വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. |മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം

നാർക്കോട്ടിക് കേസുകളും അറസ്റ്റും:മെക്സിക്കോ നൽകുന്ന മുന്നറിയിപ്പ്

‘നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു

2021 സെപ്റ്റംബർ എട്ടു മുതൽ കേരളത്തിൽ മാരക ലഹരിയുത്പന്നങ്ങളായ കഞ്ചാവ്, MDMA, ഹാഷിഷ് ഓയിൽ എന്നിവയുമായി ലഹരിക്കടത്തുകാർ പിടിക്കപ്പെടുന്ന ഓരോ വാർത്ത വായിക്കുമ്പോഴും മലയാളികളെല്ലാം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് എന്ന ദീർഘദർശിയെ ഓർത്തു കാണും. കേരളത്തിലെ അനിയന്ത്രിതമായ ലഹരി വ്യാപനത്തെ “നാർക്കോടിക് ജിഹാദ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കാലഘട്ടത്തിൻ്റെ പ്രവാചകന്മാരിൽ നിന്ന് ഉയരുന്ന വാക്കുകൾ മനുഷ്യസമൂഹത്തേ എത്രമേൽ ശക്തമായി സ്വാധീനിക്കാൻ കഴിയും എന്നതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ് മാർ കല്ലറങ്ങാട്ടിൽ നിന്ന് കേരള സമൂഹം കേട്ടുണർന്ന “നാർക്കോട്ടിക് ജിഹാദ്” എന്ന പ്രവാചകശ്ശബ്ദം.

അറബി ഭാഷയില്‍ ‘ജിഹാദ്’ എന്ന വാക്കിന്‍റെ അര്‍ത്ഥം ”ലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്രപരിശ്രമം” എന്നാണ്. ലഹരി മാഫിയ എല്ലാവിധ പരിശ്രമങ്ങളും നടത്തി കേരളത്തിൽ മയക്കുമരുന്ന് ഉത്പന്നങ്ങൾ വ്യാപിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കേരളത്തേ ഗ്രസിച്ചിരിക്കുന്ന ഈ പൈശാചികതയെ “ജിഹാദ്” എന്ന അറബി വാക്ക് ഉപയോഗിച്ചു അദ്ദേഹം വിശേഷിപിച്ചത് ഏറെ വിവാദമായി. ഈ “വിവാദ പരാമർശം” കേരള സമൂഹത്തിൽ മുഴുവൻ നാളുകളോളം നിലയ്ക്കാത്ത ചർച്ചയായി മാറി. തൻ്റെ രൂപതയിലെ വിശ്വാസ സമൂഹത്തെ ലഹരിക്കെതിരേ ബോധവത്കരിക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യമെങ്കിലും ലഹരി വ്യാപനത്തിൻ്റെ ഭീകരത തിരിച്ചറിയാത ഉറങ്ങിക്കിടന്ന കേരള സമൂഹത്തേ മുഴുവൻ കുലുക്കി ഉണർത്താൻ ” നാർക്കോട്ടിക് ജിഹാദ്” എന്ന വാക്കിനു കഴിഞ്ഞു.

മാർ കല്ലറങ്ങാട്ടിൻ്റെ പരാമർശത്തിനെതിരേ കേരളത്തിലെ രാഷ്ട്രീയക്കാർ ഉറഞ്ഞു തുള്ളി. പാലാ ബിഷപ്പ് മാപ്പു പറയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിൽ അടയ്ക്കണമെന്ന് മറ്റൊരുവിഭാഗം ആക്രോശിച്ചു.

”നാർക്കോട്ടിക് ജിഹാദ്” പരാമർശത്തിൻ്റെ ഒന്നാം വാർഷികമായ സെപ്റ്റംബർ എട്ടിലേക്ക് കേരളം എത്തുമ്പോൾ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പരാമർശം മഹത്തായ ഒരു പ്രവചനം ആയിരുന്നു എന്ന് കേരളം തിരിച്ചറിയുന്നു. എന്നാൽ ഒരു കൊല്ലമായി രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയയും ചേർന്ന് സർവ്വ സന്നാഹങ്ങളോടും കൂടെ ആക്രമിച്ചിട്ടും , തൻ്റെ പ്രസ്താവനയിൽ ഇന്നും താൻ ഉറച്ചു നിൽക്കുന്നു എന്ന് ഏതാനും ദിവസം മുമ്പ് മാർ കല്ലറങ്ങാട്ടിൽ പരസ്യമായി തൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും ദിവസം മുമ്പ് നിയമസഭയിൽ വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നത്കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തേ ഭയാനകമായ നിലയിൽ അടിമപ്പെടുത്തിയിരിക്കുന്നു എന്നാണ്. മാർ കല്ലറങ്ങാട്ടിനെതിരേ വർഗ്ഗീയവികാരം ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ലഹരിയുടെ ഭീകരത വിവരിക്കുമ്പോൾ കണ്ഠമിടറുന്നു. ഒരു കൊല്ലം മുമ്പ് ഈ പ്രസ്താവനയ്ക്കെതിരേ പടയൊരുക്കം നടത്തി അദ്ദേഹത്തേ മൂക്കിൽ വലിക്കാൻ ഇറങ്ങിയവരെല്ലാം ഇന്ന് കേരളം എത്തി നിൽക്കുന്ന ഭയാനക യാഥാർത്ഥ്യത്തിനു മുന്നിൽ നിശ്ശബ്ദരുമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെളിപ്പെടുത്തിയത് ഔദ്യോഗിക കണക്കുകൾ പ്രകാരം 2022-ൽ, ഓഗസ്റ്റ് 29 വരെ, വെറും എട്ടു മാസത്തിനുള്ളിൽ 16,128 നാർക്കോട്ടിക് കേസുകളിലായി 17,834 പേർ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. 1,340 കിലോ കഞ്ചാവും 6.7 കിലോ MDMAയും 23.4 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. അതായത് ലഹരി ഇടപാടുകളിൽ കേരളത്തിൽ ദിവസേന 67.2 കേസുകൾ രജിസ്റ്റർ ചെയ്യുന്നു, അതോടൊപ്പം ശരാശരി 74.3 പേർ ദിവസേന അറസ്റ്റിലാവുകയും ചെയ്യുന്നു എന്നതാണ് സ്ഥിതി. ഈ അറസ്റ്റുകളുടെയും കേസുകളുടെയും ശരാശരി വാർഷിക അനുപാതം കണക്കാക്കിയാൽ 24,528 കേസുകളും 26,751 പേർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു എന്ന് മനസ്സിലാക്കാം.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഗൗരവം മനസ്സിലാക്കാൻ ആഗോള ലഹരി മാഫിയയുടെ തലസ്ഥാനമായ മെക്സിക്കോയിൽ, ഐക്യരാഷ്ട്രസഭയുടെ സർവ്വെയെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന Mexico Crime Report (2020) വായിക്കണം. ഇതിൽ പറയുന്നത് 2005-ൽ ഒരു ലക്ഷം പേർക്ക് 37.31 പേർ നാർക്കോട്ടിക് കേസുകളിൽ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നാണ്. (അവലംബം: വിക്കിപ്പീഡിയ)

മുഖ്യമന്ത്രി നൽകിയ എട്ടു മാസത്തെ കണക്കുകൾ പ്രകാരം കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ വാർഷിക ശരാശരി 26,751 പേർ ആണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ കേരളത്തിലെ 1,00,000 പേരിൽ 76.4 പേർ നാർക്കോട്ടിക് കുറ്റകൃത്യത്തിൽ പ്രതികളാകുന്നു എന്നാണ്‌ അർത്ഥമാക്കുന്നത്. 2020ൽ ഒരു ലക്ഷം പേരിൽ 16:21 പേരും 2021-ൽ 19.15 പേരും മാത്രമായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടത്.

2005 ൽ മെക്സിക്കോയിൽ 11.5 കോടി ജനസംഖ്യ ഉണ്ടായിരുന്ന കാലത്താണ് ഒരു ലക്ഷം പേരിൽ 37.31 പേർ ഈ കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ടിരുന്നത് എന്നാൽ മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഒരു ലക്ഷം പേരിൽ 76.4 പേർ പ്രതികളാകുന്നു. ഇത് ഭയാനകമായ കാര്യമാണ്. 2021-ൽ ഒരു ലക്ഷം പേരിൽ 19.15 പേർ മാത്രം അറസ്റ്റ് ചെയ്യപ്പെട്ട സ്ഥാനത്ത് 2022 ഓടെ 76.4 പേർ എന്ന നിലയിലേയ്ക്ക് അറസ്റ്റുകൾ ഉയർന്നു അതായത് 2021 -നേക്കാൾ നാലിരട്ടി അറസ്റ്റുകൾ 2022-ൽ നടന്നു. അപ്പോൾ 2021 വരെ നാർക്കോട്ടിക് ഇടപാടുകളിൽ സർക്കാർ മെഷിനറികൾ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല എന്ന് വ്യക്തമാകുന്നു.ഇവിടെയാണ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ ”നാർക്കോട്ടിക് ജിഹാദ്” പരാമർശം കേരള സർക്കാരിലും പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻ്റിലും ഉണ്ടാക്കിയ ഗുണകരമായ സ്വാധീനം വ്യക്തമാക്കുന്നത്.

2021 വരെ സർക്കാർ മൗനം നടിച്ചതിൻ്റെ ഫലമായി കേരള സമൂഹത്തിൽ നടമാടിയിരുന്ന ഇത്രമേൽ ഗുരുതരമായ പൈശാചികതയെയാണ് പാലാ ബിഷപ് മാർ കല്ലറങ്ങാട്ട് ചൂണ്ടിക്കാണിച്ചത്. 2021-ലെ അറസ്റ്റുകളുടെ നാലിരട്ടി അറസ്റ്റുകൾ 2022-ൽ നടന്നതു തന്നെ മാർ കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന കേരള സമൂഹത്തിൽ ഉണ്ടാക്കിയ ശക്തമായ തിരിച്ചറിവിൻ്റെ തെളിവാണ് എന്നതിൽ ആർക്കും സംശയം കാണില്ല. സർക്കാരിനേയും പോലീസിനേയും എക്സൈസ് ഡിപ്പാർട്ട്മെൻ്റിനേയും ഉണർത്താൻ പര്യാപ്തമായിരുന്നു ആ പ്രസംഗം.

നാർക്കോട്ടിക് ഇടപാടുകളുടെ കാരണം അന്വേഷിക്കുമ്പോൾ ആദ്യമായി കണ്ടെത്തുന്ന രണ്ട് കാരണങ്ങൾ ദാരിദ്ര്യവും തൊഴിലില്ലായ്മയാണ്. കടുത്ത ദാരിദ്ര്യമായിരുന്നു മെക്സിക്കൻ നാർക്കോട്ടിക് ഡ്രഗ്സ് ട്രേഡിന് കാരണമായത്. എന്നാൽ ഇന്ന് ദാരിദ്ര്യം മാറിയെങ്കിലും പതിറ്റാണ്ടുകൾ നീണ്ട ലഹരിയിടപാടുകളിലൂടെ രാജ്യത്ത് ഒരു ഭ്രാന്തൻ സംസ്കാരം രൂപപ്പെട്ടു. ഇതിനോടനുബന്ധിച്ച് ആയുധക്കടത്തും ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങളും നിഷ്ടൂരമായ കൊലപാതകങ്ങളും രാജ്യത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചു. ഇന്നും ഈ ഭ്രാന്ത്യൻ സംസ്കാരത്തിൽ നിന്നു പുറത്തു കടക്കാനാവാത്ത വിധം മെക്സിക്കോ കിതയ്ക്കുകയാണ്.

കേരളത്തിലെ ഗുരുതരമായ തൊഴിലില്ലായ്മ ലഹരി കടത്തിനെ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കുന്ന ഘടകമാണ്. തൊഴിൽ സ്ഥാപനങ്ങൾ പൂട്ടാൻ കഴിയുന്നത് മഹത്തായ കാര്യമായി കരുതുന്ന ട്രേഡ് യൂണിയനുകളും ഇവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന രാഷ്ട്രിയ പാർട്ടികളുമെല്ലാം കേരളത്തിൽ ലഹരി ഇടപാടുകളിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന് കാരണക്കാരാണ്. ലഹരി ഇടപാടുകളെ നിയന്ത്രിക്കാൻ തൊഴിലില്ലായ്മയ്ക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ലഹരി ഉത്പന്നങ്ങൾക്ക് വേണ്ട മാർക്കറ്റ് കണ്ടെത്തേണ്ടതും ഇട്ടുകാരുടെ ചുമതലയാണ്. സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഉയർന്ന വിദ്യാസമുള്ളവരിൽ വരെ ഉപഭോക്താക്കളേ സൃഷ്ടിക്കുന്നതിൽ ഇന്ന് കേരളത്തിലെ ലഹരിക്കടത്തുകാർ വിജയിച്ചിരിക്കുന്നു. “യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമാകുന്നു. കേരളം ലഹരിമരുന്നുകളുടെ മികച്ച മാര്‍ക്കറ്റായി മാറുന്നു…”എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ പറയുന്നു.

ഇന്ന് ലഹരിക്ക് അടിമകളായിരിക്കുന്നവരേ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനേക്കുറിച്ചും അവരുടെ പുനഃരധിവാസത്തേക്കുറിച്ചും മുഖ്യമന്ത്രി നിശ്ശബ്ദനാണ്. ”തന്റെ മടിയിൽ വളർന്ന സുഹൃത്തിൻ്റെ കുട്ടിയെ “ഇപ്പോൾ ലഹരിവിമോചന കേന്ദ്രത്തിൽ രണ്ടാംതവണ പ്രവേശിപ്പിച്ചിരിക്കുന്നുവെന്ന്” കൺഠമിടറായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞത്. കഴിഞ്ഞ നാളുകളിലെ സർക്കാരിൻ്റെ അലംഭാവം ഇതുപോലെ അനേകായിരങ്ങളേയാണ് നശിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ ഉത്തരവാദിത്വവും സർക്കാർ ഏറ്റെടുക്കണം.

കേരളത്തിലെ ലഹരി ഉപയോഗത്തിലെ വര്‍ധനവ് ഒരു യാഥാര്‍ഥ്യമാണെന്നു സർക്കാരിനേയും സമൂഹത്തേയും ബോധ്യപ്പെടുത്താൻ മാർ കല്ലറങ്ങാട്ടിനു കഴിഞ്ഞു. കേരളത്തിൻ്റെ സമഗ്രപുരോഗതി മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകളുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് വിദ്യാഭ്യാസ, ആരോഗ്യരംഗത്തുള്ള സംസ്ഥാനത്തിൻ്റെ മുന്നേറ്റം. എന്നാൽ ഹൈസ്കൂൾ മുതൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ ലഹരിയിടപാടിൻ്റെ കേന്ദ്രങ്ങളാകുമ്പോൾ, ലഹരിക്ക് അടിമകളായി സുബോധം നഷ്ടപ്പെട്ട് യുവ സമൂഹം ഭ്രാന്തന്മാരായി മാറുമ്പോൾ ക്രൈസ്തവ സഭയ്ക്ക് നിശ്ശബ്ദമായിരിക്കാൻ കഴിയില്ല.

വോട്ടു ബാങ്ക് രാഷ്ട്രിയം കളിക്കുന്ന രാഷ്ട്രീയ പാർട്ടികളേക്കാളും പണത്തിനു മുന്നിൽ ദൗത്യം മറന്നു പോകുന്ന മാധ്യമങ്ങളേക്കാളും സഭയ്ക്ക് കേരള സമൂഹത്തോട് ഉത്തരവാദിത്വമുണ്ട്.

ഈ ചുമതലയിൽ നിന്ന് ഒരു കാരണവശാലും സഭ പിന്നോട്ടു പോകില്ല എന്നതിൻ്റെ ധീരമായ പ്രഖ്യാപനമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ 2021 സെപ്റ്റംബർ എട്ടിലെ കുറവിലങ്ങാട് പ്രസംഗം.

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്