മെക്സിക്കോ സിറ്റി: ജീവന്റെ മഹത്വം പ്രഘോഷിച്ച് മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ പ്രോലൈഫ് റാലി നടന്നു. ഒക്ടോബർ മൂന്നാം തീയതി ഞായറാഴ്ച നടന്ന റാലിയിൽ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. മറ്റിടങ്ങളിലും സമാനമായ റാലികൾ നടന്നു. ഏകദേശം 10 ലക്ഷത്തോളം ആളുകൾ വിവിധ പ്രോലൈഫ് റാലികളുടെ ഭാഗമായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെക്സിക്കോയിൽ നിലവിലുണ്ടായിരുന്ന ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾക്ക് വിരുദ്ധമായി സുപ്രീംകോടതി സെപ്റ്റംബർ മാസം നടത്തിയ രണ്ട് ഉത്തരവുകൾക്കെതിരെ പ്രോലൈഫ് പ്രവർത്തകർ പ്രതിഷേധം ഉയര്‍ത്തി. നാഷ്ണൽ ഓഡിറ്റോറിയത്തിനു സമീപം ഒരുമിച്ചു കൂടിയ പ്രവർത്തകർ നിരവധി പേരുടെ സാക്ഷ്യങ്ങൾക്കു ശ്രോതാക്കളായി.

38 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ അമ്മയുടെ ഉദരത്തിൽ ഒരു ഡോക്ടർ അൾട്രാസൗണ്ട് നടത്തി ശബ്ദം അവിടെ കൂടിയിരുന്നവരെ കേൾപ്പിച്ചു. കുപ്രസിദ്ധ ഭ്രൂണഹത്യ ശൃംഖലയായ പ്ലാൻഡ് പേരന്റ്ഹുഡിന്റെ അരിസോണയിലെ മുൻ ഡയറക്ടർ ആയിരുന്ന മയിര റോഡിഗ്രസ് തന്റെ കഥ വേദിയിൽ വിവരിച്ചു. 14 ആഴ്ച പ്രായമെത്തിയ ശേഷം ഭ്രൂണഹത്യയ്ക്ക് വിധേയമാക്കിയ ഗർഭസ്ഥശിശുവിന്റെ ശിരസ്സ് അമ്മയുടെ ഉദരത്തിൽ തന്നെ മാലിന്യം എന്ന് വിശേഷിപ്പിച്ചു കൊണ്ട് ഓപ്പറേഷൻ നടത്തിയ ഡോക്ടർ വച്ച കാര്യം അവർ ഓർത്തെടുത്തു. അമ്മയ്ക്ക് ഇൻഫെക്ഷൻ വരാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും ഡോക്ടർ അങ്ങനെ ചെയ്തുവെന്നും, ഇത്തരത്തില്‍ നിരവധിയായ സംഭവങ്ങൾ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും മയിര വിശദീകരിച്ചു.

പന്ത്രണ്ടാം വയസ്സിൽ പീഡനത്തിന് വിധേയയായ ലിയന്ന റോബോലെഡോ എന്ന വനിതയും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. ഭ്രൂണഹത്യ ചെയ്യാൻ ലിയന്ന നിർബന്ധിക്കപ്പെട്ടിരുന്നു. തന്റെ ജീവിതത്തിൽ ദൈവം തന്ന ഏറ്റവും വലിയ സമ്മാനം തനിക്ക് ജനിച്ച പെൺകുട്ടിയാണ്. നാലു വയസ്സ് പ്രായമായപ്പോൾ ജീവൻ നൽകിയതിന് മകൾ തന്നോട് നന്ദി പറഞ്ഞ കാര്യവും ലിയന്ന റോബോലെഡോ ഓർത്തെടുത്തു. സർക്കാരും നിയമനിർമാണ സഭയും, ജുഡീഷ്യറിയും തങ്ങളെ ശ്രവിക്കണമെന്ന് പ്രോലൈഫ് റാലികൾ സംഘടിപ്പിച്ച നാഷണൽ ഫ്രണ്ട് ഫോർ ദി ഫാമിലിയുടെ അധ്യക്ഷൻ റോഡിഗ്രോ ഇവാൻ കോർട്ടസ് പറഞ്ഞു. ഭ്രൂണഹത്യ എന്ന കുറ്റകൃത്യം നിയമവിധേയമാക്കാതെ ഗർഭിണികളായ സ്ത്രീകളെയും, അവരുടെ കുട്ടികളെയും സംരക്ഷിക്കുകയാണ് ഭരണ സംവിധാനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്