ആണ്ടുവട്ടത്തിലെ എട്ടാം ഞായർവിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45)
“നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു നന്മ പുറപ്പെടുവിക്കുന്നു” (v.45). ഹൃദയത്തിലെ നല്ല നിക്ഷേപം: എത്ര സുന്ദരമാണ് ഈ സങ്കല്പം. നമ്മുടെ ഉള്ളിന്റെയുള്ളം എന്താണെന്ന് നിർവചിക്കുന്ന സുന്ദരമായ കാഴ്ചപ്പാട്. നമ്മളിൽ എല്ലാവരിലും ഒരു നല്ല നിധിയുണ്ട്; മൺപാത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന നല്ലൊരു നിക്ഷേപം. അമൂല്യമായ എന്തൊക്കെയോ സൂക്ഷിച്ചിരിക്കുന്ന ഒരു സ്വർഗ്ഗീയ കലവറയാണത്.
ജീവിതം സജീവമാകണമെങ്കിൽ ഉള്ളിലെ നിക്ഷേപത്തിൽ നിന്നും നന്മകൾ പുറത്തേക്ക് എടുക്കണം. അത് ചിലപ്പോൾ പ്രതീക്ഷ പകരുന്ന ചില പദങ്ങളായിരിക്കാം, കരുണയോടുള്ള അഭിനിവേശമായിരിക്കാം, ചെറുപുഞ്ചിരിയായിരിക്കാം, നല്ല ചിന്തകളായിരിക്കാം. യുക്തിയുടെയും നിയമത്തിന്റെയും വഴികളിലൂടെ നമുക്ക് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം, ബന്ധങ്ങളെ നിലനിർത്തുകയും ചെയ്യാം, പക്ഷേ, ഹൃദയസ്പന്ദനം പോലെ ഒരു താളാത്മകത അതിനുണ്ടാവുകയില്ല. വേരുകൾ ആഴത്തിലേക്കിറങ്ങാത്ത വൃക്ഷങ്ങളെ പോലെയായിരിക്കും അത്
മരങ്ങളോടാണ് നമ്മുടെ ജീവിതത്തെ ഗുരു താരതമ്യം ചെയ്യുന്നത്: “നല്ല വൃക്ഷം ചീത്ത ഫലം പുറപ്പെടുവിക്കുന്നില്ല”. പുഷ്പിക്കൽ അല്ല, ഫലം നൽകലാണ് എല്ലാ വൃക്ഷങ്ങളുടെയും ജീവിതലക്ഷ്യം. ഫലം നൽകുക. അതാണ് സുവിശേഷ ധാർമികതയുടെ അടിസ്ഥാനം. എങ്ങനെ ഫലം നൽകും? ഉത്തരം മത്തായിയുടെ സുവിശേഷത്തിലെ അവസാന വിധി രംഗത്തിൽ കാണാൻ സാധിക്കും (മത്താ 25: 31-40). ജീവിതത്തിന്റെ പരമ യാഥാർത്ഥ്യം അവിടെ വെളിപ്പെടുത്തുന്നുണ്ട്. സഹജരുടെ നൊമ്പരങ്ങളിലേക്ക് ഇറങ്ങിച്ചെന്നവരുടെ നൈതികതയാണത്. അതാണ് സൃഷ്ടിപരമായ ഫലപ്രാപ്തിയും യഥാർത്ഥ നന്മയും സൗഖ്യമാകുന്ന ആശ്വാസവും ആധികാരികമായ പുഞ്ചിരിയും.
ഒരു വൃക്ഷവും തനിക്കുവേണ്ടി തന്നെ നിലകൊള്ളുന്നില്ല. സേവനമാണ് അതിന്റെ സാന്നിദ്ധ്യം തന്നെ. എല്ലാ ശരത്കാലത്തിലും അതിന്റെ ശിഖരങ്ങൾ ഫലങ്ങൾ കൊണ്ട് നിറയുന്നു. ഒന്നും തനിക്ക് വേണ്ടിയല്ല, ഒന്നും പാഴായി പോകുന്നുമില്ല. ചിലത് വിത്തുകളായി മാറുന്നു. മറ്റു ചിലത് ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും അന്തരീക്ഷത്തിലെ പ്രാണികൾക്കും പിന്നെ നമ്മൾക്കുമായി മാറ്റിവയ്ക്കുന്നു.
പ്രകൃതിയുടെ നിയമം തന്നെയാണ് ആത്മീയ ജീവിതത്തിന്റെയും നിയമം. പ്രപഞ്ചം നമ്മളോട് പറയുന്നത് വെട്ടിപ്പിടിക്കലിന്റെ കഥകളല്ല, നൽകുക എന്ന അഗാധമായ നന്മയുടെ പാഠങ്ങളാണ്. അതായത്, നല്ല മരങ്ങൾ പോലെ വളരാനും പുഷ്പിക്കാനും ഫലം പുറപ്പെടുവിക്കാനും നൽകാനുമാണ് പ്രകൃതി നമ്മളോട് പറയുന്നത്. അപ്പോഴും തിന്മയുടെ ചില വേരുകൾ നമ്മിലും ഉണ്ട് എന്ന കാര്യം മറക്കരുത്. നിന്റെ സഹോദരന്റെ കണ്ണിലെ കരടിലേക്ക് നീ എന്തിനാണ് നോക്കുന്നത്? ആ കണ്ണിലെ വെളിച്ചം കാണുന്നതിനുപകരം എന്തിനാണ് നിഴലുകളെ അന്വേഷിക്കുന്നത്? ഇതാണ് തിന്മയുടെ വേരുകൾ. ഇവിടെയാണ് ക്രിസ്തു വ്യത്യസ്തനാകുന്നത്. അവന്റെ നോട്ടം ദൈവത്തിന്റെ നോട്ടമാണ്. അത് സ്രഷ്ടാവിന്റെ നോട്ടമാണ്. എല്ലാം നല്ലതായി കാണുന്ന നോട്ടം. പ്രകാശിക്കുന്ന ഹൃദയമുള്ളവർക്ക് മാത്രമേ സഹജരെ നല്ലവരായി കാണാൻ സാധിക്കൂ. ദുഷിച്ച കണ്ണുള്ളവർ ഇരുട്ട് പുറപ്പെടുവിക്കും. അവർ സ്നേഹത്തിന് പകരം നിഴലുകൾ പരത്തും.
നല്ല കണ്ണുകൾ വിളക്കു പോലെയാണ്, അവ പ്രകാശം പരത്തും. അവ സഹജരുടെ കണ്ണിലെ കരടുകളെയോ അവരുടെ ഉള്ളിലെ ദുഷിച്ച നിക്ഷേപങ്ങളെയോ തേടുകയില്ല, മറിച്ച് എല്ലാവരിലും നന്മ ദർശിക്കും. കാരണം, ഹൃദയത്തിൽ അവർ നിക്ഷേപിച്ചിരിക്കുന്നത് സ്നേഹം മാത്രമാണ്. “നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക;ജീവന്റെ ഉറവകള്‍ അതില്‍ നിന്നാണൊഴുകുന്നത്” (സുഭാ 4 : 23).

/// ഫാ .മാർട്ടിൻ N ആന്റണി ///
.