സ്നേഹിക്കുന്നവരിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പ്രതീക്ഷിക്കുക എന്നത് മനുഷ്യസ്വഭാവത്തിന്റെ ഒരു അവിഭാജ്യഘടകമാണ്. അതുകൊണ്ടുതന്നെയാണ്, തങ്ങളുടെ പ്രതീക്ഷകൾക്കെതിരായി മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന പ്രവർത്തികൾ നമ്മെ വേദനിപ്പിക്കുന്നതും. ഇത്തരത്തിലുള്ള വേദന പ്രിയപ്പെട്ടവരിൽ നിന്നു ആകുമ്പോൾ വേദനയുടെ തീവ്രതയും വർദ്ധിക്കും. മൂടിവയ്ക്കുന്ന ഇത്തരത്തിലുള്ള വേദനകൾ ക്രമേണ വെറുപ്പായും വിദ്വേഷമായുമൊക്കെ രൂപാന്തരം പ്രാപിക്കുകയും ചെയ്യും. നമ്മോട് വല്ലപ്പോഴും മാത്രം ഇടപഴകുന്ന വ്യക്തികൾമൂലം ഉണ്ടാവുന്ന വേദനകൾ നാം ക്രമേണ മറക്കും. എന്നാൽ നമ്മോടു നിരന്തര സമ്പർക്കത്തിലിരിക്കുന്ന വ്യക്തികളുടെ മുറിവേൽപ്പിക്കുന്ന രീതികൾ നമ്മെ എല്ലായ്പ്പോഴും നോവിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, പുറത്തു കാണിച്ചില്ലെങ്കിൽ കൂടിയും അവരോടുള്ള വെറുപ്പിന്റെ ആഴം ഏറെയായിരിക്കും.

സഹോദരുമായുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കേണ്ടത്, ദൈവം ഒട്ടേറെ പ്രാധാന്യം നൽകുന്ന ഒരു കാര്യമാണ്. സഹോദരനോട് വിദ്വേഷം വച്ചുപുലർത്തുന്നവൻ കൊലപാതകിയെങ്കിൽ, അവന്റെ കരം രക്തപങ്കിലവുമാണ്. “നിങ്ങൾ കരങ്ങളുയർത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നും മുഖം മറയ്ക്കും. നിങ്ങൾ എത്ര പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല. നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്” (ഏശയ്യാ 1:15). സഹോദരനുമായി രമ്യതയിലല്ലാത്തവന്റെ ബലി ദൈവം സ്വീകരിക്കില്ല. അതുകൊണ്ടുതന്നെയാണ്, കാഴ്ചവസ്തു ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടാൻ ദൈവം നമ്മോടു ആവശ്യപ്പെടുന്നത്. നാം പ്രാർത്ഥിക്കുന്നതിനു മുൻപായി എല്ലാവിധ വിരോധങ്ങളും തീർത്തു മനസ് ശുദ്ധീകരിക്കണം. എങ്കിൽ മാത്രമേ ദൈവം നമ്മളുടെ പ്രാർത്ഥന സ്വീകരിക്കുകയുള്ളു.

മാനുഷിക ശക്തിയാൽ സഹോദരനോട് ക്ഷമിക്കുവാൻ സാധ്യമല്ല, എന്നാൽ പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നമ്മൾക്ക് ക്ഷമിക്കുവാൻ സാധിക്കും. മറ്റുള്ളവരോട് ക്ഷമിക്കാനും പൊറുക്കാനും കാരണം അന്വേഷിച്ചു നാം അധികമൊന്നും അലയേണ്ട കാര്യമില്ല. കുരിശിൽ കിടന്നു തന്നെ ക്രൂശിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ച യേശു തന്നെയായിരിക്കണം ഇക്കാര്യത്തിലും നമ്മുടെ മാതൃക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്