സ്വർഗത്തിൽ മാലാഖാമാർക്കായി നടത്തിയ മത്സരത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു ശേഖരിച്ചു കൊണ്ടുവരാനായിരുന്നു അത്. എല്ലാവരും വിശിഷ്ട രത്നങ്ങളും മുത്തുകളും പവിഴവുമൊക്കെ കൊണ്ടുവന്നപ്പോൾ ഒരു കൊച്ചു മാലാഖ കൊണ്ടുവന്നത് കുഞ്ഞു കുപ്പിയിൽ അല്പം ജലമാണ്. ഭൂമിയിലെ ഏറ്റവും അമൂല്യ വസ്തുവായി ദൈവം പരിഗണിച്ചത് അതാണ്. കുമ്പസാരക്കൂട്ടിൽ മുട്ട് കുത്തി നിന്നിരുന്ന ഒരു മനുഷ്യന്റെ കണ്ണിൽ നിന്ന് ഒഴുകിയിറങ്ങിയ മിഴിനീർത്തുള്ളികൾ ആയിരുന്നു ആ കുപ്പിക്കുള്ളിൽ മാലാഖ ശേഖരിച്ചു കൊണ്ട് വന്നത്. ഒരാത്മാവിന്റെ വിലയുള്ളതിനാൽ ലോകം മുഴുവൻ നേടുന്നതിനേക്കാൾ ശ്രേഷ്ഠത അതിനുണ്ടെന്ന്‌ ദൈവം വിലയിരുത്തിയത്രേ.

ഗ്രീക്കിലെ “തേഷുവാ” എന്ന പദത്തിൽ നിന്നാണ് ” repent” എന്ന ഇംഗ്ലീഷ് വാക്കിന്റെ നിഷ്പത്തി. “തിരികെ വന്നു മറുപടി കൊടുക്കുക” എന്നതാണ് ഇതിന്റെ യഥാർഥ മൂലാർത്ഥം. കാത്തിരിക്കുന്ന ദൈവ സ്നേഹത്തിന് തിരികെ വന്നു മനുഷ്യൻ കൊടുക്കുന്ന മറുപടിയാണ് പശ്ചാത്താപം എന്ന് സൂചന. ഈ തിരിച്ചു വരവിനെയും വീണ്ടുവിചാരത്തെയും സൂചിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്ന മറ്റൊരു വാക്ക് “മനസ്താപം” എന്നതാണ്. താപം എന്ന വാക്കിനു “ചൂട്” എന്നതല്ലാതെ “ദുഃഖം” എന്ന ഒരർത്ഥം കൂടിയുണ്ട്. അങ്ങനെ വരുമ്പോൾ “ഞാൻ മനസ്തപിക്കുന്നു” എന്ന് പറഞ്ഞാൽ “എന്റെ മനസ്സ് ദുഖിക്കുന്നു” എന്നാണർത്ഥം. ആത്മാവിന്റെ വേദനയെ സൂചിപ്പിക്കുന്ന മറ്റൊരു വാക്കാണ് “അനുതാപം” . അനു + താപം ആണ് “അനുതാപം”. ” അനു”എന്ന പദത്തിനർത്ഥം “കൂടെ” എന്നാണ്. അപ്പോൾ “ഞാൻ അനുതപിക്കുന്നു ദൈവമേ” എന്ന് ഒരുവൻ പറയുമ്പോൾ “ഞാൻ കൂടെ ദുഖിക്കുന്നു ദൈവമേ” എന്നാണ് അയാൾ പറയുന്നത്.

ആരുടെ കൂടെയാണ് ദുഃഖിക്കേണ്ടത്? നമ്മുടെ പാപങ്ങളോർത്തും ആത്മാവിന്റെ ദുർഭഗാവസ്‌ഥ ഓർത്തും ദുഖിക്കുന്നത് ആരാണെന്നു കണ്ടെത്തിയാൽ മതി. “നിങ്ങൾ അനുതപിക്കുന്നില്ലെങ്കിൽ എന്റെ ആത്മാവ് കരയും” ( ജറ. 13: 17 ). ” അവർ പാപം ചെയ്ത് അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു” (ഏശയ്യാ. 63:10 ). “ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്”( എഫേ. 4: 3 ) തുടങ്ങിയ തിരുവചനങ്ങൾ ചേർത്തുവച്ചു വായിച്ചാൽ ആരാണ് പാപിയായ മനുഷ്യനെ പ്രതി ഏറ്റവുമധികം ദുഖിക്കുന്നതെന്നു ബോധ്യമാകും. അതേ, ധൂർത്ത പുത്രനെ കാത്തു വഴിക്കണ്ണു നട്ടിരിക്കുന്ന പിതാവിനോളം അവനെയോർത്ത് ദുഃഖിക്കുന്ന മറ്റാരുമില്ലല്ലോ. തിരികെ വന്ന് അവിടുത്തെ നെഞ്ചിൽ ചാരിക്കിടന്ന് അകന്നു പോയതിൽ മാപ്പു ചോദിച്ചു വിതുമ്പിക്കരയുന്നതാണ് അനുതാപം.

കൂദാശകളിൽ പലതിലും ഒരു തൈലം പ്രസാദവരത്തിന്റെ അടയാളമായി ഉപയോഗിക്കാറുണ്ട്. അനുരഞ്ജന കൂദാശയിൽ പക്ഷേ പ്രത്യക്ഷമായി ഒരു അടയാളവും ഉപയോഗിക്കുന്നില്ല. എന്നാൽ, കുമ്പസാരം വാസ്തവമാകണമെങ്കിൽ അദൃശ്യമായ ഒരു തൈലം ആത്മാവിനേറ്റ പാപമുറിവുകളിൽ പുരട്ടേണ്ടതുണ്ട്. രണ്ടു ചേരുവകകൾ ചേർത്തതാണ് ആത്മാവിനു സൗഖ്യദായകമായ ആ പരിശുദ്ധ തൈലം ഉണ്ടാക്കേണ്ടത്. ഒന്ന് രക്ഷകനായ ഈശോ പാപിക്കുവേണ്ടി കുരിശിൽ ഒഴുക്കിയ അമൂല്യമായ അവിടുത്തെ തിരുരക്തമാണ്. പാപമോചനത്തിനായി ഒരാൾ കുമ്പസാരവേദിയിൽ മുട്ടുകുത്തുമ്പോൾത്തന്നെ അവിടുന്ന് അവന്റെ ഹൃദയത്തിലേയ്ക്ക് തിരുരക്തത്തുള്ളികൾ ചൊരിയുന്നുണ്ട്. എന്നാൽ, ആ തിരുരക്തത്തോട് പാപി മറ്റൊരു തൈലം കൂടി കലർത്തേണ്ടതുണ്ട്. അത് അയാളുടെ ഹൃദയത്തിന്റെ അഗാധത്തിൽ നിന്ന് ഉറവയെടുക്കുന്ന യഥാർഥ അനുതാപത്തിന്റെ ചുടു കണ്ണീർതുള്ളികളാണ്.

ഫിലോകാലിയാ എന്ന ആത്മീയ ഗ്രന്ഥത്തിൽ മഹാ സന്യാസിയായ തിയോദോറസ് പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ശ്രദ്ധിക്കുക: ” കണ്ണീരിനു വലിയ ശക്തിയുണ്ട്. കണ്ണീരിലൂടെ നമ്മുടെ പാപങ്ങൾക്ക് പരിഹാരവും ദൈവ കാരുണ്യവും ലഭിക്കുന്നു. വിഷയാസക്തിയിലൂടെ നമുക്ക് ലഭിച്ച മാലിന്യത്തിൽ നിന്ന് നമ്മെ ശുദ്ധീകരിക്കുകയും ഉന്നതത്തിലേയ്ക്ക് നമ്മുടെ ആഗ്രഹത്തെ തിരിച്ചു വിടുകയും ചെയ്യുന്നത് കണ്ണീരാണ്”. വിശുദ്ധ യോഹന്നാൻ ക്ളിമോക്കോസിന് പറയാനുള്ളതു ഇങ്ങനെയാണ്: അഗ്നി വൈക്കോലിനെ ദഹിപ്പിക്കുന്നു പോലെ കളങ്കമില്ലാത്ത കണ്ണുനീർ എല്ലാ തരത്തിലുമുള്ള തിന്മകളെയും- ബാഹ്യമായവയെയും ആന്തരികമായവയെയും ദഹിപ്പിച്ചു കളയുന്നു. നിങ്ങൾ തിന്മയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ കരച്ചിലിലൂടെയാണ് നിങ്ങൾക്കതിനെ ഒഴിവാക്കാൻ കഴിയുന്നത്. നിങ്ങൾ നന്മ നേടാൻ ആഗ്രഹിക്കുന്നെങ്കിൽ കരച്ചിലിലൂടെയാണ് നിങ്ങൾ അത് നേടുന്നത്”.

“മനുഷ്യന്റെ അധഃപതനം” എന്നാണ് ഉല്പത്തി പുസ്തകം മൂന്നാം അധ്യായത്തിന്റെ തലക്കെട്ട്.
തനിക്ക് ദൈവം നൽകിയ ഏറ്റം വലിയ ഒരു കൃപ തിരിച്ചറിയാതെ പോയതല്ലേ സത്യത്തിൽ മനുഷ്യന്റെ അധഃപതനത്തിന്റെ യഥാർഥ കാരണം? തെറ്റ് പറ്റുക മനുഷ്യ സഹജമാണ്. എന്നാൽ, അത് അംഗീകരിക്കാനും ക്ഷമ ചോദിക്കാനും അവന് കഴിയും. തന്റെ തീരുമാനവും പ്രവൃത്തിയും ദൈവഹിത പ്രകാരമല്ലായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ പരനോടും അപരനോടും “ക്ഷമിക്കണേ” എന്ന് ഉള്ളുരുകി പറയാൻ സാധിക്കുക എന്നതാണ് പ്രധാനം. അത് ചെയ്യാതെ വന്നു പോയ തെറ്റിനെ ന്യായീകരിക്കാനും പരസ്പരം പഴിചാരാനും ശ്രമിച്ചു എന്നതാണ് പറുദീസാ നഷ്ടത്തിന്റെ യഥാർഥ കാരണം. ദാവീദ് തന്റെ തെറ്റുകളോർത്ത് തലയിണ നനഞ്ഞു കുതിരുവോളം കരഞ്ഞു തളരുന്നുണ്ട്. യാക്കോബ് ഏസാവിനെ കെട്ടിപ്പുണർന്നു കരഞ്ഞു മാപ്പു ചോദിക്കുന്നുണ്ട്. പൗലോസ് താൻ പാപികളിൽ ഒന്നാമനാണെന്നു നിരന്തരം ഏറ്റു പറയുന്നുണ്ട്. അതേ, പിന്നീടുണ്ടായ ഒരു വെളിച്ചത്തിൽ തെറ്റ് മനസ്സിലാക്കാനും അതേറ്റു പറഞ്ഞു ക്ഷമ ചോദിക്കാനും ഉള്ളുരുകി കരയാനുമൊക്കെ തയ്യാറായതുകൊണ്ടാണ് ഇവരൊക്കെ ദൈവത്തിന്റെ ഹൃദയത്തിന് ചേർന്ന മനുഷ്യരായി പരിഗണിക്കപ്പെടുന്നത്.

“അവൻ പുറത്തുപോയി മനം നൊന്തു കരഞ്ഞു” ( ലൂക്കാ 22 : 62 ). ശിമയോന്റെ ഈ ചുടു കണ്ണീർ അയാളുടെ സകല പിഴവുകളെയും ശുദ്ധിചെയ്യാൻ പോന്നതായിരുന്നല്ലോ. അതേ, അനുതാപക്കണ്ണീരിന്‌ ഒരു ആത്മാവിന്റെ വിലയുണ്ട്. ആത്മാവിന്റെ വില അമൂല്യമാകയാൽ പ്രപഞ്ചത്തിലെ ഏറ്റവും മൂല്യമേറിയ ജലകണിക ആത്മാർഥമായ അനുതാപക്കണ്ണീരുതന്നെയാണ്. ഈ കണ്ണുനീർതുള്ളികളെയാണ് ദൈവം കുപ്പിയിൽ ശേഖരിക്കുന്നതായി സങ്കീർത്തകന് അനുഭവപ്പെടുന്നത് (സങ്കീ 56 :8 ). പന്നിക്കൂട്ടിൽ വച്ച് സുബോധം വീണ്ടുകിട്ടിയ ഒരാൾ പിതാവിനരികിലേക്ക് മിഴിനനഞ്ഞ് തിരികെ വരുന്നത് കാണുക. അനുതാപത്തിലേക്ക് ദൈവം പ്രത്യേകമായി ക്ഷണിക്കുന്ന നോമ്പുനാളുകളിൽ ദൈവഹിതപ്രകാരമല്ലാതെ ജീവിച്ചുപോയ നിമിഷങ്ങളോർത്ത് കണ്ണുനനയാനും തിരികെ നടക്കാനുമാകട്ടെ.

ഫാ.ജോസഫ് കുമ്പുക്കൽ

നിങ്ങൾ വിട്ടുപോയത്