സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്ന വെളിപാടുകളുടെയും ദർശനങ്ങളുടെയും വലയിൽ ആരും കുടുങ്ങരുതേ…

സഭാചരിത്രത്തില്‍ അനേകം വ്യക്തിഗതവെളിപാടുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് സഭ അംഗീകരിക്കുകയും ചിലരുടേത് തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. സഭ ഏതെങ്കിലും വ്യക്തിഗതവെളിപാടിനെ അംഗീകരിച്ചാല്‍ അതിന്റെയര്‍ത്ഥം വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായ ഒന്നും അതിലില്ലെന്നും അതു പ്രചരിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്നും വിശ്വാസികള്‍ അതു വിവേകത്തോടെ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും മാത്രമാണ്. പൊതുവെളിപാട് എല്ലാ ക്രൈസ്തവരും നിര്‍ബന്ധമായും വിശ്വസിക്കേണ്ടവ തന്നെയാണ്. എന്നാല്‍, വ്യക്തിഗതവെളിപാടുകള്‍ വിശ്വസിക്കാനും അനുഷ്ഠിക്കാനും ഒരു വിശ്വാസിയും കടപ്പെട്ടിട്ടില്ല.

തമസ്സിൻ്റെ പ്രവൃത്തികൾ:-

-കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായി ആരെങ്കിലും വിശ്വസനീയമെന്ന് ഏവര്‍ക്കും തോന്നുന്ന തരത്തിൽ ഏതെല്ലാം പ്രവചനങ്ങളും അദ്ഭുതങ്ങളും നടത്തിയാലും അവയെല്ലാം ഇരുട്ടിന്റെ ആത്മാവിന്റെ പ്രവൃത്തികള്‍ മാത്രമായിരിക്കും. ഇന്ന് ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും മലവെള്ളപ്പാച്ചിലില്‍ പല ക്രൈസ്തവരും ഒഴുകിപ്പോകുന്നുണ്ട്. വ്യക്തിഗത ദര്‍ശനങ്ങള്‍ക്കും വെളിപാടുകള്‍ക്കും അനാവശ്യവും അപകടകരവുമായ ഊന്നല്‍ നൽകുന്നതുവഴി ചിലരെങ്കിലും കര്‍ത്താവിനെ പ്രഘോഷിക്കുക, കര്‍ത്താവിന്റെ സഭയെ പരിപോഷിപ്പിക്കുക, ആത്മാക്കളെ രക്ഷിക്കുക എന്നീ ലക്ഷ്യങ്ങളിൽ നിന്ന് അകന്ന് പോകുന്നതായി കാണാം.

സംശയത്തിൻ്റെ അരിപ്പ അനിവാര്യം

--സ്വകാര്യവെളിപാടുകള്‍ ദൈവഹിതപ്രകാരമാകുന്നത് സഭയുടെ പ്രബോധനാധികാരത്തോടുള്ള വിധേയത്വത്തിന്‍ കീഴില്‍ മാത്രമാണ്. സ്വകാര്യവെളിപാടുകളുടെയും ദർശനങ്ങളുടെയും സാധുതയെ സംബന്ധിക്കുന്ന നടപടിക്രമങ്ങളെ കുറിച്ച്, 1978 ൽ, വിശുദ്ധ പോൾ ആറാമന്‍ പാപ്പായുടെ കാലത്ത് വത്തിക്കാൻ വിശ്വാസകാര്യങ്ങള്‍ക്ക് വേണ്ടിയുള്ള സംഘം നൽകിയ മാർഗനിർദേശങ്ങളിൽ പറയുന്നത്:സ്വകാര്യവെളിപാടുകളുടെയും ദർശനങ്ങളുടെയും സാധുത എത്രമാത്രം വിശ്വാസനീയമാണെന്ന് തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുക എന്നുള്ളതാണ്. ഇതിനായി അവയുടെ വാസ്തവികവും (പോസിറ്റീവ്), നിക്ഷേധാത്മകവുമായ (നെഗറ്റീവ്) മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് അടിസ്ഥാനപരമായി നിർദേശിക്കുന്നത്. ഇതിനായി പ്രധാനമായും മൂന്നു കാര്യങ്ങളാണ് പരിശോധനക്കായി സഭ മുന്നോട്ടുവയ്ക്കുന്നത്:
1. സ്വകാര്യ വെളിപാട് അവകാശപ്പെടുന്ന വ്യക്തിയുടെ ധാർമ്മിക നിലവാരം എന്താണ്? അവർ സത്യം പറയുന്ന വ്യക്തി ആണോ? അവരുടെ വിശ്വാസ ജീവിതം എപ്രകാരമുള്ളതാണ്? അവർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?സഭയിലും വിശുദ്ധ ഗ്രന്ഥത്തിലും വിശ്വസിക്കുന്നുണ്ടോ? അപ്പസ്തോലിക അധികാരത്തെ അംഗീകരിക്കുന്നുണ്ടോ? ഒരു ക്രൈസ്തവ ജീവിതത്തിനു ചേർന്ന ഫലം പുറപ്പെടുവിക്കുന്നുണ്ടോ?
2. ദൈവശാസ്ത്രപരവും ആത്മീയപരവുമായ തെറ്റുകളിൽനിന്ന് മുക്തമാണോ?
3. ആരോഗ്യകരമായ ഭക്തിയും, സുസ്ഥിരമായ ആത്മീയ ഫലങ്ങളും നിർബാധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണോ? 
അതായത്, പ്രാർഥനയോടുള്ള സ്ഥിരോത്സാഹം, മാനസാന്തരം, ദാനധർമ്മത്തിന്‍റെ സാക്ഷ്യം നൽകൽ തുടങ്ങിയവ ജീവിതത്തിൽ പ്രകടമാണോ?
പ്രാദേശിക സഭാ നേതൃത്വം പ്രാഥമികമായി അത്തരം കാര്യങ്ങളുടെ യോഗ്യതകളെക്കുറിച്ച് വിവേകപൂർവം അന്വേഷിച്ച് തീരുമാനിക്കണമെന്നാണ്. പ്രാദേശിക മെത്രാനാണ് ഇത്തരം കാര്യങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകുവാനും, നിയന്ത്രിക്കുവാനും, വിലക്കുവാനുമുള്ള അധികാരം.

യഥാർത്ഥ വെളിപാടുകളുടെ ലക്ഷണങ്ങൾ:—

-വിശ്വാസികള്‍ക്കുണ്ടാകുന്ന ആത്മീയാനുഭവങ്ങള്‍ സമ്മാനിക്കുന്ന വ്യക്തിഗത വെളിപാടുകള്‍ക്ക് ക്രിസ്തുവിന്റെ ആത്യന്തിക വെളിപാടിനോട് ഒന്നും കൂട്ടിച്ചേര്‍ക്കാനോ അതിനെ പൂര്‍ണമാക്കാനോ കഴിയില്ല (CCC, 67). എന്നാല്‍, അത് ക്രിസ്തുവിന്റെ വെളിപാടിനെ കൂടുതല്‍ നന്നായി ഗ്രഹിക്കാനും ചരിത്രത്തിലെ പ്രത്യേക ദശാസന്ധികളില്‍ അതു ഫലപ്രദമായി ജീവിക്കാനും വിശ്വാസികള്‍ക്കു സഹായമേകും. സ്വകാര്യ വെളിപാടുകൾ പുത്തന്‍ ആത്മീയ ഊന്നലുകള്‍ പരിചയപ്പെടുത്തുകയോ, (ഉദാ. തിരുഹൃദയഭക്തി, കരുണക്കൊന്ത) അവതരിപ്പിക്കുകയോ, പഴയ രൂപങ്ങള്‍ ആഴപ്പെടുത്തുകയോ (ഉദാ. ജപമാലയിലെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍) ചെയ്യാം.

വിശ്വാസി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:–

-1. ഒരു വിശ്വാസി ആദ്യമായി മനസിലാക്കേണ്ടത് സ്വകാര്യ ദർശനങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലൂടെയും, സഭാ പാരമ്പര്യത്തിലൂടെയും നൽകപ്പെട്ട വെളിപാടിന്‍റെ നിക്ഷേപങ്ങളോടൊപ്പം എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ അതിനെ പൂർത്തികരിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. അതിനാൽ, വിശുദ്ധ ഗ്രന്ഥത്തിനും, സഭാ പാരമ്പര്യത്തിനും നൽകുന്ന അതേ പ്രധാന്യത്തോടെ ഒരിക്കലും സ്വകാര്യ ദർശനങ്ങളെ സമീപിക്കരുത്

.2. സഭയുടെ വിശ്വാസ തിരുസംഘം ഇത്തരത്തിലുള്ള വെളിപാടുകളെ കുറിച്ച് സൂക്ഷ്മമായ പഠനങ്ങൾക്കും വിചിന്തനങ്ങൾക്കും ശേഷം, ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാൻ പിശാച് നല്ലതാണെന്ന് തോന്നുന്നതിനെപ്പോലും ഉപയോഗപ്പെടുത്തുന്നു എന്ന യാഥാർഥ്യവും കണക്കിലെടുത്ത് – ഇതിലെ മാനുഷികവും അമാനുഷികവുമായ സാധ്യതകളെ വിലയിരുത്തി – നമുക്ക് ഔദ്യോഗികമായി നൽകുന്നവയെ മാത്രം സ്വീകരിക്കുക, ആത്മീയതയുടെ ഭാഗമാക്കുക.

3. വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട പരമ പ്രധാനമായ കാര്യം ഇതാണ്; ഒരു സ്വകാര്യ വെളിപാടിനോ ദർശനത്തിനോ സഭ ഔദ്യോഗിക അംഗീകാരം നൽകിയാലും, ആ സ്വകാര്യ വെളിപാടിലോ ദർശനത്തിലോ വിശ്വാസികൾ വിശ്വസിച്ചേ മതിയാവൂ എന്ന് ഒരിക്കലും നിർബന്ധമില്ല. കാരണം, വിശുദ്ധഗ്രന്ഥവും, പരിശുദ്ധ പാരമ്പര്യവും അടിസ്ഥാനമാക്കി സഭ മുന്നോട്ടുവച്ചിട്ടുള്ള വിശ്വാസ നിക്ഷേപങ്ങളെ പാലിക്കുവാനും പിന്തുടരുവാനുമാണ് ഒരു വിശ്വാസി വിളിക്കപ്പെട്ടിരിക്കുന്നത്.

ജാഗ്രതൈ!

സാമൂഹ്യ മാധ്യമങ്ങളിലൂടെ കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായുള്ള സ്വകാര്യവെളിപാടുകളുടെ വിവരം പങ്കുവയ്ക്കുന്നത് തന്നെ അത് ദൈവികമല്ല എന്നതിന് ഏറ്റവും വലിയ തെളിവാണ്. ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ കറങ്ങി നടക്കുന്ന ചില സ്വകാര്യവെളിപാടുകൾ – അതും മരിച്ച ഒരു വ്യക്തി ദർശനത്തിൽ വെളിപ്പെടുത്തി എന്ന് പറഞ്ഞ് പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് – കത്തോലിക്കാസഭയുടെ ദൈവശാസ്ത്ര പ്രബോധനങ്ങൾക്ക് തികച്ചും വിരുദ്ധമാണ്.

മരിച്ച വ്യക്തികളുടെ ആത്മാക്കളുമായുള്ള നേരിട്ടുള്ള ബന്ധം കത്തോലിക്കാ ചൈതന്യം അല്ല, കത്തോലിക്കാ സഭ അത് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കുന്നുമില്ല. അതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ് കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് “സ്പിരിറ്റ് ഇൻ ജീസസ്സ്” എന്ന ഒരു സംഘടന ഉദയം ചെയ്തതും ആ സംഘടനയെ കത്തോലിക്കാസഭയിൽ നിന്ന് പുറത്താക്കിയതും. അതിനാൽ വിശ്വാസികളായ ഓരോ വ്യക്തിയോടും പറയുവാനുള്ളത് ഇതാണ്: “എപ്പോഴും ജാഗരൂകരായിരിക്കുവിൻ. ആരും നിങ്ങളെ വഴിതെറ്റിക്കാതെ ഇരിക്കാന്‍ സൂക്‌ഷിച്ചു കൊള്ളുവിന്‍” (മത്താ 24,4).

സ്നേഹപൂർവ്വം..

.സി. സോണിയ തെരേസ് ഡി. എസ്. ജെ

(കടപ്പാട്: ഫാ. ജോഷി മയ്യാറ്റിലിൻ്റെ ഒരു ലേഖനത്തിൽ നിന്നുള്ള ചില ആശയങ്ങളും ക്രോഡീകരിച്ച് എടുത്തിട്ടുണ്ട്)

നിങ്ങൾ വിട്ടുപോയത്