ആലപ്പുഴ: ബൈബിള്‍ വചനങ്ങള്‍കൊണ്ട് പേപ്പറില്‍ സൃഷ്ടിച്ച ക്രിസ്തുരൂപം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടംപിടിച്ചു.

വിദ്യാര്‍ത്ഥിയായ നിഖില്‍ ആന്റണിയാണ് ഈ അപൂര്‍വ ചിത്രത്തിന്റെ പിന്നില്‍. സന്ധ്യാപ്രാര്‍ത്ഥനയില്‍നിന്ന് കിട്ടിയ പ്രചോദനത്തില്‍നിന്നാണ് ചിത്രത്തിന്റെ പിറവി. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നിഖിലിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ലഭിച്ച ഇടവേളയിലാണ് ആപൂര്‍വമായൊരു കലാസൃഷ്ടി പിറന്നത്. കോവിഡ് കാലത്ത് ഈശോയുടെ രേഖാചിത്രം ആദ്യം പെന്‍സില്‍കൊണ്ട് വരച്ചിരുന്നു. ചിത്ര രചന പഠിച്ചിട്ടില്ലാത്ത നിഖില്‍ വരച്ച ചിത്രത്തിന്റെ ഭംഗികണ്ട് ധാരാളം പേര്‍ അഭിനന്ദിച്ചു. അപ്പോഴാണ് ഇങ്ങനെയൊരു ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ഇംഗ്ലീഷ് ബൈബിളില്‍നിന്ന് സങ്കീര്‍ത്തനങ്ങളും യോഹന്നാന്റെ ലേഖനങ്ങളും ചാര്‍ട്ടുപേപ്പറിലേക്ക് പകര്‍ത്തിയെഴുതി. ആ ചാര്‍ട്ടുപേപ്പറുകള്‍ കൂട്ടിയോജിപ്പിച്ചപ്പോള്‍ അതില്‍ മനോഹരമായ ഒരു ക്രിസ്തുരൂപം വിരിയുകയായിരുന്നു. 110 ചാര്‍ട്ടുപേപ്പറുകള്‍ ചേര്‍ത്തുവച്ച് ഏഴുമീറ്റര്‍ നീളവും 5 അഞ്ചുമീറ്റര്‍ വീതിയുമുള്ള ഒരു കാന്‍വാസ് ഉണ്ടാക്കി അതില്‍ വചനങ്ങള്‍ എഴുതി പേപ്പറുകള്‍ യോജിപ്പിച്ചാണ് ക്രിസ്തുരൂപം സൃഷ്ടിച്ചത്. ടൈപ്പോഗ്രാഫിക് ഡ്രോയിംഗ് എന്നു വിശേഷിപ്പിക്കുന്ന കലാരീതി യാണിത്. എഴുതാന്‍ 20 മണിക്കൂറും നാല്പതു മിനിറ്റുമെടുത്തു. തുടര്‍ന്ന് രണ്ടുദിവസമെടുത്ത് പേപ്പറുകള്‍ കൂട്ടിച്ചേര്‍ ത്തപ്പോള്‍ അമൂല്യമായൊരു കലാസൃഷ്ടിയായി മാറി.ചേര്‍ത്തല അര്‍ത്തുങ്കല്‍ പനയ്ക്കല്‍ ആന്റണി-മേരി ദമ്പതികളുടെ മകനാണ് നിഖില്‍. പ്രോത്സാഹനവുമായി മാതാപിതാക്കളും സഹോദരന്‍ അഖിലുമുണ്ടായിരുന്നു. രചന പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയത് സഹോദരന്‍ അഖിലാണ്.

നിങ്ങൾ വിട്ടുപോയത്