സാമൂഹിക സമ്പര്‍ക്ക മാദ്ധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം

1. ആമുഖം “സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമത്തിലെയും പഠനങ്ങള്‍: ഒരു അപഗ്രഥനം” എന്ന പേരില്‍ കര്‍മ്മല കുസുമത്തിന്‍റെ മുന്‍ലക്കത്തില്‍ (പുസ്തകം 121, ലക്കം 7, 2023 ജൂലൈ, പേജുകള്‍ 32-35) പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ തുടര്‍ച്ചയാണ് ഈ ലേഖനം.

മുന്‍ലക്കത്തിലെ ലേഖനം അപഗ്രഥിച്ചത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഇന്തര്‍ മിരിഫിക്ക (Inter Mirifica) എന്ന പ്രമാണ രേഖയായിരുന്നുവെങ്കില്‍ ഈ ലേഖനത്തിന്‍റെ പ്രതിപാദ്യ വിഷയം, പ്രസ്തുത പ്രമാണരേഖയെ അടിസ്ഥാനമാക്കി പൗരസ്ത്യ കാനോന സംഹിതയില്‍ ചേര്‍ത്തിട്ടുള്ള കാനോനകളാണ്.

പൗരസ്ത്യ കാനോനസംഹിതയിലെ പതിനഞ്ചാം ശീര്‍ഷകം സഭയുടെ പ്രബോധനാധികാരത്തെപ്പറ്റിയാണ്. പഠിപ്പിക്കുക, ഭരിക്കുക, വിശുദ്ധീകരിക്കുക എന്നിങ്ങനെയുള്ള തിരുസഭയുടെ ത്രിവിധ അധികാരത്തെയും കടമയെയുംകുറിച്ച് ലത്തീന്‍ സഭയുടെ കാനന്‍നിയമത്തിലെന്നപോലെ പൗരസ്ത്യ കാനോന സംഹിതയിലും പ്രതിപാദിക്കുന്നുണ്ടെങ്കിലും അവ അവതരിപ്പിച്ചിരിക്കുന്ന രീതി തുലോം വ്യത്യസ്തമെന്ന് ആമുഖമായി പറയേണ്ടിയിരിക്കുന്നു.

കാരണം, പൗരസ്ത്യ ദൈവശാസ്ത്രവീക്ഷണമനുസരിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലും മറ്റു കൂദാശാ പരികര്‍മ്മങ്ങളിലും വിശുദ്ധീകരണ കര്‍മ്മം മാത്രമല്ല നടക്കുന്നത്; പ്രത്യുത പഠിപ്പിക്കുക എന്ന ദൗത്യവും അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ, വചനപ്രഘോഷണത്തില്‍ പഠിപ്പിക്കല്‍ പ്രക്രിയ മാത്രമല്ല അടങ്ങിയിരിക്കുന്നത്; പ്രത്യുത അത് വിശുദ്ധീകരിക്കുന്നതുമാണ്.

പൗരസ്ത്യ കാനോനസംഹിതയിലെ പതിനഞ്ചാം ശീര്‍ഷകത്തിലെ നാലാം അധ്യായത്തിന്‍റെ തലക്കെട്ട് “സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍, പ്രത്യേകിച്ച് പുസ്തകങ്ങള്‍” എന്നാണ്. ഈ അധ്യായത്തില്‍ 651 മുതല്‍ 666 വരെയുള്ള കാനോനകളാണ് കാണപ്പെടുന്നത്.

2. സുവിശേഷപ്രഘോഷണ ദൗത്യത്തിന് സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ സഭയ്ക്ക് അവകാശമുണ്ട്.

പൗരസ്ത്യ കാനോനസംഹിതയിലെ 651-ാം കാനോന ഇങ്ങനെ അനുശാസിക്കുന്നു: “

1. സുവിശേഷം എല്ലായിടത്തും അറിയിക്കുന്നതിനുള്ള ദൗത്യം പൂര്‍ത്തിയാക്കുന്നതിന് സഭ ഉചിതമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്. അതിനാല്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും പ്രത്യേകിച്ച് സ്വതന്ത്രമായ പ്രസിദ്ധീകരണം നടത്തുന്നതിനുള്ള അവകാശം എല്ലായിടത്തും അംഗീകരിക്കപ്പെടേണ്ടതാണ്.

2. സഭയുടെ ഈ വലിയ ദൗത്യത്തില്‍ എല്ലാ ക്രൈസ്തവ വിശ്വാസികളും സഹകരിക്കുകയും ഈ ദൗത്യനിര്‍വഹണത്തിനായുള്ള സംരംഭങ്ങളെ പിന്താങ്ങുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.

കൂടാതെ സമ്പര്‍ക്ക മാധ്യമങ്ങളുടെ നിര്‍മ്മാണ-പ്രക്ഷേപണ രംഗങ്ങളിലുള്ളവര്‍, പ്രത്യേകിച്ചും വിദഗ്ധര്‍ മെത്രാന്മാരുടെ അജപാലനപ്രവര്‍ത്തനത്തില്‍ താല്പര്യപൂര്‍വം സഹായം നല്‍കേണ്ടതും മാധ്യമങ്ങളുടെ ഉപയോഗം ക്രിസ്തുവിന്‍റെ ചൈതന്യത്താല്‍ നിറഞ്ഞതാക്കിത്തീര്‍ക്കുവാന്‍ തീക്ഷ്ണതാപൂര്‍വം ശ്രമിക്കേണ്ടതുമാണ്.” രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മാധ്യമ സംബന്ധിയായ ഇന്തര്‍ മിരിഫിക്ക (Inter Mirifica) യുടെ മൂന്നാം നമ്പറിനെ ആധാരമാക്കി രൂപപ്പെടുത്തിയിരിക്കുന്നതാണ് ഈ കാനോന.

തിരുസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നാണ് സുവിശേഷപ്രഘോഷണം.

ആദിമസഭയുടെ കാലഘട്ടത്തില്‍ ഈ സുവിശേഷപ്രഘോഷണം സാധ്യമായിരുന്നത് ഓരോ സ്ഥലങ്ങളിലും ചെന്ന് ജനത്തെ അഭിസംബോധന ചെയ്ത് വാചികമായി സുവിശേഷം പ്രഘോഷിച്ചു കൊണ്ടായിരുന്നെങ്കില്‍, ഇന്ന് അത് മറ്റ് പല രീതികളിലൂടെയും വ്യത്യസ്തമായ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ ഫലപ്രദമായി നടത്തുവാന്‍ സാധിക്കും. അതിനാല്‍ത്തന്നെ അങ്ങനെയുള്ള ആധുനിക സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കുവാനുള്ള അവകാശവും കടമയും തിരുസഭയ്ക്കുണ്ട് എന്നതാണ് ഈ കാനോന വ്യക്തമാക്കുന്നത്. അറുപതുവര്‍ഷങ്ങള്‍ക്ക് മുമ്പ് “ഇന്തര്‍ മിരിഫിക്ക” പുറത്തിറക്കിയ കാലഘട്ടവും മുപ്പത് വര്‍ഷം മുമ്പ് “പൗരസ്ത്യ കാനോന സംഹിത” പുറത്തിറക്കിയ കാലഘട്ടവും കഴിഞ്ഞ് സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലും ഇന്‍റര്‍നെറ്റ് യുഗത്തിലും നിര്‍മ്മിത ബുദ്ധി (artificial intelligence) യുടെ യുഗത്തിലുമെത്തി നില്‍ക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍, ഇന്നത്തെ പൊതുബോധം രൂപപ്പെടുന്നത് ഓരോരുത്തര്‍ക്കും കിട്ടുന്ന അറിവിന്‍റെ അടിസ്ഥാനത്തിലാണെന്ന അവബോധം സഭാധികാരികള്‍ക്കും തനയര്‍ക്കുമില്ലെങ്കില്‍, സഭാവിരുദ്ധശക്തികള്‍ നേരിട്ടോ അല്ലാതെയോ നടത്തുന്ന, ആധുനിക മാധ്യമങ്ങളുടെ എല്ലാവിധ സന്നാഹത്തോടും കൂടിയുള്ള ആസൂത്രിതമായ നുണപ്രചരണങ്ങളെ തടുക്കുവാന്‍ കത്തോലിക്കാ തിരുസഭയ്ക്കാവില്ല എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ വിമതര്‍ എറണാകുളം കേന്ദ്രമാക്കി ആവര്‍ത്തിച്ചാവര്‍ത്തിച്ചിറക്കിക്കൊണ്ടിരിക്കുന്ന മലീമസമായ നുണപ്രചരണങ്ങള്‍. ഇങ്ങനെയുള്ള ചില നുണപ്രചരണങ്ങള്‍ ചെറുതായൊന്ന് അപഗ്രഥിക്കേണ്ടത് വസ്തുതകള്‍ ശരിയായി മനസ്സിലാക്കുന്നതിന് ആവശ്യമാണെന്ന് ഈ ലേഖകന്‍ കരുതുന്നു. അങ്ങനെയുള്ള ചില കുപ്രചരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

2.

1 മാര്‍ത്തോമ്മാ ശ്ലീവാ മനിക്കേയനും മാറ്റിനിര്‍ത്തേണ്ടതുമോ?വിമതര്‍ അടുത്തയിടയ്ക്ക് തെറ്റായ പൊതുബോധസൃഷ്ടിക്കായി ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ആവര്‍ത്തിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാനായി ശ്രമിക്കുന്ന ഒന്നാണ് മാര്‍ത്തോമാ കുരിശ് ഒരു പാഷണ്ഡതയാണ് എന്നും അത് ഒഴിവാക്കേണ്ടതാണ് എന്നും മറ്റും. സീറോ മലബാര്‍ സഭയുടെ, അഥവാ കേരള മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ, വിശ്വാസത്തിന്‍റെ അടയാളമായ, ഭക്തിപൂര്‍വം നൂറ്റാണ്ടുകളായി വണങ്ങിക്കൊണ്ടിരിക്കുന്ന, ഈ അടയാളത്തെ അവഹേളിച്ച് ക്ലാവര്‍ കുരിശെന്നും മറ്റും വിശേഷിപ്പിക്കുന്ന സീറോ മലബാര്‍ തനയരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന, അവരെ സ്പോണ്‍സര്‍ ചെയ്യുന്ന അദൃശ്യകരങ്ങള്‍ ഏത് അക്രൈസ്തവ ശക്തികളാണ് എന്ന് അനുമാനിക്കുവാന്‍ ഒരു പാഴൂര്‍പടിപ്പുര വരെയൊന്നും പോകേണ്ടതില്ല എന്ന നിഗമനത്തിലെത്തുവാന്‍ ഈ ലേഖകന് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഭാരതത്തിന്‍റെ അപ്പസ്തോലനായ മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടത്തില്‍ കാണപ്പെടുന്ന ഈ കുരിശ് അതിപുരാതനവും കേരളത്തിലങ്ങോളമിങ്ങോളം മാര്‍ത്തോമ്മാ നസ്രാണികളുടെ പള്ളികളില്‍, ആലങ്ങാട് മുതല്‍ മുട്ടുചിറ വരെ കാണപ്പെട്ടു എന്നു മാത്രമല്ല, ആ ശ്ലീഹായുടെ മരണത്തിന്‍റെ 1900-ാമാണ്ടിന്‍റെ അനുസ്മരണത്തിന്‍റെ ഭാഗമായി, അന്നത്തെ എറണാകുളം അതിരൂപതാധിപന്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്‍റെ അക്ഷീണപരിശ്രമത്തിന്‍റെ ഫലമായി 1973 ല്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് മാര്‍ത്തോമ്മാ കുരിശ് ഒരു തപാല്‍ സ്റ്റാമ്പ് ആക്കി പുറത്തിറക്കിയ ചരിത്രസത്യവും നാമാരും മറന്നുകൂടാത്തതാണ്. മാര്‍ത്തോമ്മാ ശ്ലീവായെ മനിക്കേയനെന്നും ക്ലാവര്‍ കുരിശെന്നും അവഹേളിക്കുന്നവര്‍ ഇനി കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടിലിനെ മനിക്കേയ പാഷണ്ഡിയെന്നുംകൂടി വിളിക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്ന 2023 ജൂലൈ 20-ാം തീയതി, സത്യദീപം ഓണ്‍ലൈന്‍ 2023 ജൂലൈ 18-ാം തീയതി പ്രസിദ്ധീകരിച്ച “മതവിദ്വേഷ പ്രവര്‍ത്തനങ്ങളെ വത്തിക്കാന്‍ യുഎന്നില്‍ അപലപിച്ചു” എന്ന വാര്‍ത്ത വായിക്കുവാനിടയായി.

ആ ലേഖനത്തിന്‍റെ തുടക്കം ഇങ്ങനെയാണ്: “മതഗ്രന്ഥങ്ങള്‍ കത്തിക്കുന്നതുള്‍പ്പെടെ, ചില യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും നടന്നുവരുന്ന മതവിദ്വേഷ പ്രവര്‍ത്തനങ്ങളെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വത്തിക്കാന്‍ പ്രതിനിധി ശക്തമായി അപലപിച്ചു. ഇസ്ലാമിക ആഘോഷങ്ങള്‍ നടന്ന ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍ ഖുര്‍ആന്‍ കത്തിച്ചത് അങ്ങേയറ്റം അവഹേളനപരമാണെന്നത് വത്തിക്കാനെ പ്രതിനിധീകരിച്ച് മോണ്‍. ഡേവിഡ് പുറ്റ്സര്‍ വ്യക്തമാക്കി.

വിശ്വാസികളുടെ പവിത്രഗ്രന്ഥങ്ങളെ ബഹുമാനിക്കണമെന്നും സ്വാതന്ത്ര്യം മറ്റുള്ളവരെ നിന്ദിക്കാനുള്ള അനുമതിയായി കാണരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ച കാര്യം വത്തിക്കാന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.” നല്ലതുതന്നെ. എന്നാല്‍ കേരളത്തില്‍ വിശുദ്ധ ബൈബിള്‍ കത്തിച്ച സംഭവത്തില്‍ ഈ ധാര്‍മ്മികരോഷവും പ്രതിഷേധവും എന്തുകൊണ്ടുണ്ടായില്ല എന്ന ചോദ്യവും ഇത്തരുണത്തില്‍ പ്രസക്തമാണെന്ന് തോന്നുന്നു. ഇസ്ലാംമതത്തിന്‍റെ മാത്രമല്ല, എല്ലാ മതത്തിന്‍റെയും മതഗ്രന്ഥങ്ങള്‍ മാത്രമല്ല, മതചിഹ്നങ്ങള്‍ പോലും അനാദരവിനും അധിക്ഷേപങ്ങള്‍ക്കും ഇടനല്‍കാതെ സംരക്ഷിക്കപ്പെടാന്‍ പൊതുസമൂഹം മുന്‍കൈയെടുക്കേണ്ടതുണ്ട്. അതിനു പറ്റിയ ഒരു പൊതുബോധ സൃഷ്ടിക്കായി സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗിക്കുവാന്‍ സഭാനേതൃത്വവും സഭാതനയരും അമാന്തിച്ചുകൂടാ.

മാര്‍ത്തോമ്മാ കുരിശിനെ സംബന്ധിച്ച് സീറോ മലബാര്‍ വിമതര്‍ ഉയര്‍ത്തുന്ന മറ്റൊരു വാദമാണ് ചങ്ങനാശ്ശേരി അതിരൂപതയില്‍ ഇപ്പോള്‍ ക്രൂശിതരൂപം അപ്രത്യക്ഷമായിരിക്കുന്നു എന്നത്. സത്യത്തിന്‍റെ മേലുള്ള ആസൂത്രിതമായ ഗീബല്‍സിയന്‍ ആക്രമണമായി മാത്രമേ അതിനെ കാണാനാവൂ.

മാര്‍ത്തോമ്മാ നസ്രാണികള്‍ അവരുടെ പള്ളികളിലും വീടുകളിലും മാര്‍ത്തോമ്മാ കുരിശാണ് ഉദയംപേരൂര്‍ സൂനഹദോസിന്‍റെ നാളുകളില്‍വരെ ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരന്മാര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്ന കാര്യമാണ്. എന്നാല്‍, ലത്തീന്‍ സഭയുടെയും പാശ്ചാത്യ മിഷണറിമാരുടെയും അവരുടെ ദൈവശാസ്ത്രത്തിന്‍റെയും ഫലമായി സീറോ മലബാര്‍ പള്ളികളിലും കാലക്രമേണ തൂങ്ങപ്പെട്ട രൂപമുള്ള കുരിശ് സ്ഥാനം പിടിക്കുകയുണ്ടായി. അങ്ങനെ ചങ്ങനാശേരി കത്തീഡ്രല്‍ പള്ളിയില്‍ മദ്ബഹയില്‍ സ്ഥാപിതമായ, ഒരുപക്ഷേ കേരളത്തിലെ തന്നെ ഒരു മദ്ബഹയില്‍ കാണുന്ന, ഏറ്റവും വലിയ ക്രൂശിതരൂപം ഇന്നും അവിടെ നിലകൊള്ളുന്നുണ്ട്.

എന്നാല്‍ മദ്ബഹ, സ്വര്‍ഗ്ഗത്തെ അഥവാ സ്വര്‍ഗ്ഗീയ ഓര്‍സ്ലത്തെ സൂചിപ്പിക്കുന്നതിനാല്‍, പുതുതായി പണിയുന്ന പള്ളികളില്‍, അഥവാ പുതുതായി നവീകരിക്കുന്ന മദ്ബഹകളില്‍, അതിരൂപതാ പോളിസി പ്രകാരം, സഭാപാരമ്പര്യമനുസരിച്ചുള്ള മാര്‍ത്തോമാ ശ്ലീവായാണ് പ്രതിഷ്ഠിക്കുക. എന്നാല്‍, ക്രൂശിതരൂപത്തിനും ദേവാലയഘടനയില്‍ സ്ഥാനം നല്‍കിയിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ ഉത്ഥിതനായ ഈശോയെ ദര്‍ശിക്കുമ്പോള്‍, ഭൂമിയില്‍ നാം ക്രൂശിതനെ കാണുന്നു എന്നുള്ള ദൈവശാസ്ത്രവീക്ഷണമനുസരിച്ച് ദൈവാലയത്തിലെ ഇഹലോകത്തിന്‍റെ പ്രതീകമായ ഹൈക്കലായിലാണ് ക്രൂശിതരൂപം സ്ഥാപിക്കപ്പെടുന്നത് എന്നുമാത്രം.

ഉത്ഥിതനിലുള്ള വിശ്വാസം ക്രൂശിതനെ മറന്നല്ല എന്ന് സാരം. എന്നാല്‍, കര്‍ത്താവിന്‍റെ ഉത്ഥാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പൗരസ്ത്യ ദൈവശാസ്ത്രവീക്ഷണം കല്ലറയിലവസാനിക്കുന്ന പാശ്ചാത്യ കുരിശിന്‍റെ വഴിയിലെ ദൈവശാസ്ത്ര വീക്ഷണത്തില്‍നിന്ന് തുലോം വ്യത്യസ്തമാണെന്ന് പറയാതെ വയ്യ. “കര്‍ത്താവ് ഉയിര്‍ത്തില്ലായിരുന്നുവെങ്കില്‍ നമ്മുടെ വിശ്വാസം നിരര്‍ത്ഥകം” എന്ന പൗലോസ് അപ്പസ്തോലന്‍റെ വചനം ഇത്തരുണത്തില്‍ സ്മരണീയം തന്നെ.

2.2 ചങ്ങനാശ്ശേരി അതിരൂപത രണ്ടായിരാമാണ്ട് മുതല്‍ അര്‍പ്പിച്ചിരുന്ന വിശുദ്ധ കുര്‍ബാന നിയമവിരുദ്ധമോ?

എറണാകുളം വിമതരുടെ മറ്റൊരു കള്ളപ്രചരണമാണ്, ഇപ്പോള്‍ അവര്‍ ചൊല്ലുന്ന ജനാഭിമുഖ ബലിയര്‍പ്പണം നിയമവിരുദ്ധമാണെങ്കില്‍ (unlawful), ചങ്ങനാശ്ശേരി അതിരൂപതയില്‍ 1999 ലെ സിനഡിന്‍റെ തീരുമാനമായ 50:50 ഫോര്‍മുല ലംഘിച്ചുകൊണ്ട് തുടര്‍ന്നുവന്ന, അഥവാ പുനഃരാരംഭിച്ച അള്‍ത്താരാഭിമുഖമായ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നിയമവിരുദ്ധമായിരുന്നു എന്നത്. തുടര്‍ന്ന് അവരുടെ വാദഗതി, ചങ്ങനാശ്ശേരിക്കാര്‍ക്ക് ഇരുപത്തിരണ്ട് വര്‍ഷത്തോളംകാലം നിയമവിരുദ്ധമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാമെങ്കില്‍, തങ്ങള്‍ക്കും അതുതന്നെ ചെയ്യാം എന്നത്. തികച്ചും തെറ്റിദ്ധാരണാജനകവും അസത്യങ്ങളും അര്‍ത്ഥസത്യങ്ങളും നിറഞ്ഞതുമാണ് ഈ കുപ്രചരണം എന്ന് പറയാതെ വയ്യ.

ഒന്നാമതായി,

ചങ്ങനാശ്ശേരിയിലെ എല്ലാ പള്ളികളിലും സിനഡിന്‍റെ തീരുമാനത്തിന് ശേഷം, ആ തീരുമാനത്തെ അവഗണിച്ചുകൊണ്ട് പൂര്‍ണമായ അള്‍ത്താരാഭിമുഖ ബലിയര്‍പ്പണം തുടര്‍ന്നില്ല. ഈ ലേഖകന്‍റെ അറിവ് ശരിയാണെങ്കില്‍, സിനഡിന്‍റെ നിര്‍ദ്ദേശാനുസരണമുള്ള 50:50 ഫോര്‍മുല എല്ലാ ഇടവകകളും ആരംഭിക്കുകയുണ്ടായി.

കാലക്രമേണ, ചില ഇടവകകള്‍, പൂര്‍ണമായ അള്‍ത്താരാഭിമുഖ ബലിയര്‍പ്പണ രീതിയിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്. അതിന് പ്രധാനമായും നാല് കാരണങ്ങളാണ് ഉണ്ടായിരുന്നതെന്ന് കാണപ്പെടുന്നു: ഒന്നാമതായി, തങ്ങള്‍ക്ക് പ്രിയങ്കരമായിരുന്നതും എല്ലാ പൗരസ്ത്യസഭകളിലും പരമ്പരാഗതമായി കാണപ്പെടുന്നതും പൗരസ്ത്യ ദൈവശാസ്ത്രവീക്ഷണത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നതുമായ അള്‍ത്താരാഭിമുഖമായ (ad Orientem) ബലിയര്‍പ്പണ രീതിയില്‍നിന്ന് 50:50 രീതിയിലേക്ക് മാറാന്‍ അവര്‍ സമ്മതിച്ചത് ഒരു ഏകീകൃത ബലിയര്‍പ്പണരീതി സീറോ മലബാര്‍ സഭ മുഴുവനും നടന്നുകാണുവാനുള്ള അദമ്യമായ ആഗ്രഹം മൂലമായിരുന്നു. എന്നാല്‍, എറണാകുളം-അങ്കമാലി തുടങ്ങി ഭൂരിപക്ഷ രൂപതകളും സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത അര്‍പ്പണരീതി, നിയമവിരുദ്ധമായി വത്തിക്കാന്‍ പ്രഖ്യാപിച്ച ഡിസ്പെന്‍സേഷന്‍റെ പേരില്‍, ഉപേക്ഷിച്ചപ്പോള്‍ അവരും തങ്ങളുടെ പരമ്പരാഗത രീതിയിലേക്ക് തിരിച്ചുപോവുകയാണുണ്ടായത്.

രണ്ടാമതായി,

സിനഡിന്‍റെ തീരുമാനം നൈയാമികമായ രീതിയില്‍ നടപ്പില്‍ വരുത്തുന്നതില്‍ സിനഡിനുണ്ടായ പരാജയം തന്നെ.

പൗരസ്ത്യ കാനോനസംഹിതയിലെ മൂന്നാം കാനോനയനുസരിച്ച് ആരാധനക്രമസംബന്ധിയായ നിയമങ്ങള്‍ ആരാധനക്രമ പുസ്തകങ്ങളിലാണ് കാണുന്നത്. അവ അനുസരിക്കുവാന്‍ എല്ലാവരും കടപ്പെട്ടിരിക്കുന്നു. എന്നാല്‍ 1999 ലെ സിനഡിന്‍റെ തീരുമാനം നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി ആ നിയമങ്ങള്‍ ഉള്‍പ്പെടുത്തി ആരാധനക്രമഗ്രന്ഥങ്ങള്‍ മുദ്രണം ചെയ്യുവാന്‍ സിനഡോ, മേജര്‍ ആര്‍ച്ച് ബിഷപ്പോ തയ്യാറായില്ല. അതിനാല്‍, ചങ്ങനാശ്ശേരി അതിരൂപതയില്‍ പൂര്‍ണ്ണ അള്‍ത്താരാഭിമുഖ കുര്‍ബാനയര്‍പ്പണം നടത്തിയിരുന്നവര്‍, അന്ന് നിലവിലിരുന്ന, പിന്‍വലിക്കാത്ത, തക്സയിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തന്നെയാണ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പോന്നത്. അതിനാല്‍ തന്നെ, അത് നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കാനാവില്ല.

മൂന്നാമതായി,

1488-ാം കാനോനയനുസരിച്ച്, “നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് വിളംബരംവഴിയാണ്” (Laws are established by promulgation).

എന്നാല്‍, സിനഡിന്‍റെ 1999 നവംബര്‍ 14 മുതല്‍ 20 വരെയുള്ള രണ്ടാം സെഷനിലെ 50:50 ഫോര്‍മുല സംബന്ധിയായ തീരുമാനം പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തിനുശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് വര്‍ക്കി വിതയത്തില്‍, വിളംബരം ചെയ്ത് നടപ്പില്‍ വരുത്തുക എന്ന നൈയാമിക നടപടി കൈക്കൊള്ളുകയുണ്ടായതായി കാണപ്പെടുന്നില്ല.

നാലാമതായി,

വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം ഈ തീരുമാനത്തിന് nulla osta നല്‍കിയ 1999 ഡിസംബര്‍ 17-ാം തീയതിയിലെ കത്തില്‍ പറയുന്നത് ബേമ്മയുള്ള പരിഷ്കരിച്ച പള്ളികളില്‍, വചനശുശ്രൂഷ ജനാഭിമുഖമാക്കേണ്ടതില്ല എന്നാണ് (cf. Thomas Mannooramparampil, History of Syro-Malabar Qurbana (Cochin: Nazrani Foundation, 2022, page 653).

അതിനാല്‍ ചങ്ങനാശ്ശേരി അതിരൂപതയിലുള്‍പ്പെടെ, മുഴുവന്‍ അള്‍ത്താരഭിമുഖമായി വിശുദ്ധകുര്‍ബാനയര്‍പ്പണം തുടര്‍ന്നവര്‍ നിയമലംഘനം നടത്തിയതായി പറയുവാനാവില്ല.

എന്നാല്‍, ആ 50:50 തീരുമാനത്തിനുശേഷം പൂര്‍ണ്ണമായി ജനാഭിമുഖബലിയര്‍പ്പണം തുടര്‍ന്നവര്‍ ചെയ്തത് നിയമവിരുദ്ധമെന്നുതന്നെ പറയേണ്ടിവരും. കാരണം, അവര്‍ അംഗീകരിച്ച തക്സയിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് അങ്ങനെ ബലിയര്‍പ്പിച്ചിരുന്നത്. രണ്ടാമതായി, 1538-ാം കാനോനയനുസരിച്ചുള്ള ഡിസ്പെന്‍സേഷന്‍ കൊടുക്കുവാനുള്ള തക്കതായ കാരണമില്ലാതെ, നിയമവിരുദ്ധമായി കൊടുത്ത പൊതുഇളവ് ഉപയോഗിച്ചാണ് അവര്‍ അങ്ങനെ ബലിയര്‍പ്പിച്ചുപോന്നത്. എന്നാല്‍, അങ്ങനെയുള്ള നിയമവിരുദ്ധ ബലിയര്‍പ്പണങ്ങള്‍ അന്നും ഇന്നും ആ ബലിയര്‍പ്പണങ്ങളെ അസാധുവാക്കുന്നില്ല.

കാരണം, ഒരു ബലിയര്‍പ്പണം അസാധുവാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സഭയുടെ പരമാധികാരത്തിന്, അതായത് മാര്‍പാപ്പയ്ക്കും മെത്രാന്‍ സംഘത്തിനും (cf. CCEO cc. 669, 42-50) മാത്രമുള്ളതാണ്. അതിനാല്‍ത്തന്നെ, ഗോതമ്പപ്പവും മുന്തിരിവീഞ്ഞുമുപയോഗിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ കത്തോലിക്കാസഭയുടെ ബലിയര്‍പ്പണലക്ഷ്യംതന്നെ സ്വന്തം ലക്ഷ്യമായി കരുതിക്കൊണ്ട്, കത്തോലിക്കാ പൗരോഹിത്യം സ്വീകരിക്കുകയും പൗരോഹിത്യാന്തസ്സ് നഷ്ടപ്പെടാതിരിക്കുകയോ, വലിയ മഹറോന്‍ ശിക്ഷയ്ക്ക് വിധേയനാകാതെയിരിക്കുകയോ ചെയ്ത ഒരാള്‍, കൂദാശാവചനങ്ങള്‍ ഉച്ചരിച്ച് അര്‍പ്പിക്കുന്ന ഒരു കുര്‍ബാനയെ സാധുവായി മാത്രമേ പരിഗണിക്കാനാവൂ – മറ്റ് ഏതെങ്കിലുമൊക്കെ കുറവുകളോ നിയമലംഘനങ്ങളുമോ ഉണ്ടെങ്കില്‍പ്പോലും. അതുപോലെതന്നെ, ഉത്തമബോധ്യത്തോടെ, തങ്ങളുടെ ബലിയര്‍പ്പണം നിയമാനുസൃതമെന്ന് കരുതിക്കൊണ്ട് ജനാഭിമുഖ ബലിയര്‍പ്പണം നടത്തിയവര്‍ ചെയ്ത തെറ്റ് അജ്ഞതമൂലമായതിനാല്‍, ഗൗരവമായ തെറ്റായി കരുതേണ്ടതുമില്ല – അജ്ഞത നിയമാനുസരണത്തില്‍നിന്ന് ആര്‍ക്കും ഒഴിവ് നല്‍കുന്നില്ലെങ്കില്‍പ്പോലും (cf. CCEO c. 1497). കൂടാതെ, അക്കാലയളവില്‍ പരിശുദ്ധ സിംഹാസനത്തില്‍നിന്നുള്ള ഡിസ്പെന്‍സേഷന്‍ സംബന്ധിച്ചുള്ള വ്യക്തമായ തീരുമാനമോ പഠനമോ വന്നിരുന്നില്ല എന്നതും സീറോ-മലബാര്‍ കാനന്‍ നിയമവിദഗ്ദ്ധരില്‍ ഭൂരിഭാഗവും ഇങ്ങനെ ഡിസ്പെന്‍സേഷന്‍ കൊടുക്കാമെന്നുള്ള അഭിപ്രായക്കാരായിരുന്നതിനാലുണ്ടായ അബദ്ധധാരണയും (error of judgement) അവരുടെ തെറ്റിന്‍റെ കാഠിന്യം കുറയ്ക്കുന്നതാണ്.

2.3 ചങ്ങനാശ്ശേരി വൈദികരുടെ സിനഡ് വിരുദ്ധ നിലപാട് നിയമാനുസൃതമോ നിയമവിരുദ്ധമോ?

എറണാകുളം വിമതരുടെ മറ്റൊരു കുപ്രചരണമാണ് സിനഡിന്‍റെ തീരുമാനങ്ങള്‍ക്കെതിരെ ചങ്ങനാശ്ശേരി വൈദികര്‍ മാര്‍ കാട്ടുമനയുടെ കാലഘട്ടത്തില്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചുവെന്നത്. എന്നാല്‍, അതിനുപോല്‍ബലകമായി അവര്‍ക്കുള്ള തെളിവ് “മാതൃഭൂമി” പത്രത്തില്‍ വന്ന ഒരു വാര്‍ത്ത മാത്രവും. കത്തോലിക്കാസഭാസംബന്ധിയായ വാര്‍ത്തകള്‍ വക്രീകരിക്കാതെ പ്രസിദ്ധീകരിക്കുന്ന ഒരു ദിനപത്രമായി മാതൃഭൂമിയെ കരുതാനാവുമെന്ന് വിശ്വസിക്കുന്നവര്‍ അംഗുലീപരിമിതമായിരിക്കും എന്നാണ് ഈ ലേഖകന്‍റെ പക്ഷം. ഇവിടെ പ്രത്യേകം പ്രസ്താവ്യമായ മറ്റൊരു വസ്തുത, മാര്‍ കാട്ടുമനയുടെ കാലഘട്ടത്തില്‍ ലിറ്റര്‍ജി സംബന്ധിയായ കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അധികാരം സീറോ മലബാര്‍ സിനഡിന് മാര്‍പാപ്പ നല്‍കിയിരുന്നില്ല എന്നതാണ്. സിനഡിനില്ലാതിരുന്ന അധികാരം ഉപയോഗിക്കുവാനുള്ള ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അത് നിയമവിരുദ്ധമാണ്. ആ വിവരം പരിശുദ്ധ സിംഹാസനത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ചങ്ങനാശ്ശേരിയിലെ ചില വൈദികര്‍ അവരുടെ ഒരു സമ്മേളനത്തില്‍ തീരുമാനമെടുത്തുവെങ്കില്‍ അത് അനുസരണക്കേടല്ല എന്നതും വ്യക്തം. അത് സഭയുടെ പരമാധികാരത്തെ അനുസരിക്കുന്നതും നിയമവാഴ്ച (rule of law) യെ പ്രോത്സാഹിപ്പിക്കുന്നതും തന്നെ; നിശ്ചയം.

3. മീഡിയാകമ്മീഷനും സാമൂഹിക സമ്പര്‍ക്ക മാധ്യമ സ്ഥാപനങ്ങളും സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും കാനന്‍ നിയമങ്ങളുടെയും ചുവടുപിടിച്ച് ഇന്ന് സീറോ-മലബാര്‍ സഭയിലുള്‍പ്പെടെ പ്രവര്‍ത്തിച്ചുവരുന്ന ഒന്നാണ് മീഡിയാകമ്മീഷന്‍.

എന്നാല്‍ മീഡിയാകമ്മീഷന്‍റെ ദൗത്യം അഭിവന്ദ്യ പിതാക്കന്മാരുടെ പിറന്നാള്‍, സ്വര്‍ഗ്ഗീയമദ്ധ്യസ്ഥന്‍റെ തിരുനാള്‍ എന്നീ ദിവസങ്ങളില്‍ ആശംസകളര്‍പ്പിക്കുന്നതിലും ചില അനുശോചന സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല; പ്രത്യുത ഡോക്ട്രൈനല്‍ കമ്മീഷന്‍, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ തുടങ്ങിയവയുമായും കാനന്‍നിയമപണ്ഡിതരുമായും കൂടിയാലോചനകള്‍ നടത്തി, ആര്‍ജ്ജവത്തോടെ, സമയാസമയങ്ങളില്‍, ശരിയായ പൊതുബോധനിര്‍മ്മിതിക്കുതകുന്ന രീതിയില്‍, വേണ്ട വിശദീകരണങ്ങള്‍ കൊണ്ട് സഭാശത്രുക്കളുടെ ഗീബല്‍സിയന്‍ തന്ത്രങ്ങളെ ചെറുക്കുക കൂടിയായിരിക്കണം.

പൗരസ്ത്യ കാനോന സംഹിതയിലെ 652-ാം കാനോനയുടെ ഒന്നാം ഖണ്ഡിക ഇങ്ങനെ നിഷ്കര്‍ഷിച്ചിരിക്കുന്നു: “മാധ്യമങ്ങളെ നിരൂപണാത്മകമായും ഉപകാരപ്രദമായും ഉപയോഗിക്കുന്നതിന് ക്രൈസ്തവ വിശ്വാസികളെ പ്രബുദ്ധരാക്കുവാന്‍ സാമൂഹിക സമ്പര്‍ക്ക സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപതാ മെത്രാന്മാര്‍ ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കേണ്ടതും, വിദഗ്ദ്ധരുടെ രൂപവത്കരണം ഉറപ്പുവരുത്തേണ്ടതുമാണ്. നല്ല സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും നല്ല പുസ്തകങ്ങളെ അഭിനന്ദിക്കുകയും അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും ചെയ്യേണ്ടതാണ്. തിന്മയെ കുറ്റം വിധിക്കുകയും ശപിച്ചുതള്ളുകയും ചെയ്യുക എന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഈ നയം.

” “തിന്മയെ കുറ്റം വിധിക്കുകയും ശപിച്ചു തള്ളുന്നതിനും” പകരം ഭാവാത്മകവും ക്രിയാത്മകവുമായി സത്യവിശ്വാസം വിശ്വാസികളെ പഠിപ്പിക്കുവാനും സഭാശത്രുക്കളുടെ ദുഷ്പ്രചരണങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ വിശ്വാസ്യത കൈവരാത്ത രീതിയില്‍ മുഴുവന്‍ സത്യവും അനുവാചകര്‍ക്ക് ബോധ്യംവരുന്ന രീതിയില്‍ പ്രഘോഷിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള മീഡിയാകമ്മീഷന്‍ പോലുള്ള സഭാസംവിധാനങ്ങളുടെ കടമയെപ്പറ്റിയാണ് ഇവിടെ ഈ കാനോന സൂചിപ്പിക്കുന്നത്.

എറണാകുളം-അങ്കമാലി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍, വിമതര്‍ക്കുവേണ്ടി യാതൊരു ലജ്ജയുമില്ലാതെ അസത്യങ്ങളും അര്‍ത്ഥസത്യങ്ങളും ദിവസേന ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യൂട്യൂബ് ചാനലുകള്‍ നിരവധി; അതുപോലെതന്നെ, സഭയുടെ ഔദ്യോഗിക പക്ഷത്താണെന്ന് തോന്നിപ്പിക്കുമ്പോള്‍ പോലും സഭയുടെ നന്മയ്ക്കായാണോ എന്ന് സംശയിക്കുന്ന രീതിയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയിരിക്കുന്ന കുറെ ചാനലുകള്‍ മറുവശത്ത്.

ഇങ്ങനെ കലങ്ങിമറിഞ്ഞു കിടക്കുന്ന അന്തരീക്ഷത്തില്‍ സഭയുടെ സ്വരം സഭാതനയരെ അറിയിക്കുവാന്‍ ഒരു യൂട്യൂബ് ചാനല്‍ പോലുമില്ലല്ലോ എന്ന് വിലപിക്കുക മാത്രമേ ഇന്ന് കരണീയം. ഷെക്കീന ചാനലിന്‍റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകൊണ്ടല്ല ഇത് എഴുതുന്നത്.

4. നടപടിയെടുക്കുവാനുള്ള അവകാശവും കടമയും (cf. CCEO c. 652, §2)

പൗരസ്ത്യ കാനോനസംഹിതയിലെ 652-ാം കാനോനയുടെ രണ്ടാം ഖണ്ഡിക ഇങ്ങനെ വ്യക്തമാക്കുന്നു: “വിശ്വാസസത്യങ്ങളുടെയും ധാര്‍മ്മികമൂല്യങ്ങളുടെയും അന്തഃസത്തയെ കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി, ഇതിന് അപകടം വരുത്തുന്ന സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ക്രൈസ്തവ വിശ്വാസികള്‍ ഉപയോഗിക്കുന്നതോ മറ്റുള്ളവര്‍ക്ക് കൈമാറുന്നതോ നിരോധിക്കുവാന്‍ രൂപതാമെത്രാനും പാത്രിയാര്‍ക്കല്‍ സഭയിലെ മെത്രാന്‍മാരുടെ സിനഡിനും മേലദ്ധ്യക്ഷന്മാരുടെ സമിതിക്കും ശ്ലൈഹികസിംഹാസനത്തിനും അധികാരമുണ്ട്.

” മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, കത്തോലിക്കാസഭയെ നശിപ്പിക്കുവാന്‍ മറ്റുള്ളവരില്‍നിന്നും അച്ചാരവുംവാങ്ങി ഇറങ്ങിത്തിരിച്ചിരിക്കുന്ന വരുടെ കുപ്രചരണങ്ങളെ നിസ്സഹായതയോടെ കൈയുംകെട്ടി നോക്കി നില്‍ക്കുകയല്ല സഭാനേതൃത്വം ചെയ്യേണ്ടത്. നിയമത്തിന്‍റെ സര്‍വശക്തിയും സംഭരിച്ച് അവരെ നിലയ്ക്ക് നിര്‍ത്തുവാനും നേര്‍വഴിക്ക് കൊണ്ടുവരുവാനും അതിന് തയ്യാറാവാത്തവരെ 1406-ാം കാനോനയില്‍ പ്രതിപാദിച്ചിട്ടുള്ള ശിക്ഷ ചുമത്തുമെന്നുള്ള ഭീഷണി (penal precept) അടങ്ങിയ വ്യക്തിഗതമായ പ്രമാണം നല്‍കി ശിക്ഷാ നടപടികളിലേക്ക് കടക്കുവാനുള്ള സഭാനേതൃത്വത്തിന്‍റെ ഉത്തരവാദിത്വത്തില്‍നിന്നും അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല എന്നാണ് ഈ കാനോന സൂചിപ്പിക്കുന്നത്.

സ്തുത്യര്‍ഹമായതേത്, അംഗീകാരം ഉള്ളതേത്, വര്‍ജ്ജ്യമായത് ഏത്? എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുവാന്‍ താമസംവിനാ നമ്മുടെ മീഡിയാകമ്മീഷന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഉപസംഹാരം

സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ഉപയോഗത്തെപ്പറ്റിയുള്ള പൗരസ്ത്യ കാനോനസംഹിതയിലെ പതിനാറ് കാനോനകളില്‍ രണ്ടെണ്ണം മാത്രം ഉദ്ധരിച്ചുകൊണ്ടെഴുതിയതാണീ ലേഖനം.

വിസ്താരഭയംമൂലം മറ്റു കാനോനകളുടെ വിശകലനം വേറൊരു അവസരത്തിലാകാമെന്ന് ചിന്തിക്കുന്നു.

ഈ ലേഖനം അനുവാചകരില്‍ ഈ വിഷയത്തില്‍ അല്പം കൂടി താല്പര്യമുളവാക്കിയാല്‍ ഈ ലേഖകന്‍ കൃതാര്‍ത്ഥനായി. ഇത്തരുണത്തില്‍ വി. പൗലോസ് ശ്ലീഹാ തിമോത്തിക്കെഴുതിയതാണ് നാം ഓര്‍ക്കേണ്ടത്:

“ആരെങ്കിലും ഇതില്‍നിന്ന് വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്ക് ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്താല്‍, അവന്‍ അഹങ്കാരിയും അജ്ഞനുമാണ്. എല്ലാറ്റിനെയും ചോദ്യം ചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വാസനയ്ക്ക് വിധേയനാണവന്‍. ഇതില്‍നിന്ന് അസൂയയും വഴക്കും അപവാദവും ദുസ്സംശയങ്ങളും ഉണ്ടാകുന്നു. ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗമാണെന്നും കരുതുന്നവരുമായ മനുഷ്യര്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്‍റെ ഫലമത്രേ” (1 തിമോ 6:3-5). എറണാകുളം- അങ്കമാലി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൗലോസിന്‍റെ ഈ മുന്നറിയിപ്പ് കൂടുതല്‍ പ്രസക്തമായി ക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ ലേഖകന്‍റെ മതം.

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അധ്യായത്തില്‍ കര്‍ത്താവ് ഇങ്ങനെ ഓര്‍മിപ്പിക്കുന്നു: “നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടേയും സ്നേഹം തണുത്തുപോകും.

എന്നാല്‍ അവസാനംവരെ സഹിച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും” (മത്താ 24:11-12). അപ്പോള്‍ നാം ഓര്‍ക്കേണ്ടത് പൗലോസ് ശ്ലീഹാ റോമ്മാക്കാരെ ഓര്‍മ്മിപ്പിച്ച കാര്യമാണ്: “സഹോദരരെ, നിങ്ങള്‍ പഠിച്ച തത്വങ്ങള്‍ക്ക് വിരുദ്ധമായി പിളര്‍പ്പുകളും ദുര്‍മാതൃകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചുകൊള്ളണമെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.

അവരെ നിരാകരിക്കുവിന്‍. അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെതന്നെ ഉദരങ്ങളെയാണ് ശുശ്രൂഷിക്കുന്നത്. ആകര്‍ഷകമായ മുഖസ്തുതി പറഞ്ഞ് അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു” (റോമാ 16:17-18). സഭാധികാരികളോട്, മാര്‍പാപ്പയോട്, മേജര്‍ ആര്‍ച്ച് ബിഷപ്പിനോട്, മെത്രാന്‍സിനഡിനോട് മറുതലിക്കുന്നവരെ നിരാകരിക്കണം എന്നുതന്നെയാണ് വി. പൗലോസ് ഇവിടെ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നത്.

ഉദരപൂരണത്തിനായി എറണാകുളത്ത് കുളംകലക്കുവാന്‍ താമരശ്ശേരിയില്‍ നിന്നെത്തിയവരും അതേ നാട്ടിലുള്ളവരും തനി നാടനും സുതാര്യ സമിതിയുമെല്ലാം ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങള്‍ മാത്രമായി മാറുകയും അവരുടെയെല്ലാം പൊതുഅജണ്ഡ, കത്തോലിക്കാസഭയ്ക്കും വിശ്വാസത്തിനുമെതിരായ ഒരു പൊതുബോധനിര്‍മ്മിതിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലയളവില്‍, റോക്കോസ് ശീശ്മയുടെ കാലഘട്ടത്തില്‍ ശീശ്മയില്‍പ്പെട്ട ദേവാലയങ്ങളെ സത്യവിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഇടവകകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെപ്പോലെ, ദിവാന്‍ സര്‍ സിപിയുടെ പ്രൈവറ്റ് പ്രൈമറി സ്കൂള്‍ ദേശസാത്കരണശ്രമത്തി നെതിരെ തന്‍റെ 1945 ഓഗസ്റ്റ് 15-ാം തീയതിയിലെ ഇടയലേഖനത്തിലൂടെ ഗര്‍ജ്ജിച്ച അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവിനെപ്പോലെ, നാസി (Nazi) കളുടെ ക്രൂരതയ്ക്കെതിരെ 1937 മാര്‍ച്ച് 10-ാം തീയതി “Mit Brennender Sorge’ എന്ന പേരില്‍ ചാക്രീകലേഖനമെഴുതിയ പതിനൊന്നാം പീയൂസ് മാര്‍പാപ്പയെപ്പോലെ, വ്യാജപ്രവാചകന്മാര്‍ക്കും അനീതിക്കും അക്രമങ്ങള്‍ക്കുമെതിരായി സര്‍വശക്തിയും സംഭരിച്ചുകൊണ്ട് ശബ്ദമുയര്‍ത്തുവാന്‍, എല്ലാവിധ ആധുനിക സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളും ഉപയോഗിച്ച് പടപൊരുതുവാന്‍, സത്യവിശ്വാസം സംരക്ഷിക്കുവാന്‍, സഭയുടെ പഠനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍, സഭയുടെ തനിമയും വ്യതിരിക്തതയും സംരക്ഷിക്കുവാന്‍, മണിപ്പൂരിലെയും ഛത്തീസ്ഗഡ് തുടങ്ങിയ മറ്റു സ്ഥലങ്ങളിലെയും ക്രൈസ്തവ മതമര്‍ദ്ദനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍, കേരളത്തില്‍തന്നെ ഇപ്പോള്‍ പലപ്പോഴും കാണപ്പെടുന്ന ക്രൈസ്തവവിശ്വാസികള്‍ക്കെതിരായ വിവേചനങ്ങള്‍ക്കെതിരായി പൊതുബോധം ഉയര്‍ത്തുവാന്‍; ഇങ്ങനെയുള്ള ദൗത്യങ്ങള്‍ ആര്‍ജവത്തോടെ നിര്‍വഹിക്കുവാന്‍ സഭാനേതൃത്വത്തിനും സഭാതനയര്‍ക്കും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്നത് നമുക്ക് മറക്കാതിരിക്കാം.

ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ.

Mathew Chempukandathil

നിങ്ങൾ വിട്ടുപോയത്