ഇന്ന് ജനുവരി 27 പാലാ ബിഷപ്പും സീറോ മലബാർ സഭയിലെ അൽമായ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ജന്മദിനം.

സീറോ മലബാർ സഭയെ സംബന്ധിച്ചിടത്തോളം ബിഷപ്പ് മാർ കല്ലറങ്ങാട്ട് കത്തോലിക്കാ സഭയിലെ ആത്മീയാചാര്യന്മാരുടെ ഇടയിൽ തന്റേതായ സാന്നിധ്യം വളരെ ശാന്തമായും അതേ സമയം ശ്രദ്ധേയമായും എപ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ്.ശാന്തതയുടെയും സമാധാനത്തിന്റെയും പ്രതീകമായി അദ്ദേഹത്തിന്റെ സാന്നിധ്യം സീറോ മലബാർ സഭയിൽ സംജാതമാണ്.

ആരാധനാക്രമ വിവാദം സഭയിൽ ഉണ്ടായിരിക്കുമ്പോൾ തന്നെ വിശുദ്ധ കുർബാന കേന്ദ്രീകൃതമായ കുടുംബങ്ങൾ രൂപപ്പെടുത്തി പാലാ രൂപതയിൽ ജീവന്റെ സുവിശേഷം ജീവിതത്തിൽ പകർത്താൻ മാർ കല്ലറങ്ങാട്ട് ലക്ഷ്യമിടുന്നു.സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ ജീവന്റെ സംരക്ഷണത്തിന്റെയും കുടുംബ ശാക്തീകരണ ശുശ്രൂഷകളുടെയും പിറകിലുള്ള ഊർജസ്രോതസ്സ് ആയ പിതാവ് മഹനീയ മാതൃത്വവും കെട്ടുറപ്പുള്ള കുടുംബങ്ങളും ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് കരുതുന്നു.സങ്കീർണ്ണമായ പ്രശ്നങ്ങളുടെ പരിഹാരകൻ എന്ന് പേരെടുത്തിട്ടുള്ള കല്ലറങ്ങാട്ട് പിതാവിന്റെ സേവനങ്ങൾ ആഗോള കത്തോലിക്കാ സഭയ്ക്ക് ഇനിയും ആവശ്യമാണ്.

വിശ്വാസ സമൂഹത്തെ സത്യങ്ങൾ ബോധ്യപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ധൈര്യവും സാമൂഹികവും പൊതുപരവുമായ നിരവധി വിഷയങ്ങളിൽ വ്യക്തതയോടെ സംസാരിക്കുന്നതിനുള്ള കഴിവും പൊതുസമൂഹം അംഗീകരിച്ചിട്ടുള്ളതാണ് .ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസ ഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉള്‍ക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി അദ്ദേഹം നില കൊള്ളുന്നു.സഭയിലെ വിഖ്യാത ദൈവശാസ്ത്രജ്ഞൻ എന്ന് പേരെടുത്തിട്ടുള്ള അദ്ദേഹം നമ്മുടെ സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര വിഷയങ്ങളിൽ അവസാന വാക്കായും വിദഗ്‌ദ്ധനായും കണക്കാക്കപ്പെടുന്നു.

സഭയിൽ പ്രോത്സാഹനത്തിന്റെയും സമന്വയത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും കരുതലിന്റെയും ആദ്ധ്യാത്മികത കുടുംബങ്ങളിലും സമൂഹത്തിലും വേണമെന്ന് അദ്ദേഹം നിഷ്കർഷിക്കുന്നു.ആഗോളതലത്തിൽ അറിയപ്പെടുന്ന ബൈബിൾ പണ്ഡിതനും സ്വന്തം നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ദൈവശാസ്ത്രജ്ഞനുമായ മാർ കല്ലറങ്ങാട്ട് റോമിലെ ബിഷപ്പ്‌സ് സിനഡിന്റെ സമയത്ത്, സിനഡിന്റെ ചർച്ചകൾക്കിടയിലുള്ള തർക്കത്തിന്റെ ദൈവശാസ്ത്രപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാർപ്പാപ്പ നിയമിച്ച മൂന്നംഗ ട്രിബ്യൂണലിൽ അംഗമായിരുന്നു.നസ്രാണി പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ നിരന്തര ശ്രദ്ധ പുലർത്തുന്ന സഭാപിതാവാണ്‌ മാർ കല്ലറങ്ങാട്ട്.

വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യങ്ങള്‍, ആഴമേറിയ ഉള്‍ക്കാഴ്ച, കഠിനാദ്ധ്വാനശീലം, ഉന്നതമായ ചിന്താശൈലി,സമഭാവന, ആര്‍ദ്രത, ജീവിത ലാളിത്യം,വീക്ഷണങ്ങളിലെ വ്യക്തത,പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേര്‍ന്ന് ഇഴപാകിയ സംസ്‌ക്കാര വൈജാത്യമുള്ള സഭാ പിതാവായി പാലാ രൂപതയെ അദ്ദേഹം വിശുദ്ധമായ വഴികളിൽക്കൂടി നയിക്കുന്നു.

2016 സെപ്തംബർ 05 മുതൽ 11 വരെ ഉക്രൈയ്ൻ സഭാ സിനഡിൽ മേജർ ആർച്ച് ബിഷപ്പിന്റെ പ്രതിനിധിയായി സീറോ മലബാർ സഭയെക്കുറിച്ചുള്ള ആധികാരികമായ പ്രബന്ധം അദ്ദേഹം അവതരിപ്പിച്ചു.ആഗോള കത്തോലിക്കാ സഭയിൽ ബിഷപ്പ് കല്ലറങ്ങാട്ട് സഭാശാസ്ത്രത്തിലും പൗരസ്ത്യ ദൈവശാസ്ത്രത്തിലും ഒരു ആധികാരിക പണ്ഡിതനായി കണക്കാക്കപ്പെടുന്നു.സഭാശാസ്ത്രവും പൗരസ്ത്യ ദൈവശാസ്ത്ര പഠനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം 40 പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

ബിഷപ്പ് കല്ലറങ്ങാട്ട് മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ജർമ്മൻ, ഇറ്റാലിയൻ ഭാഷകളും സംസാരിക്കും. പുരാതന കിഴക്കൻ സുറിയാനി ഭാഷയിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.നിലവിൽ, സീറോ മലബാർ സിനഡൽ കമ്മീഷൻ ലൈയ്റ്റി ചെയർമാനും,വൈദിക സെമിനാരികൾക്ക് വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ അംഗവുമാണ്. കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ ലേബർ കമ്മീഷൻ വൈസ് ചെയർമാനുമായി ബിഷപ്പ് കല്ലറങ്ങാട്ട് പ്രവർത്തിക്കുന്നു.ആഗോള കത്തോലിക്കാ സഭാ സൈദ്ധാന്തിക മേഖലയിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.

നട്ടെല്ല് വളയ്ക്കാതെ അജഗണങ്ങളെ കാത്തുസംരക്ഷിക്കുന്ന ഇടയൻ.പാവങ്ങൾക്ക് വേണ്ടി കരുതലെടുക്കുന്ന സ്നേഹം ചൊരിയുന്ന ഇടയൻ.കുടുംബങ്ങളുടെ പിതാവ് എന്ന് അദ്ദേഹത്തെ വിളിക്കുന്നത് പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക്‌,ജീവൻ സംരക്ഷണത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം കൊണ്ടാണ്.ആധുനിക യുഗത്തിൽ ലോകത്തിന്റെ നേട്ടങ്ങൾക്കായി അധികം വ്യഗ്രതപ്പെടാതെ ദൈവഹിതം അന്വേഷിച്ചു മുൻപോട്ടു പോകുന്ന മാർ കല്ലറങ്ങാട്ടിന്റെ ആത്മീയ നേതൃത്വമാണ് പാലാ രൂപതയെ വിശുദ്ധ ജീവിതങ്ങളുടെ ഭൂമിയാക്കി മാറ്റുന്നത്.

Mar Joseph Kallarangatt

പ്രളയങ്ങളിലും,ഉരുൾപൊട്ടലിലും,ഭവനങ്ങൾ നഷ്ടപ്പെട്ടുപോയ ജനങ്ങൾക്ക് ഭവനങ്ങൾ പണിയുന്ന തിരക്കി ലാണ് കല്ലറങ്ങാട്ട് പിതാവ്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് ജന്മദിന ആശംസകൾ.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്