ഇന്ത്യക്കുവേണ്ടി ഒളിമ്പിക്സിൽ
വെള്ളി മെഡൽ നേടിയ
പി.വി.സിന്ധു എന്ന
ഹൈദ്രബാദുകാരിയെ മറന്നിട്ടില്ലല്ലോ!

ഒളിമ്പിക്സിന് മുന്നോടിയായ്
2015 ൽ നടന്ന ഓസ്ട്രേലിയൻ ഓപ്പണിൽ സിന്ധു പരാജയപ്പെട്ടപ്പോൾ,
ഗോപിചന്ദ് എന്ന കോച്ച്
അവളോടു പറഞ്ഞു:
“നിൻ്റെ പരാജയ കാരണങ്ങൾ
ഒരു പേപ്പറിൽ എഴുതുക.”

അവൾ എഴുതിയ ലിസ്റ്റ് നിരീക്ഷിച്ച ശേഷം മറ്റൊരു കുറിപ്പ് അദ്ദേഹം
അവൾക്കു നൽകി.
ആ കുറിപ്പിൽ ഉണ്ടായിരുന്ന
നിർദ്ദേശങ്ങൾ ലോകം അറിയുന്നത്
2016-ൽ റിയോയിൽ നടന്ന
ഒളിമ്പിക്സിൽ,
ഇന്ത്യയ്ക്കു വേണ്ടി വെള്ളിമെഡൽ കരസ്ഥമാക്കിയ ശേഷമാണ്.

“ഓസ്ട്രേലിയൻ ഓപ്പൺ
പരാജയപ്പെട്ടപ്പോൾ ഒരാഴ്ച സമയം
എന്നെ എൻ്റെ ഇഷ്ടമനുസരിച്ച്,
ഭക്ഷണം കഴിക്കാനും
സന്തോഷിക്കാനുമാണ് കോച്ച് നിർദേശിച്ചത്. നാട്ടിലെത്തിയ ശേഷമാണ്
ഗെയിമിൽ ഞാൻ വരുത്തിയ പിഴവുകൾ എന്തെല്ലാമെന്ന് കണ്ടെത്താൻ
അദേഹം നിർദ്ദേശിച്ചത്.

ഞാനത് എഴുതി.
അത് വായിച്ചശേഷം അദ്ദേഹം
മറ്റൊരു ലിസ്റ്റ് തയാറാക്കി.
അതൽപം കഠിനമായിരുന്നു:

“വരും മാസങ്ങളിൽ പുലർച്ചെ
നാലുമണി മുതൽ പ്രാക്ടീസ് ചെയ്യണം.
ഒളിമ്പിക്സ് തീരുന്നതുവരെ
മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. സിന്ധുവിന് ഏറ്റവും ഇഷ്ടമുള്ള
ബിരിയാണിയും തൈരും
മറ്റു പല ഭക്ഷണ പദാർത്ഥങ്ങളും ഒഴിവാക്കണം…. “

ഇരുപത്തൊന്നുകാരിക്ക്
മൊബൈൽ ഫോൺ
ഒഴിവാക്കാൻ സാധിക്കുമോ? ഇല്ല. അതായിരുന്നു ഏറ്റവും വേദനാജനകം.

നിർദ്ദേശങ്ങൾ വായിച്ച ശേഷം
ഉറച്ച ബോധ്യത്തോടെ,
സിന്ധു അവയ്ക്കെല്ലാം സമ്മതം മൂളി.
എപ്പോഴെല്ലാം ത്യാഗങ്ങൾ
മനസിലേക്ക് കടന്നു വന്നുവോ
അപ്പോഴെല്ലാം റിയോ ഒളിമ്പിക്സിൻ്റെ
ചിത്രവും അവളുടെ
മനസിൽ കൂടുതൽ തെളിഞ്ഞു.

ഒളിമ്പിക്സിനു വേണ്ടി,
തന്നെ വെട്ടിയൊരുക്കാൻ
കോച്ചിന് സാധിച്ചു.
ആ വേദന പരാതികളില്ലാതെ
ഏറ്റെടുത്തതിൻ്റെ ഫലമാണ്
തൻ്റെ വിജയമെന്ന് ലോകത്തോട്
വിളിച്ചു പറയാൻ അവൾക്ക് മടിയില്ലായിരുന്നു.

ഒരു വർഷം നീണ്ടു നിന്ന
ലോക്ഡൗണിനു ശേഷം
മുതിർന്ന കുട്ടികൾക്കായി
കലാലയങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. ഇതിനോടകം പല വിദ്യാർത്ഥികളും
മൊബൈൽ ഗെയിമുകൾക്കും
കാഴ്ചകൾക്കും അടിമപ്പെട്ടിട്ടുണ്ട്
എന്നത് വസ്തുതയാണ്.

ക്രിസ്തുവിൻ്റെ ഈ വചനം
എല്ലാ വിദ്യാർത്ഥികൾക്കും കരുത്തേക്കട്ടെ:

“ഞാന്‍ സാക്‌ഷാല്‍ മുന്തിരിച്ചെടിയും
എന്റെ പിതാവ്‌ കൃഷിക്കാരനുമാണ്‌.
എന്റെ ശാഖകളില്‍ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു.
എന്നാല്‍, ഫലം തരുന്നതിനെ
കൂടുതല്‍ കായ്‌ക്കാനായി
അവിടുന്നു വെട്ടിയൊരുക്കുകയും
ചെയ്യുന്നു “

(യോഹ 15 : 1-2).

വരും ദിനങ്ങളിൽ,
സ്വയം വെട്ടിയൊരുക്കലിന്
തയ്യാറായില്ലെങ്കിൽ
നേട്ടങ്ങൾ സ്വന്തമാവില്ല എന്ന കാര്യം തിരിച്ചറിയാതെ പോകരുത്.

ഫാദർ ജെൻസൺ ലാസലെറ്റ്
ജനുവരി 12-2021

നിങ്ങൾ വിട്ടുപോയത്