ (യോഹ16:13). ആത്മീയജീവിതത്തിലേക്ക് നമ്മൾ ജനിക്കുമ്പോൾ, ഓരോരുത്തരുടെയും ഉള്ളിൽ പരിശുദ്ധാത്മാവ് വാസമുറപ്പിക്കുന്നു. നമ്മെ നയിക്കുന്നു, പാപം ചെയ്യുമ്പോൾ ഉള്ളിൽ കുറ്റപ്പെടുത്തുന്നു. അവന്റെ ശക്തിയില്ലാതെ വിശുദ്ധജീവിതം നയിക്കുക അസാധ്യം. പക്ഷെ പൂർണ്ണമായി അവന് വഴങ്ങുന്നില്ലെങ്കിൽ, അവന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയില്ല.

കുറേ കൊല്ലങ്ങൾക്ക് മുൻപ്, ഞാൻ ഹാപ്പിയായി അടുക്കളയിലെ തറ തുടക്കുകയായിരുന്നു.

അത് ഉണങ്ങുന്നതിന് മുൻപ്, എന്റെ താഴെയുള്ള മകൻ ബ്രാഡ് പുറത്തുനിന്ന് കേറിവന്നു. പിന്നാലെ വരിവരിയായി അവന്റെ കുറേ കൂട്ടുകാരും. അവരിലാരോ പാല് വേണമെന്ന് പറഞ്ഞപ്പോൾ അവൻ ഓടിവന്ന് ഫ്രിഡ്ജിൽ നിന്ന് പാലെടുത്തു. തുറന്നതും എന്റെ തിളങ്ങുന്ന തറയിൽ പാൽ കുറേ തൂവിപ്പോയി. അത് കണ്ട ഞാൻ പൊട്ടിത്തെറിച്ചു,

” പോയെ ഒക്കെ എന്റെ അടുക്കളേൽന്ന്. ഞാൻ ഇപ്പൊ തുടച്ചതേയുള്ളു ഇവിടെ!”

ബ്രാഡിന്റെ അമ്മ ഉച്ചത്തിൽ ചീത്ത പറഞ്ഞതിൽ പരിഭ്രമിച്ച് കുട്ടികളെല്ലാം ചിതറിയോടി. ഞാൻ ആകെ ഇതികർത്തവ്യാമൂഢയായി നിന്നു.

ഇവിടെ, എവിടെയായിരുന്നു പരിശുദ്ധാത്മാവ്?

അവൻ എന്റെ ജീവിതത്തിൽ തന്നെ ഉണ്ട്‌, പക്ഷേ അവന്റെ നിയന്ത്രണത്തിന് വഴങ്ങാതെ, അവന്റെ ഇഷ്ടത്തിന് മേലെക്കൂടി ഞാൻ തന്നിഷ്ടം നടത്തി. ആകെ സീനായി.അതുപോലുള്ള അവസരങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി ബില്ലും ( ഭർത്താവ് ) ഞാനും ‘throne check’ നടത്താൻ തുടങ്ങി.

നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു നിയന്ത്രണശക്തിയുണ്ട്, ഉള്ളിലെ സിംഹാസനത്തിൽ ഒരാളുണ്ട്. നമുക്കുള്ളിലെ സിംഹാസനത്തിൽ പരിശുദ്ധാത്മാവ് ആകുമ്പോൾ എല്ലാം സ്മൂത്തായി പോകും. അവിടെ നമ്മൾ കയറിയിരിക്കുമ്പോഴോ എല്ലാം കൈവിട്ടുപോവും, തറ തുടച്ചപ്പോഴത്തെ സംഭവം പോലെ. അപ്പോഴും പരിശുദ്ധാത്മാവ് നമ്മെ വിട്ടുപോകുന്നില്ല, പക്ഷേ അവന്റെ നമ്മുടെ ജീവിതത്തിൽ അവന്റെ സ്വാധീനം കുറയുന്നു.

ഈ ഒരു ചിന്ത ( Throne Check ) മക്കളെയെല്ലാം ഞങ്ങൾ ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചു. കാര്യങ്ങൾ അത്ര നന്നായല്ല പോകുന്നെ എന്ന് തോന്നുമ്പോൾ ഞങ്ങൾ പരസ്പരം ചോദിക്കാൻ തുടങ്ങി.

‘ആരാണ് ഇപ്പോൾ സിംഹാസനത്തിൽ?’ ‘Who is on the throne?’ ( നീയാണോ അതോ ദൈവമോ ? എന്ന അർത്ഥത്തിൽ).

ബ്രാഡിന് നാല് വയസുള്ളപ്പോൾ നടന്ന ഒരു സംഭവം എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്. ഒരു സ്പെഷ്യൽ മുട്ട വിഭവം ഞാൻ പ്രാതലിനായി ( ബ്രേക്ക് ഫാസ്റ്റ് ) ഉണ്ടാക്കി. ഒരു ടോസ്റ്റിനുള്ളിൽ നടുവിൽ ഒരു ദ്വാരം, അതിനുള്ളിൽ ഫ്രൈഡ് എഗ്ഗ്. ബ്രാഡിന് അത് കണ്ടതേ ഇഷ്ടായില്ല. “എനിക്ക് മുട്ട അങ്ങനെ ഇഷ്ടല്ല, ഞാൻ കഴിക്കില്ല” എന്ന് പറഞ്ഞു. ഒരു സെക്കന്റിനുള്ളിൽ ആവശ്യത്തിന് കണ്ണീരും അവൻ വരുത്തി.

ബിൽ അവനോട് ചോദിച്ചു, ‘Who is on the throne this morning?” ( ആരാ കാലത്ത് തന്നെ, സിംഹാസനത്തിൽ?) ബ്രാഡ് വേഗം പറഞ്ഞു,

” The devil and me” ( പിശാചും ഞാനും ).”ആരാ സിംഹാസനത്തിൽ ഇരിക്കേണ്ടത്? “

“ഈശോ”

“അപ്പോൾ പിന്നെ എന്ത് ചെയ്യണം?”

ഒരു കുഞ്ഞിന്റെ ജ്ഞാനത്തോടെ ബ്രാഡ് പറഞ്ഞു, ” പ്രാർത്ഥിക്കണം, ഈശോയെ, അങ്ങ് തന്നെ സിംഹാസനത്തിൽ ഇരിക്കണേ. ഈ മുട്ട കഴിക്കാൻ എന്നെ സഹായിക്കണേ”.

നാല് വയസ്സുള്ളപ്പോഴേ ബ്രാഡിന് മനസ്സിലായി തന്റെ ഉള്ളിലെ സിംഹാസനത്തിൽ ഈശോ ഇരിക്കുമ്പോൾ അവന് സ്വന്തം ഇഷ്ടവും പെരുമാറ്റവും മറികടക്കാനും മാറ്റാനും പറ്റുമെന്ന്.

നമ്മുടെ പാപങ്ങൾ, നമ്മുടെ ജീവിതത്തിൽ അവന്റെ സ്വാധീനം ചെലുത്തുന്നതിൽ നിന്ന് പരിശുദ്ധാത്മാവിനെ പിന്തിരിപ്പിക്കാനിടയുണ്ട്. അതുകൊണ്ട് കൂടെക്കൂടെയുള്ള കുമ്പസാരം അത്യന്താപേക്ഷിതമാണ്.

അവനെ ധിക്കരിച്ചു തന്നിഷ്ടം ചെയ്‌താൽ ഉടനെ മാപ്പ് ചോദിക്കാൻ തുടങ്ങി. അങ്ങനെ ദൈവവുമായി മുറിയാത്ത കൂട്ടായ്മയിൽ ആയിരിക്കാൻ എനിക്ക് സാധിച്ചു.

നമ്മൾ പരിശുദ്ധാത്മാവിൽ ആയിരിക്കുമ്പോൾ ദൈവം നമ്മുടെ ജീവിതത്തിൽ ആവശ്യമായ കഴിവുകൾ തന്ന് നമ്മെ അവന്റെ ഉപകരണമാക്കുന്നു.

എന്തിനും ഏതിനും എവിടെയും അവനെ അനുസരിക്കുന്നത് ഒരു ശീലമാക്കുമ്പോൾ, ശരിയായ സന്തോഷം നമ്മൾ ജീവിതത്തിൽ അനുഭവിക്കും. അനുസരണം ഒരു ജീവിതശൈലിയാണ്‌.

അനുസരണയുള്ള ജീവിതം നമ്മൾ ശീലമാക്കുമ്പോൾ ഓരോ വെല്ലുവിളിയോടും പ്രശ്നങ്ങളോടുമുള്ള നമ്മുടെ കാഴ്ചപ്പാട് സമാധാനമുള്ളതും ആത്മവിശ്വാസമുള്ളതും ആയി മാറുന്നു.

Written by: Vonette Zachary BrightTranslated by Jilsa Joy

നിങ്ങൾ വിട്ടുപോയത്