അമ്മത്തച്ചില്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന, അമ്മ മാസികയുടെ ചീഫ് എഡിറ്റര്‍ ആയിരുന്ന ഫാ. ജോസ് തച്ചില്‍ വിടപറയുമ്പോള്‍ വ്യക്തിപരമായ ഒരു നഷ്ടബോധം എന്നില്‍ നിറയുന്നു.
🔹🔹
1990 -ല്‍ നടത്തിയ ഒരു ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസമ്മാനം വാങ്ങാന്‍ എറണാകുളത്ത് കലൂര്‍ റിന്യുവല്‍സെന്ററില്‍ ആദ്യമായി എത്തിയപ്പോഴാണ് അച്ചനുമായി പരിചയപ്പെടുന്നത്. അന്നുതന്നെ അമ്മ മാസികയിലേക്ക് എന്തെങ്കിലുമൊക്കെ എഴുതിത്തരണമെന്ന് അച്ചന്‍ നിര്‍ദേശിച്ചു. വൈകാതെ ഫോട്ടോ സഹിതം ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ട് അച്ചന്‍ പ്രോത്സാഹനത്തിന്‍റെ തണലേകി.
🔹🔹
ഒരിക്കല്‍ പാലാരിവട്ടം പിഒസിയിലെത്തി ബൈബിള്‍ കലോത്സവത്തിലെ ഉപന്യാസമത്സരത്തില്‍ സമ്മാനം വാങ്ങിഏറെ വൈകി വീട്ടിലേക്കു മടങ്ങുന്നതെങ്ങനെ എന്നു സംശയിച്ചുനില്‍ക്കുമ്പോള്‍ തച്ചിലച്ചന്‍ കൂട്ടിക്കൊണ്ടുപോയത് കാരണക്കോടം പള്ളിയിലേക്കാണ്. അച്ചനന്നവിടെ വികാരിയാണ്. ഞാനൊരു പള്ളിമേടയില്‍ ആദ്യമായി അന്നാണ് അന്തിയുറങ്ങിയത്.
🔹🔹
ഞാന്‍ അംഗമായ കോതമംഗലം മാലിപ്പാറ ഇടവകപ്പള്ളിയില്‍ സംഘടിപ്പിച്ച ബൈബിള്‍ കണ്‍വന്‍ഷനില്‍ അച്ചന്‍ എന്‍റെ ക്ഷണം സ്വീകരിച്ച് വന്നു പ്രഭാഷണം നടത്തിപ്പോയത് എനിക്കന്ന് എത്ര അഭിമാനമാണു നല്‍കിയത് !
അമ്മ മാസികയില്‍ പതിവായി എഴുതാന്‍ അച്ചന്‍ തന്ന അവസരങ്ങളുടെ തുടര്‍ച്ചയാണ് പിന്നീടതിന്‍റെ സാരഥ്യം വഹിച്ച ജെമ്മ സിസ്റ്ററും ഇപ്പോഴത്തെ ശോഭ സിസ്റ്ററും എനിക്കു നല്‍കിപ്പോന്നത്.
2002 സെപ്തംബറില്‍ എഴുതിത്തുടങ്ങിയ വിപരീതവിചാരങ്ങള്‍ എന്ന പ്രതിമാസപംക്തി ഇന്നും തുടരുമ്പോള്‍ അച്ചന്‍ എനിക്ക് നീട്ടിത്തന്ന അംഗീകാരത്തിന്‍റെ കരം മറക്കാനാവില്ല.
പുതുതലമുറയെ ഇത്രമാത്രം ആവേശത്തോടെ കൈപിടിച്ചുയര്‍ത്തിയ വൈദികര്‍ ചുരുക്കമായിരിക്കും.
🔹🔹🔹
ഇന്ന് ഞാന്‍ അംഗമായിരിക്കുന്ന ആലുവ അശോകപുരം ഇടവകയുടെ വളര്‍ച്ചയില്‍ അച്ചന്‍റെ പങ്ക് വളരെയേറെയാണെന്ന് ഇവിടെയുള്ളവര്‍ ഇന്നും സാക്ഷ്യപ്പെടുത്തും. സാഹിത്യ-സാംസ്കാരികമേഖലകളില്‍ ക്രിയാത്മകമായി ഇടപെടാന്‍ അച്ചന്‍ എന്നും ഉത്സുകനായിരുന്നു. അശോകപുരത്തെ വിദ്യാവിനോദിനി പബ്ലിക് ലൈബ്രറിയുടെ രജതജൂബിലി സ്മരണികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചത് അച്ചനാണെന്നറിയുമ്പോഴാണ് പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത വെളിപ്പെടുന്നത്.
🔹🔹🔹
ഉണര്‍വുള്ള യുവത്വം വാര്‍ധക്യത്തിലും കാത്തുസൂക്ഷിച്ച തച്ചിലച്ചനെ ഒടുവില്‍ കാണുന്നത് തൃക്കാക്കര വിജോഭവനില്‍വച്ചാണ്. വിശ്രമജീവിതത്തിന്‍റെ നാളുകളിലും അച്ചന്‍ കര്‍മ്മനിരതനായിരുന്നു. ഒത്തിരി നല്ല അനുഭവങ്ങള്‍ അനേകര്‍ക്ക് സമ്മാനിച്ച പ്രിയപ്പെട്ട ജോസ് തച്ചിലച്ചന് ആദരപ്രണാമം!
🌹🌹🌹
Shaji Malippara
പി. ഓ. സി യിൽ നടക്കാറുള്ള കെ സി വൈ എം മുൻകാല നേതാക്കളുടെ കൂടിവരവുകളിൽ സമീപകാലത്തും അച്ചൻ ആവേശം പരത്തി നിറഞ്ഞു നിന്നിരുന്നു.
ക്രൈസ്തവന് ലോകത്തിൽ ഒരു ദൗത്യമുണ്ടെന്നും, സഭയുടെ ആത്മീയ ജീവിതത്തെയും സാമൂഹ്യ ചുറ്റുപാടുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ’ യുവജനങ്ങളുടെ സുവിശേഷമാണ് എന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചിരുന്നു.
സഭയുടെ യുവജന നേതാക്കൾ അതു നന്നായി മനസ്സിലാക്കിയിരുന്നു…ഡോ. കെ എം ഫ്രാൻസിസ് സാറിനെപോലുള്ളവർ അക്കാര്യം ഇന്നത്തെ യുവജനങ്ങളെയും അത്മായ നേതാക്കളെയും കൂടെക്കൂടെ ഓർമ്മിപ്പിക്കാറുമുണ്ട്.ബഹു. ജോസച്ചന് ആദരാഞ്ജലികൾ!
ഫാ. വർഗീസ് വള്ളിക്കാട്ട്
എറണാകുളം- അങ്കമാലി അതിരൂപതാംഗം ബഹു. ഫാ. ജോസ് തച്ചിൽ (87 ) നിര്യാതനായി.
സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ നാളെ (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് .
മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ
മൃതദേഹം നാളെ (10-02-2023) രാവിലെ 7:30 മുതൽ 8:30 വരെ തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിലും 10 മുതൽ 11:30 വരെ നായരമ്പലത്തുള്ള ഭവനത്തിലും തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഞാറക്കൽ പള്ളിയിലും
പൊതുദർശനത്തിന് വയ്ക്കും.
2.30 ന് ദിവ്യബലിയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
അതിരൂപതയിലെ ചുണങ്ങംവേലി, അശോകപുരം, മേലൂർ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും കാടുകുറ്റി,വാഴക്കുളം, അശോകപുരം, കൈപ്പട്ടൂർ , ആമ്പല്ലൂർ, പള്ളുരുത്തി, കരയാംപറമ്പ്, വേങ്ങൂർ , കാരണക്കോടം , തോപ്പിൽ , കോക്കമംഗലം, മുട്ടം, കൊതവറ, ചക്കരപ്പറമ്പ് ,നീറിക്കോട് ,തുതിയൂർ, പുത്തൻപള്ളി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എകെസിസി യുടെ അതിരൂപതാ ഡയറക്ടർ, കൃപാലയം ഡയറക്ടർ, അമ്മ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, മലബാർ മെയിലിന്റെ എഡിറ്റർ, കെസിവൈഎമ്മിന്റെ ആദ്യരൂപമായിരുന്ന കാത്തലിക് യൂത്ത് ഫെഡറേഷന്റെ ഡയറക്ടർ, എറണാകുളം ബസിലിക്കയോട് ചേർന്നുള്ള ആരാധനാ ചാപ്പലിന്റെ ചാപ്ലയിൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
സീറോ മലബാർ സഭയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഞാറയ്ക്കൽ തച്ചിൽ പരേതരായ ലോനപ്പൻ-മേരി ദമ്പതികളുടെ മകനാണ്.
സ്നേഹത്തോടെ,
ഫാ സോണി മഞ്ഞളി
Archdiocesan Internet Mission
May God him eternal rest.