🙏 പ്രാർത്ഥന..🙏


എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു..(യോഹന്നാൻ :1/9)

കരുണാമയനായ ദൈവമേ..
സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്വാർത്തയെ സ്വീകരിക്കുന്നതിനു വേണ്ടി ഞങ്ങളുടെ ഹൃദയങ്ങളെയും ഒരുക്കമുള്ളതാക്കാൻ പ്രാർത്ഥനയുടെയും അനുതാപത്തിന്റെയും മിഴിനീരിൽ വിരിഞ്ഞ വെണ്മലർ പുഷ്പങ്ങളെ കാണിക്കയാക്കി സമർപ്പിച്ചു കൊണ്ട് ഞങ്ങൾ അവിടുത്തെ സന്നിധിയിൽ അണയുന്നു.

പലപ്പോഴും ജീവിതയാത്രയിലെ ചില വഴികളിൽ മനഃപൂർവം ഇരുളിനെ കൂട്ടുപിടിച്ചു മുന്നോട്ടു നീങ്ങുന്നവരായി ഞങ്ങൾ മാറിയിട്ടുണ്ട്.

ലൗകീകലഹരിയുടെ സുഖങ്ങളിൽ മുഴുകി സ്വന്തം കുടുംബത്തിന്റെ നിസ്സഹായതയെ പോലും മറന്നു ജീവിക്കുന്ന എന്നിലെ പാപത്തിന്റെ സുഖമിടങ്ങളെ..

ചുറ്റുമുള്ളവരുടെ വേദനകളെ മനഃപൂർവം കണ്ടില്ലെന്നു നടിക്കുന്ന എന്നിലെ ഇരുൾ മൂടിയ കാഴ്ചകളെ..

തെറ്റാണെന്നറിഞ്ഞിട്ടും വിട്ടുകളയാൻ മടിക്കുന്ന ചില ഇഷ്ടങ്ങളെ..

നഷ്ടപ്പെടുത്തിക്കളയാൻ തയ്യാറാകാത്ത ചില പാപശീലങ്ങൾ നൽകുന്ന സുഖങ്ങളെ..

അങ്ങനെ മറ്റുള്ളവരുടെ കണ്ണിലെ പ്രകാശത്തിൽ നിന്നും മറഞ്ഞിരുന്ന് ഞാൻ സ്വയം ആനന്ദിക്കുന്ന എന്നിലെ ഇരുളിന്റെ നശ്വരമായ വിജയത്തിളക്കം.


അന്ധകാരത്തിൽ വസിച്ചിരുന്നവരുടെ മേൽ ഉദിച്ചുയരുന്ന പ്രകാശമായി അങ്ങ് കടന്നു വരുമ്പോൾ സ്വീകരിക്കാനും,സ്വീകരിക്കപ്പെടാനുമുള്ള തടസമായി എന്നിൽ നിലനിൽക്കുന്ന എന്നിലെ പാപാന്ധകാരത്തെ ദൂരെയകറ്റണമേ നാഥാ..

ആദിയിൽ വചനമായി തീർന്നതും,ദൈവത്തോടു കൂടെ ആയിരുന്നവനും,ദൈവമായി തീർന്നവനുമായ അങ്ങയുടെ വെളിച്ചത്തിലേക്ക് ഞങ്ങളെയും ചേർത്തു നിർത്താനും ഞങ്ങളിലെ ഇരുളിനെ കീഴടക്കാനും അങ്ങയുടെ സത്യവെളിച്ചത്തിനു മാത്രമേ കഴിയൂ.

എന്നിലെ എല്ലാ പാപശീലങ്ങളുടെയും പൂർണമായ അസ്തമനത്തിലൂടെ നന്മപ്രകാശമായ അങ്ങ് എന്നിൽ ഉദിച്ചുയരുമ്പോൾ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചമായ അങ്ങയെ പൂർണമായി സ്വീകരിക്കാൻ എനിക്കും കഴിയുകയും അപ്പോൾ എന്റെയുള്ളിലെ നന്മയുടെ തെളിച്ചത്താൽ മറ്റുള്ളവരുടെ മുന്നിൽ വെളിച്ചത്തിനു സാക്ഷ്യം വഹിക്കുന്നവരായി ഞങ്ങളും രൂപാന്തരപ്പെടുകയും ചെയ്യും..

🙏വിശുദ്ധ മിഖായേൽ..അന്ധകാരശക്തികളോടുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കേണമേ..ആമേൻ 🙏

നിങ്ങൾ വിട്ടുപോയത്