പാലക്കാട് : 2018 ജൂണ്‍ 16 ന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റില്‍, ഇ.എസ്.എ വിസ്തൃതിയില്‍ വരുത്തിയ മാറ്റം മൂലം സാധാരണക്കാരായ മലയോര കര്‍ഷക ജനതയ്ക്ക് ഉണ്ടായ ആശങ്ക ദൂരീകരിക്കണമെന്ന്ം സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല (ഇ.എസ്.സെഡ്) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഭാരവാഹികള്‍ കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിവേദനം നല്കി.

ഗാഡ്ഗില്‍ – കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഇ.എസ്.എ കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 123 വില്ലേജുകളിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിരുന്നു. പ്രൊഫ. ഉമ്മന്‍.വി.ഉമ്മന്‍ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ഈ 123 വില്ലേജുകളിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇ.എസ്.എ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് ശുപാര്‍ശ നല്കിയിരുന്നു. അത് പ്രകാരം കേരളത്തിലെ ഇ.എസ്.എ എന്നത് 9107 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം മാത്രമായിരുന്നു. എന്നാല്‍ 2018 ജൂണ്‍ 16 ന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റില്‍, ആകെ ഉണ്ടായിരുന്ന 123 ഇ.എസ്.എ വില്ലേജുകളില്‍ 31 വില്ലേജുകള്‍ ഇ.എസ്.എ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി (തിരുവനന്തപുരം 1, കോട്ടയം 4, ഇടുക്കി 24, പാലക്കാട് 1, വയനാട് 1). ഒഴിവാക്കപ്പെട്ട 31 വില്ലേജുകളുടെ വിസ്തൃതി 1196 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലമാണ്. ബാക്കിയുള്ള 92 ഇ.എസ്.എ വില്ലേജുകളുടെ ആകെ വിസ്തൃതി 7911 സ്‌ക്വയര്‍ കിലോമീറ്ററായി കുറയേണ്ടതായിരുന്നു. എന്നാല്‍ ഫൈനല്‍ ഡ്രാഫ്റ്റ് പ്രകാരം കേരളത്തിലെ  ഇ.എസ്.എ 8656 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലമാണ്. ഇ.എസ്.എ വിസ്തൃതിയില്‍ വന്ന ഈ മാറ്റം മൂലം ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ട 745 സ്‌ക്വയര്‍ കിലോമീറ്റര്‍ (1,84,000 ഏക്കര്‍) സ്ഥലം കൂടുതലായി ഇ.എസ്.എ യില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നതായി പാലക്കാട് ജില്ലയിലെ മലയോര കര്‍ഷകര്‍ ഭയപ്പെടുന്നു.

കേരള സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് സെന്റെര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം 123 ഇ.എസ്.എ വില്ലേജുകളുടെ ആകെ വിസ്തൃതി 13,204.25 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലമാണ്. ഈ 123 ഇ.എസ്.എ വില്ലേജുകളിലെ ജനവാസ മേഖലകളും, കൃഷിയിടങ്ങളും പുഴകളും തോടുകളും പാറക്കെട്ടുകളും കൂടാതെ ഇ.എസ്.എ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 31 വില്ലേജുകള്‍ ഉള്‍പ്പെടെ ആകെ സ്ഥല വിസ്തൃതി 4548.12 സ്‌ക്വയര്‍ കിലോമീറ്ററാണ് എന്നാണ് കേരള സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് സെന്റെര്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്കിയിരുന്നത്. ഈ 4548.12 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലമാണ് ഇ.എസ്.എ പരിധിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്. കേരള സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് സെന്റെര്‍ കണക്കാക്കി നല്കിയ ഈ വിസ്തൃതിയില്‍ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് കര്‍ഷകര്‍ സംശയിക്കുന്നു. 2018 ജൂണ്‍ 16 ന്, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റില്‍, ഇ.എസ്.എ വിസ്തൃതിയില്‍ വരുത്തിയ ഈ മാറ്റം മൂലം സാധാരണക്കാരായ മലയോര കര്‍ഷക ജനതയ്ക്ക് ഉണ്ടായ ആശങ്ക ദൂരീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഭാരവാഹികള്‍ കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നല്കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ 13 വില്ലേജുകള്‍ ഇ.എസ്.എ വില്ലേജുകളാക്കിയിരിക്കുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ ഷോളയൂര്‍ വില്ലേജ് (89.17 സ്‌ക്വയര്‍ കിലോമീറ്റര്‍), പുടൂര്‍ വില്ലേജ് (226.92 സ്‌ക്വയര്‍ കിലോമീറ്റര്‍), പാടവയല്‍ വില്ലേജ് (99.67 സ്‌ക്വയര്‍ കിലോമീറ്റര്‍), കോട്ടത്തറ വില്ലേജ് (23.58 സ്‌ക്വയര്‍ കിലോമീറ്റര്‍), അഗളി വില്ലേജ് (26.06 സ്‌ക്വയര്‍ കിലോമീറ്റര്‍), കള്ളമല വില്ലേജ് (31.06 സ്‌ക്വയര്‍ കിലോമീറ്റര്‍), പാലക്കയം വില്ലേജ് (73.76 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലങ്ങള്‍ ഇ.എസ്.എ പ്രദേശമാണ്. പാലക്കാട് താലൂക്കിലെ മലമ്പുഴ 1 വില്ലേജ് (69.17 സ്‌ക്വയര്‍ കിലോമീറ്റര്‍), പുതുപ്പരിയാരം 1 വില്ലേജ് (61.01 സ്‌ക്വയര്‍ കിലോമീറ്റര്‍), പുതുശ്ശേരി ഈസ്റ്റ് വില്ലേജ് (72.56 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലങ്ങള്‍ ഇ.എസ്.എ പ്രദേശമാണ്. കൂടാതെ ആലത്തൂര്‍ താലൂക്കിലെ കിഴക്കഞ്ചേരി വില്ലേജ് 1 (6.48 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലവും ചിറ്റൂര്‍ താലൂക്കിലെ മുതലമട വില്ലേജ് 1 (179.80 സ്‌ക്വയര്‍ കിലോമീറ്റര്‍),  നെല്ലിയാമ്പതി വില്ലേജ് (325.83 സ്‌ക്വയര്‍ കിലോമീറ്റര്‍) സ്ഥലവും ഇ.എസ്.എ പ്രദേശങ്ങളാണ്. ആലത്തൂര്‍ താലൂക്കിലെ കിഴക്കഞ്ചേരി 1 വില്ലേജിന്റെ പോപ്പുലേഷന്‍ ഡെന്‍സിറ്റി 424 ആണ്. മണ്ണാര്‍ക്കാട് താലൂക്കിലെ അഗളി, കോട്ടത്തറ, കള്ളമല എന്നീ മൂന്ന് വില്ലേജുകളുടെ പോപ്പുലേഷന്‍ ഡെന്‍സിറ്റി യഥാക്രമം 275, 212, 206 എന്നിങ്ങനെയാണ്. പാലക്കാട് താലൂക്കിലെ പുതുശ്ശേരി ഈസ്റ്റ് വില്ലേജിന്റെ പോപ്പുലേഷന്‍ ഡെന്‍സിറ്റി 147 ആണ്. എന്നാല്‍ ഇ.എസ്.എ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 31 വില്ലേജുകളില്‍ പോപ്പുലേഷന്‍ ഡെന്‍സിറ്റി 142 ആയ ഇടുക്കി ജില്ലയിലെ ചതുരംഗപ്പാറ വില്ലേജ് വരെ ഉള്‍പ്പെടുന്നു. പോപ്പുലേഷന്‍ ഡെന്‍സിറ്റി എന്ന മാനദന്ധപ്രകാരം പാലക്കാട് ജില്ലയിലെ അഗളി, കോട്ടത്തറ, കള്ളമല, പുതുശ്ശേരി ഈസ്റ്റ്,  കിഴക്കഞ്ചേരി 1 എന്നീ അഞ്ച് വില്ലേജുകള്‍ ഇ.എസ്.എ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രൊഫ. ഉമ്മന്‍.വി.ഉമ്മന്‍ കമ്മറ്റി തയ്യാറാക്കിയ കെഡസ്ട്രല്‍ മാപ്പും വനംവകുപ്പിന്റെ  ബൗണ്ടറി മാപ്പും ഉപയോഗിച്ച്, റിസര്‍വ്വ് ഫോറസ്റ്റായി മാര്‍ക്ക് ചെയ്തിട്ടുള്ള പ്രദേശങ്ങള്‍ മാത്രമാണ് കേരളാ സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് സെന്റെര്‍ ഇ.എസ്.എ ആയി കണക്കാക്കി കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്‌ട്രേറ്റിന് നല്കിയത് എന്നാണ് മനസ്സിലാക്കുന്നത്. ഇതില്‍ തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്തണം. കൂടാതെ ഇ.എസ്.എ ബൗണ്ടറികള്‍ രേഖപ്പെടുത്തിയിരിയ്ക്കുന്ന കെഡസ്ട്രല്‍ മാപ്പിന്റെ  കൃത്യത, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരിശോധിക്കാന്‍ വേണ്ടി, കേരളത്തിലെ പ്രധാനപ്പെട്ട ജിയോ കോര്‍ഡിനെയ്റ്റ്‌സുകള്‍ കേരള സംസ്ഥാന റിമോട്ട് സെന്‍സിങ്ങ് സെന്റെര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ജിയോ കോര്‍ഡിനെയ്റ്റ്‌സ് പോയിന്റെുകള്‍ ജനവാസ മേഖലയില്‍ വന്നിട്ടില്ല എന്നും ഉറപ്പുവരുത്തണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്കിയ ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. ഒരു വില്ലേജിന്റെ 20% പ്രദേശം വനമാണെങ്കില്‍, വില്ലേജ് മുഴുവന്‍ ഇ.എസ്.എ വില്ലേജാകും എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് തിരുത്തപ്പെടുവാന്‍ ഗൗരവതരമായ ഇടപെടല്‍ നടത്തി നിരാലംഭരായ മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി കേരളാ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റും ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടെ 9.8 കിലോമീറ്റര്‍ വരെ കള്ളമല, പാടവയല്‍, പാലക്കയം, പയ്യനെടം, മണ്ണാര്‍ക്കാട്, അലനല്ലൂര്‍ 3, കോട്ടോപ്പാടം 1, കോട്ടോപ്പാടം 3 എന്നീ വില്ലേജുകളിലായി 148 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഇക്കോ സെന്‍സിറ്റീവ് സോണായി (ഇ.എസ്.സെഡ്) മാറ്റുന്നതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2020 ഒക്‌ടോബര്‍ 27 -ാം തിയ്യതി എസ്.ഒ 3880 (ഇ) നമ്പറായി പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരിയ്ക്കുന്നു. 1980 ലെ വനസംരക്ഷണ നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങളും അതില്‍ കാലാകാലങ്ങളില്‍ വരുത്തുന്ന ഭേദഗതികളും ഇക്കോ സെന്‍സിറ്റീവ് സോണിനകത്ത് ബാധകമാകുന്നു. വീട് നിര്‍മ്മിക്കുന്നതിനും കിണര്‍ കുഴിക്കുന്നതിനും വനം വകുപ്പില്‍ നിന്നും അനുമതി ലഭിക്കാതെ വരും. വൈദ്യുതി കണക്ഷന്‍ ലഭിക്കുക ദുഷ്‌ക്കരമാകും. രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. മേഖലയിലെ കുടുംബങ്ങള്‍ക്ക് കാര്‍ഷിക വായ്പയും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയും ലഭിക്കാത്ത അവസ്ഥയുണ്ടാകും. വന്യജീവി ആക്രമണം മൂലം മരണം സംഭവിച്ചാല്‍ പോലും യാതൊരുവിധ നടപടിയുമുണ്ടാകാത്ത സാഹചര്യം സംജാതമാകും. കൃഷിയിടങ്ങള്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറും. ജനപ്രതിനിധികളുടെ മേഖലയിലെ സാമൂഹ്യ ഇടപെടല്‍ ഇല്ലാതാകുകയും, വനംവകുപ്പ് സമാന്തര ഭരണം നടത്തുന്ന അവസ്ഥയുണ്ടാകുകയും ചെയ്യുമെന്ന് ഞങ്ങള്‍ ആശങ്കപ്പെടുന്നു.

കൂടാതെ ഇ.എസ്.സെഡ് നടപ്പിലാക്കാനുള്ള മോണിറ്റിംങ്ങ് കമ്മിറ്റിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ആരും ഇല്ല. വൈല്‍ഡ് ലൈഫ് വാര്‍ഡന് പരമാധികാരം നല്കുന്ന മോണിറ്റിംങ്ങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. ഇക്കോ സെന്‍സിറ്റീവ് സോണിലെ ജനങ്ങള്‍ വന്യമൃഗശല്യം മൂലം തങ്ങള്‍ കാലാകാലങ്ങളായി താമസിക്കുന്ന സ്ഥലത്തുനിന്നും സമീപ ഭാവില്‍ സ്വയം ഒഴിത്തുപോകേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അതാത് പ്രദേശങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇക്കോ സെന്‍സിറ്റീവ് സോണിന്റെ അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവകാശം വിനിയോഗിക്കണം. സൈലന്റ് വാലി പരിസ്ഥിതി ലോല മേഖല (ഇ.എസ്.സെഡ്) കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുവാന്‍, കേരളാ മുഖ്യമന്ത്രി എന്ന നിലയില്‍, ഗൗരവതരമായ ഇടപെടല്‍ നടത്തി നിരാലംഭരായ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി കേരളാ മുഖ്യമന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷക സമൂഹത്തിന്റെ യാതനകള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാകുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി, രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ എന്നിവരാണ് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്  നിവേദനം നല്കിയത്.

നിങ്ങൾ വിട്ടുപോയത്