“അബ്രഹാമിനെ എനിക്ക് മനസ്സിലാകുന്നില്ല, ഒരര്‍ത്ഥത്തില്‍ അവിടെ ഒന്നും മനസ്സിലാക്കാനില്ല; വിസ്മയിക്കാനല്ലാതെ” -അബ്രഹാമിന്‍റെ ബലിയെ നോക്കി അസ്തിത്വത്തിന്‍റെ മുമ്പിലെ അമ്പരപ്പിന് അര്‍ത്ഥം നല്‍കിയ ഡാനിഷ് ചിന്തകനാണ് സോറന്‍ കീര്‍ക്കഗര്‍ എന്ന് ഡോ തേലക്കാട്ടിന്‍റെ ഒരു ലേഖനത്തിലാണ് വായിച്ചിട്ടുള്ളത്. വാസ്തവത്തിൽ ഈ അമ്പരപ്പ് കീർക്കഗർക്കു മാത്രം അനുഭവപ്പെടുന്നതല്ല. മകനെ ബലിപീഠത്തിൽ ബന്ധനസ്ഥനാക്കി കിടത്തിയ ശേഷം കത്തി ഉയർത്തി നിൽക്കുന്ന പിതാവിനെ അമ്പരന്ന് നോക്കി നിൽക്കാനല്ലാതെ നമുക്ക് എന്തു കഴിയും? നൂറുവയസു പിന്നിട്ട, വൃദ്ധനായ അബ്രഹാമിനു വൃദ്ധയായ ഭാര്യയിൽ ഉണ്ടായ മകനെക്കുറിച്ചും അവനെ ബലിനല്‍കാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ ദൈവകല്‍പ്പന നിറവേറ്റാന്‍ എന്ന പേരിൽ മൂന്നു ദിവസത്തെ വഴിദൂരം മകനുമായി സഞ്ചരിച്ച ഈ മനുഷ്യൻ്റെ സ്വപ്നത്തിന് ആത്മീയതയുമായി എന്തു ബന്ധം ? കരുണാമയനായ ദൈവത്തിന് എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ആവശ്യപ്പെടാൻ കഴിയും ?

ദൈവത്തിനെന്ന പേരില്‍ മാതാപിതാക്കള്‍ മക്കള്‍ക്കുനേരേ കൊലക്കത്തി ഉയര്‍ത്തുമ്പോള്‍, അറിയാതെപോലും സണ്‍ഡേസ്കൂള്‍ പുസ്തകങ്ങളിലെ ചിത്രങ്ങള്‍ പലരുടെയും ഓര്‍മകളിലെത്തുന്നു. മകനെ ബലിനല്‍കാന്‍ തയാറായ അബ്രഹാം “വിശ്വാസികളുടെ പിതാവായും” ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്തവരെ അന്ധവിശ്വാസികളായും ചിത്രീകരിക്കുന്നതും എന്ത് എന്നാണ് പലരുടെയും ചോദ്യം. അബ്രഹാമിൻ്റെ ബലിയുമായി ബന്ധപ്പെട്ട് കാലാതീതമായി ഉയരുന്ന ഈ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം നല്‍കിയത് ബൈബിള്‍ പണ്ഡിതനും കേരളത്തിന്‍റെ മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന യശഃശരീരനായ ഡി ബാബു പോള്‍ ആണ്. അബ്രഹാമിന്‍റെ ബലിയെക്കുറിച്ച് അദ്ദേഹത്തിന്‍റെ വിശദീകരണം നോക്കുക.

“നരബലിയുടെ അന്ത്യമാണ് ഇത് കാണിക്കുന്നത്. ആദ്യജാതനെ ബലികഴിക്കുക ഒരു സെമിറ്റിക് രീതി ആയിരുന്നു. അബ്രഹാം ബലിക്ക് വിസമ്മതിച്ചിരുന്നുവെങ്കില്‍ അതായിരുന്നേനേ അത്ഭുതപ്പെടുത്തുന്ന കാര്യം. യഹോവ ഇത്തരം ബലികളില്‍ സന്തോഷിക്കുന്നവനല്ല എന്നതാണ് ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ സന്ദേശം. ആദ്യജാതന്‍റെ ബലി ആവശ്യപ്പെട്ടിരുന്ന ഇതര ദേവന്മാരേക്കാള്‍ നല്ലവനാണ് യഹോവ എന്ന് പറയുകയാണ് ഗ്രന്ഥകാരന്‍” (വേദശബ്ദ രത്നാകരം, ഡി ബാബു പോള്‍).

സെമിറ്റിക് മതങ്ങളെല്ലാം ഒരുപോലെ പിതൃത്വം അവകാശപ്പെടുന്ന ഒരു വ്യക്തിത്വമാണ് അബ്രഹാം. ഏകദൈവവിശ്വാസികളുടെ എല്ലാം പിതാവായിട്ടാണ് അബ്രഹാം അറിയപ്പെടുന്നത്. “അബ്രഹാമിന്‍റെ ദൈവം” (സങ്കീര്‍ത്തനം 47) ഭൂമി മുഴുവന്‍െറയും രാജാവാണ്; സങ്കീര്‍ത്തനങ്ങളാല്‍ അവിടുന്ന് സ്തുതിക്കപ്പെടണം. മോശെയും ദാവീദും സോളമനും ആസാഫും കോരഹ്പുത്രന്മാരും എല്ലാം അബ്രഹാമിന്‍റെ ദൈവത്തെ സ്തുതിച്ചുകൊണ്ട് സങ്കീര്‍ത്തനങ്ങള്‍ എഴുതുകയും പാടിപ്പുകഴ്ത്തുകയും ചെയ്തു. ഇസ്രായേല്‍ സമൂഹം സമാധാനകാലത്തും പ്രവാസത്തിലും ഈ ഗാനങ്ങള്‍ ഏറ്റുപാടി, “അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവത്തെ” ദശതന്ത്രീ നാദത്തോടെ അവര്‍ കീര്‍ത്തിച്ചു. യഹോഷേഫാത്തിന്‍റെ പ്രാര്‍ത്ഥനയില്‍ “അബ്രഹാമിന്‍റെ സ്നേഹിത”നായി അവൻ ദൈവത്തെ അഭിസംബോധന ചെയ്തു (2 ദിനവൃത്താന്തം 20:7) ഈ അഭിസംബോധനയെ ഏശയ്യാ പ്രവാചകനിലൂടെ ദൈവം ഉറപ്പിക്കുകയും ചെയ്തു (ഏശയ്യാ 41:8).

ദൈവം “ഭാഗംഭാഗമായി” മനുഷ്യവര്‍ഗ്ഗത്തിന് തന്നെക്കുറിച്ച് നല്‍കിത്തുടങ്ങിയ എല്ലാ വെളിപ്പെടുത്തലുകളുടെയും തുടക്കക്കാരനായിരുന്നു അബ്രഹാം. അബ്രഹാമിൽ ആരംഭം കുറിച്ച വെളിപ്പെടലുകൾ (manifestation) മോശെയിലൂടെയും പ്രവാചകന്മാരിലൂടെയും കടന്നെത്തി ഒടുവിൽ സമ്പൂര്‍ണ്ണതയായി ഇങ്ങേത്തലയ്ക്കല്‍ ക്രിസ്തുവിൽ പൂർത്തീകരിക്കുന്നു. (യോഹന്നാന്‍ 1:18) ക്രിസ്തുവില്‍ പൂര്‍ത്തീകരിച്ച വെളിപ്പെടലുകള്‍ ക്രമാനുഗതമായി വീണ്ടും പരിശുദ്ധസഭയിലൂടെ ഏറെ തെളിവുള്ളതായി സവിസ്തരം ഇന്ന് പ്രഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ക്രിസ്തുവിൽ പൂർത്തിയായ എല്ലാ വെളിപ്പെടലുകളുടെയും ചരിത്രഗതിയിൽ പുറകോട്ട് സഞ്ചരിച്ച് നാം അബ്രഹാമിൽ എത്തിച്ചേരുമെന്നു പറയുമ്പേൾ, ക്രിസ്തുവിൻ്റെ ബലിയും അബ്രഹാമിൻ്റെ ബലിയും തമ്മിലുള്ള താരതമ്യം വളരെ ശ്രദ്ധേയമായിരിക്കും.

അബ്രഹാമും ക്രിസ്തുവും തങ്ങളുടെ ജീവിതകാലത്ത് ഒരു യാഗവുമായി ബന്ധപ്പെട്ടണ് ശ്രദ്ധേയരായിരിക്കുന്നത്. അബ്രഹാം മകനെ യാഗമാക്കുവാന്‍ തയാറാകുന്നുവെങ്കില്‍, ക്രിസ്തു സ്വയം യാഗമായിത്തീര്‍ന്നു. അബ്രഹാമിന് യാഗവസ്തുവുമായി മൂന്നു ദിവസം സഞ്ചരിക്കേണ്ടിയുരുന്നുവെങ്കില്‍ ക്രിസ്തു ലോകസ്ഥാപനം മുതലേ അറുക്കപ്പെട്ട കുഞ്ഞാടായി മനുഷ്യവംശത്തിൻ്റെ കൂടെ സഞ്ചരിക്കുകയായിരുന്നു (വെളിപ്പാട് 13:8). മോറിയാ മലയില്‍ അബ്രഹാമിന്‍റെ മകന്‍ ഇസ്ഹാക്ക് യാഗമാകുന്നതിന് പകരമായി ഒരു കുഞ്ഞാട് അറുക്കപ്പെട്ടുവെങ്കില്‍ ഗാഗുല്‍ത്താ മലയില്‍ ദൈവത്തിന്‍റെ കുഞ്ഞാടായവന്‍ സ്വയം യാഗമാവുകയായിരുന്നു. അബ്രഹാമിന്‍റെ വിശ്വാസപ്രഖ്യാപനമായ യാഗത്തിന് തുടര്‍ച്ച ആവശ്യപ്പെടുകയോ അത് അനുസ്മരിക്കണമെന്ന് നിര്‍ദ്ദേശവുമോ ഇല്ല, എന്നാല്‍ ക്രിസ്തുവിന്‍റെ ബലിയുടെ അനുസ്മരണം “ഇപ്രകാരം ചെയ്യുവിൻ” എന്ന് പ്രത്യേകം ആവശ്യപ്പെടുന്നു. അബ്രാഹം എന്ന വ്യക്തിയുടെ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ് അദ്ദേഹത്തിന്‍റെ യാഗാര്‍പ്പണത്തില്‍ കാണുന്നതെങ്കില്‍ ക്രിസ്തുവും അവിടുത്തെ യാഗാര്‍പ്പണവും സകല മനുഷ്യവര്‍ഗ്ഗത്തിനുമുള്ള നീതീകരണമാണ് പ്രഘോഷിക്കുന്നത്. അബ്രഹാമിന്‍റെ യാഗത്താല്‍ അബ്രഹാം മാത്രമേ നീതീകരിക്കപ്പെട്ടുള്ളൂവെങ്കില്‍ ക്രിസ്തുവിന്‍റെ യാഗത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം അബ്രഹാമിന്‍റെ അതിശ്രേഷ്ഠ വിശ്വാസത്തില്‍ പങ്കുകാരനാകാന്‍ കഴിയുംവിധം നീതീകരണം ഉറപ്പു നൽകുന്നു. റോമാ ലേഖനം 4ാം അധ്യായം മുഴുവന്‍ അബ്രഹാമിന്‍റെയും ക്രിസ്തുവിന്‍റെയും യാഗങ്ങളുടെ പരസ്പരബന്ധമാണല്ലോ വിശകലനം ചെയ്യുന്നത്.

അബ്രഹാമിൻ്റെ യാഗവസ്തുവായ ഇസ്ഹാക്കും സ്വയം യാഗവസ്തുവായ യേശുക്രിസ്തുവും തമ്മിലും മനോഹരമായ നിരവധി താരതമ്യങ്ങൾ കാണാൻ കഴിയും. ഇസ്ഹാക്കും ക്രിസ്തുവും ഒരുപോലെ വാഗ്ദത്ത സന്താനങ്ങളായിരുന്നു. രണ്ടുപേരുടെയും ജനനവും അത്ഭുതകരമായിരുന്നു. ക്രിസ്തു കന്യകാ മറിത്തില്‍നിന്നു പുരുഷസംസര്‍ഗ്ഗം കൂടാതെ ജനിച്ചുവെങ്കില്‍ നൂറുവയസ്സായ അബ്രഹാമിന്‍റെ ശരീരം മൃതപ്രായവും സാറായുടെ ഗര്‍ഭപാത്രം നിര്‍ജ്ജീവമായിരുന്നപ്പോള്‍ ആയിരുന്നുവല്ലോ ഇസ്ഹാക്ക് ജനിക്കുന്നത് (റോമ 4:19). ഇസ്ഹാക്ക് അബ്രഹാമിന്‍റെ ഹൃദയത്തിന്‍റെ ആനന്ദമായിരുന്നു, “ഇവന്‍ എന്‍റെ പ്രിയപുത്രന്‍” എന്ന് ക്രിസ്തുവിനെക്കുറിച്ച് പിതാവും സാക്ഷ്യപ്പെടുത്തുന്നു. ആത്മാവില്‍ നിന്ന് ജനിച്ചവനായി അറിയപ്പെടുന്ന ഇസ്ഹാക്കിനെ ശാരീരികതയില്‍ ജനിച്ചവനായ തന്‍റെ സഹോദരന്‍ ഇസ്മായീല്‍ (ഗലാത്യ 4:29) പീഡിപ്പിച്ചതുപോലെ ക്രിസ്തുവും തന്‍റെ സഹോദരവര്‍ഗ്ഗത്താല്‍ പീഡിപ്പിക്കപ്പെട്ടു. ഇസ്ഹാക്കും ക്രിസ്തുവും തങ്ങളുടെ പ്രായം മുപ്പതുകളിൽ എത്തിയപ്പോഴായിരുന്നുവല്ലോ യാഗാര്‍പ്പണത്തിനായി മലയിലേക്ക് നയിക്കപ്പെട്ടത്. “കുരിശുമരണത്തോളം ക്രിസ്തു അനുസരണമുളളവൻ ആയിരുന്നു” (ഫിലി 2:8), ഇസ്ഹാക്ക് ബലിപീഠത്തില്‍വരെയും പിതാവിന് വിധേയപ്പെട്ടിരുന്നു. ഇസ്ഹാക്കുമായുള്ള യാത്രയില്‍ രണ്ട് വേലക്കാര്‍ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തുവിന് കാല്‍വരിയില്‍ രണ്ട് കള്ളന്മാരുടെ അകമ്പടിയായിരുന്നു ഉണ്ടായിരുന്നത്. അവസാനമായി ഇസ്ഹാക്കില്‍നിന്ന് ഒരു ചോദ്യമുയര്‍ന്നു ”തീയും വിറകുമുണ്ട്, ദഹനബലിക്കുള്ള കുഞ്ഞാട് എവിടെ”? ക്രിസ്തുവില്‍നിന്നും അവസാനമായി ഒരു ചോദ്യമുയര്‍ന്നു “എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തുകൊണ്ട് നീ എന്നേ ഉപേക്ഷിച്ചു” ? ക്രിസ്തു കൊല്ലപ്പെട്ടു, എന്നാല്‍, ഇസ്ഹാക്ക് കൊല്ലപ്പെട്ടതായി ദൈവം സ്വീകരിച്ചു (ഹെബ്രായര്‍ 11:17-19). യാഗപീഠത്തില്‍നിന്നും എഴുന്നേറ്റ ഇസ്ഹാക്ക് ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്‍റെ നിഴലായിരുന്നു. യാഗപീഡത്തില്‍നിന്ന് പിതാവിനോടൊത്ത് മടങ്ങിയ ഇസ്ഹാക്കിന് റബേക്കയുമായുള്ള വിവാഹമാണ് തുടര്‍ന്നുള്ള വലിയ സംഭവമെങ്കില്‍ ഉത്ഥിതനായി സ്വര്‍ഗ്ഗാരോഹണം ചെയ്ത ക്രിസ്തു തന്‍റെ മണവാട്ടിയായ സഭയ്ക്കുവേണ്ടി മടങ്ങിവരുമെന്നതിന്‍റെ നിവൃത്തിയാണ് ഇനി ഈ ലോകത്തിൽ സംഭവിക്കാനുള്ള അതിമഹത്തായ സംഭവം! ഇതാണല്ലോ ഓരോ ക്രൈസ്തവന്‍റെയും ജീവിക്കുന്ന പ്രത്യാശ!

അബ്രഹാം മുതല്‍ യഹൂദമതം അര്‍പ്പിച്ച സകലയാഗങ്ങളും ക്രിസ്തുവിന്‍റെ കാല്‍വരിയാഗത്തിന്‍റെ നിഴല്‍ മാത്രമായിരുന്നു. നൂറ്റാണ്ടുകളായി യഹൂദന്‍ ഒഴുക്കിയ കോലാടുകളെയും കാളക്കിടാങ്ങളുടെയും രക്തംകൊണ്ടുള്ള യാഗങ്ങള്‍ ബാഹ്യമായ ആചാരങ്ങളായിരുന്നു. കാലസമ്പൂര്‍ണ്ണതില്‍ കാല്‍വരിയാഗത്തിലൂടെ അര്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്‍െറ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെ നിര്‍ജീവ പ്രവൃത്തികളില്‍നിന്ന് വിശുദ്ധീകരിക്കുന്ന പുണ്യാഹരക്തമാണ്!സംഭവിക്കാനിരിക്കുന്ന കാല്‍വരിയാഗത്തിനു ശേഷം മനുഷ്യവര്‍ഗ്ഗം ഇനിയൊരു യാഗമൃഗത്തിൻ്റെയും രക്തം ചൊരിഞ്ഞുള്ള ബലിയര്‍പ്പണത്തിനായി മലകളിലേക്ക് എവിടെയും കയറിപ്പോകേണ്ടി വരികയില്ല എന്ന് യേശുക്രിസ്തു സ്പഷ്ടമാക്കിയിരുന്നു (യോഹന്നാന്‍ 4:21-24).

ഇവിടെ കീര്‍ക്കഗറെ വീണ്ടും ഉദ്ധരിക്കേണ്ടിവരുന്നു, “അബ്രഹാമിനെ നോക്കി വിസ്മയിക്കാനല്ലാതെ നമുക്ക് എന്തുകഴിയും”? മകനുനേരേ കൊലക്കത്തി ഉയര്‍ത്തിയവന്‍റെ രൂപത്തിൽ മാത്രമല്ല ബൈബിളില്‍ അബ്രഹാം നിലകൊള്ളുന്നത്. തന്നെ വിളിച്ചവനിലുള്ള ആഴമേറിയ വിശ്വാസം ഒന്നുകൊണ്ട് മാത്രം തനിക്ക് അവകാശമായി ലഭിക്കാനുള്ള സ്ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു പുറപ്പെട്ട അബ്രഹാമിനെയും കാണാം. വിശ്വാസത്തോടെ അവന്‍ വാഗ്ദത്ത ഭൂമിയില്‍ പരദേശിയെപ്പോലെ കഴിഞ്ഞു. ഇഷ്ടംപോലെ സമ്പത്തും വേലക്കാരുമുണ്ടായിരുന്നിട്ടും ഭൂമിയില്‍ പ്രതാപമുള്ള ഒരു കൊട്ടാരം പണിയാതെ, അവന്‍ കൂടാരങ്ങള്‍ മാറ്റിയടിച്ച് തന്നോടുള്ള ദൈവിക വാഗ്ദാനത്തിന് കൂട്ടഅവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത്, ദൈവം ശില്‍പിയായി നിര്‍മിച്ചതും അടിസ്ഥാനം ഉറപ്പിച്ചതുമായ ഒരു നഗരത്തെ കാത്തിരുന്നു. പുതിയനിയമ വിശ്വാസിയായ ക്രൈസ്തവന്‍, വരാന്‍പോകുന്ന ദൈവരാജ്യത്തെ ഇവിടെ പ്രതീക്ഷിച്ചകൊണ്ട് തങ്ങളും ഇവിടെ തീര്‍ത്ഥാടകരാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ അവിടെയും അബ്രഹാമിൻ്റെ വിശ്വാസം ഏറ്റുപറയുകയാണ്. അബ്രഹാമിന്‍റെ ജീവിതത്തിന്‍റെ അടിസ്ഥാനം ഒന്നുമാത്രമായിരുന്നു – തന്നോടു വാഗ്ദാനം ചെയ്തവന്‍ വിശ്വസ്തനാണ് എന്നുള്ള ഉറപ്പ്. അടിയുറപ്പുള്ള ഈ വിശ്വാസത്തോടെ ജീവിച്ച അബ്രഹാം ഒരു വിസ്മയ കഥാപാത്രം തന്നെല്ലേ?

അജ്ഞതയും അന്ധവിശ്വാസവും മാനസികരോഗവും മൂലം ആരെങ്കിലും സ്വന്തം മക്കളെ കൊന്നുകളയുമ്പോള്‍ അവിടെയെല്ലാം കുറ്റാരോപിതനാകേണ്ടവനല്ല ബൈബിളില്‍ വായിക്കുന്ന അബ്രഹാം. വിശ്വാസത്തിന്‍റെ പേരില്‍ സംഭവബഹുലമായ ഒരു ജീവിതമായിരുന്നു അബ്രഹാമിന്‍റേത്. മകനേ ബലിനല്‍കുവാന്‍ പുറപ്പെടുന്നതിന്‍റെ തലേന്നുണ്ടായ ഭ്രാന്തന്‍ സ്വപ്നത്തിന്‍റെ പേരിലായിരുന്നില്ല അദ്ദേഹം ഇപ്രകാരമൊരു കൃത്യത്തിന് പുറപ്പെടുന്നത്. പതിറ്റാണ്ടുകള്‍ തന്നോട് കൂടെനടന്നവനും നിരവധിസന്ദര്‍ഭങ്ങളില്‍ പ്രകൃത്യാതീതമായി ഇടപെട്ടവനും വാഗ്ദത്തങ്ങളും വാക്കുകളും വിശ്വസിക്കാന്‍ കൊള്ളുന്നവനെന്ന് ഉറപ്പുളളവനുമായിരുന്നു അബ്രഹാമിന് വെളിപ്പെട്ട “എല്‍ഷദ്ദായി”! അതെ, അബ്രഹാം കുറ്റാരോപിതനോ കൊലപാതകിയോ അല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വിസ്മയത്തോടെ മാത്രം നമുക്ക് നോക്കിനില്‍ക്കാൻ കഴിയുന്ന വിശ്വാസ വീരന്മാരുടെ നേതാവാണ് അദ്ദേഹം!

മാത്യൂ ചെമ്പുകണ്ടത്തില്‍

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.