ലോകത്തിലെ ക്രിസ്ത്യൻ സമൂഹങ്ങളിലെ ഏറ്റവും ഊർജ്ജസ്വലമായ സഭയായ സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി ലഭിക്കാനുള്ള എല്ലാ അവകാശവും ഇപ്പോൾ സംജാതമായിരിക്കുന്നു.സഭയുടെ ദീർഘകാലത്തെ അഭിലാഷമാണ് പാത്രിയാർക്കൽ പദവി.

ഈ പദവി വഴിയാണ് ഒരു വ്യക്തിസഭ സഭാത്മകമായ വളർച്ചയുടെ പൂർണതയിലെത്തുന്നത്. അപ്പോസ്തോലിക പൈതൃകം ഉള്ള സഭയായതിനാലും വിശ്വാസികളുടെ എണ്ണത്തിൽ 52 ലക്ഷം പേരുമായി കത്തോലിക്കാ കൂട്ടായ്മയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്ത്യ സഭ എന്ന നിലയിലും സിറോ മലബാർ സഭയ്ക്ക് അവകാശപ്പെട്ട സ്ഥാനമാണ് പാത്രിയാർക്കൽ പദവി.

‘പാത്രിയാര്‍ക്കേസ്’ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് പാത്രിയര്‍ക്കീസ് എന്ന പദം ഉദ്ഭവിക്കുന്നത്. ‘കുടുംബത്തലവന്‍’, ‘ഗോത്രത്തലവന്‍’, എന്നെല്ലാമാണ് ഈ പദത്തിന്‍റെ അര്‍തഥം. വേദപുസ്തകത്തില്‍, ഈ രണ്ടര്‍ത്ഥത്തിലും, പാത്രിയര്‍ക്കീസ് എന്ന പദം ഉപയോഗിച്ചിട്ടുണ്ട് (2 ദിന 19:8; 1 ദിന 27:22; ഹെബ്രാ 7:4).രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ‘പൗരസ്ത്യസഭകള്‍’ എന്ന ഡിക്രിയില്‍ സഭയില്‍ പാത്രിയാര്‍ക്കല്‍ സംവിധാനം കഴിയുന്നിടത്തോളം പുനഃസ്ഥാപിക്കണമെന്ന് എടുത്തുപറയുന്നുണ്ടെങ്കിലും (O.E.11), കൗണ്‍സിലിനുശേഷം പുതുതായി പാത്രിയാര്‍ക്കല്‍ സഭകളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല.

ഇപ്പോള്‍ കോപ്റ്റിക്ക്, മറോനീത്ത, മെല്‍ക്കൈറ്റ്, സിറിയന്‍, കല്‍ദായ, അര്‍മേനിയന്‍ എന്നീ പൗരസ്ത്യസഭകളിലാണ് പാത്രിയാര്‍ക്കല്‍ സംവിധാനം നിലവിലുള്ളത്. എന്നാല്‍ അകത്തോലിക്കാസഭകളില്‍ 17 പാത്രിയാര്‍ക്കല്‍സഭകള്‍ നിലവിലുണ്ട്. ലത്തീന്‍സഭയില്‍ ചില സ്ഥലങ്ങളിലെ മെത്രാന്മാര്‍ക്ക് പാത്രിയാര്‍ക്കല്‍ പദവി നല്‍കിയിട്ടുണ്ട് (ഉദാഹരണമായി വെനീസ്, ഗോവ). എങ്കിലും അവയ്ക്ക് പാത്രിയാര്‍ക്കീസിന്‍റെ അധികാരാവകാശങ്ങളൊന്നുമില്ല. എല്ലാവിധ അവകാശാധികാരങ്ങളോടുകൂടിയ പാശ്ചാത്യസഭാ പാത്രിയര്‍ക്കീസ് റോമാ മാര്‍പാപ്പയാണ്.

സഭയുടെ അതിപുരാതനമായൊരു പാരമ്പര്യമനുസരിച്ച്, പാത്രിയാര്‍ക്കല്‍ സംവിധാനം സഭയില്‍ നിലനിന്നിരുന്നു. ആദ്യകാല സാര്‍വ്വത്രിക സൂനഹദോസുകള്‍ ഇതു അംഗീകരിച്ചിട്ടുള്ളതുമാണ്. ഇക്കാരണത്താല്‍, പാത്രിയാര്‍ക്കല്‍സഭയുടെ തലവനും പിതാവുമായി മേലദ്ധ്യക്ഷം വഹിക്കുന്ന പൗരസ്ത്യ സഭാ പാത്രിയര്‍ക്കീസുമാര്‍ക്ക് പ്രത്യേക ബഹുമാനം നല്‍കേണ്ടിയിരിക്കുന്നു.

പാത്രിയാര്‍ക്കല്‍ ഭരണസംവിധാനം നാലാം നൂറ്റാണ്ടു മുതലെങ്കിലും സഭയില്‍ നിലനിന്നിരുന്നതായി, സഭയുടെ പ്രഥമ സാര്‍വ്വത്രിക സൂനഹദോസുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഈ സംവിധാനം സൂനഹദോസുകളുടെ സൃഷ്ടിയല്ല. മറിച്ച്, നിലവിലിരുന്ന പാത്രിയാര്‍ക്കല്‍ സംവിധാനത്തെ അംഗീകരിച്ചുറപ്പിക്കുക മാത്രമാണ് സാര്‍വ്വത്രിക സൂനഹദോസുകള്‍ ചെയ്തിട്ടുള്ളത്. പാത്രിയര്‍ക്കീസിനെ സഭയുടെ തലവനും പിതാവുമായി അംഗീകരിച്ചാദരിച്ചുപോരുകയും ചെയ്തിട്ടുണ്ട്.

പാത്രിയാര്‍ക്കല്‍ സഭകളുടെ സ്ഥാപനം, പുനഃസ്ഥാപനം, വ്യത്യാസപ്പെടുത്തല്‍, നിര്‍ത്തലാക്കല്‍ എന്നിവ കത്തോലിക്കാ സഭയുടെ പരമാധികാരത്തിനുമാത്രം നീക്കിവച്ചിട്ടുള്ള കാര്യങ്ങളാണ്.

ഓരോ പാത്രിയാര്‍ക്കല്‍ സഭയ്ക്കും നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുള്ളതോ നല്കപ്പെട്ടിട്ടുള്ളതോ ആയ സ്ഥാനികനാമം (Title) വ്യത്യാസപ്പെടുത്തുവാന്‍ സഭയുടെ പരമാധികാരത്തിനു കഴിയും.സാധിക്കുന്നിടത്തോളം, ഒരു പാത്രിയാര്‍ക്കല്‍ സഭയ്ക്ക് അതിന്‍റെ സഭാതിര്‍ത്തിയിലുള്ള പ്രധാന നഗരത്തില്‍ത്തന്നെ, പാത്രിയര്‍ക്കീസിന്‍റെ വാസസ്ഥലമായി, സ്ഥിരമായ ഒരു സിംഹാസനം ഉണ്ടായിരിക്കണം.ദേവാലയമുണ്ടായിരിക്കണം.ഇപ്പോള്‍ പാത്രിയാര്‍ക്കല്‍ സഭകളൊന്നും സ്ഥാപിക്കപ്പെടുന്നില്ല.എന്നാല്‍, പാത്രിയാര്‍ക്കല്‍സഭകളോട് തുല്യഅവകാശാധികാരങ്ങളുള്ള മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭകള്‍ സ്ഥാപിക്കാറുണ്ട്. ഉദാഹരണമായി, സീറോ മലബാര്‍സഭ 1992 ഡിസംബര്‍ 16-ാം തിയ്യതി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടു.

നമ്മുടെ സഭാധ്യക്ഷന്റെ നിലവിലുള്ള ശീർഷകം സിറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് എന്നാണ്. പല മെത്രപ്പോലീത്താമാർ ഉള്ള ഒരു സഭയിൽ ഒരു പൊതു തലവനായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന “ശ്രേഷ്ഠ മെത്രാപ്പോലീത്ത” എന്നാണ് മേജർ ആർച്ച്ബിഷപ്പ് എന്ന ശീർഷകം കൊണ്ട് ഉദ്ദേശിക്കുന്നത്.

പാത്രിയർക്കീസുമാർക്കടുത്ത അധികാരവകാശങ്ങൾ സഭയിലെ മേജർ ആർച്ച്ബിഷപ്പിന് ഉണ്ട് .പാത്രിയാര്‍ക്കല്‍ സഭയെ അതിന്‍റെ നൈയാമികമായ എല്ലാ കാര്യങ്ങളിലും പാത്രിയര്‍ക്കീസ് പ്രതിനിധാനംചെയ്യുന്നു.പാത്രിയാര്‍ക്കല്‍ സഭയുടെ തലവന്‍ എന്നനിലയില്‍ രാഷ്ട്രാധികാരികളുടെ മുമ്പിലും മറ്റു സഭാധികാരികളുടെ മുമ്പിലും പാത്രിയാര്‍ക്കല്‍സഭയെ പ്രതിനിധാനം ചെയ്യുന്നത് പാത്രിയാര്‍ക്കീസാണ്. വ്യക്തിനിയമങ്ങള്‍ (personal statutes) നിലവിലുള്ള രാജ്യങ്ങളില്‍ പാത്രിയാര്‍ക്കീസിനു ചിലകാര്യങ്ങളില്‍ സിവില്‍ അധികാരംകൂടി ഉണ്ട്.

സിറോ മലബാർ സഭയുടെ പരമ്പരാഗതമായ സിംഹാസനം നമ്മുടെ പാരമ്പര്യത്തിൽ ഒരിക്കലും ഒരു സ്ഥലത്തിന്റെ പേരിൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം.സിറോ മലബാർ സഭയുടെ വളർച്ചക്കനുസരിച്ച് നമ്മുടെ പാരമ്പര്യവും സമ്പ്രദായവും അനുസരിച്ച്, മലബാറിന്റെ പാത്രിയർക്കീസ് എന്നോ അഖിലേന്ത്യയുടെ പാത്രിയർക്കീസ്‌ എന്നൊക്കെ നമ്മുടെ സഭാ തലവൻ വിളിക്കപ്പെടാം.

പാത്രിയാർക്കൽ സഭയാകുമ്പോൾ നമ്മുടെ സഭാധ്യക്ഷന് യോജിച്ച സ്ഥാനപ്പേര് കണ്ടെത്തേണ്ടതും ആസ്ഥാനം കണ്ടെത്തേണ്ടതും സിറോ മലബാർ സിനഡാണ്.മുന്‍ഗണന ക്രമത്തെക്കുറിച്ച് മാര്‍പാപ്പ നിശ്ചയിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങള്‍ മാനിച്ചുകൊണ്ടുതന്നെ, ലോകത്തെവിടെയും ഏതു പദവിയിലുമുള്ള എല്ലാ മെത്രാന്മാരെയും കാള്‍ മുന്‍ഗണന പൗരസ്ത്യസഭകളിലെ പാത്രിയര്‍ക്കീസുമാര്‍ക്കുണ്ട്.

പാത്രിയര്‍ക്കീസിന്‍റെ മുന്‍ഗണന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, പാത്രിയര്‍ക്കീസും, ഏതെങ്കിലും സഭയിലെ മെത്രാന്മാരോ മെത്രാപ്പൊലീത്താമാരോ ഒരേവേദിയില്‍ വരുകയാണെങ്കില്‍ എപ്പോഴും പ്രഥമസ്ഥാനം പാത്രിയര്‍ക്കീസിനായിരിക്കും എന്നതാണ്.

സിറോമലബാര്‍സഭയുടെ സ്വത്വം നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകമാണ് അതിന്‍റെ ഉത്ഭവം. അപ്പസ്തോലികത സഭയുടെ പൊതുവായ സവിശേഷതയാണ്. കാരണം അപ്പസ്തോലന്മാര്‍ പ്രസംഗിച്ച വിശ്വാസമാണ് സഭ സ്വീകരിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ ഉറവിടം തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ നിന്നായതു കൊണ്ട് ആ അപ്പസ്തോലനോട് നേരിട്ട് ജന്മബന്ധമാണ് ഈ സഭയ്ക്കുള്ളത്.

ഇന്ന് സിറോ മലബാർ സഭയുടെ ആത്മീയ നവീകരണം ശക്തി പ്രാപിക്കുകയും ലോകം മുഴുവൻ അഭൂതപൂർവമായ സുവിശേഷ ആവേശം ഉളവാക്കുകയും ചെയ്തു.സഭയിലെ ആയിരക്കണക്കിന് അംഗങ്ങൾ ഇപ്പോൾ ഇന്ത്യയിലും വിദേശത്തും മിഷനറിമാരായി പ്രവർത്തിക്കുന്നു. വിദ്യാഭ്യാസ മേഖലകളിലും സാമൂഹ്യക്ഷേമ പരിപാടികളിലും സമൂഹം അഭൂതപൂർവമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, ടെക്‌നിക്കൽ കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, വിവിധ ആവശ്യങ്ങൾക്കുള്ള സ്‌കൂളുകൾ, ക്രെഷുകൾ, ബോർഡിംഗ് ഹൗസുകൾ, ഹോസ്റ്റലുകൾ, സഭാ സ്ഥാപനങ്ങൾ നടത്തുന്ന വയോജനങ്ങൾക്കുള്ള ഭവനങ്ങൾ എന്നിവ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സഭയെശക്തിയാക്കി മാറ്റി. കൂടാതെ, രാഷ്ട്രീയ ഇടപെടലും ബഹുജന ആശയവിനിമയത്തിന്റെ ശക്തിയും സിറോ മലബാർ സഭയെ കേരളത്തിലെയും ഭാരതത്തിലെയും പൊതുജീവിതത്തിൽ സ്വാധീനമുള്ള ഒരു സമൂഹമാക്കി മാറ്റി.

സിറോ മലബാർ സഭ 4860 വിദ്യാഭ്യാസ സ്ഥാപനങ്ങളും 262 സഭാ സ്ഥാപനങ്ങളും 2614 ആരോഗ്യ-ജീവകാരുണ്യ സ്ഥാപനങ്ങളും നടത്തുന്നു. ഇന്ത്യയിലെ രാഷ്ട്രനിർമ്മാണത്തിന് സിറോ മലബാർ സഭയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.2011-ൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാ ഭരണം ഏറ്റെടുത്തതോടെ സഭ ആഗോളതലത്തിലേക്ക് കൂടുതൽ വളർച്ച പ്രാപിച്ചു.

സുസ്ഥിരവും ആഴത്തിൽ വേരൂന്നിയതുമായ വിശ്വാസത്തിനും ആത്മീയതയ്ക്കും പേര് കേട്ട സിറോ മലബാർ സഭ പൗരോഹിത്യത്തിലേക്കും സന്യാസ ജീവിതത്തിലേക്കുംഉള്ള സമൃദ്ധമായ വിളികൾ കൊണ്ട് അനുഗ്രഹീതമാണ്, കൂടാതെ സഭ ലോകത്തിലെ ക്രിസ്ത്യൻ സമൂഹങ്ങളിൽ ഏറ്റവും ഊർജ്ജസ്വലമായി കണക്കാക്കപ്പെടുന്നു.

ഒരു സഭയുടെ വളർച്ചയും,സ്വയാധികാരവും,സ്വത്വവും പൂർണമായി പ്രകാശിതമാകുന്നത് അവൾ പാത്രിയർക്കാ പദവിയിൽ എത്തുമ്പോഴാണ്.

സിറോ മലബാർ സഭ ഇന്ന് പൂർണവളർച്ചയിലേക്ക് അടുക്കുന്ന ഒരു സഭയാണ്.സിറോ മലബാർ സഭ അർഹിക്കുന്ന സ്ഥാനപ്പേര് പാത്രിയർക്കീസ് സഭ എന്നുള്ളതാണ്.

സിറോ മലബാർ സഭ ഒരു സ്വതസഭയായി കത്തോലിക്കാ കൂട്ടായ്മയിൽ നിലനിൽക്കുമ്പോൾ നമ്മുടെ പാരമ്പര്യപ്രകാരമുള്ള പാത്രിയർക്കീസ് പദവിയാണ് നമുക്ക് അവകാശപ്പെട്ടതും അഭിലഷണീയവും.പരിശുദ്ധ റോമാ സിംഹാസനം കാലവിളംബമില്ലാതെ നമുക്കത് സ്ഥാപിച്ച് തരുമെന്ന് പ്രതീക്ഷിക്കാം.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്