“അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍” (മത്തായി 10:27).

യേശു ഏകരക്ഷകൻ: സെപ്റ്റംബർ 1
സോഷ്യല്‍ മീഡിയായുടെ ഉപയോഗം ഇന്ന്‍ ഓരോ മനുഷ്യന്‍റെയും അനുദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു. സോഷ്യല്‍ മീഡിയാ ഉപയോഗിക്കാന്‍ കഴിയാത്ത ഒരു ദിവസത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍പോലും ചിലര്‍ക്ക് സാധ്യമല്ല. ഒരു ക്രൈസ്തവ വിശ്വാസി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ “ഭൂമിയുടെ അതിര്‍ത്തികള്‍ വരെ സുവിശേഷമെത്തിക്കുക” എന്ന കര്‍ത്താവിന്‍റെ കല്‍പന ഓര്‍മ്മിക്കണം. ഈ കല്‍പന അനുസരിച്ചു കൊണ്ട് ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള അനേകം മനുഷ്യരോട് ഒരേസമയം ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുവാന്‍ സോഷ്യല്‍ മീഡിയായിലൂടെ നമുക്കു സാധിക്കും. ഇപ്രകാരം ആത്മാര്‍ത്ഥമായി സുവിശേഷകന്‍റെ ജോലി ചെയ്യുന്ന ഒരു കൂട്ടം വിശ്വാസികളുടെ സാന്നിധ്യം സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്.

എങ്കിലും ഈ സോഷ്യല്‍ മീഡിയാ ഉപയോഗിച്ചു കൊണ്ട് ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുകയും സഭയെ അധിക്ഷേപിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ക്രൈസ്തവ വിശ്വാസികളുണ്ട് എന്നത് ഖേദകരമായ വസ്തുതയാണ്. ഇത്തരം പ്രവര്‍ത്തികള്‍ മാമ്മോദീസായിലൂടെ അവര്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തിനും ദൈവത്തിന്‍റെ കല്‍പനകള്‍ക്കും എതിരാണ് എന്ന സത്യം തിരിച്ചറിയാതെ പോകരുത്. ഇത്തരം വ്യക്തികള്‍ ദൈവത്തെ തള്ളിപ്പറയുമ്പോള്‍ ലഭിക്കുന്ന Like കളിലും Share കളിലും സന്തോഷിക്കുന്നു.

വിളകള്‍ക്കിടയില്‍ വളരുന്ന ഇത്തരം കളകളെ തിരിച്ചറിയുകയും അവരുടെ വലയില്‍ വീഴാതിരിക്കാന്‍ ഓരോ വിശ്വാസിയും തികഞ്ഞ ജാഗ്രത പുലര്‍ത്തുകയും ചെയ്യണം.

സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്നത് സുവിശേഷവത്കരണം തുടര്‍ന്നു പോകുവാനുള്ള വിശ്വാസികളുടെ ഔത്സുക്യത്തിന്‍റെ ഭാഗമാണ്. ഇതിനായി സാമൂഹ്യ മാധ്യമങ്ങളെ നാം ഫലപ്രദമായി ഉപയോഗിക്കണം. ഇന്ന്‍ ആശയവിനിമയങ്ങള്‍ നടക്കുന്നത് ആഗോളവ്യാപകമായ ശൃംഖലകള്‍ വഴിയാണ്. “അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്ന് ഘോഷിക്കുവിന്‍” എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ക്ക് ഇങ്ങനെ പുതിയ ഒരര്‍ത്ഥം കൈവന്നിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല ദൈവവചനം മുഴങ്ങിക്കേള്‍ക്കേണ്ടത്, മറ്റു വിനിമയ രൂപങ്ങളിലും ഇത് സംഭവിക്കണം. അനുദിന ജീവിതത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിശ്വാസി സമൂഹത്തിലൂടെയേ ഈ ദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ.

“ഇന്‍റര്‍നെറ്റില്‍ ലോകത്ത് കോടാനുകോടി ചിത്രങ്ങള്‍ ബഹുസഹസ്രം പ്രതലങ്ങളില്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെടുന്നു. ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല” (Pope Benedict XVI, Verbum Domini).

വിചിന്തനം
നമ്മുടെ അനുദിന ജീവിതത്തില്‍ സോഷ്യല്‍ മീഡിയായിലൂടെ എത്രയോ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളുമാണ് നാം പോസ്റ്റ്‌ ചെയ്യുകയും ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. ഇതില്‍ എത്രയെണ്ണം ക്രിസ്തുവിനെ മഹത്വപ്പെടുന്നതായിട്ടുണ്ട്? യേശുക്രിസ്തു ദൈവമാണെന്നും അവിടുന്ന് ഏകരക്ഷകനാണെന്നും ലോകരക്ഷകനാണെന്നും പ്രഘോഷിക്കുന്ന പോസ്റ്റുകള്‍ നമ്മള്‍ ഷെയര്‍ ചെയ്യാറുണ്ടോ? ജീവിതത്തിലെ ആഘോഷങ്ങള്‍ മറ്റുള്ളവരെ അറിയിക്കുന്നതിനു വേണ്ടി മാത്രമാണോ നാം സോഷ്യല്‍ മീഡിയാ ഉപയോഗിക്കുന്നത്?

സോഷ്യല്‍മീഡിയായിലൂടെ ലോകത്തിന്‍റെ മുന്‍പില്‍ ക്രിസ്തുവിനെ ഏറ്റുപറയുന്നവരും തള്ളിപറയുന്നവരും അവിടുന്ന് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. “മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും” (മത്താ 10: 32-33).

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
“ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ” (യോഹ 17:3).

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

നിങ്ങൾ വിട്ടുപോയത്