ഇടുക്കിയുടെ സ്വന്തം ജനനായകൻ ,

മന്ത്രിയായി പരിഗണിക്കപ്പെടുമ്പോൾ അദ്ദേഹം ,

ഇടുക്കിയുടെ പ്രിയപ്പെട്ട മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിനെ അനുസ്മരിച്ചെഴുതിയ വാക്കുകൾ നമ്മുടെ നാട് സ്മരിക്കുന്നു .

നിയുക്ത മന്ത്രിയുടെ ജീവിതം കാഴ്ചപ്പാടുകൾ എന്നിവയും വ്യക്തമാകുന്നു .കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനും സ്വപ്നങ്ങൾ പൂവണിയിക്കാനും അദ്ദേഹത്തിന് സാധിക്കും .ആശംസകൾ

*ആനിക്കുഴിക്കാട്ടില്‍ പിതാവ് കാലത്തിന് മുന്‍പേ നടന്ന മനുഷ്യ സ്നേഹി*

ഏപ്രില്‍ 25 ശനിയാഴ്ച എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസമായി മാറുന്നു. കാരണം ആനിക്കുഴിക്കാട്ടില്‍ പിതാവ് മരണക്കിടക്കയില്‍ നിന്ന് എന്നെ സ്നേഹപൂര്‍വ്വം വിളിച്ച ദിനമായിരുന്നു അത്. പിതാവിന്‍റെ രോഗാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്ന എനിക്ക് ആദ്യം ആവിളി വിശ്വസിക്കാനായില്ല. പതിവുള്ള വാത്സല്യം നിറഞ്ഞ ആ ചോദ്യം അവസാനമായി “റോഷി സുഖമാണോ” പിന്നെ എന്തെല്ലാം കാര്യങ്ങള്‍ ചോദിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബത്തെക്കുറിച്ച അങ്ങനെ എല്ലാം.ലോക്ക് ഡൌണ്‍ മൂലം വീട്ടിലായിരുന്നത് കൊണ്ട് എന്‍റെ കുടുംബാംഗങ്ങള്‍ക്കും എന്നും വാത്സല്യനിധിയായിരുന്ന പിതാവിന്‍റെ അനുഗ്രഹ ശബ്ദം കാതോര്‍ക്കുവാന്‍ സാധിച്ചു.

*ആനിക്കുഴിക്കാട്ടില്‍ പിതാവ് എന്ന ഊര്‍ജ്ജ സ്രോതസ്സ്*

എന്നും പിതാവ് അങ്ങനെ തന്നെയായിരുന്നു. ഇടുക്കി രൂപതയുണ്ടായെന്നും മെത്രാനായി മാത്യു ആനിക്കുഴിക്കാട്ടില്‍ അച്ചന്‍ നിയുക്തനായെന്നും അറിഞ്ഞ ആദ്യ ദിവസങ്ങളില്‍ തന്നെ കോതമംഗലം ബിഷപ് ഹൗസില്‍ ചെന്നാണ് ഞാന്‍ ആദ്യമായി പിതാവിനെ കാണുന്നത്. അന്ന് ആരംഭിച്ച ഊഷ്മളവും ഹൃദയസ്പര്‍ശിയുമായ സൗഹൃദം എന്നോട് പിതാവ് അവസാനം വരെ കാത്തുസൂക്ഷിച്ചു. എന്‍റെ വിവാഹത്തിന് പിതാവ് സംബന്ധിച്ചത്തിന്‍റെ ഫോട്ടോ ഇന്ന് ഞാനെടുത്ത് ഓര്‍മ്മകള്‍ പുതുക്കിയപ്പോള്‍ അന്ന് ആ ഹൃദയത്തില്‍ നിന്ന് ഒഴുകിയ വിടര്‍ന്ന ചിരി ഞാന്‍ എവിടെയൊക്കെ പിതാവിനെ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ അനുഭവിച്ചിട്ടുണ്ട്. എന്‍റെ പൊതുപ്രവര്‍ത്തനത്തില്‍ എനിക്ക് ലഭിച്ച ഊര്‍ജ്ജത്തിന്‍റെ ഒരു പങ്ക് ആനിക്കുഴിക്കാട്ടില്‍ പിതാവിന്‍റെ സ്നേഹസമ്പമായ സാന്നിദ്ധ്യം തന്നെയായിരുന്നു. എന്‍റെ ജന്മദിനത്തില്‍ ഞാന്‍ ഇടുക്കിയിലാണെങ്കില്‍ അന്നൊക്കെ പിതാവിന്‍റെ മുമ്പില്‍ മുട്ടുകുത്തി പിതൃ തുല്യമായ അനുഗ്രഹം വാങ്ങാതെ ആ ദിനം കടുപോയിട്ടില്ല.

*മണ്ണിലെ മനുഷ്യന്‍റെ ശബ്ദം*

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സന്ധിയല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു നേതാവ്. ഇതായിരിക്കണം ആനിക്കുഴിക്കാട്ടില്‍ പിതാവിന് ഇണങ്ങുന്ന പേരെന്ന് പിതാവിനോട് അടുത്തിടപഴകിയ ഈ പതിനഞ്ച് വര്‍ഷങ്ങളിലും എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എത്ര ധൈര്യസമേതനായാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ തന്‍റേതായി ഏറ്റെടുത്ത് നിലയുറപ്പിച്ചത്. ആ വാക്കുകളുടെ ഭാഷയും മൂര്‍ച്ചയും പോലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് വേണ്ടിയും അതിജീവനപോരാട്ടത്തിനുവേണ്ടിയും തലയില്‍ പാളത്തൊപ്പിയുമണിഞ്ഞ് വടിയും കുത്തി ജനങ്ങളുടെ മുമ്പില്‍ നിന്ന് നടത്തിയ സമരയാത്രകള്‍ ആരുടെ മനസ്സില്‍ നിന്നാണ് എളുപ്പം മാഞ്ഞുപോകുന്നത്. ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണി എന്ന മലയോരപ്രദേശത്ത് യാതനകളുടെ ആദ്യനാളുകളില്‍ വളരുകയും മണ്ണില്‍ പണിയെടുത്ത് പഠിക്കുകയും മണ്ണിന്‍റെ മനുഷ്യരുടെയാതനകള്‍ ചങ്കിലൊപ്പിയെടുക്കുകയും ചെയ്തൊരാള്‍ ഇടുക്കിയില്‍ ക്രൈസ്തവ സമൂഹത്തിന്‍റെ അമരക്കാരനായപ്പോള്‍ ഇടുക്കിയിലെ പൊതുസമൂഹത്തിനുവേണ്ടി നിലകൊണ്ടതിലും ശബ്ദിച്ചതിലും അതിശയമില്ല. കര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയിലും ജനവാസമേഖലയിലെ പട്ടയപ്രശ്നങ്ങളിലും മരം മുറിയ്ക്കല്‍ പോലുള്ള പ്രതിസന്ധികളിലും പിതാവിന്‍റെ ഹൃദയം തന്‍റെ ഹൈറേഞ്ച് ജനതയ്ക്ക് വേണ്ടി ഒരു ജനപ്രതിനിധിയെന്നവണ്ണംവിങ്ങിയിരുന്നത് പലപ്പോഴും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

*വിദ്യാഭ്യാസം നമ്മുടെ സമ്പത്ത്*

നമ്മുടെ നാട്ടിലും ഐ.എ.എസുകാരും ഐ.പി.എസുകാരും ഉണ്ടാകേണ്ടതുണ്ട്, 2003 മുതല്‍ പിതാവില്‍ നിന്ന് പലവട്ടം ഞാന്‍ കേട്ട നിശ്ചയദാര്‍ഢ്യമുള്ള വാക്കുകളായിരുന്നു ഇത്. ഹൈറേഞ്ചിലെ പല ഹയര്‍ സെക്കണ്ടറിസ്കൂളുകളോടും ചേര്‍ന്ന് എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍റര്‍ നടത്തി കുറച്ചുപേരെ മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലേയ്ക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചത് പിതാവിന്‍റെ ക്രാന്തദര്‍ശിത്വത്തിന്‍റെ ഉദാഹരണമാണ്. ഈ വാക്കുകളുടെ പിന്‍ബലത്തിലാണ് സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതി വന്നപ്പോള്‍ രൂപതയുടെ സ്കൂളുകളുടെ കാര്യത്തില്‍ ശ്രദ്ധവേണമെന്ന് പറഞ്ഞത്. ഈ പ്രദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് പിതാവ് മാര്‍ശ്ലീവാ കോളേജ് ഉയര്‍ത്തിക്കൊണ്ടുവന്നത്.

*അധാര്‍മ്മികതയ്ക്കെതിരെ*

ധാര്‍മ്മികതയ്ക്കെതിരെ സമൂഹത്തില്‍ എവിടെയും തലപൊക്കുന്ന വിവിധ വിഷയങ്ങള്‍ പിതാവിനെ ഏറെ അസ്വസ്ഥതപ്പെടുത്തിയിരുന്നവെന്ന് പിതാവുമായുള്ള കൂടിക്കാഴ്ചകളിലൊക്കെ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന കുടുംബതകര്‍ച്ചകള്‍ നിലവാരം ചോര്‍ന്നുപോകുന്ന പുതിയ തലമുറ. നീതിപോലും നഷ്ടപ്പെടുന്ന പൊതുസമൂഹം ഇവയൊക്കെ പിതാവിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ ഇടപെടലുകളും വാക്കുകള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പൊതുസമൂഹത്തിലെ ഒരു ആത്മീയ ആചാര്യന്‍ നമുക്കിടയില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്നത് അത്യന്തം വേദനജനകമാണ്.

2020 മെയ് 1 ന് ശ്രീ റോഷി അഗസ്റ്റിൻ നൽകിയ ചിത്രം

*കരുതലും സ്നേഹവും*

പിതാവ് എന്നവാക്കില്‍ തന്നെയുള്ള രണ്ട് പദങ്ങളാണ് കരുതലും സ്നേഹവും വ്യക്തിപരമായി അടുത്തിടപഴകിയ അവസരങ്ങളിലെല്ലാം ഞാനും അതുപോലെ പലരും ഇവ രണ്ടും ആനിക്കുഴിക്കാട്ടില്‍ പിതാവില്‍ നിന്നനുഭവിച്ചിട്ടുണ്ട്. സാധാരണ വലിയനോമ്പാചരണത്തില്‍ മലയാറ്റൂരിലേക്ക് ഞാന്‍ നടത്തിവരാറുള്ള കാല്‍നടയാത്രയ്ക്ക് പിതാവ് നല്‍കി വന്ന പ്രോത്സാഹനം ചെറുതല്ല. എപ്പോഴെങ്കിലും മുഖം വാടിയാല്‍ പിന്നീട് വിളിച്ച് കാര്യമന്വേഷിക്കുന്ന സ്നേഹമയന്‍. തന്‍റെ ജനങ്ങള്‍ക്ക് വേണ്ടി ഇണങ്ങിയും പിണങ്ങിയം നേതൃത്വത്തോട് സംസാരിക്കുന്ന കരുതല്‍. മനുഷ്യരുടെ വേദനകളെ ഉയര്‍ത്തിക്കാണിക്കുന്ന പച്ചയായ വാക്കുകള്‍. അഭിനയത്തിന്‍റെ പുറകുപ്പായമില്ലാത്ത സാധാരണക്കാരന്‍. പള്ളിക്കകവും പൊതുവേദിയും ഒരുപോലെ ജനങ്ങളുടെ ഇടയന്‍ എന്ന തലത്തില്‍ ശബ്ദമുയര്‍ത്തുന്ന പ്രവാചകന്‍പിതാവ് കടന്നുപോകുമ്പോള്‍ ബാക്കിവെയ്ക്കുന്നത് ഇത്തരം ചില ഓര്‍മ്മകളാണ്.

ചരിത്രത്തോടൊപ്പം നടക്കുമ്പോള്‍ അതിന്‍റെ ഗതിക്ക് എതിരെ നടക്കാന്‍ ചിലര്‍ക്കേ ആകു. അത്തരത്തിലൊരാള്‍ നമ്മുടെ പിതാവ് തമ്മില്‍ നിന്നും യാത്രയായി. സഭക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നമുക്ക് ദൈവത്തോട് നന്ദിയര്‍പ്പിക്കാം സ്വര്‍ഗത്തില്‍ ദൈവപിതാവിനോടൊപ്പം നമുക്ക് വേണ്ടി മാധ്യസ്ഥ്യം യാചിക്കുവാന്‍ യാത്രയായ വന്ദ്യ പിതാവിന്ഹൃദയത്തില്‍ നിന്നും സ്നേഹ നിര്‍ഭരമായ യാത്രാ മൊഴികള്‍

.(നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ 2020 മെയ് 3 ന് ഫേസ്ബുക്കിൽ കുറിച്ച വരികൾ )

നിങ്ങൾ വിട്ടുപോയത്