രക്ഷകനായ യേശുക്രിസ്തുവിലൂടെ നമുക്ക് ലഭ്യമായ ദൈവകൃപയെ മറച്ചുവച്ച് നശീകരണത്തിന്റെ പാതയിലേക്ക് നമ്മെ നയിക്കാൻ ശ്രമിക്കുന്ന ഒട്ടേറെ ശക്തികൾ ഇന്ന് ലോകത്തുണ്ട്. ദൈവമെന്നൊന്നില്ല എന്നു തുടങ്ങി ‘ഈ ലോകത്തിലെ സൗഭാഗ്യങ്ങളെല്ലാം മതിവരുവോളം ആസ്വദിക്കാതെ മറ്റൊരു ലോകത്തിലെ സൗഭാഗ്യങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥമില്ല’ എന്നിങ്ങനെയുള്ള നാശത്തിന്റ വാദങ്ങൾ. അങ്ങനെ ലോകത്തിന്റെ പ്രലോഭനങ്ങളിലൂടെയും വശീകരണങ്ങളിലൂടെയും നശിപ്പിക്കാൻ പരിശ്രമിക്കുന്ന പാപത്തിന്റെ അന്ധകാരശക്തികളുടെ കെണിയിൽ നാം വീണുപോകുന്നു.

മനുഷ്യർ പലപ്പോഴും ലോകത്തിന്റെ മോഹങ്ങളിലേയ്ക്ക് കണ്ണുകൾ ഓടിക്കുന്നു. അവർ പറയുന്നതിലും എന്തെങ്കിലുമൊക്കെ കാര്യം കാണും എന്ന ലളിതമായ സംശയം പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് പാപത്തിലേയ്ക്കാണ്. ഈ ലോകസുഖങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി ജീവിക്കുമ്പോൾ ദൈവത്തിന്റെ ഓഹരി കൊടുക്കാൻ നമുക്ക് സാധിക്കാതെ വരുന്നു. നമ്മുടെ ജീവിതം മുഴുവൻ ലൗകീക വസ്തുക്കളെ മാത്രം ആശ്രയിക്കുന്നതാക്കി മാറ്റിയാൽ നാമൊരിക്കലും പരിപൂർണ്ണസന്തോഷം നേടുകയില്ല എന്നുമാത്രമല്ല, നമ്മൾ സദാ ആകുലപ്പെടുന്നവരായി മാറുകയും ചെയ്യും.

പരിമിതികളുള്ള നശ്വരമായ ലോകം തരുന്ന എന്തിനും പരിമിതികളുണ്ട്, അവ കുറെയെല്ലാം നശിച്ചുപോകും, കുറേ നമ്മൾ നശിപ്പിച്ചു കളയും, പിന്നെയുള്ളത് നമ്മേക്കാൾ തീവ്രമായ അഭിലാഷത്തിനു അടിമയായവർ നമ്മിൽ നിന്നും എടുക്കുകയും ചെയ്യും. എന്നാൽ, സ്വർഗ്ഗത്തിലെ സന്തോഷത്തിനായി നമ്മൾ ശേഖരിച്ചു വയ്ക്കുന്നതൊന്നും ഒരിക്കലും നമ്മിൽനിന്നും എടുക്കപ്പെടുകയില്ല. നമ്മുടെ ഹൃദയം ദൈവത്തിൽ ഉറപ്പിച്ച്, സ്വർഗ്ഗരാജ്യത്തിനായി അധ്വാനിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്