സിബിഐ യുടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആര് പരിഹാരം ചെയ്യും?
അഭയ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതർ നേരിട്ട മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് വിശദമാക്കുന്ന ലേഖനം. ദീപിക പത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ചത് (10.2.2023).
അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത അഡ്വക്കേറ്റ് സിസ്റ്ററുടെ തകർപ്പൻ പ്രസംഗം|SISTER ABHAYA CASE|കേൾക്കുക
നിയമത്തിനും നീതിക്കും നിരക്കാത്തതും മനുഷ്യത്വരഹിതവുമാണ് അഭയ കേസിലെ സിബിഐ ഇടപെടലുകൾ എന്ന് ഒരിക്കൽക്കൂടി വ്യക്തമാവുകയാണ്. മനഃസാക്ഷിക്കു നിരക്കാത്ത കള്ളക്കഥകൾ എഴുതിയുണ്ടാക്കി അതു സ്ഥാപിച്ചെടുക്കാൻ നിയമവിരുദ്ധമായ വഴികൾ സ്വീകരിച്ച ഇത്തരമൊരു അന്വേഷണ ഏജൻസി ലോകത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ? അഭയ കേസിൽ കുറ്റാരോപിതർ കുറ്റക്കാരാണ് എന്ന് ഏകപക്ഷീയമായി സിബിഐ കോടതി വിധി പ്രസ്താവിച്ചപ്പോൾ പ്രഗത്ഭരായ മുൻ ന്യായാധിപർ ഉൾപ്പെടെ നിരവധിപേർ രംഗത്തു വന്നിരുന്നു. ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനൽവിധി മുമ്പുണ്ടായിട്ടുണ്ടോ എന്നു തനിക്കു സംശയമാണ് എന്നാണ് അറിയപ്പെടുന്ന ഒരു മുൻ ഹൈക്കോടതി ജഡ്ജി ആ വിധിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവുകളും തെറ്റായി എഴുതിയ വിധിയുമാണ് അതെന്നും അദ്ദേഹം പരസ്യമായി പറയുകയുണ്ടായി.
സിബിഐയുടെ വാദങ്ങൾ പൊളിയുന്നു
2020 ഡിസംബറിനു ശേഷം, 2023 ഫെബ്രുവരിയിൽ അഭയ കേസ് സംബന്ധിച്ച മറ്റൊരു വിധിപ്രസ്താവംകൂടി ചർച്ചയാകുമ്പോൾ അവിടെ തകർന്നടിയുന്നത് സിബിഐയുടെ വാദഗതികളും കണ്ടെത്തലുകളും മുഴുവനോടെയാണ്. കാരണം, സിബിഐ ഭാവനയിൽ മെനഞ്ഞ കുറ്റപത്രത്തിന്റെ അടിത്തറ പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം ആയിരുന്നു. അതു സ്ഥാപിക്കാൻ സിബിഐക്കു മുന്നിലുണ്ടായിരുന്ന ഏകവഴി കുറ്റാരോപിതയായ സന്യാസിനി കന്യകയല്ല എന്നു സ്ഥാപിക്കുകയായിരുന്നു. അതിനാണ് അവർ നിയമവിരുദ്ധമായ കന്യകാത്വപരിശോധന നടത്താൻ തീരുമാനിച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാൽ സന്യാസിനി അതിനുപോലും വഴങ്ങുകയും പരിശോധനയ്ക്കു വിധേയയാവുകയും ചെയ്തു. അതേസമയം, പരിശോധനയിൽ സന്യാസിനി കന്യകയാണ് എന്നു തെളിഞ്ഞത് സിബിഐക്കു തിരിച്ചടിയായി. എന്നാൽ, അവിടെയും തോൽവി സമ്മതിക്കാതെ അടുത്ത ട്വിസ്റ്റ് തങ്ങളുടെ തിരക്കഥയിൽ അവർ എഴുതിച്ചേർത്തു. അതായിരുന്നു ഹൈമനോപ്ലാസ്റ്റി.
കുറ്റാരോപിതയായ സന്യാസിനി കന്യാചർമം കൃത്രിമമായി വച്ചുപിടിപ്പിച്ചതാണ് എന്ന വാദമാണ് സിബിഐ ഉദ്യോഗസ്ഥർ പിന്നീടുയർത്തിയത്. അല്ലാത്തപക്ഷം, ഒന്നര പതിറ്റാണ്ടിലേറെ സമൂഹത്തെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ച കെട്ടുകഥകൾ കളവാണെന്നു സമ്മതിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനാൽ, അക്കാലഘട്ടത്തിൽ കേട്ടുകേൾവി പോലും ഇല്ലാതിരുന്ന, ചില വിദേശരാജ്യങ്ങളിൽ മാത്രം ചെയ്യാൻ കഴിയുന്ന അത്തരമൊരു സർജറി അവർ ചെയ്തു എന്ന് സിബിഐ പ്രചരിപ്പിച്ചു. എന്നാൽ, എവിടെവച്ചു ചെയ്തെന്നോ, ആരു ചെയ്തെന്നോ കണ്ടെത്താനോ വിശദീകരിക്കാനോ അവർക്കു കഴിഞ്ഞതുമില്ല. ഒരിക്കലും വിദേശത്തെവിടെയും പോയിട്ടില്ലാത്ത ഒരു വ്യക്തി, അക്കാലത്ത് വിദേശരാജ്യങ്ങളിൽ മാത്രം ചെയ്യാൻ കഴിയുന്ന ഒരു സർജറി ചെയ്തു എന്ന വാദത്തെ യാതൊരു തെളിവുകളുമില്ലാതെ അംഗീകരിച്ചുകൊണ്ടുകൂടിയാണ് സിബിഐ കോടതി പ്രസ്തുത സന്യാസിനിയെ സംശയലേശമന്യേ കുറ്റക്കാരിയാക്കി വിധിയെഴുതിയത്.
കന്യകാത്വപരിശോധന എന്ന നിയമവിരുദ്ധപ്രവൃത്തി
അക്കാലത്ത് എറണാകുളം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. രമ, ഡോ. ലളിതാംബിക എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന കന്യകാത്വപരിശോധനയെയും തുടർന്നുണ്ടായ വഴിത്തിരിവുകളെയും ശക്തമായി അപലപിച്ചുകൊണ്ട് പിന്നീട് പ്രഗത്ഭരായ ഫോറൻസിക് സർജന്മാർ തന്നെ മുന്നോട്ടു വന്നിട്ടുള്ളതാണ്. മെഡിക്കൽ എത്തിക്സിനും ഇന്ത്യയുടെ ഭരണഘടനയ്ക്കും നിരക്കാത്ത ഹീനമായ കുറ്റകൃത്യമാണു നടന്നത് എന്ന തിരിച്ചറിവിനൊപ്പം ചതിയായിരുന്നു സിബിഐ ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യമെന്നു മനസിലായതുകൊണ്ടുമാണ് 2009ൽ കുറ്റാരോപിതയും ഒപ്പം സിബിഐ ഗൂഢാലോചനയുടെ ഇരയുമായ സന്യാസിനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പിന്നീടുള്ള പതിനാലു വർഷം ഇതേ കാരണങ്ങളാൽത്തന്നെ ലോകചരിത്രത്തിൽ ഏറ്റവുമധികം പൊതുസമൂഹത്തിൽ അവഹേളിക്കപ്പെടുകയും കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയും ജീവിതം പൂർണമായി കൈവിട്ടുപോവുകയും ചെയ്തിട്ടും ആ സന്യാസിനി മനോബലത്തോടെ നിലകൊണ്ടു എന്നുള്ളതു വലിയൊരു അദ്ഭുതമാണ്. ആ ആത്മവിശ്വാസവും മനോബലവും അവരുടെ നിരപരാധിത്വത്തിന്റെയും ആഴമുള്ള ആത്മീയതയുടെയും സാക്ഷ്യം കൂടിയാവുകയാണ്.
ആധുനിക ലോകചരിത്രത്തിൽ പരിഷ്കൃതസമൂഹങ്ങളിൽ ഒരു സ്ത്രീയും അനുഭവിച്ചിട്ടില്ലാത്ത കടുത്ത അവഹേളനമാണു കുറ്റാരോപിതയായ ആ സന്യാസിനി നേരിട്ടത്. അതിനു കാരണമായത് സിബിഐയുടെ നിയമവിരുദ്ധമായ നീക്കങ്ങളും. കഴിഞ്ഞ പതിനഞ്ചു വർഷമായി നിരവധിപ്പേർ ഈ വിഷയം ചൂണ്ടിക്കാണിക്കുകയും സിബിഐയുടെ രീതികളെയും നിലപാടിനെയും വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, വാസ്തവം മനസിലാക്കിയിട്ടും സിബിഐയുടെ അധാർമികത വ്യക്തമായിട്ടും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർക്കുവേണ്ടി സംസാരിക്കാൻ മുഖ്യധാരാ മാധ്യമങ്ങളും പ്രമുഖരായ മാധ്യമ – മനുഷ്യാവകാശ – സാംസ്കാരിക പ്രവർത്തകരും തയാറായില്ല.
മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധം
ഓൺലൈൻ മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും കടന്നുവരവോടെ സാമാന്യയോഗ്യതയോ ക്വാളിറ്റിയോ ഇല്ലാത്ത, വഴിയേ പോയവരെല്ലാം മറ്റു വിവാദവിഷയങ്ങളേക്കാൾ പ്രാമുഖ്യം കൊടുത്ത് അഭയ കേസ് വീണ്ടും വീണ്ടും ചർച്ചയ്ക്കു മുന്നോട്ടു വച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ട കൃത്രിമമായ ഒരു പൊതുബോധം സിബിഐക്കു താത്കാലികമായി ഗുണംചെയ്തു എന്നു കരുതാം. എന്നാൽ, ഇതുപോലെ സമൂഹത്തിൽ രൂപപ്പെടുന്ന അബദ്ധധാരണകൾ കോടതിവിധികളെപ്പോലും സ്വാധീനിക്കുന്നു എന്നുള്ളതു തികച്ചും ദൗർഭാഗ്യകരവും അപകടകരവുമാണ്. കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും മുമ്പേ സഞ്ചരിക്കുന്ന മാധ്യമ – നവമാധ്യമ പ്രവർത്തകർ കേസിനെയും അന്വേഷണത്തെയും വിധിയെയും പോലും വഴിതെറ്റിക്കുകയും വൈകിക്കുകയും ചെയ്യുന്നു എന്നുള്ളതിനും അഭയ കേസ് ദൃഷ്ടാന്തമാണ്.
അഭയ കേസിന്റെ ചരിത്രത്തിൽ ഏറ്റവുമൊടുവിൽ വന്ന ആ വിധിക്ക് ആസ്പദമായ കന്യകാത്വപരിശോധനയ്ക്കു പതിനഞ്ച് വർഷത്തിനുശേഷമാണ് യുക്തമായ ഒരു കോടതി ഇടപെടൽ ഉണ്ടാകുന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം എഡ്വേർഡ് ഗ്ലാഡ്സ്റ്റണിന്റെ വിഖ്യാതമായ ഒരു വാചകമുണ്ട്, Justice delayed is justice denied എന്നാണത്. വൈകിവരുന്ന നീതി, നീതിനിഷേധംതന്നെയാണ് എന്ന് അദ്ദേഹം പറയുന്നു. മുപ്പതു വർഷങ്ങൾക്കിപ്പുറവും അഭയ കേസിൽ പ്രതികളാക്കി ചിത്രീകരിക്കപ്പെട്ടവർക്ക് അവർ അർഹിക്കുന്ന നീതി ലഭിച്ചിട്ടില്ല എന്നുകൂടി പരിഗണിക്കേണ്ടതുണ്ട്.
ഈ വിഷയത്തിലെ മാധ്യമ ഇടപെടലുകൾക്കൊപ്പം ചേർത്തുവായിക്കേണ്ട ഒന്നാണ് നിർണായകമായതും എന്നാൽ കുറ്റാരോപിതർക്ക് അനുകൂലവുമായും വരുന്ന കോടതിവിധികളെയും പരാമർശങ്ങളെയും തമസ്കരിക്കുന്ന ശൈലി. ചില മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇന്നും സ്ഥാപിത താത്പര്യങ്ങൾ വച്ചുപുലർത്തുന്നു എന്നു കരുതുന്നതിൽ തെറ്റില്ല.
നിയമവിരുദ്ധ പ്രവൃത്തികളുടെ പരമ്പര
കന്യകാത്വപരിശോധനയും ഹൈമനോപ്ലാസ്റ്റി എന്ന ആരോപണവും അനുബന്ധ പ്രചാരണങ്ങളും മാത്രമായിരുന്നില്ല സിബിഐയുടെ വഴിവിട്ട പ്രവൃത്തികൾ. കുറ്റാരോപിതരെ നാർക്കോ അനാലിസിസിന് വിധേയമാക്കിയ പ്രവൃത്തിയും കോടതിയിൽനിന്നു വിമർശനം നേരിട്ടിരുന്നു. നാർക്കോ അനാലിസിസ് ചെയ്യുക മാത്രമല്ല, അതിന്റെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പുറത്തുവിടുകയും ചെയ്തു.
നൂറിലേറെ എഡിറ്റിംഗ് നടത്തി വാക്കുകളും അക്ഷരങ്ങളും കൂട്ടിയോജിപ്പിച്ച നിലയിലായിരുന്നു കോടതിയിൽ സമർപ്പിക്കപ്പെട്ടതും മാധ്യമങ്ങൾക്ക് ലഭിച്ചതുമായ നാർക്കോ അനാലിസിസ് വീഡിയോ. യഥാർഥ വീഡിയോ കോടതിക്കു മുന്നിൽപോലും സമർപ്പിക്കാൻ സിബിഐ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല എന്നതാണു വാസ്തവം. കോടതി മുമ്പാകെ ഹാജരാക്കിയ നാർക്കോ പരിശോധനാസംബന്ധമായ സിഡികൾ സിബിഐ തിരിമറി നടത്തിയവയായിരിക്കാമെന്നായിരുന്നു ജസ്റ്റീസ് ഹേമയുടെ നിരീക്ഷണം. എങ്കിലും, അതിനുശേഷവും ആ വീഡിയോകൾ കുറ്റാരോപിതർക്കെതിരായ വികാരം വളർത്തുന്നതിനായി പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയുണ്ടായി.
ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഇനിയും നിലനിൽക്കുന്നു. ഡൽഹി ഹൈക്കോടതിയുടെ വിധി പ്രകാരം, കന്യകാത്വ പരിശോധന എന്ന നിയമവിരുദ്ധ പ്രവൃത്തിക്കെതിരേ പരാതിക്കാരിക്ക് കേസ് ഫയൽ ചെയ്യാമെങ്കിലും നിലവിലുള്ള കേസ് അവസാനിക്കുന്നതു വരെ കാത്തിരിക്കണം. ഇത്തരമൊരു സാഹചര്യത്തിൽ കോടതിയുടെ നടപടിക്രമങ്ങൾ ഇനിയെങ്കിലും വേഗത്തിലാക്കുകയാണു കോടതിയിൽനിന്ന് ആഗ്രഹിക്കാവുന്ന മനുഷ്യത്വം. മരണത്തിനു മുമ്പെങ്കിലും തങ്ങൾ നിരപരാധികളാണെന്നു ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഒരവസരം മാത്രമേ ഇനി കുറ്റാരോപിതർക്ക് ആഗ്രഹിക്കാനുള്ളൂ. എന്നാൽ, പൊള്ളയായതും വ്യാജവുമായ വാദഗതികൾ ഉന്നയിച്ച് അനേക ജീവിതങ്ങളെ തകർത്തെറിഞ്ഞ ‘കുപ്രസിദ്ധ കുറ്റാന്വേഷകരുടെ’ മുഖംമൂടി പറിച്ചെറിയണമെന്നതും സ്ഥാപിത താത്പര്യങ്ങളോടെ മൂന്നു പതിറ്റാണ്ടുകളായി ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങളെ ലോകം തിരിച്ചറിയണമെന്നതും നീതി നടപ്പാകണമെന്ന് ആഗ്രഹിക്കുന്ന സകലരുടെയും ആവശ്യമാണ്.
അഡ്വ. സിസ്റ്റർ ജോസിയാ എസ്ഡി, എൽഎൽഎം
(പിആർഒ, വോയ്സ് ഓഫ് നൺസ്)