മരടിൽ എന്റെ വികാരിയായി സ്തുത്യർഹമായ രീതയിൽ ശുശ്രൂഷ ചെയ്യുമ്പോൾ സ്വഭാഗ്യദർശനത്തിനായി വിളിക്കപ്പെട്ട ബഹു. ചെറിയാച്ചന്റെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ ഹൃദയസ്പൃക്കായ ആദരാഞ്‌ജലി! മരടിലെ നാനാജാതിമതസ്ഥർക്ക് പ്രിയങ്കരനായിരുന്നു ചെറിയാച്ചൻ.

തങ്ങളുടെ വീട്ടിലെ ഒരംഗമെന്ന നിലയിലാണ് മരടുകാർ ചെറിയാച്ചനെ കരുതിയിരുന്നത്. അവർക്ക് ഓരോരുത്തർക്കും അത്രത്തോളം സമീപസ്ഥനായിരുന്നു ചെറിയാച്ചൻ.

അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഏവരുടെയും ഹൃദയം കവർന്നു. എല്ലാ നന്മകളും തളിരിടുന്ന ഒരു ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു.

രണ്ടായിരം രൂപ വില വരുന്ന ഒരു ചെറിയ മൊബൈലും ഒരു ചെറിയ ബൈക്കുമായിരുന്നു അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം. തനിക്കു ലഭിച്ചിരുന്നതൊക്കെ അദ്ദേഹം ദരിദ്രരുമായി പങ്കുവച്ചിരുന്നു.

സ്വന്തംവൃക്കദാനം ചെയ്യുകയും അതുപോലെ മഹത്തായ കാര്യങ്ങൾ ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന ചെറിയാച്ചൻ ഞങ്ങൾക്കിടയിൽ ചെറിയവനായി ജീവിച്ചു. അതായിരുന്നു അദ്ദേഹത്തിൻറെ വലുപ്പം. ഞങ്ങളുടെ ദൈവാലയ നിർമാണത്തിന്റെ ഈ നാൾവഴികളിൽ കല്ലുചുമക്കാനും മണ്ണുചുമക്കാനുമൊക്കെ ഞങ്ങൾക്കു മുമ്പിൽ അദ്ദേഹം നിലയുറപ്പിച്ചിരുന്നു.

ഇടവക ജനത്തിന്റെ ചൂടും ചൂരുമറിയുന്ന ഇടയനായിരുന്നു ചെറിയാച്ചൻ. ഇടവകയുടെ വഴിത്താരയിൽ നന്മയുടെ ചിത്രപടങ്ങൾ അദ്ദേഹം ഞങ്ങൾക്കായി വരച്ചിട്ടു.

നേരിന്റെ പാതയിൽ നേരോടെ ഞങ്ങളെ നയിച്ച നേരേവീട്ടിൽ അച്ചാ, അങ്ങു ഞങ്ങൾക്കു തെളിച്ചുതന്നത് സ്നേഹത്തിന്റെയും എളിമയുടെയും വിനയ വീഥികളാണ്. നല്ലിടയാ , സമാധാനത്തോടെ യാത്രയാവുക; മഹത്ത്വത്തിന്റെ കിരീടം ചൂടുക.

ഹൃദയം നുറുങ്ങുന്ന വേദനയോടെ, ചുടുകണ്ണീരോടെ വിട!

സിബി മൈക്കിൾ
വിശുദ്ധ ജാന്ന ദൈവാലയം
മരട്

നിങ്ങൾ വിട്ടുപോയത്