കോഴിക്കോട്: ശാലോം ശുശ്രൂഷകളുടെ മാര്‍ഗദീപവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെയും (എം.എസ്.എം.ഐ) കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രത്തിന്റെയും സ്ഥാപകനുമായ ദിവംഗതനായ മോണ്‍. സി.ജെ വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി ആഘോഷിച്ചു. കുളത്തുവയല്‍ എംഎസ്എംഐ ജനറലേറ്റില്‍ വര്‍ക്കിയച്ചന്റെ കബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കുശേഷം താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സഹകാര്‍മികത്വം വഹിച്ച് ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കി. കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. അര്‍ജുന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

അനുസ്മരണ സമ്മേളനം മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിയച്ചന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാല്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കാന്‍ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. തലശേരി രൂപത കുടിയേറ്റ കാലത്ത് ഇടയനില്ലാത്ത ആടുകളെപ്പോലെ നിസഹായരായിരുന്നപ്പോള്‍ കരുത്തു നല്‍കി തണലായി നിന്നത് വര്‍ക്കിയച്ചനാണ്; മാര്‍ ഇഞ്ചനായില്‍ പറഞ്ഞു. ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അജപാലന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള ദീര്‍ഘവീക്ഷണം ദൈവം അദ്ദേഹത്തിന് നല്‍കിയിരുന്നെന്നും മാര്‍ ഇഞ്ചനാനിയില്‍ കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാര്‍ക്ക് പ്രത്യാശയും സ്നേഹവും പകര്‍ന്നു നല്‍കിയ മനുഷ്യനായിരുന്നു വക്കിയച്ചനെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുസ്മരിച്ചു. മനുഷ്യനെ തോല്പിക്കാനാകും, എന്നാല്‍ അവനെ കീഴടക്കാന്‍ കഴിയില്ലെന്നാണ് കുടിയേറ്റ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. കുടിയേറ്റക്കാരോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് അവര്‍ തോല്ക്കുന്ന സമയങ്ങളിലൊക്ക നിങ്ങളെ കീഴടക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന തിരിച്ചറിവ് അവരുടെ ഹൃദയങ്ങളില്‍ നിറയ്ക്കാന്‍ വര്‍ക്കിയച്ചനെ കഴിഞ്ഞിരുന്നെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. കുടിയേറ്റക്കാരെ ആത്മീയവും ഭൗതീകവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി വളര്‍ത്തിക്കൊണ്ടുവന്ന വര്‍ക്കിയച്ചനെ ചരിത്രത്തിന് വിസ്മരിക്കാനാവില്ലെന്നും ബിഷപ്പ് ചക്കാലയ്ക്കല്‍ പറഞ്ഞു.

സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഫിന്‍സി അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഷെവ. ബെന്നി പുത്തറ, സിസ്റ്റര്‍ ലൂസി ജോസ്, സിസ്റ്റര്‍ എല്‍സിസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. വര്‍ക്കിയച്ചന്റെ ജന്മശതാബ്ദി സ്മരണക്കായി എംഎസ്എംഐ ജനറലേറ്റ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. സിസ്റ്റര്‍ ലൂസി ജോസ് സ്വാഗതവും സിസ്റ്റര്‍ എല്‍സിസ് മാത്യു നന്ദിയും പറഞ്ഞു.

മലബാറിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് വഴികാട്ടിയും കേരളത്തിലെ കരിസ്മാറ്റിക് നവീകരണത്തിന് തനതായ സംഭാവനകളും നല്‍കിയ മോണ്‍. സി.ജെ വര്‍ക്കി 1921 ജൂണ്‍ 11-ന് കോട്ടയം ജില്ലയിലെ വലവൂര്‍ ഗ്രാമത്തില്‍ കുഴികുളത്തില്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമനായിട്ടായിരുന്നു ജനിച്ചത്. ഹൃദയത്തില്‍ നിറഞ്ഞുനിന്ന മിഷനറി തീക്ഷണതയാണ് അദ്ദേഹത്തെ മലബാറിലേക്ക് എത്തിച്ചത്. 1947 മാര്‍ച്ച് 16-ന് വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപ്പേറ്റി പിതാവില്‍നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1953-ല്‍ തലശേരി പിറയെടുത്തപ്പോള്‍ ബാലാരിഷ്ടകളുടെ നടുവിലായിരുന്ന പുതിയ രൂപതയില്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനോടൊപ്പം ശുശ്രൂഷകള്‍ ആരംഭിച്ചു. അവിടെ പുതിയൊരു യുഗപ്പിറവിയുടെ തുടക്കമായിരുന്നു. ദൈവത്തോടൊപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ ആ യുവവൈദികന്റെ മനസില്‍ സ്വപ്നങ്ങള്‍ നിറഞ്ഞു.

അത് സ്‌കൂളും, കോളജും ദൈവാലയങ്ങളും മാത്രമായിരുന്നില്ല. മലബാറിന്റെ വികസന മുന്നേറ്റത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുത്തിച്ചേര്‍ത്ത പെരുവണ്ണാമൂഴി അണക്കെട്ടുപോലും അങ്ങനെ രൂപപ്പെട്ടതാണ്. കക്കയം സന്ദര്‍ശനത്തിടയില്‍ ഉരക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചറിഞ്ഞ വര്‍ക്കിയച്ചന്‍ ജല-വൈദ്യുതി പദ്ധതികളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പ്ലാനിംഗ് കമ്മീഷന് എഴുതിയ കത്താണ് കുറ്റ്യാടി ജലവൈദ്യുതിയുടെ തുടക്കത്തിന് കാരണമായത്. 1980-കളില്‍ കരിസ്മാറ്റിക് നവീകരണം വ്യാപകമായപ്പോള്‍ അതിനെ പുതിയ വഴികളിലൂടെ നടത്താന്‍ അച്ചന്‍ വഹിച്ച പങ്ക് വലുതായിരുന്നു.

ആന്തരിക സൗഖ്യധ്യാനത്തിനും രോഗശാന്തി ശുശ്രൂഷകള്‍ക്കുമൊക്കെ കേരളത്തില്‍ ആരംഭംകുറിച്ചത് അച്ചനാണ്. ശുശ്രൂഷകരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് സ്വന്തം ഉത്തരവാദിത്വമായി അദ്ദേഹം ഏറ്റെടുത്തു. അങ്ങനെ നവീകരണ മുന്നേറ്റത്തിന് പുത്തന്‍ ഉണര്‍വു പകരാന്‍ അച്ചന് കഴിഞ്ഞു. 2009 ജൂണ്‍ 24-ന് 88-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി.

നിങ്ങൾ വിട്ടുപോയത്