കത്തോലിക്കാ സഭയ്ക്ക് ഗർഭച്ഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗ്ഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണ്ണമാംവിധം ധാർമ്മിക നിയമത്തിനെതിരാണ്

ഗർഭച്ഛിദ്രം അവകാശമോ അപരാധമോ?

തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാനുള്ള അനുവാദം തേടി ഒരു യുവതി സുപ്രീംകോടതിയിൽ എത്തിയതും തുടർന്ന് അന്താരാഷ്ട്ര സുരക്ഷിത ഗർഭഛിദ്രദിനമായ സെപ്റ്റംബർ 29 ന് ഉണ്ടായ വിധിയും ഈ ദിവസങ്ങളിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. അവിവാഹിതയായ ആ ഇരുപത്തഞ്ചുകാരി ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽനിന്ന് ഗർഭിണിയാവുകയും എന്നാൽ, പങ്കാളി വിവാഹം കഴിക്കാൻ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് 23 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഇവർ അനുമതി തേടിയത്. അവിവാഹിതയാണ് എന്ന കാരണത്താൽ ഈ ആവശ്യം ഡൽഹി ഹൈക്കോടതി നിരസിക്കുകയായിരുന്നു. തുടർന്ന് ഇവർ സുപ്രീം കോടതിയെ സമീപിച്ചു. അവിവാഹിതരായവർക്കും വിവാഹിതരായവരെ പോലെ 24 ആഴ്ച വരെ പ്രായമായ ഗർഭം അലസിപ്പിക്കാൻ അവകാശമുണ്ട് എന്ന നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്. വിവാഹിതർക്കുള്ളതുപോലെ പ്രത്യുത്പാദനപരമായ അധികാരം അവിവാഹിതർക്കുമുണ്ട്. അതുകൊണ്ട് തന്നെ, ഗർഭച്ഛിദ്രത്തിന് വിവാഹിത – അവിവാഹിത വേർതിരിവ് ഭരണഘടനയുടെ 14-ആം വകുപ്പ് പ്രകാരം തുല്യതക്കുള്ള അവകാശത്തിന്റെ നിഷേധമാണെന്നും കോടതി ചൂണ്ടികാട്ടി. ഗർഭച്ഛിദ്രം തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്ക് മാത്രമാണെന്നും വിധിയിൽ പറയുന്നു.

നിയമം പറയുന്നത്

1971 മുതൽ ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാണ്. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നന്സി നിയമപ്രകാരം, ഗർഭഛിദ്രം അനുവദനീയമായത് മൂന്ന് കാരണങ്ങൾ ഉള്ളപ്പോഴാണ്. (1) ഗർഭിണിയായ സ്ത്രീയ്ക്കോ, ഉദരത്തിലുള്ള കുഞ്ഞിനോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുന്ന പക്ഷം, ഒരു ആരോഗ്യ വിദഗ്ധന് 12 ആഴ്ചകൾക്കുള്ളിൽ അബോർഷൻ നിർദ്ദേശിക്കാം. 12 മുതൽ 20 ആഴ്ചകൾ വരെയുള്ള ഗർഭാവസ്ഥയിൽ ഗർഭം അലസിപ്പിക്കണമെങ്കിൽ രണ്ടിൽ കുറയാത്ത ഡോക്ടർമാരുടെ അനുമതി ആവശ്യമാണ്. (2) ബലാൽസംഗം മൂലമാണ് ഒരു സ്ത്രീ ഗർഭം ധരിക്കുന്നതെങ്കിൽ, അത്തരം ഗർഭാവസ്ഥ ഒരാളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ മനസികാഘാതം പരിഗണിച്ച് ഗർഭച്ഛിദ്രം അനുവദിക്കാവുന്നതാണ്. (3) കുഞ്ഞുങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗർഭം ഒഴിവാക്കാൻ സ്വീകരിച്ച എന്തെങ്കിലും മാർഗ്ഗം പരാജയപ്പെട്ടതുമൂലം അപ്രതീക്ഷിതമായി ഗർഭിണിയാകുന്ന അവസ്ഥ സ്ത്രീക്ക് വലിയ മനസികാഘാതത്തിന് കാരണമാകുന്ന പക്ഷം അവിടെയും അബോർഷൻ അനുവദിക്കാവുന്നതാണ്.

ഈ മൂന്ന് കാരണങ്ങളാൽ അബോർഷൻ അനുവദനീയമെങ്കിലും, അബോർഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിർദ്ദേശങ്ങളും നല്കപ്പെട്ടിട്ടുണ്ട്. പതിനെട്ട് വയസിൽ താഴെയുള്ള പെൺകുട്ടികൾ ഗർഭം ധരിക്കുന്ന സാഹചര്യത്തിലോ, മനോനിലയ്ക്ക് തകരാറുള്ള സ്ത്രീകളുടെ കാര്യത്തിലോ ഗർഭഛിദ്രം ചെയ്യുന്നതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണ്. അല്ലാതെയുള്ള എല്ലാ സാഹചര്യങ്ങളിലും ഗർഭിണിയായ സ്ത്രീയുടെയും പങ്കാളിയുടെയും സമ്മതം ഉണ്ടായിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദേശം. ചുരുക്കത്തിൽ, ഗുരുതരമായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ ഗർഭധാരണത്തോട് ബന്ധപ്പെട്ട് സ്ത്രീക്ക് ഉണ്ട് എന്ന് ചികിത്സകന് ബോധ്യപ്പെടുകയും, ഗർഭഛിദ്രാനുമതി തേടുന്ന സ്ത്രീയുടെ പൂർണ്ണ സമ്മതം ഉണ്ടാവുകയും ചെയ്താൽ മാത്രമാണ് അബോർഷന് സാധ്യതയുണ്ടായിരുന്നത്.

1971 ലെ MTP ആക്ടിന് ഏറ്റവും ഒടുവിൽ പരിഷ്കരണം ഉണ്ടായത് 2021 ലാണ്. ഈ പരിഷ്കരണം ചില ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും അന്ന് വഴിയൊരുക്കിയിരുന്നു. ഗർഭച്ഛിദ്രത്തെ കൂടുതൽ ഉദാരവൽക്കരിക്കുന്നു എന്നതാണ് ഏറ്റവും കൂടുതൽ ഉയർന്ന ആരോപണം. ഗർഭം അലസിപ്പിക്കാനുള്ള പരമാവധി സമയപരിധി 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയാക്കി ഉയർത്തിയതാണ് പ്രധാനമായി സംഭവിച്ച മാറ്റം. പുതിയ നിയമപരിഷ്കരണം പ്രാബല്യത്തിൽ വന്ന 2021 മുതൽ, ഇരുപത് ആഴ്ചവരെയുള്ള ഗർഭം അലസിപ്പിക്കാൻ ഒരു ഡോക്ടറുടെ അനുമതി മതി.

എങ്കിലും, അടിസ്ഥാന ആശയത്തിന് ഈ നിയമത്തിലും മാറ്റം വരുന്നില്ല. പ്രാഥമികമായി നിയമം അനുശാസിക്കുന്നതനുസരിച്ച്, ഗർഭാവസ്ഥയിൽ തുടരുന്നത് സ്ത്രീയുടെ ജീവിതത്തെ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഗുരുതരമായ ശാരീരിക, മാനസിക പ്രശ്നങ്ങൾ ഉളവാകുന്ന പക്ഷം അബോർഷൻ ആകാമെന്നാണ്. കുഞ്ഞ് ജനിക്കുമ്പോൾ ഗുരുതമായ വൈകല്യങ്ങളോട് കൂടിയായിരിക്കുമെന്ന കണ്ടെത്തൽ ഉണ്ടെങ്കിലും ഗർഭം അലസിപ്പിക്കാൻ നിയമം അനുമതി നൽകുന്നു. 1971 ലെ നിയമത്തിൽനിന്നോ, 2003 ലെ അതിന്റെ ചട്ടങ്ങളിൽ നിന്നോ കൂടുതലായ മാറ്റങ്ങളൊന്നും 2021 ലെ MTP അമന്റ്മെന്റ് ആക്ടിൽ കാണാൻ കഴിയില്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഈ നിയമവും അടിവരയിട്ടു പറയുന്നത്.

വിചിത്രമായ വ്യാഖ്യാനങ്ങൾ

2003 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി റൂൾസ്, 2021 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് അബോർഷൻ സംബന്ധമായ കേസുകൾ വിചാരണ ചെയ്യപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയുടെ അടിസ്ഥാനത്തിൽ ഉയർന്നിട്ടുള്ള വാദഗതികൾ തുടർന്നുള്ള വിധികളെ സ്വാധീനിച്ചിട്ടുണ്ട്. ഈ കേസിൽ, 2003 ലെ MTP റൂൾസ് പ്രകാരം, അവിവാഹിതർക്ക് 20 ആഴ്ചയിൽ അധികം പ്രായമുള്ള ഗർഭത്തെ അലസിപ്പിക്കാൻ അനുമതി നൽകുന്നില്ല എന്ന സാങ്കേതികവശമാണ് ഒരു പ്രധാന ഘടകമായി മാറിയത്. മതം, ജാതി, വർഗ്ഗം, ലിംഗം, ജനനസ്ഥലം തുടങ്ങിയവയുടെപേരിൽ പൗരന്മാർക്ക് വിവേചനം പാടില്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ 14 പ്രകാരം, വിവാഹിത, അവിവാഹിത എന്ന വേർതിരിവും നിയമവിരുദ്ധമാണ് എന്നാണ് ഈ വിധിയിലെ കോടതി പരാമർശം.

നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനുസരിച്ചല്ലാതെ ഒരാളുടെയും ജീവനോ വ്യക്തി സ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ പാടുള്ളതല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ 21 പ്രകാരമാണ്, MTP നിയമം അനുവദിക്കുന്ന വിധത്തിൽ ഗർഭച്ഛിദ്രം ചെയ്യാനുള്ള അനുമതി അവിവാഹിതയ്ക്കും അവകാശപ്പെട്ടതാണെന്ന് വിധിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത്. വ്യക്തി സ്വാതന്ത്ര്യം അവകാശമാണെന്ന് സ്ഥാപിക്കുമ്പോൾ തന്നെ, ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവൻ അവഗണിക്കപ്പെടുന്നത് നീതിനിഷേധം കൂടിയാണെന്ന് നിയമ സംവിധാനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. 1978 ലെ മേനക കേസിലെ സുപ്രീംകോടതി വിധി പ്രകാരം ആർട്ടിക്കിൾ 21 പ്രകാരം നിയമം നടപ്പാക്കുമ്പോൾ അത് നീതിനിഷ്ഠമാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. ഇവിടെ, ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളിൽ പലപ്പോഴും നിശബ്ദമായി പോകുന്നത് ഉദരത്തിൽ വച്ച് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജീവനുകളുടെ പക്ഷമാണ് എന്നുള്ളത് ലോകം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആ നീതിനിഷേധം നിരുപാധികം തുടരുന്നതും വർധിക്കുന്നതും ക്രൂരതയാണ്.

ഗർഭച്ഛിദ്രത്തെ മഹത്വവൽക്കരിക്കുന്നവർ

മുന്നോട്ടുള്ള ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തിലുള്ള മാനസിക – ശാരീരിക പ്രശ്നങ്ങൾ തിരിച്ചറിയുന്ന പക്ഷം മാത്രമാണ് നിയമം അബോർഷന് അനുമതി നൽകുന്നതെങ്കിലും കഴിഞ്ഞ കുറച്ചുകാലങ്ങളായി സമൂഹത്തിൽ പ്രചരിക്കുന്ന വ്യാഖ്യാനങ്ങൾ വിചിത്രമാണ്. അത്തരം വ്യാഖ്യാനങ്ങളുടെ തുടർച്ചയായി കോടതിവിധികളും പരിണമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഗർഭച്ഛിദ്രത്തെ ലളിതവത്കരിക്കാനും മഹത്വവത്കരിക്കാനും പലവിധ ന്യായങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. ഇത്തരം ന്യായങ്ങളിൽ മുഖ്യം ഗർഭധാരണവും ഗർഭച്ഛിദ്രവും സ്ത്രീയുടെ മാത്രം അവകാശമാണ് എന്നതാണ്. എന്നാൽ, ഗർഭധാരണത്തിൽ പങ്കാളിക്ക് പ്രാധാന്യം ഉണ്ടെങ്കിൽ, അതേ പ്രാധാന്യം ഗർഭച്ഛിദ്ര പ്രക്രിയകളിലും ഉണ്ടാകേണ്ടതുണ്ട്. ബലാത്സംഘ കേസുകളിൽ മാത്രമാണ് ഈ നിലപാടിനൊരു വ്യത്യാസം ഉണ്ടാകേണ്ടതുള്ളു. സർക്കാർ സംവിധാനങ്ങൾ പോലും അബോർഷൻ സ്ത്രീയുടെ അവകാശം എന്ന നിലപാടിന്റെ പ്രചാരകരായി മാറുന്നുണ്ട്. ഉദാഹരണമായി, കേരള സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പ് ഔദ്യോഗികമായി അവതരിപ്പിച്ച “ഇനിവേണ്ട വിട്ടുവീഴ്ച” എന്ന ക്യാംപെയ്‌നിംഗിൽ അവതരിപ്പിക്കപ്പെട്ട പല ആശയങ്ങളിൽ ഒന്ന് അബോർഷനുള്ള സ്വാതന്ത്ര്യമായിരുന്നു. അതിനെത്തുടർന്ന് “എന്റെ ശരീരം എന്റെ അവകാശം” എന്നിങ്ങനെയുള്ള ഹാഷ്ടാഗുകൾക്ക് സോഷ്യൽമീഡിയയിൽ വലിയ പ്രചാരം ലഭിച്ചിരുന്നു.

സമീപകാലത്ത് പുറത്തിറങ്ങിയ ചില സിനിമകളുടെ പ്രമേയവും ഇത്തരത്തിലായിരുന്നു. “സാറാസ്”, “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” തുടങ്ങിയ ചില മലയാള ചലച്ചിത്രങ്ങൾ അവതരിപ്പിക്കുന്നത് “പ്രോചോയ്‌സ്‌” പോലുള്ള നവീന ആശയങ്ങളാണ്. നിയമത്തിന്റെ വ്യാഖ്യാനങ്ങളും ചട്ടക്കൂടുകളും ഭേദിച്ച് എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം പോലെ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്, അതിന് ഒരു “യെസ്” മാത്രമേ വേണ്ടൂ എന്ന് ഇത്തരം ചലച്ചിത്രങ്ങളുടെ സൃഷ്ടാക്കളും ചില ന്യൂ എയ്ജ് മുന്നേറ്റങ്ങളുടെ വക്താക്കളും സ്ഥാപിക്കാൻ ശ്രമിക്കുന്നു. അത്തരത്തിൽ ഗർഭച്ഛിദ്രമെന്നത് വളരെ ലഘുവായി അവതരിപ്പിക്കപ്പെടുമ്പോൾ, ഉദരത്തിൽ വളരുന്ന കുഞ്ഞ് നിഷ്ടൂരമായി കൊലചെയ്യപ്പെടുന്നു എന്ന ഭീകര യാഥാർഥ്യം സമർത്ഥമായി മറച്ചുവെക്കപ്പെടുകയാണ്. ഒരമ്മയുടെ ഉദരമെന്ന സുരക്ഷിതത്വം പോലും നിഷേധിക്കപ്പെടുന്ന നിസഹായ ജീവന്റെ നിലവിളിയെ അവഗണിക്കുന്ന കൊടുംക്രൂരത ഒരു പരിഷ്കൃത സമൂഹത്തിന് ചേരുന്നതല്ല.

മേൽപ്പറഞ്ഞ കോടതി വിധിയുടെ കാര്യത്തിലുണ്ടായതുപോലെ സമാനമായ വിഷയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോഴും കോടതി പരാമർശങ്ങളുടെ യഥാർത്ഥ കാരണങ്ങൾക്കും അതിന്റെ സാങ്കേതിക വശങ്ങൾക്കും വ്യക്തത നൽകുന്നതിന് പകരം, തെറ്റിദ്ധാരണാജനകവും പല വാസ്തവങ്ങളും മറച്ചുവച്ചുള്ളതുമായ ശൈലിയാണ് പലപ്പോഴും അവലംബിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ വിവിധ തലക്കെട്ടുകൾ ഉദാഹരണങ്ങളാണ്. സ്ത്രീയുടെ അവകാശത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും വിവരിക്കുമ്പോഴും കൊല്ലപ്പെടുന്ന കുഞ്ഞിനെക്കുറിച്ചുള്ള ആകുലത തീരെയും പ്രകടമല്ലാതായി മാറുന്നു.

മാറുന്ന സംസ്കാരം

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം നിയമപ്രകാരം തെറ്റല്ല എന്ന മാറിയ നിലപാടും കൂട്ടി വായിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ ധാർമ്മികനിലവാരത്തെയും കുടുംബങ്ങളുടെ കെട്ടുറപ്പിനെയും വിലകൽപ്പിക്കാതെയുള്ള ഇത്തരം നിലപാട് മാറ്റങ്ങളുടെ തുടർച്ചയായി ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള മനോഭാവവും മാറുന്നത് അപകടകരമാണ്. കുത്തഴിഞ്ഞ ജീവിതശൈലിയിലേയ്ക്ക് തിരിയുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തെ കൂടുതൽ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ലഹരിയുടെ ഉപയോഗം, സുഹൃദ്‌വലയങ്ങളുടെ സ്വാധീനം എന്നിങ്ങനെ വിവാഹപൂർവ ലൈംഗികതയിലേയ്ക്ക് അനേകരെ വലിച്ചടുപ്പിക്കുന്ന സാഹചര്യങ്ങൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.

വിവാഹപൂർവ്വ ലൈംഗികത, ഒന്നിൽ കൂടുതൽ പേർ തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങി ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധങ്ങളിലൂടെയുണ്ടാകുന്നതും അശ്രദ്ധകൊണ്ട് സംഭവിക്കുന്നതുമായ ഗർഭധാരണങ്ങളാണ് കൂടുതലും അബോർഷനുകളിലേയ്ക്ക് എത്തപ്പെടുന്നത്. വാസ്തവത്തിൽ, ഇത്തരമുള്ള സാഹചര്യങ്ങളെ 2021 MTP നിയമം പരിഗണിക്കുന്നില്ല. ബലാൽസംഗം മൂലം ഉണ്ടാകുന്ന ഗർഭാവസ്ഥയും, അതുണ്ടാക്കിയേക്കാവുന്ന മനോവൈഷമ്യവുമാണ് അവിവാഹിതരുടെ ഗർഭധാരണവുമായി ബന്ധപ്പെട്ട് നിയമം അടിവരയിട്ട് പറയുന്ന ആശയങ്ങൾ. എന്നാൽ, ബലാൽസംഗം മൂലം ഗർഭം ധരിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. അത്തരം അപൂർവ്വമായ സാഹചര്യങ്ങൾ എന്നുളളതിനപ്പുറം, ഉഭയസമ്മതത്തോടെയുള്ള വിവാഹപൂർവ ബന്ധങ്ങൾ മൂലമുണ്ടാകുന്ന ഗർഭവും നിഷ്പ്രയാസം അലസിപ്പിക്കാൻ നിയമ പരിരക്ഷ ലഭിക്കുമെന്നു വരുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്കും അധാർമ്മിക പ്രവണതകൾക്കും വഴിയൊരുക്കും.

ഗർഭച്ഛിദ്രത്തിൽ ഭയാനകമായ വർദ്ധനവ്

പുതിയ നിയമനിർമ്മാണങ്ങളും നിയമത്തിന്റെ ദുർബ്ബലമായ വ്യാഖ്യാനങ്ങളും ഇന്ത്യയിലെ അബോർഷൻ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. പെൺകുട്ടികൾ ഗർഭാവസ്ഥയിൽ കൊല്ലപ്പെടുന്ന അവസ്ഥ പതിവായിരുന്ന ഒരുകാലത്ത് അത്തരം ഗർഭച്ഛിദ്രങ്ങളെ നിയമവിധേയമാക്കാൻ നിർമ്മിച്ച അതേ നിയമം തന്നെ ദുരുപയോഗിക്കപ്പെടുന്നതിനാലാണ് ഇക്കാലത്ത് ഗർഭച്ഛിദ്രത്തിന്റെ നിരക്ക് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ പതിനഞ്ചിനും നാൽപ്പത്തൊമ്പതിനും ഇടയിൽ പ്രായമുള്ള ഓരോ ആയിരം സ്ത്രീകളിലും 47 അബോർഷനുകൾ നടക്കുന്നുണ്ട് എന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകമെമ്പാടും ഓരോ വർഷവും 5.6 കോടി ഗർഭഛിദ്രങ്ങൾ നടക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ 1.6 കോടി ഗർഭച്ഛിദ്രങ്ങൾ പ്രതിവർഷം നടക്കുന്നതായാണ് കണക്കുകൾ. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ വച്ച് നടത്തപ്പെടുന്ന ഗർഭഛിദ്രങ്ങൾ ഓരോ വർഷവും 70,000 ഗർഭിണികളുടെ മരണത്തിനും, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ശാരീരിക വൈകല്യം സംഭവിക്കുന്നതിനും കാരണമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരേസമയം കുഞ്ഞിന്റെ മരണത്തിനും ശാരീരികവും മാനസികവുമായി അമ്മയുടെ വൈകല്യത്തിനും കാരണമാകുന്നവയാണ് അബോർഷന്റെ നടപടിക്രമങ്ങൾ. അബോർഷനെ തുടർന്ന് മാനസികമായ പ്രശ്നങ്ങളിലേക്ക് പതിക്കുന്ന സ്ത്രീകളുടെ എണ്ണവും വളരെയേറെയാണ്.

കത്തോലിക്കാ സഭയുടെ നിലപാടുകൾ

കത്തോലിക്കാ സഭയ്ക്ക് ഗർഭച്ഛിദ്രത്തിനെതിരായി വ്യക്തമായ നിലപാടുണ്ട്. ലക്ഷ്യമായോ മാർഗ്ഗമായോ തീരുമാനിക്കപ്പെടുന്ന പ്രത്യക്ഷമായ ഗർഭഛിദ്രം ഗൗരവപൂർണ്ണമാംവിധം ധാർമ്മിക നിയമത്തിനെതിരാണ് എന്നാണ് സഭയുടെ നിലപാട്.

ഗർഭധാരണം മുതൽ ഒരു ഭ്രൂണം മനുഷ്യവ്യക്തിയായി തന്നെ വിലമതിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന കാഴ്ചപ്പാടാണ് സഭയ്ക്കുള്ളത്. അതുകൊണ്ട്തന്നെ, ആഗോളതലത്തിൽ അബോർഷന് എതിരായ ശക്തമായ സമരത്തിലാണ് സഭ. അത് സ്ത്രീയുടെ ന്യായമായ അവകാശങ്ങളെ നിഷേധിക്കാനല്ല, ജീവന്റെ ശ്രേഷ്ഠമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുക, കുടുംബ ബന്ധങ്ങളുടെ പവിത്രതയെ പരിപോഷിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയുള്ളതാണ്. ഉപഭോഗ സംസ്കാരത്തിന്റെ ഭാഗമായ സുഖാന്വോഷണത്തിനും സ്വാർത്ഥതക്കും എതിരായ നിലപാട് ആണത്.

അതിനാൽത്തന്നെ, കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഗർഭഛിദ്ര നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നതും, ദാരുണമായ രീതിയിൽ ഗർഭസ്ഥശിശുക്കൾ വ്യാപകമായി കൊലചെയ്യപ്പെടുന്നതും ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്ത ആനുകാലിക യാഥാർത്ഥ്യങ്ങളാണ്. ഏതുവിധേനയും ഗർഭച്ഛിദ്രം ഒഴിവാക്കപ്പെടുകയും കുഞ്ഞുങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യാനുതകുന്ന സംവിധാനങ്ങൾ ലോകവ്യാപകമായി ഒരുക്കുന്നതിൽ സഭാസംവിധാനങ്ങൾ ബദ്ധശ്രദ്ധമാണ്. കേരളത്തിലും ഒട്ടേറെയിടങ്ങളിൽ വിവിധകാരണങ്ങളാൽ ഗർഭിണികളാവുകയും എന്നാൽ, കുഞ്ഞിനെ ആവശ്യമില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്ന സ്ത്രീകളെ ഗർഭകാലം മുഴുവൻ സംരക്ഷിക്കാൻ സജ്ജമായ സ്ഥാപനങ്ങൾ കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞിനെ ഒഴിവാക്കണമെന്ന് ചിന്തിച്ച ഒരുപാട് പേരുടെ കുഞ്ഞുങ്ങളുടെ പരിപാലനം ഇതിനകം അത്തരം സ്ഥാപനങ്ങൾ ഏറ്റെടുക്കുകയും സുരക്ഷിതരായി വളരുകയും ചെയ്തുവരുന്നു.

“ഗർഭച്ഛിദ്രം നീചമായ ഒരു കുറ്റകൃത്യമാണെന്നത് എനിക്ക് പകൽപോലെ വ്യക്തമാണ്” എന്നത് മഹാത്മാഗാന്ധിയുടെ വാക്കുകളാണ്. ഉദരത്തിൽ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ആയിരിക്കുമ്പോഴും വികാരങ്ങളും വിചാരങ്ങളുമുള്ള ഒരു മനുഷ്യവ്യക്തിയുമാണ് ഗർഭസ്ഥ ശിശു എന്ന് തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിയാതെ പോകുന്നതിന് കാരണം മനുഷ്യ ജീവനോടുള്ള ആദരവ് നഷ്ടപ്പെടുന്നതാണ്. “ഗർഭഛിദ്രം അനുവദിക്കുന്ന ഒരു രാജ്യം പൗരന്മാരെ സ്നേഹിക്കാനല്ല, കാര്യസാധ്യത്തിനായി എന്തു ക്രൂരതയും ചെയ്യാനാണ് പഠിപ്പിക്കുന്നത്. എന്തെന്നാൽ, സ്നേഹത്തിന്റെ ഏറ്റവും വലിയ ധ്വംസകനാണ് ഗർഭഛിദ്രം” എന്നാണ് ഏറ്റവും കൂടുതൽ അനാഥ കുഞ്ഞുങ്ങളെ കൈനീട്ടിവാങ്ങി വളർത്തിയിട്ടുള്ള വി. മദർ തെരേസ പറഞ്ഞിട്ടുള്ളത്. വിവിധ രാജ്യങ്ങൾ അബോർഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അത്തരമൊരു കൃത്യം കൂടുതൽ ഉദാരവൽക്കരിക്കുന്ന പ്രവണത ഇന്ത്യയിൽ വളരുന്നത് ആശാസ്യമല്ല.

ജീവനെ സംരക്ഷിക്കാൻ സന്നദ്ധമായ ഒരു സംസ്കൃതിയിലേക്കാണ് രാജ്യം വളരേണ്ടത്. പെറ്റമ്മയ്ക്ക് വേണ്ടാത്ത ഒന്നായി ഗർഭസ്ഥ ശിശു മാറുന്നെങ്കിൽ, ആ സാഹചര്യത്തിൽ ഇടപെടാനും കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാരും സമൂഹവും തയ്യാറാകണം.

അവിഹിതഗർഭം പേറി അബോർഷൻ നടത്തുന്നതിന് പകരം, ആ കുഞ്ഞിനെ ജീവിക്കാൻ അനുവദിക്കുന്നത് മാനുഷിക മൂല്യങ്ങളുടെ പ്രകടനമാണെന്ന് ആ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നവർ തിരിച്ചറിയട്ടെ.

കുഞ്ഞിനെ വളർത്താൻ കഴിയില്ല എന്ന ഒറ്റക്കാരണത്താലാണ് പലരും കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനമെടുക്കുന്നത്. ഇവിടെയാണ് ഭരണകൂടങ്ങളുടെയും നീതിപീഠത്തിന്റെയും ഇടപെടലുകൾ ഉണ്ടാകേണ്ടത്. അത്തരക്കാർക്ക് ധൈര്യം കൊടുത്ത് കുഞ്ഞിനെ സംരക്ഷിക്കാൻ തീരുമാനിക്കുന്നതിന് പകരം കുഞ്ഞിനെ നശിപ്പിക്കാനുള്ള തീരുമാനം അവകാശമാണെന്ന് സ്ഥാപിക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്ന പ്രവണത മൗഢ്യവും അപകടകരവും അധാർമ്മികവുമാണ്.

ഗർഭവതിയെക്കുറിച്ച് മാത്രമല്ല, കുഞ്ഞുങ്ങളെക്കുറിച്ച് കൂടി കരുതലുള്ളവരാകുവാൻ നമുക്ക് കഴിയട്ടെ.

റവ. ഡോ. മൈക്കിൾ പുളിക്കൽ സി എം ഐ

മനുഷ്യജീവനെ സ്നേഹിക്കുക ,ആദരിക്കുക ,സംരക്ഷിക്കുക .പ്രാർത്ഥിക്കുക .

നിങ്ങൾ വിട്ടുപോയത്