സ്ഥാപനവാക്യങ്ങൾക്ക് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനം

ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രം മാർപ്പാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എഴുത്തുകളിൽ പ്രധാനമായും പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ “സാക്രമെന്തും കാരിത്താത്തിസ്” (Sacramentum caritatis) എന്ന പ്രബോധനത്തിലാണ്. എന്നാൽ തന്റെ മുൻകാല നിരവധി ഗ്രന്ഥങ്ങളിൽ ദിവ്യകാരുണ്യ ദൈവശാസ്ത്രത്തെക്കുറിച്ച്‌ അദ്ദേഹം ധാരാളമായി എഴുതിയിട്ടുണ്ട്. “ഇതാ കുത്തിമുറിക്കപ്പെട്ടവൻ: ആത്മീയ ക്രിസ്തുദർശനം”, ആരാധനാക്രമത്തിന്റെ ആത്‌മാവ്‌”, “ദൈവം സമീപസ്ഥനാണ്”, “വിശ്വാസത്തിന്റെ തീർത്ഥാടക കൂട്ടായ്മ: സഭ എന്ന കൂട്ടായ്മ”, “വിശ്വാസത്തിന്റെ ഉത്സവം: ആരാധനാക്രമത്തിന്റെ ദൈവശാസ്ത്രം” തുടങ്ങിയ പുസ്തകങ്ങളിലാണ് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദിവ്യകാരുണ്യ ദൈവശാസ്ത്രം പ്രതിഫലിക്കുന്നത്.

സഭാപഠനങ്ങളുടെയും അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്റെയും പ്രൊഫസ്സർ ആയിരുന്നതുകൊണ്ട് മിക്കവാറും എല്ലാ ദൈവശാസ്ത്ര വിഷയങ്ങളിലും സഭാപരവും അദ്ധ്യാൽമികവുമായ വിഷയങ്ങളിലും ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും വിശുദ്ധകുർബ്ബാന എന്ന വിഷയം മാർപ്പാപ്പയുടെ കൃതികളിൽ കേന്ദ്രംസ്ഥാനം അലങ്കരിച്ചിരുന്നു.

ദൈവഭവനവും ദൈവജനവും വി അഗസ്റ്റിനോസിന്റെ കൃതികളിൽ എന്ന വിഷയത്തിലാണ് ബനഡിക്ട് മാർപ്പാപ്പ തന്റെ ഡോക്റ്ററൽ പ്രബന്ധം എഴുതിയത്. “Unus panis unum corpus sumus multi”: “അതായത് ഒരു അപ്പം കാരണം നമ്മൾ പലരാണെങ്കിലും ഒരു ശരീരമാണ്.” വി അഗസ്റ്റീനോസിന്റെ ദൈവശാസ്ത്രത്തിൽ നിന്നും ഉരുത്തിരിഞ്ഞ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ “ദിവ്യകാരുണ്യ സഭാവിജ്ഞാനീയം” (eucharistic eclesiology) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളിൽ പോലും പ്രതിഫലിക്കുന്നുണ്ട്.

വിശുദ്ധ കുര്ബാനയെക്കുറിച്ചുള്ള ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ എഴുത്തുകൾ പ്രധാനമായും അദ്ദേഹഹത്തിന്റെ ആരാധനാക്രമപരമായ ചിന്താധാരയിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. എന്നാൽ അവക്കെല്ലാം സഭാപഠനപരമായ പിൻബലവും അടിസ്ഥാനപരമായ ദൈവശാസ്ത്രത്തിന്റെ അടിത്തറയും ഉണ്ടായിരുന്നു. തത്തുല്യമാണ് സ്ഥാപനവാക്യങ്ങളെക്കുറിച്ചുള്ള ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ വ്യാഖ്യാനവും. സ്ഥാപനവാക്യങ്ങളെക്കുറിച്ചുള്ള ബനഡിക്ട് മാർപ്പാപ്പയുടെ വ്യാഖ്യാനം യഹൂദരുടെ ആരാധനാക്രമത്തിന്റെ പശ്ചാത്തലത്തിലും ദൈവത്തിനുള്ള ബലിയർപ്പണത്തിന്റെ പഴയനിയമ പാരമ്പര്യത്തിന്റെ വെളിച്ചത്തിലും ആണ് രൂപീകൃതമായത്. തനിമയാർന്ന ദൈവികവെളിപാടിന്റെ പൂർത്തീകരണമായി മാർപ്പാപ്പയുടെ ദർശനത്തിൽ ദിവ്യകാരുണ്യത്തെ ദർശിക്കാനാകും.

ആരാധനാക്രമത്തിൽ സ്ഥാപനവാക്യങ്ങളുടെ ആവശ്യകത

ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ദർശനമനുസരിച്ച് അന്ത്യ അത്താഴം മാത്രം മതിയാകില്ല ദിവ്യകാരുണ്യസ്ഥാപനത്തിന്. സ്ഥാപനവാക്യങ്ങൾ, ക്രിസ്തുവിന്റെ കുരിശിലെ മരണം, മരണത്തിന് കാരണമായ ക്രിസ്തുവിന്റെ സ്നേഹം, തുടങ്ങിയവയൊക്കെ ദിവ്യകാരുണ്യ സ്ഥാപനനത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. സ്ഥാപന വാക്യങ്ങൾ, കുരിശിലെ ക്രിസ്തുവിന്റെ മരണം, ഉത്ഥാനം തുടങ്ങിയവ ഒരുമിച്ചുപോകുന്നവയും അവ മൂന്നും ഒരുമിച്ച് ദിവ്യകാരുണ്യം രൂപീകരിക്കുകയും ചെയ്യുന്നു എന്നാണ് മാർപ്പാപ്പ പറയുന്നത്. ഇവ മൂന്നും പെസഹാരഹസ്യങ്ങളാണ്. ദിവകാരുണ്യർപ്പണത്തിൽ അതായത് വി കുർബാനയിൽ ഈ പെസഹാരഹസ്യങ്ങൾ നമ്മൾ അനുഭവിക്കുന്നു. പെസഹാരഹസ്യങ്ങളിൽ നിന്നുമാണ് വി കുർബാന ജനിക്കുന്നത്. അതുകൊണ്ട് വി കുർബാന ഒരു ഭക്ഷണം എന്നതിലുപരി വളരെ മഹത്തരവും അർത്ഥവത്തായതുമായ ഒരു രഹസ്യമാണ്. ദിവ്യകാരുണ്യം നൽകുന്നത് മരണത്തിന്റെ ഒരു മുന്നാസ്വാദനമാണ്.

മരണത്തിന്റെ മഹത്വം ദിവകാരുണ്യത്തിൽ സന്നിഹിതമാണ്. നമ്മൾ വി കുർബാന അർപ്പിക്കുമ്പോൾ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യം നമ്മെ വിസ്മയിപ്പിക്കണം. മരണത്തെ ഉത്ഥാനം മറികടന്നതുകൊണ്ട് നമ്മൾ മരണം കുർബാനയിൽ ആഘോഷിക്കുന്നത് ജീവിതത്തിന്റെ ഉത്സവമായാണ്. അതുവഴി കുർബാന ലോകത്തിന്റെ രൂപാന്തരീകരണമായും നമ്മൾ ഘോഷിക്കുന്നു. അതായത് കുർബാനയിൽ മരണം ഒരു ആഘോഷമാണ്. കാരണം ഉത്ഥാനം മരണത്തെ മറികടന്നിരിക്കുന്നു.

എല്ലാ സംസ്ക്കാരങ്ങളിലും എല്ലാ കാലഘട്ടത്തിലും മരണത്തെ നിഷ്പ്രഭമാക്കാനുള്ള ശ്രമങ്ങൾ മനുഷ്യരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഒരിക്കലും സംതൃപ്തമായ ഉത്തരം കിട്ടാത്ത മനുഷ്യരുടെ എല്ലാ ചോദ്യങ്ങളുടെ ചോദ്യം എന്ന് മരണത്തെ വിളിക്കാനാകും. ക്രൈസ്തവ ആഘോഷമായ വി കുർബാന അഥവാ ദിവ്യകാരുണ്യം ഈ ചോദ്യത്തിന്റെ ആഴത്തിൽ എത്തുകയും ഈ ചോദ്യത്തിന്റെ കാരണങ്ങളുടെ ആഴം കണ്ടെത്തുകയും മരണത്തെ മറികടക്കുന്ന ജീവിതത്തിന് വഴി തെളിക്കുകയും ചെയ്യുന്നു. വി കുര്ബാനയെക്കുറിച്ചുള്ള ഈ അർത്ഥത്തിലുള്ള പരമ്പരാഗതമായ വിശ്വാസം , അതായതു വി കുർബാന അർപ്പണമാണെന്നും ക്രിസ്തുവിന്റെ കുരിശിലെ സമർപ്പണത്തിന്റെ വർത്തമാനവൽക്കരണവും സാന്നിദ്ധ്യവൽക്കരണവും ദൃശ്യവൽക്കരണവും ആണെന്നും പഠിപ്പിക്കുന്നു.

വി കുർബാന ഒരു മുന്നാസ്വാദനം

ബനഡിക്ട് മാർപ്പാപ്പയുടെ വീക്ഷണത്തിൽ വി കുർബാന ക്രിസ്തുവിന്റെ മരണത്തിന്റെ ഒരു മുന്നാസ്വാദനവും മാനസികമായ നിറവേറലുമാണ്. അതിനർത്ഥം ക്രിസ്തുവിനും ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാർക്കും ക്രിസ്തുവിന്റെ സഹനത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും രഹസ്യം അനുഭവിക്കാനും മാനസികമായ നിറവേറലായി മുന്നാസ്വാദിക്കാനും അന്ത്യ അത്താഴവേളയിൽ അവസരമുണ്ടായി.

ക്രിസ്തു എങ്ങനെ മരണത്തെ വരിക്കുകയും അതിജീവിക്കുകയും ചെയ്തു എന്ന പ്രശസ്തനായ റുഡോൾഫ് ബുൾട്ടുമാന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് സ്ഥാപനവാക്യങ്ങൾ എന്നാണ് ബനഡിക്ട് മാർപ്പാപ്പ പറയുന്നത്. സ്ഥാപനവാക്യങ്ങൾ അന്ത്യ അത്താഴ വേളയിൽ ഉച്ചരിക്കുന്നതിലൂടെ ക്രിസ്തു മാനസികമായി മരണം വരിച്ചു എന്നും ബനഡിക്ട് മാർപ്പാപ്പ പറയുന്നു. സ്ഥാപന വാക്യങ്ങളിലൂടെ ക്രിസ്തു മാനസികപ്രവർത്തനമായി മരണത്തെ രൂപാന്തരപ്പെടുത്തി. അത് സ്നേഹത്തിന്റെ പ്രവൃത്തിയായിരുന്നു.

ക്രിസ്തു സ്വയം വിട്ടുകൊടുത്തതും സ്നേഹത്തിന്റെ പ്രവൃത്തിയായിട്ടായിരുന്നു. ബനഡിക്ട് മാർപ്പാപ്പ പറയുന്നു: “മരണം ഇല്ലാതെയുള്ള സ്ഥാപനവാക്യങ്ങൾ മൂല്യമില്ലാത്ത കറൻസി നോട്ടു പോലെയാണ്. സ്ഥാപനവാക്യമില്ലാത്ത മരണം പ്രത്യക്ഷമായ ലക്ഷ്യമില്ലാത്ത വധശിക്ഷ മാത്രമാണ്.”

ദേവാലയ-ദൈവശാസ്ത്രത്തിലും ഉടമ്പടി-ദൈവശാസ്ത്രത്തിലും അടിസ്ഥാനം

ദിവ്യകാരുണ്യ ദൈവശാസ്ത്രത്തിന്റെ ഉറവിടവും അടിസ്ഥാനവും യഹൂദരുടെ പരമ്പരാഗതമായ ദേവാലയ-ദൈവശാസ്ത്രവും ഉടമ്പടി ദൈവശാസ്ത്രവും ആണെന്ന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ പറയുന്നു. “ഇത് എന്റെ ശരീരമാണ് ; ഇത് എന്റെ രക്തമാണ്”, എന്ന ഈശോയുടെ വാക്കുകൾ ഇസ്രായേൽക്കാരുടെ ദൈവാലയ- ദൈവശാസ്ത്രത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട അർപ്പണ വസ്തുക്കളെയാണ് അത് ഓർമ്മിപ്പിക്കുന്നത്.

ഈശോ ദൈവാലയത്തിൽ അർപ്പിക്കപ്പെട്ട അർപ്പണവസ്തുക്കളെ തന്നെക്കുറിച്ച സൂചിപ്പിക്കാനും യാഥാർത്ഥവും പരാമവുമായ അ ർപ്പണം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കാനും ഉപയോഗിക്കുന്നു. പഴയനിയമത്തിലെ എല്ലാ അർപ്പണങ്ങളും ഈശോയുടെ അർപ്പണത്തിലൂടെ പൂർത്തീകരിക്കയും നിറവേറുകയും ചെയ്യുന്നുവെന്നും സൂചനയുണ്ട്. മൃഗങ്ങളെ ബലിയർപ്പിക്കുന്നത് ദൈവത്തിന് സത്യത്തിൽ സ്വീകാര്യമാകില്ല; കാരണം മൃഗങ്ങളെല്ലാം ദൈവസൃഷ്ടിയെന്ന നിലയിൽ ദൈവത്തിനു സ്വന്തമാണ്.

ദൈവത്തിന് സ്വന്തമായതിനെ മനുഷ്യൻ തന്റെ എന്നപോലെ ദൈവത്തിന് സമർപ്പിക്കുന്നതിൽ എന്ത് മഹിമയാണുള്ളത്. മനുഷ്യബലിയും ദൈവത്തിന് സ്വീകാര്യമാകില്ല, കാരണം മനുഷ്യർ എല്ലാവരും ദൈവസൃഷ്ടികളാണ്. ദൈവം ആവശ്യപ്പെടുന്നത് സ്നേഹത്തിന്റെ ബലിയാണ്.

സ്നേഹത്തിലൂടെ മനുഷ്യർ രൂപാന്തരപ്പെടുകയും മനുഷ്യർ ദൈവത്തെപ്പോലെ ആകുകയും ദൈവത്തെപ്പോലെ മനുഷ്യരെ സ്നേഹിക്കാൻ പ്രാപ്തരാകുകയും ചെയ്യ്യും. മനുഷ്യചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള ദൈവപ്രീതിക്കായുള്ള എല്ലാ അർപ്പണങ്ങളും വി കൃബാന എന്ന അർപ്പണത്തിൽ പൂർത്തീകരിക്കുകയും നിറവേറുകയും ചെയ്യുന്നു എന്നും ബനഡിക്ട് മാർപ്പാപ്പ പറയുന്നു. ദിവകാരുണ്യം എന്ന അർപ്പണത്തിലൂടെ ദൈവവുമായുള്ള മനുഷ്യന്റെ ഐക്യം ആണ് സാധിക്കുന്നത്.

ഈശോ മിശിഹാ മനുഷ്യരായ നമ്മെ ദിവ്യകാരുണ്യത്തിലൂടെ ദൈവവുമായി ഐക്യപ്പെടുത്തുന്നു. ദൈവവുമായി ഐക്യപ്പെടുത്തുക എന്ന സങ്കല്പം സീനായ് മലമുകളിൽ വച്ച് ദൈവം മോശയുടെ ജനത്തിനായി ഉണ്ടാക്കിയ ഉടമ്പടിയുടെ വെളിച്ചത്തിലും എ ഉടമ്പടി സങ്കൽപ്പത്തിൽ നിന്നുമാണ് സ്വീകരിച്ചിട്ടുള്ളത്.

സ്ഥാപനവാക്യങ്ങളും സഹനദാസന്റെ ഗീതവും

ഏശയ്യാ പ്രവാചകന്റെ പുസ്തകം അൻപത്തി മൂന്നാം അദ്ധ്യായത്തിലെ സഹനദാസന്റെ ഗീതത്തിൽ അടിസ്ഥാനമിട്ടതും അതിൽ ഉറവിടമുള്ളതുമാണ് ക്രിസ്തുവിന്റെ അന്ത്യ അത്താഴവിരുന്നിലും ദിവകാരുണ്യസ്ഥാപനനത്തിലും അവിടുന്ന് ഉരുവിട്ട സ്ഥാപനവാക്യങ്ങൾ എന്നും ബാൻഡിക്ട് മാർപ്പാപ്പ പറയുന്നു. “നിങ്ങൾക്ക് വേണ്ടി മുറിക്കപ്പെടുന്ന എന്റെ ശരീരം, അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തം” എന്ന ക്രിസ്തുവിന്റെ വാക്കുകൾ പഴയനിയമത്തിൽ സഹനദാസന്റെ വിലാപഗീതത്തിൽ ആദിരൂപമായി വായിക്കാനാകും. ബാബിലോണിയാക്കാർ യഹൂദ ദേവാലയം തകർത്തതും സത്യദൈവത്തോടുള്ള ആരാധനയും സ്തുതിയും അർപ്പണവും യഹൂദർക്ക് നിഷേധിക്കപ്പെട്ടതും ഏകദൈവത്തെ ആരാധിക്കുന്നതിൽ വിലക്കേർപ്പെടുത്തപ്പെട്ടതുമായ സഹിക്കുന്ന ഇസ്രയേലിന്റെ ചിത്രമാണ് സഹിക്കുന്ന ദാസനിൽ പ്രകടമാകുന്നത്. സഹനം അവർക്കു ആഘോഷമായ ദൈവാരാധയായി പരിണമിച്ചു. അത് സത്യദൈവത്തെ ആരാധിക്കാൻ വേണ്ടിയുള്ള സഹനവും ആരാധിക്കാനാകാത്തതിലുള്ള സഹനവും ആയിരുന്നു. സഹനത്തിന്റെ ദൈവശാസ്ത്രത്തിലും അർപ്പണത്തിന്റെ ദൈവശാസ്ത്രത്തിലും ഇസ്രായേൽ എന്ന ദൈവജനം ദൈവദാസരായിരുന്നു. അവരുടെ സഹനത്തിലൂടെ ദൈവം ലോകത്തെ താനുമായി അനുരഞ്ജനപ്പെടുത്തി. എന്നാൽ ഇതേ ഇസ്രായേൽ തന്നെ സ്വാർത്ഥരും പാപികളുമായി. അതുകൊണ്ടു ദൈവദാസരെന്ന നിയോഗവും നിലയും നിറവേറ്റാൻ ഇസ്രായേൽ ജനത്തിനായില്ല. എന്നാൽ ദൈവത്തിന്റെ നാവാകാനുള്ള അവരുടെ വിളി വേര്പെടുത്താനാകാത്തവിധം അവരിൽ നിലനിന്നു.

അന്ത്യ അത്താഴ വേളയിൽ ഈശോ ഇസ്രായേൽക്കാരുടെ ഈ സങ്കൽപം തന്നിലിൽ നിറവേറുന്നതായി പ്രഖ്യാപിക്കയാണ്. അതിനുതകുന്ന വാക്കുകളാണ് സ്ഥാപനവാക്യങ്ങളിലൂടെ ഈശോ ഉച്ചരിച്ചത്. അതായത് ഈശോ അനേകർക്കുവേണ്ടി സഹിക്കുന്നത് ഇസ്രായേൽക്കാരുടെയും ഇസ്രായേക്കാരിലൂടെയും നിറവേറേണ്ടിയിരുന്ന പ്രതീക്ഷകളെ പൂവണിയിക്കുന്നതിനുവേണ്ടിയാണ്. ഈശോയുടെ സഹനത്തിലൂടെ മഹത്തായതും അര്ഥവത്തായതുമായ ആരാധനാക്രമവും ആരാധനയും നടക്കുന്നു. അത് ദൈവികശുശ്രൂഷ ആണ്. അത് സകല മനുഷ്യർക്കും വേണ്ടിയുള്ള ആരാധനയാണ്. ഈശോയുടെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പൂർത്തീകരിക്കപ്പെട്ട ആരാധനയും ആരാധനാക്രമവും ആണിത്.

സ്ഥാപനവാക്യങ്ങളും പുതിയ ഉടമ്പടിയും

എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടി എന്ന പ്രയോഗമാണ് സ്ഥാപനവാക്യത്തിലെ മറ്റൊരു പ്രധാന വാക്യം. അത് പ്രവാചകനായ ജെറമിയായുടെ പുസ്തകം 33 -മത്തെ അദ്ധ്യായം വാക്യം 33 -നെ ഇത് ഓർമ്മപ്പെടുത്തുകയും സൂചിപ്പിക്കുകയും ചെയ്യുന്നു. ഈ പുതിയ ഉടമ്പടി പിതാവായ അബ്രാഹത്തിന്റെ ഉടമ്പടിയുടെ പാരമ്പര്യത്തിലാണ് ഉണ്ടായത്. പുതിയ ഉടമ്പടി ക്രിസ്തുവിന്റെ ഈ സഹനത്തിലും മരണത്തിലും വെളിവായ പുതിയ സ്നേഹവും പുതിയ ഹൃദയവും ആണ്. ക്രിസ്തുവിന്റെ മരണം പുതിയ ഉടമ്പടിയുടെ ഉദ്ഘാടനവും തിരിച്ചറിവും ആണ്. അത് ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു രക്തബന്ധവും ആണ്. സീനായ് മലമുകളിലെ ഉടമ്പടിയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഉടമ്പടിയാണിത്. യൂദായിലെയും ഇസ്രയേലിലെയും ജനങ്ങളുമായി ദൈവം ഒരു പിതിയ ഉടമ്പടി വെക്കുമെന്ന് ജെറമിയ പ്രവാചകന്റെ പുസ്തകത്തിൽ വായിക്കുന്നു (ജെറമിയ 31 :31). രക്തം തളിച്ചാണ് യഹോവ ഇസ്രയേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ ഉടമ്പടി ഉണ്ടാക്കിയത്. രക്തം ചിന്തിയും മരണം വഴിയും ഈശോ ദൈവവും മനുഷ്യനുമായി പുതിയ ഉടമ്പടിയും പുതിയ രക്തബന്ധവും പുതിയ കൂട്ടായ്മയും സ്ഥാപിച്ചു. ഈ ദുരന്തപൂര്ണമായ സംഭവം മറ്റെല്ലാ മതങ്ങളെയും മറികടക്കുന്ന മഹത്തായ രഹസ്യമാണ്. ഈ നിലവിളിയുടെ പ്രതികരണവും ഉത്തരവും ഇന്നും അന്ധകാരത്തിൽ നിലനിൽക്കുന്നു. തന്റെ മരണത്തിലൂടെ ക്രിസ്തു ദൈവത്തോടും മനുഷ്യരോടുമുള്ള തന്റെ സ്നേഹം പ്രകടമാക്കുമ്പോൾ അത് ദൈവത്തിനു മാത്രം സ്വീകരിക്കാവുന്ന അർപ്പണവും സ്നേഹവും സത്യസന്ധതയും ആയി ഭവിക്കുന്നു. വി കുർബാന ഉദയം ചെയ്തത് ഈ സത്യസന്ധതയിലും സ്നേഹത്തിലും സമർപ്പണത്തിലുമാണ്. വി കുർബാനയുടെ ഉറവിടം ഈ സ്നേഹവും സമർപ്പണവുമാണ്.

ഹാഗദാ പ്രാർത്ഥനയും വി കുർബാനയും

അർപ്പണം എന്ന ആശയം ദൈവത്തിൽ നിന്നുമാണ് വരുന്നത്. യോഹന്നാൻ 3 :16 -ൽ ദൈവം തന്റെ സ്വന്തം മകനെ നൽകാൻ തക്കവണ്ണം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു എന്ന് നമ്മൾ വായിക്കുന്നു. ക്രിസ്തു ഒരു സമ്മാനമോ അർപ്പണമോ മാത്രമല്ല. ക്രിസ്തു സഹിക്കുകയും സ്നേഹിക്കുകയും ദൈവസ്നേഹത്തിന്റെ പ്രകടമായ ഉപകരണമാകുകയും ചെയ്തു. സ്വയം ദാസനെപ്പോലെയായി നമ്മെ അവിടൂന്നു ദൈവവുമായി അനുരഞ്ജനപ്പെടുത്തി. (2 കോറി.5 :20 ). അൾത്താരയിൽ ദൈവത്തിനായി അർപ്പണം എത്തിക്കും മുൻപ് അനുരഞ്ജനം ആവശ്യമാണ്. (മത്താ .5 :23) ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് അന്വേഷിക്കുമ്പോൾ പിതാവായ അബ്രാഹത്തിന്റെ അർപ്പണമാണ് അർപ്പണത്തിന്റെ മാതൃകയും ആദിരൂപവും. നമ്മുടെ പാപഭാരം വഹിക്കുകയും നമ്മുടെ പാപക്കറ കഴികുക്കളയുകയും ചെയ്ത കുഞ്ഞാടാണ് ക്രിസ്തു. ദൈവത്തിന് നൽകപ്പെടുന്ന ഈ അർപ്പണം അതേസമയം നമ്മുടെ പ്രാർത്ഥനയും അനുസ്മരണവും കൂടിയാണ്. പെസഹാദിവസം കുടുംബനാഥൻ തങ്ങളുടെ കടന്നുപോകലിന്റെ ചരിത്രം വിവരിക്കുന്ന പരമ്പര്യം ഇസ്രായേൽക്കാർക്കിടയിൽ ഉണ്ട്. അത് ഈജിപ്തിൽ നിന്നും ദൈവം പൂർവികരെ രക്ഷിച്ചതിന്റെ ചരിത്രമാണ്. ദൈവസാന്നിധ്യം ആണ് ഇസ്രായേൽക്കാരെ അന്ന് നയിച്ചതും രക്ഷിച്ചതും. കടന്നുപോകലിന്റെ ഹഗദ ഇസ്രായേൽക്കാരുടെ ആരാധനാക്രമത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നു.

ക്രൈസ്തവ അര്രധനാക്രമത്തിൽ സ്ഥാപനവാക്യങ്ങളാണ് യൂദാറുടെ പെസഹായിലെ ഹഗദയുടെ സ്ഥാനത്ത്. അത് ഇസ്രായേൽക്കാർക്ക് നന്ദിയുടെ പ്രാർത്ഥന ആയിരുന്നു. ക്രൈസ്തവർക്കും അതുപോലെതന്നെ. സ്ഥാപകവാക്യങ്ങൾ ഹഗദ പോലെ പാപത്തിന്റെ മേൽ സ്നേഹം വിജയിച്ചതിന്റെ പ്രഖ്യാപനവും ഓർമ്മ ആചരണവും ആണ്.

“എല്ലാവർക്കുമായി” അതോ “അനേർകർക്കുവേണ്ടിയോ?

“”എല്ലാവർക്കുമായി” ചിന്തപ്പെടുന്ന എന്റെ രക്തം എന്നാണോ “അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്ത” എന്നാണോ സ്ഥാപനവാക്യങ്ങളിൽ ചൊല്ലേണ്ടത് എന്നൊരു ചർച്ച സ്വാഭാവികമായും സാധ്യമാണ്. മാതൃഭാഷയിലേക്ക് തർജ്ജിമ ചെയ്യുമ്പോൾ ഉദ്ദേശിക്കുന്ന അർത്ഥം ലഭിക്കുന്ന തർജ്ജിമ “എല്ലാവർക്കുമായി” എന്നാണ്. ഗ്രീക്ക് പുതിയ നിയമത്തിൽ തർജ്ജിമ ചെയ്തിരിക്കുന്നത് “അനേകർക്കുവേണ്ടി ” എന്നാണ്. തര്ജിമയിലെ ഈ വ്യത്യാസം കുറെയെല്ലാം അസ്വസ്ഥതകൾ ഉളവാക്കിയിട്ടുണ്ട്. ക്രിസ്തു എല്ലാവർക്കുമായിട്ടാണ് മരിച്ചതെന്നത് തർക്കമില്ലാത്ത വിശ്വാസസത്യമാണ്. ഏതെങ്കിലുമൊരു ദേശത്തെ മനുഷ്യർക്കുവേണ്ടിയോ ഏതെങ്കിലുമൊരു വിഭാഗത്തിനുവേണ്ടിയോ അല്ല ക്രിസ്തു മരിച്ചത്. താൻ സൃഷ്ട്ടിച്ച എല്ലാവരെയും ദൈവം സ്നേഹിക്കുന്നു. അതുകൊണ്ടു ക്രിസ്തു മരിച്ചത് എല്ലാവർക്കും വേണ്ടിയാണ് (റോമാ.8 :32 ; 2 കോറി 5 :14 ; 1 തിമോ 2 :6). എല്ലാവർക്കും വേണ്ടിയുള്ള മോചനദ്രവ്യമായി ക്രിസ്തു മരിച്ചു. ക്രിസ്തുവിന്റെ രക്തം എല്ലാവര്ക്കും വേണ്ടി ചിന്തപ്പെട്ടതാണെന്നാണ് ആരാധനാക്രമത്തിൽ നമ്മൾ പ്രഖ്യാപിക്കുന്നത്. എന്നാൽ പതിനേഴാം നൂറ്റാണ്ടിൽ ക്രിസ്തു എല്ലാവര്ക്കും വേണ്ടിയല്ല മരിച്ചത് എന്നൊരു ചിന്താധാര വളർന്നുവന്നു. അത് സഭയുടെ വിശ്വാസ പാരമ്പര്യത്തിന് എതിരായിരുന്നു.

ഈശോ എല്ലാവര്ക്കും വേണ്ടിയാണ് മരിച്ചതെങ്കിലും ദൈവം ആരുടേയും രക്ഷ നിർബന്ധിച്ചു നൽകില്ല. മനുഷ്യർക്ക് വാഗ്ദാനം ചെയ്യപ്പെട്ട രക്ഷ നിരസിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യർക്കുണ്ട്. അതുകൊണ്ടു “എല്ലാവര്ക്കും വേണ്ടി ” എന്ന് പറയുന്ന ഫോർമുലയിലും “അനേകർക്ക്‌ വേണ്ടി ” എന്ന് പറയുന്ന ഫോര്മുലയിലും സത്യമുണ്ട്. ഈ രണ്ടു ഫോർമുലയും പരിപൂർ ണ്ണമല്ല. ദൈവം എല്ലാവര്ക്കും രക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ രക്ഷ നിരസിക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ട്. അതുകൊണ്ടു നമുക്ക് പരിചിന്തനം ചെയ്യാവുന്നതേയുള്ളൂ, “എല്ലാവര്ക്കും വേണ്ടി” എന്ന പ്രയോഗം എടുക്കുന്നതും അങ്ങനെ തർജ്ജിമ ചെയ്യുന്നതും അർത്ഥപൂർണ്ണമാണോ എന്ന് . ഇത്തരം സാഹചര്യത്തിൽ ബനഡിക്ട് മാർപ്പാപ്പ നിര്ദേശിക്കുന്നതും ഇഷ്ടപ്പെടുന്നതും “അനേകർക്കുവേണ്ടി” എന്ന മൂലഭാഷയോട് കൂടുതൽ സദൃശപ്പെടുന്ന തർജ്ജിമ എടുക്കുന്നതിനോടാണ്.

“എന്റെ ഓർമ്മക്കായി ചെയ്യുവിൻ

“”ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ ” എന്ന് ആഹ്വാനം ചെയ്യുന്നതിലൂടെ ക്രിസ്തു ആരാധനാക്രമപരമായ വസ്ത്രങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ചടങ്ങുകളും ഉദ്ദേശിച്ചില്ല എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ലെന്ന് ബനഡിക്ട് മാർപ്പാപ്പ പറയുന്നു. കത്തോലിക്കാ വിശ്വാസമോ കത്തോലിക്കാ ദൈവശാസ്ത്രമോ അല്ല അത്തരം ചിന്തകൾ. പ്രൊട്ടസ്റ്റന്റ് ചിന്തകളും പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രവും ആണത്. കത്തോലിക്കാ ദൈവശാസ്ത്രത്തിൽ ആരാധനക്രമ പാരമ്പര്യങ്ങൾക്ക് അതിന്റെ ഗാനങ്ങൾ , പ്രാർത്ഥനകൾ, വസ്ത്രങ്ങൾ, ആചാരങ്ങൾ അനുഷ്ഠാനങ്ങൾ തുടങ്ങിയവയോടു കൂടിയുള്ള പാരമ്പര്യങ്ങൾക്ക് അതിയായ സ്ഥാനമുണ്ട്. ഒരു ഭക്ഷണമോ അത്താഴമോ മാത്രമല്ല ഈശോ ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്ന് പറഞ്ഞപ്പോൾ ഉദേശിച്ചത്. ക്രിസ്തുവിന്റെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോഴെല്ലാം തന്റെ ഓർമ്മക്കായി ചെയ്യുവാനാണ് ക്രിസ്തു ആഹ്വാനം ചെയ്തത്. അത്തരമൊരു ഭക്ഷണം ക്രിസ്തുവിന്റെ നാമത്തിൽ ഒരുമിച്ചു കൂടുമ്പോഴെല്ലാം സാധ്യമായിരുന്നില്ല. കാരണം ക്രിസ്തു “ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ” എന്ന് പറഞ്ഞത് യഹൂദരുടെ വർഷത്തിൽ ഒരിക്കൽ മാത്രം ആഘോഷിക്കപ്പെടുകയും ആചരിക്കപ്പെടുകയും ചെയ്സതിരുന്ന പെസഹഭക്ഷണത്തോടു കൂടിയാണ്. ഒരിക്കൽ മാത്രം ആചരിക്കപ്പെടുന്ന പെസഹാ ഭക്ഷണത്തോടൊപ്പം അന്ത്യ അത്താഴം കഴിച്ച ഈശോ “ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ” എന്ന് പറഞ്ഞത് വർഷത്തിൽ ഒരിക്കൽ മാത്രം ഒരുമിച്ചു കൂടാൻ ആയിരുന്നില്ല. ഒരുമിച്ചു കൂടുമ്പോഴൊക്കെ ഇത് അനുഷ്ഠിക്കാൻ ആയിരുന്നു.

അതായത് വർഷത്തിൽ ഒരിക്കൽ അനുഷ്ഠിച്ചിരുന്ന ഇസ്രായേൽക്കാരുടെ ആരാധനാക്രമത്തിന്റെ പശ്ച്ചത്തലത്തിൽ ക്രിസ്തു ഒരു പുതിയ ആരാധനക്രമം സ്ഥാപിച്ചു. അത് അനുഷ്ഠിക്കാനും ഘോഷിക്കാനുമായി ക്രിസ്തു ക്രൈസ്തവമായ ഒരു പുതിയ രൂപവും ഭാവവും നൽകിയില്ല. ആദിമ സഭയിൽ ക്രിസ്തു സ്ഥാപിച്ച ഈ പുതിയ ആരാധനക്രമം അനുഷ്ടിച്ചിരുന്നത് കുടുംബത്തിലോ കുടുംബങ്ങൾ കൂടുന്നിടത്തോ ആയിരുന്നു. ക്രമേണ ആരാധനാക്രമത്തിൽ റീത്തുകളും അനുഷ്ഠാനങ്ങളും ആചാരങ്ങളും രൂപപ്പെട്ടു. അതുകൊണ്ടു ആരാധനാക്രമപരമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വസ്ത്രങ്ങളും പ്രാർത്ഥനകളും ഗാനങ്ങളും ക്രൈസ്തവ ആരാധനയുടെ ഭാഗം തന്നെയാണ്. അത് സഭയുടെ പാരമ്പര്യവും സഭയിൽ വളർന്നുവന്ന പാരമ്പര്യവും ആണ്. ക്രൈസ്തവ ആരാധനയും ക്രൈസ്തവ ആരാധനാക്രമവും ഒരു പെസഹാ ഭക്ഷണം മാത്രമായിരുന്നില്ല. പെസഹാ ഭക്ഷണ നേരത്ത് സ്ഥാപിച്ച പെസഹാ രഹസ്യങ്ങളുടെ ആഘോഷമായിരുന്നു.

ക്രിസ്തുവിന്റെ ശിഷ്യന്മാർ “ഓർമ്മക്കായി ചെയ്തത് പെസഹാ ഭക്ഷണം ആയിരുന്നില്ല; ക്രിസ്തുവിനോടൊത്തുള്ള അവസാന പെസഹഭക്ഷണത്തിന്റെയും ക്രിസ്തുവിന്റെ സഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും അനുസ്മരണവും ആയിരുന്നു. പെസഹാ രഹസ്യങ്ങളുടെ അനുസ്മരണം ആയിരുന്നു അത്. ഇന്ന് ദിവകാരുണ്യ ബലിയർപ്പണം അഥവാ വി കുർബാനയർപ്പണം ഒരു അനുസ്മരണവും ഒരു ഓർമ്മപ്പെടുത്തലുമാണ്.

യഹൂദരുടെ ആരാധനാക്രമത്തിലെ സ്തുതിപ്പിന്റെ പ്രാർത്ഥയിൽ നിന്നുമാണ് “യുക്കരിസ്റ്റിക് പ്രയേഴ്സ്” അഥവാ “അനാഫൊറകൾ” രൂപീകൃതമായത് എന്നും ബനഡിക്ട് മാർപ്പാപ്പ എഴുതുന്നു. ആരാധനാക്രമത്തിന്റെ ഹൃദയ ഭാഗമാണ് “യുക്കറിസ്റ്റിക് പ്രയേഴ്സ്”. നമ്മുടെ സഹനവും, നമ്മുടെ സ്നേഹവും, ആവശ്യങ്ങളും പ്രതീക്ഷകളും ഈ പ്രാർത്ഥനകളിൽ പ്രതിഫലിക്കുന്നുണ്ട്.(“rationabile obsequium”) സ്ഥാപന വാക്യങ്ങളോ, മരണമോ അതോ ഇവ രണ്ടും ഒരുമിച്ചോ ക്രിസ്തുവിൽ വെളിവായ ദൈവത്തിന്റെ ഒരിക്കലും അവസാനിക്കാത്തതും നിത്യവുമായ സ്നേഹത്തിന്റെ രഹസ്യം പ്രകടിപ്പിക്കാൻ പര്യാപ്തമല്ല. ഉത്ഥാനവും അതുവഴിയുണ്ടാകുന്ന നവജീവിതവും അത്യാവശ്യമാണ് ഈ സ്നേഹം പൂർണ്ണമാകാനും നിറവേറാനും . അതുകൊണ്ട് വിശുദ്ധ കുർബാന അതായത് ദിവ്യകാരുണ്യം ഒരു ഭക്ഷണം മാത്രമല്ല. പെസഹാ രഹസ്യങ്ങളുടെ ഒരു അനുസ്മരണവും കൂടിയാണ് വി കുർബാന. സ്ഥാപക വാക്യങ്ങൾ പ്രകടമാക്കുന്നത് പെസഹാ രഹസ്യങ്ങളുടെ ഒരു മുന്നനുഭവവും ആന്തരികവും മാനസികവുമായ പൂർത്തീകരണവും നിറവേറലും ആണ്.

പുതിയ ദൈവദാസന്റെ പുതിയ സമർപ്പണവും പുതിയ ഉടമ്പടിയും ആണിത്. വി കുർബാന ഒരു പുതിയ ദേവാലയ-ദൈവശാസ്ത്രവും പുതിയ ഹഗദയും ആണ്.

ഡോ ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

നിങ്ങൾ വിട്ടുപോയത്