ഞങ്ങളുടെ വല്യമ്മച്ചി ഇന്നലെ രാത്രി നിത്യതയിലേക്കു യാത്രയായി..

. ഇഹലോകത്തിലെ 9 പതിറ്റാണ്ടു നീണ്ട ത്യാഗജീവിതത്തിനൊടുവിൽ ആ അമ്മ കടന്നുപോകുമ്പോൾ അവസാനിക്കുന്നത് ഒരു യുഗമാണ് – ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന ദുരന്തങ്ങളിൽ പതറാതെ, മണ്ണിനോടും, മലഞ്ചെരുവിനോടും മല്ലിട്ട് ജയിച്ച ഒരു തലമുറയിലെ അവസാന കണ്ണിയായിരുന്നു കാവുങ്കൽ ചേടത്തി എന്ന് മുറിഞ്ഞപുഴക്കാർ വിളിക്കുന്ന ഞങ്ങളുടെ ത്രേസ്യാമ്മച്ചി. പുതിയ തലമുറയ്ക്ക് വിദൂരമായ സ്വപ്ങ്ങളിൽപോലും കാണാൻ കഴിയാത്ത ദുർഘടമായ പാതയാണ് ആ അമ്മ ധീരതയോടെ പിന്നിട്ടത്. ഹൈറേഞ്ചിന്റെ മലഞ്ചെരുവിലെ ഞങ്ങളുടെ ദരിദ്രബാല്യത്തെ സ്നേഹവാത്സല്യങ്ങളാലും, പ്രത്യാശാനിർഭരമായ പ്രാർത്ഥനകളാലും സമ്പന്നമാക്കിയത് ആയമ്മയാണ്.

കഴിഞ്ഞ കുറെ വര്ഷങ്ങളായി നാട്ടിൽ അവധിക്കു വന്നു തിരിച്ചുപോകുമ്പോഴൊക്കെ എൻ്റെ കൈകൾ കൂട്ടിപ്പിടിച്ച് “ഇനി നിങ്ങൾ വരുമ്പോൾ ഞാനുണ്ടാവുമെന്നു തോന്നുന്നില്ല” എന്നമ്മ പറയുമായിരുന്നു. അതിന് “ഞങ്ങളുടെ കാലശേഷവും അമ്മച്ചി ഇവിടെത്തന്നെയുണ്ടാവും” എന്ന മറുപടികേട്ട് പല്ലില്ലാത്ത മോണകാട്ടിയവർ ചിരിക്കുമായിരുന്നു.

പത്തു മുപ്പതു കൊല്ലം മുൻപ് ഹൈറേഞ്ചിലേയും നാട്ടിന്പുറത്തെയും നസ്രാണി അമ്മച്ചിമാർ അറിയപ്പെട്ടിരുന്നത് അവരുടെ വീട്ടുപേരുകളിലായിരുന്നു.

ഞങ്ങളുടെ മുറിഞ്ഞപുഴയിലെ രീതിയും മറിച്ചായിരുന്നില്ല. താഴത്തുവീട്ടിൽ ചേടത്തി, കുരിശുങ്കൽ ചേടത്തി, തൂങ്കുഴി ചേടത്തി, മൂലാത്തപ്പള്ളി ചേടത്തി എന്നൊക്കെ അറിയപ്പെട്ടിരുന്ന നിരവധി ചേടത്തിമാരിൽ ഒരാളായിരുന്നു കാവുങ്കൽ ചേടത്തി എന്ന ഞങ്ങളുടെ ത്രേസ്യാമ്മച്ചിയും.

ജീവിത പ്രാരാബ്ധങ്ങളുടെ ഭാരവും ചുമന്ന് ചട്ടയും, മുണ്ടും, വെന്തിങ്ങയുമിട്ട് അതിനു മുകളിലൊരു കവണിയും ധരിച്ച പേരറിയാത്ത ചേടത്തിമാരൊക്കെ കൈകൂപ്പി നിരയായി പള്ളിയിൽ നിൽക്കുന്ന കാഴ്ച ആരെയും പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു. എന്നാൽ മുറിഞ്ഞപുഴയിലെ സമകാലീനരിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നു സമാനതകളില്ലാത്ത സങ്കടങ്ങൾ നിറഞ്ഞ കാവുങ്കൽ ചേടത്തിയുടെ ജീവിതം.

യുവത്വത്തിന്റെ മധ്യത്തിൽ അപ്രതീക്ഷിതമായി ജീവിതപങ്കാളി വിടവാങ്ങിയപ്പോഴും, ലാളിച്ചു വളർത്തിയ ഏകമകൻ പ്രതീക്ഷകൾക്കൊത്തു വളരാതെ പോയപ്പോഴും ആയമ്മ തളർന്നില്ല. പറമ്പില്‍ പണിതും, അരി ഇടിച്ചും, വെള്ളോം വിറകും ചുമന്നും, കുന്നും കയ്യാലേം കേറിയിറങ്ങിയും തഴക്കം വന്ന അമ്മച്ചി തന്റെ ബദ്ധപ്പാടിനെപ്പറ്റി പുറത്തൊരാളോടും പരിദേവനങ്ങള്‍ പറഞ്ഞിരുന്നില്ല. അചഞ്ചലമായ ദൈവവിശ്വാസമല്ലാതെ മറ്റെന്താണ് ഇവരെ ജീവിതത്തിൽ പിടിച്ചുനിറുത്തിയതെന്ന് ഞാൻ പലപ്പോഴും അതിശയിച്ചിട്ടുണ്ട്.

ഈ ജീവിതത്തിൽ ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ നിത്യതയുടെ തീരങ്ങളിൽ തനിക്കായി ഒരുക്കിവച്ചവനിലായിരുന്നിരിക്കണം അവരുടെ പ്രതീക്ഷകൾ മുഴുവൻ.

മുറിഞ്ഞപുഴയുടെ ആകാശത്തു അശാന്തിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയും ദുഃഖം കണ്ണീർ മഴയായി പെയ്തിറങ്ങുകയും ചെയ്ത രാത്രികളിൽ ധന്വന്തരം കുഴമ്പിന്റെയും ക്ഷീരബല എണ്ണയുടെയും ഗന്ധം തങ്ങിനിൽക്കുന്ന ചായ്പുമുറിയിലെ കയറുകട്ടിലിലിരുന്ന് അമ്മച്ചി ചൊല്ലിത്തീർത്ത ജപമാലമണികൾക്ക് എണ്ണമുണ്ടാവില്ല.

അമ്പത്തിമൂന്നുമണി ജപം, തിരുഹൃദയകൊന്ത, വ്യാകുലമാതാവിന്റെ ജപമാല, സകല പുണ്യാളന്മാരുടെയും ലുത്തിനിയ എന്നിങ്ങനെ നിരവധി ജപങ്ങളും ജീവശ്വാസം പോലെയായിരുന്നു അമ്മക്ക്. ചട്ടയും മുണ്ടും കവണിയും ധരിച്ച്, കുലീനമായൊരു ചിരിയുമായി ഞായറാഴ്ച കുർബാന കഴിഞ്ഞു വരുന്ന അമ്മച്ചിയുടെ രൂപം ഒരിക്കലും മനസ്സിൽനിന്നും മായില്ല. ഇനി വൈകുന്നേരങ്ങളിൽ ക്ളോക്കിൽ 7 മണിയടിക്കുമ്പോൾ നമുക്കു കുരിശുവരയ്ക്കാം എന്ന് പറയാൻ മുണ്ടക്കയം വീട്ടിൽ അമ്മയല്ല.

നന്ദി അമ്മച്ചീ… നിത്യതയെക്കുറിച്ചുള്ള സ്വപ്നങ്ങൾ തന്നതിന്; പ്രതിസന്ധികളിൽ തളരാതിരിക്കാൻ മാതൃകയായതിന്; കണ്ണീർ മഴയത്തും പുഞ്ചിരിയുടെ കുട ചൂടാൻ പഠിപ്പിച്ചതിന്. അമ്മയില്ലാതെ ഈ വെയിൽപാത താണ്ടാൻ മാലാഖമാരുടെ നാട്ടിലിരുന്ന് ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണേ…🙏🙏

Manoj Mathew

മുണ്ടക്കയം കാവുങ്കൽ കുടുംബത്തിന് ഒരു വിശുദ്ധ കൂടി ലഭിച്ചിരിക്കുന്നു. ഈ അമ്മയുടെ ജീവിത മാതൃക ഇന്നത്തെ തലമുറക്ക് വെളിച്ചം പകരട്ടെ . അമ്മച്ചിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 💐💐💐

നിങ്ങൾ വിട്ടുപോയത്