സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജ്ഞാനശാഖ പൊതുവെ അറിയപ്പെടാത്ത ഒന്നാണ്—മലയാളത്തിൽ മാത്രമല്ല, മിക്ക ഭാഷകളിലും. പഠിക്കുന്നത് ‘പട്രോളജി’ ആണെന്ന് പറയുമ്പോൾ, ‘ഓ പതോളജി ആണല്ലേ’ എന്ന മറുവാക്ക് പലപ്പോഴും കേട്ടിട്ടുണ്ട് അന്യഭാഷകളിൽ. മലയാളത്തിന് അത്രതന്നെ അവകാശപ്പെടാനില്ല. പട്രോളജി എന്ന ആംഗലേയപദത്തിന് പെട്ടെന്ന് ചേർത്തുപറയാവുന്ന തുല്യപദപ്രയോഗം പോലും ഇല്ല. ഇങ്ങനെ ‘മേൽവിലാസമില്ലാത്ത’ ഒരു ദൈവശാസ്ത്ര ശാഖയെ മലയാളത്തിന് പരിചയപ്പെടുത്തിയവരിൽ പ്രധാനിയാണ് വന്ദ്യ ഗീവർഗീസ് ചേടിയത്ത് മല്പാനച്ചൻ.

പത്തനംതിട്ട ജില്ലയിലെ അതിരുങ്കൽ ആണ് അച്ചന്റെ ജന്മസ്ഥലം. മലങ്കര കത്തോലിക്കാ സഭയിലെ പ്രാരംഭകാല ഇടവകകളിൽ ഒന്നാണത്. അടുത്തകാലം വരെ ഈ പ്രദേശം തിരുവനന്തപുരം മലങ്കര അതിഭദ്രാസനത്തിന്റെ ഭാഗമായിരുന്നു. 1945-ൽ അതിരുങ്കലിൽ ജനിച്ച ചേടിയത്തച്ചൻ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തരപുരം മൈനർ സെമിനാരിയിലും കോട്ടയത്തെ വടവാതൂർ അപ്പസ്തോലിക് സെമിനാരിയിലും വൈദിക പരിശീലനം പൂർത്തിയാക്കി 1969-ൽ ഭാഗ്യസ്മരണാർഹനായ ബനഡിക്റ്റ് മാർ ഗ്രീഗോറിയോസ് പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു.

പിതാവിന്റെ സെക്രട്ടറിയായും മൈനർ സെമിനാരി വൈസ് റെക്റ്ററായും കുറച്ചുവർഷങ്ങൾ ജോലി ചെയ്തതിനുശേഷം അദ്ദേഹം ഉപരിപഠനത്തിനായി 1973-ൽ റോമിലേക്ക് അയക്കപ്പെട്ടു. പട്രോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി 1969ൽ മാത്രം സ്ഥാപിക്കപ്പെട്ട അഗസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യതലമുറയിലെ ഗവേഷണ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ചേടിയത്തച്ചൻ. പൗരസ്ത്യ സുറിയാനി സഭയുടെ ക്രിസ്തുദർശനത്തിന്റെ പ്രാചീനപ്രബോധകരിൽ ഒരാളായ മാർ ബാബായിയുടെ ക്രിസ്തുദർശനമായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ വിഷയം.

1978-ൽ ഡോക്റ്ററേറ്റ് നേടി മടങ്ങിവന്ന അദ്ദേഹം തൊട്ടടുത്ത വർഷം മുതൽ വടവാതൂർ സെമിനാരിയിൽ അദ്ധ്യാപകനായി. 1993-ൽ തിരുവനന്തപുരം മൈനർ സെമിനാരിയുടെ റെക്റ്റർ ആയി നിയമിതനായി. 1995-ൽ മലങ്കര മേജർ സെമിനാരിയിൽ ദൈവശാസ്ത്ര വിഭാഗം ആരംഭിച്ചപ്പോൾ അവിടെ റസിഡന്റ് പ്രൊഫസറായി. സഭാപിതാക്കന്മാർ, ക്രിസ്തുദർശനം, സഭാചരിത്രം, സഭൈക്യദർശനവും അതിന്റെ ചരിത്രവും തുടങ്ങിയവയായിരുന്നു അച്ചൻ സവിശേഷമായി ശ്രദ്ധിച്ചിരുന്ന വിഷയങ്ങൾ.

2010ൽ പത്തനംതിട്ട രൂപതയുടെ ചാൻസലറായി നിയമിതനായതോടെയാണ് അദ്ദേഹം അധ്യാപന ജീവിതം അവസാനിപ്പിച്ചത്. ഈ കാലത്തിനിടയിൽ തിരുവനന്തപുരം അതിരൂപതയിലെ അജപാലനശുശ്രൂഷയിലും വൈദികരുടെ രൂപീകരണത്തിലും ഭാരിച്ച പല ഉത്തരവാദിത്തങ്ങളും അദ്ദേഹം നിർവഹിച്ചു. നൂറിലധികം ഗ്രന്ഥങ്ങളാണ്, ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം രചിച്ചിരിക്കുന്നത്. സഭാപിതാക്കന്മാരെ സംബന്ധിച്ച പഠനത്തിനുതകുന്ന കൈപ്പുസ്തകങ്ങൾ കാലഗണനാക്രമത്തിലും ഭാഷാവിഭാഗക്രമത്തിലും പലവാല്യങ്ങളായി (സഭാപിതാക്കന്മാർ 1,3; പട്രോളജി 1-3, അപ്പസ്തോലിക പിതാക്കന്മാർ, ആദിമസഭാപിതാക്കന്മാർ, ലത്തീൻ സഭാപിതാക്കന്മാർ എന്നിങ്ങനെ) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുറിയാനിസഭയുടെ പ്രതിപുരുഷനായിൽ ആഗോളസഭയിൽ ബഹുമാനിക്കപ്പെടുന്ന മാർ അപ്രേമിന്റെ ഒട്ടുമിക്ക രചനകളും അദ്ദേഹം മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട് (ഉല്പത്തി ഭാഷ്യം 2001; കന്യാത്വഗീതങ്ങൾ 2001; മനുഷ്യാവതാരഗീതങ്ങൾ 2001; സുവിശേഷഭാഷ്യം 2002; വിശ്വാസഗീതങ്ങൾ 2008). ആദിമ സഭയിലെ, പ്രത്യേകിച്ച് സുറിയാനി ഗ്രീക്ക് പാരമ്പര്യങ്ങളിലെ ഏറ്റവും മികച്ച വേദപുസ്തക ഭാഷ്യങ്ങൾ മലയാളത്തിലെത്തിച്ചു: ഗ്രിഗറി നീസായുടെ ഗിരിപ്രഭാഷണഭാഷ്യം; ഒരിജന്റെ ഉത്തമഗീത ഭാഷ്യം,ലൂക്കാ സുവിശേഷ ഭാഷ്യം, യോഹന്നാന്റെ സുവിശേഷഭാഷ്യം; തിയഡോറീന്റെ യോഹന്നാന്റെ സുവിശേഷത്തിനുള്ള ഭാഷ്യം എന്നിവ അവയിൽ ചിലതുമാത്രമാണ്.

പ്രാമാണികവും പ്രസിദ്ധവും ആയ ഗ്രന്ഥങ്ങൾ എന്നതിലുപരി, സമകാലീന ലോകത്തിനുതകുന്ന തരത്തിൽ ആദിമസഭയുടെ ജിവിത ചൈതന്യം കണ്ടെത്തുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ആദിമ സഭയുടെ സന്ദേശം (1994) എന്ന ഗ്രന്ഥം സഭാപിതാക്കന്മാരുടെ പൊതുവായ പ്രബോധനങ്ങളിലൂടെ ആദിമസഭയുടെ ചൈതന്യം പങ്കുവയ്ക്കുന്നു. ഡിഡസ്കാലിയ (1987), വിശുദ്ധ ഐറേനിയസ് എഴുതിയ അപ്പസ്തോലിക പ്രബോധനത്തിന്റെ തെളിവ് (2003) എന്നിങ്ങനെ ആദിമസഭയുടെ ജീവിതവും വിശ്വാസവും വിശദീകരിക്കുന്ന പ്രാമാണിക ഗ്രന്ഥങ്ങൾ ഭാഷാന്തരപ്പെടുത്തി. ആദിമ സഭാ പൈതൃകത്തിലെ അമൂല്യ രത്നങ്ങളായ ചില മതാധ്യാപനപ്രസംഗങ്ങളും (തിയഡോർ 1986; ജറുസലേമിലെ സിറിൽ 2000; ജോൺ ക്രിസോസ്റ്റം 2003) ഈ പരിഭാഷകളിലുണ്ട്.

സഭയുടെ ദർശനങ്ങൾ ഉൾക്കൊണ്ട് ജീവിച്ചവർ എന്നനിലയിൽ വിശുദ്ധരുടെ ജീവിതം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾക്ക് ആദിമസഭയിൽ വലിയസ്ഥാനമുണ്ടായിരുന്നു. ആ ഗണത്തിൽ നിന്നും അനേക ഗ്രന്ഥങ്ങൾ ചേടിയത്തച്ചൻ മലയാളത്തിൽ എത്തിച്ചിട്ടുണ്ട്. എവുതീമിയുസ് ഉൾപടെയുള്ള സന്യാസപിതാക്കന്മാരുടെ ജീവചരിത്രങ്ങളും, ജറോമും ജന്നാഡിയൂസും സമാഹരിച്ച മഹദ്ചരിതങ്ങളും ഇക്കൂട്ടത്തിൽ പെടുന്നു. ക്രിസ്തുദർശനം ആയിരുന്നു അച്ചന്റെ ഐച്ഛികവിഷയം. മാർ ബാബായിയുടെ ക്രിസ്തുദർശനം വിശദമാക്കുന്ന ഗവേഷണ പ്രബന്ധം 1982 ൽ പ്രസിദ്ധീകരിക്കപ്പെട്ടു (മലയാളത്തിൽ 2000). അന്ത്യോഖ്യൻ ക്രിസ്തുദർശനത്തിന്റെ അധാരസമീപനങ്ങൾ രൂപപ്പെടുത്തിയ വിശുദ്ധ ജോൺ ക്രിസോസ്റ്റം (2006) തിയഡൊറെറ്റ് (2007) എന്നിവരുടെ ക്രിസ്തുശാസ്ത്ര രചനകൾ പരിഭാഷപ്പെടുത്തി.

ത്രിത്വദർശനവും ക്രിസ്തുദർശനവും പഠിപ്പിക്കാനുതകുന്ന കൈപ്പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് (ത്രീയേക ദൈവം 1993; Christology 2002). സഭാചരിത്രമാണ് അച്ചന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞ മറ്റൊരു മേഖല. ആദിമ സഭയിലെ പ്രമുഖ സഭാ ചരിത്ര ഗ്രന്ഥങ്ങളെല്ലാം അച്ചൻ മലയാളത്തിലെത്തിച്ചിട്ടുണ്ട് (ബാർ എബ്രായ 1990; എവുസേബിയൂസ് 1998; സോക്രട്ടീസ്). ഇതിനു പുറമേ അന്ത്യോഖ്യൻ സുറിയാനി സഭയുടെ ചരിത്രത്തിലെ വിവാദവിഷയമായ പൗരസ്ത്യ കാതോലിക്കേറ്റിന്റെ സ്ഥാപന ചരിത്രം വിശദമാക്കി പല പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. The Catholicos of the East എന്ന പേരിൽ ഈ കണ്ടെത്തലുകൾ ആംഗലേയഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭാചരിത്ര പഠനങ്ങൾ (1996), മധ്യകാല സഭാചരിത്രം (2000) എന്നിങ്ങനെ ആഗോള സഭാചരിത്രം കൈകാര്യം ചെയ്യുന്ന കൈപ്പുസ്തകങ്ങൾകുപുറമേ, മലങ്കര കത്തോലിക്കാ സഭയുടെ ചരിത്ര പൈതൃകം വിശദമാക്കുന്ന അനവധി ഗ്രന്ഥങ്ങൾ അച്ചന്റേതായിട്ടുണ്ട്.

കേരളത്തിലെ ക്രൈസ്തവസഭകൾ (1998) കേരളസഭയുടെ വിവിധ കൈപ്പിരിവുകളിലേക്ക്ക്ക് ശ്രദ്ധിക്കുന്നു. സീറോ മലങ്കരസഭയെ സംബന്ധിച്ചുള്ള വിവിധ പഠനങ്ങളുടെ ഫലം വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ട The Malankara Catholic Church (മലയാളം, ഇംഗ്ലീഷ്, ജർമൻ) എന്ന ഗ്രന്ഥത്തിൽ കാണാവുന്നതാണ്. എഴുത്തിലൂടെ മാത്രമല്ല, പങ്കെടുത്തിട്ടുള്ള അനവധി സംഭാഷണങ്ങളിലൂടെയും അച്ചൻ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരിടമാണ് സഭൈക്യസംഭാഷണങ്ങൾ. എക്യുമെനിസം (1998) കേരളസഭയിലെ സഭൈക്യ വിഷയങ്ങൾ കൂടുതൽ ശ്രദ്ധയോടെ വിശകലനം ചെയ്തിട്ടുള്ള എക്യുമെനിസത്തിന്റെ മറുവശം (2013) എന്നിവയാണീ മേഖലയിലെ പ്രധാന പ്രസിദ്ധീകരണങ്ങൾ.

സഭൈക്യപ്രസ്ഥാനങ്ങളുമായി അടുത്തുസഹകരിക്കുമ്പോഴും കത്തോലിക്കാ വിശ്വാസസത്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിക്കുന്നതിനും വിശദീകരിക്കുന്നതിനും ചേടിയത്തച്ചനുള്ള തീക്ഷ്ണത ശ്രദ്ധേയമാണ്. പ്രത്യേകിച്ച് കേരളത്തിൽ വർദ്ധിച്ചുവരുന്ന പെന്തക്കോസ്ത് നവീകരണപ്രസ്ഥാനങ്ങളുടെ പ്രചരണങ്ങൾക്കെതിരെ അച്ചൻ സഭയുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ശിശുസ്നാനം വേദാനുസൃതം (1998) കത്തോലിക്കാ വിശ്വാസവും പെന്തക്കൊസ്ത് വീഷണങ്ങളും (5th edition in 2005) എന്നിവ ശ്രദ്ധേയ സംഭാനകളാണ്. അതുപോലെ യഹോവാ സാക്ഷികളെക്കുറിച്ചും (1993) അച്ചൻ എഴുതിയിട്ടുണ്ട്. ഇതുകൂടാതെ ഇരുനൂറിലധികം ലേഖനങ്ങളും അച്ചൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവലയിൽ പലതും പ്രൊ ഓറിയന്തെ, സ്തുദിയ പത്രിസ്തിക്ക, സ്തുദിയ എക്യുമെനിക്ക മുതലായ അന്താരാഷ്ട്ര ചർച്ചാവേദികളിലും പ്രസിദ്ധീകണങ്ങളിലുമാണ് വന്നിട്ടുള്ളത്. പുസ്തകങ്ങളുടെ എണ്ണത്തിനപ്പുറം അച്ചന്റെ ദൈവശാസ്ത്ര സപര്യയിലേക്ക് ഒരു വിദ്യാർത്ഥിയുടെ കൗതുകത്തോടെ നോക്കുമ്പോൾ, ദൈവശാത്രജ്ഞനെന്നും എഴുത്തുകാരനെന്നും ഉള്ള നിലയിൽ ചേടിയത്ത് മല്പാനച്ചൻ നൽകിയ സംഭാവനകളെ അനന്യസാധാരണമാക്കുന്ന ചില കാര്യങ്ങളുണ്ട്. അവപ്രത്യേകം എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു

1) സഭാപിതാക്കന്മാരുടെ രചനകളെയും ചിന്തകളെയും പൊതുജനത്തിനും സാധാരണവായനക്കാർക്കും പ്രാപ്യമായ രീതിയിൽ അവതരിപ്പിച്ചത്: ആരംഭത്തിൽ പറഞ്ഞല്ലോ, എല്ലായിടത്തും പരിചിതമായ ഒരു മേഖലയായിരുന്നില്ല പട്രോളജി. എന്നാൽ ലളിതമായ മലയാളത്തിൽ, ഏറ്റവും ലളിതമായ രീതിയിൽ പുസ്തകങ്ങളിറക്കുന്ന ഒരു ശൈലി അച്ചൻ മനഃപൂർവം പിന്തുടർന്നു. വളരെക്കുറഞ്ഞവിലയിൽ പുസ്തകങ്ങൾ വിൽക്കാൻ അദ്ദേഹത്തിനു സാധിച്ചത് അച്ചടിയെ സംബന്ധിച്ചുപുലർത്തിയ ലാളിത്യമനോഭാവം കൊണ്ടുകൂടിയാണ്. വൈദികവിദ്യാർത്ഥികൾക്കും, ദൈവശാസ്ത്രം വായിക്കാൻ കുറച്ചെങ്കിലും ഒരുക്കമുള്ള സാധാരണക്കാർക്കും അധികം സാമ്പത്തികഭാരമില്ലാതെ പുസ്തകങ്ങൾ വാങ്ങാൻ കഴിയുമായിരുന്നു. ഏറ്റവും ഗഹനമായ വിഷയങ്ങൾ പോലും വായിച്ചെടുക്കാൻ പ്രയാസമില്ലാത്ത ഭാഷയിൽ എഴുതാൻ അദ്ദേഹത്തിനു കഴിയും. അതുകൊണ്ട്, പട്രോളജിയെ മലയാളത്തിൽ ‘ജനകീയമാക്കിയത്’ ചേടിയത്തച്ചനാണെന്ന് നിസംശയം പറയാവുന്നതാണ്. പാട്ടുകൾ പോലെ ജനകീയ സാഹിത്യരൂപങ്ങളിലേക്ക് ദൈവശാസ്ത്രത്തെ എടുത്തെഴുതാനും അച്ചൻ ശ്രമിച്ചിട്ടുണ്ട് (മലങ്കര ഗീതങ്ങൾ പോലെയുള്ള പുസ്തകങ്ങളിൽ)

ഇതോടൊപ്പം എല്ലാ ഭാഷാന്തരങ്ങളിലും സംഭവിക്കുന്ന ഒരു കാര്യമുണ്ട്: മിക്കപ്പോഴും ഭാഷാന്തരങ്ങളിലൂടെയാണ് ദൈവശാസ്ത്രത്തിലെ അടിസ്ഥാന സങ്കല്പങ്ങൾ പുതിയ ഭാഷകളിലേക്ക് എത്തുന്നത്, പദാവലികൾ രൂപപ്പെടുന്നത്. മലയാളത്തിലെ ദൈവശാസ്ത്രപദാവലി രൂപപ്പെടുത്തുന്നതിൽ, അതിനെ ഏകീകരിക്കുന്നതിൽ ചേടിയത്ത് മല്പാനച്ചന് വളരെ വലിയ ഒരു സ്ഥാനമുണ്ടെന്ന് പറയേണ്ടിവരും. മലയാളത്തിൽ ഇന്ന് രൂപപ്പെടുന്ന ദൈവശാസ്ത്രത്തെ ഉറവിടങളിലേക്ക് ചേർത്തുനിർത്തുന്നത് ചരിത്രവുമായും പൂർവികരുടെ ചിന്തയുമായും അതിനുള്ള ജൈവബന്ധം കൂടിയാണ്. വചനബദ്ധത എന്ന സർവപ്രധാനമായ മാനദണ്ഡം കഴിഞ്ഞാൽ കേരള സഭയുടെ സാഹചര്യത്തിൽ സവിശേഷമായ പ്രാധാന്യം ഈ ജീവധാരക്കുണ്ട്. ചേടിയത്തച്ചനും കല്ലറങ്ങാട്ട് പിതാവും ഉൾപെടുന്ന ദൈവശാസ്ത്രജ്ഞരുടെ ഒരു ഗണം സഭയുടെ ആദിമ ചൈതന്യവുമായി ദൈവശാസ്ത്രത്തിന്റെ പരിണാമധാരകളെ കൂട്ടിയിണക്കുന്നതിൽ ഗണ്യമായ ഒരുപങ്ക് വഹിച്ചിട്ടുണ്ട്.

2) മലങ്കര കത്തോലിക്കാ സഭാവ്യക്തിത്വരൂപീകരണത്തിലെ അനിഷേധ്യമായ സ്ഥാനം: അവനവനെപ്പറ്റിയുള്ള വിവരണങ്ങൾക്ക് സാമൂഹ്യവ്യക്തിത്വങ്ങൾ രൂപപ്പെടുത്തുന്നതിലുള്ള സ്ഥാനം ഇന്ന് സുവിദിതമാണ്.

ചേടിയത്ത് മല്പാനച്ചന്റെ പുസ്തകങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ സഭാവ്യക്തിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആവർത്തിച്ച് കൈകാര്യം ചെയ്യുന്നതിൽ അച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് കാണാം. പൗരസ്ത്യസഭാപാരമ്പര്യത്തിന്റെ അടുത്തൂണുകളായ സന്യാസചൈതന്യത്തെ സംബന്ധിച്ചും (സന്യാസത്തിന്റെ അന്തർധാര 1992; പ്രാചീന സന്യാസ ചരിത്രം 1993; പലസ്തീനായിലെ സന്യാസികൾ 1994; പ്രാചീന സന്യാസനിയമങ്ങൾ 2006) പ്രാർത്ഥനയെ സംബന്ധിച്ചും (പ്രാർത്ഥന സഭയിൽ 1993; പ്രാർത്ഥന സുറിയാനി സഭയിൽ 1993) ആരാധനാ ക്രമത്തെ സംബന്ധിച്ചും (ഉദാ. മാർതോമായുടെ ഇന്ത്യൻ അനാഫുറ 1984; മോശാ ബർകേഫായുടെ കൂദാശാ ഭാഷ്യം 1982; കുർബാനയുടെ വ്യാഖ്യാനങ്ങൾ 2000) നൈയാമിക പാരമ്പര്യത്തെക്കുറിച്ചും (മാർ മാറൂഥായുടെ കാനോനകൾ 1989, സിനോഡിക്കോൺ ഓറിയെന്താലെ 1996) അച്ചൻ ആവർത്തിച്ചെഴുതുന്നത് യാദൃശ്ചികമല്ല. മലങ്കര സഭയുടെ അന്ത്യോഖ്യൻ ബന്ധത്തെ ഇത്ര നിശിതമായി പഠിച്ചിട്ടുള്ളവർ മറ്റാരുമില്ല. മലങ്കര സഭ ഇന്ന് സ്വന്തം ചരിത്രമായി പറയുന്ന കഥ, പ്ലാസിഡ് പൊടിപ്പാറ അച്ചനിലൂടെ കടന്നുവന്ന ഒരു നാരറ്റീവിനെ, പുനരൈക്യകാലത്ത് (ചേപ്പാട്ട് ഫിലിപ്പോസ് റംബാനെപ്പോലെയുള്ളവരുടെ നേത്രൃത്വത്തിൽ) രൂപപ്പെട്ട മറ്റൊരു നാരറ്റീവുമായി ചേർത്ത് ചേടിയത്തച്ചന്റെ വിശകലനത്തിലൂടെ സ്വാംശീകരിച്ചതാണെന്ന് ലളിതമായി പറയാം. ശാസ്ത്രീയമായ പുനർ വിചിന്തനങ്ങൾ ഇനി വന്നേക്കാം (അങ്ങനെയൊരു വിചിന്തനത്തിനു തുടക്കം സിറിൽ ബസേലിയോസ് ബാവായുടെ രചനകളിലുണ്ട്). എങ്കിലും അടിസ്ഥാനപരമായി ഒരു നാരറ്റീവ് രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ നാരറ്റീവിനെ അന്ത്യോഖ്യൻ പാരമ്പര്യത്തിന്റെ ചരിത്രവുമായി ചേർത്തുനിർത്തുവാനുള്ള കൈവഴികൾ ചേടിയത്തച്ചന്റെ രചനകളിലൂടെ തെളിഞ്ഞിട്ടുണ്ട്. മലങ്കരകത്തോലിക്കാ സഭയുടെ നൈയാമികമായ സ്വയംഭരണാവകാശത്തെയും തനിമയെയും സംബന്ധിച്ച് 1980-കൾ മുതൽ അച്ചനുയർത്തിക്കൊണ്ടുവന്ന വാദങ്ങൾകൂടിയാണ്, കാതോലിക്കാ സിംഹാസന പുനഃസ്ഥാപനമുൾപടെയുള്ള സമീപകാല വളർച്ചകളിലൂടെ ചരിത്രപരമായ അംഗീകാരം നേടുന്നത്.

3) സഭൈക്യസംഭാഷണങ്ങളിലെ വ്യക്തതയുടെ ശബ്ദമാണ് ചേടിയത്തച്ചൻ. 1970 കളിൽ മാർ ബാബായിയുടെ ദൈവശാസ്ത്രം അതിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടിൽ കത്തോലിക്കാസഭക്ക് സ്വീകാര്യമാണെന്ന നിലപാട് അച്ചൻ തന്റെ ഗവേഷണത്തിലൂടെ സ്ഥാപിക്കുമ്പോൾ ഒരുപക്ഷേ വളരെയേറെപ്പേർ അതിനെ സംശയിച്ചിട്ടുണ്ടാവും.

1994-ൽ പരിശുദ്ധ ജോൺ പോൾ മാർപാപ്പ അസീറിയൻ സഭയുമായി ചേർന്നു നടത്തിയ സംയുക്ത ദൈവശാസ്ത്ര പ്രഖ്യാപനം രൂപപ്പെടുത്തുന്നതിൽ ഏതാണ്ട് ഇരുപതുവർഷങ്ങൾക്കു മുൻപ് പുറത്തുവന്ന ഈ ഗവേഷണം ഒരു ആധാരമായിരുന്നു! സുറിയാനിസഭകൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള അന്താരാഷ്ട്ര ചർച്ചാ വേദിയായ പ്രോ ഓറിയെന്തെയിലും കേരള സഭയിലെ സഭൈക്യ ചർച്ചാ വേദികളിലും ചരിത്രപരമായ സത്യസന്ധതക്കുവേണ്ടി അച്ചൻ നിലപാടെടുക്കുന്നു.

അച്ചന്റെ രചനാ ജീവിതം സഭകൾ തമ്മിലും മനസ്സുകൾ തമ്മിലുമുള്ള അകലങ്ങൾ കുറയ്ക്കുന്നതിൽ ഇനിയും പ്രചോദനം നൽകുന്ന ഒന്നായിരിക്കും. ദൈവശാസ്ത്രത്തിനും സഭാജീവിതത്തിനും നൽകിയ അതുല്യമായ സംഭാവനകൾ പരിഗണിച്ച് 2015 ലെ പുനരൈക്യാഘോഷത്തിന്റെ അവസരത്തിൽ സീറോ മലങ്കര സഭ അദ്ദേഹത്തെ മല്പാൻ സ്ഥാനത്തേക്കുയർത്തി ആദരിച്ചു.

(ബഹുമാനപ്പെട്ട ഗീവർഗീസ് ചേടിയത്ത് മല്പാനച്ചന്റെ ദൈവശാസ്ത്ര സംഭാവനകളെപ്പറ്റി കാരുണികൻ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം )

നിങ്ങൾ വിട്ടുപോയത്