യഹൂദരുടെ പ്രാർത്ഥനയിലെ കാപട്യവും പൊള്ളത്തരവും വ്യക്തമാക്കുക മാത്രമല്ല ഈശോ ചെയ്തത്, അതിനുശേഷം അവിടുന്ന് ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ശിഷ്യൻമാർ യേശുവിനോട് അൽഭുതം ചെയ്യാനോ, രോഗികളെ സൗഖ്യം ചെയ്യാനോ പഠിപ്പിക്കാൻ ചോദിച്ചില്ല. എന്നാൽ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം എന്ന് യേശുവിനോട് പറഞ്ഞു. ഈ പ്രാർത്ഥനയിലൂടെയാണ് പുത്രനായ ദൈവം സ്വർഗ്ഗസ്ഥനായ ദൈവത്തെ “പിതാവേ” എന്നു വിളിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. ഇങ്ങനെ പഠിപ്പിക്കുന്നതു വഴി മനുഷ്യനു ചിന്തിക്കാനോ മാലാഖാമാർക്കു എത്തിനോക്കാനോ കഴിയാത്ത ഒരു സൗഭാഗ്യത്തിലേക്കുള്ള വാതിൽ ഈശോ നമുക്കായി തുറന്നു തരികയാണ്

ദൈവത്തിന്റെ നാമം പൂജിതമാകണം എന്നു പ്രാർത്ഥിക്കുന്നതിലൂടെ നമ്മൾ അർത്ഥമാക്കേണ്ടത്‌ ദൈവനാമം പരിശുദ്ധമായി അംഗീകരിച്ചു കൈകാര്യം ചെയ്യാനുള്ള കൃപ തരേണമേ എന്നാണ്. ദൈവത്തിന്റെ പരിശുദ്ധി അവിടുത്തെ മഹത്വം തന്നെയാണ്. മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം അവനെ മഹത്വംകൊണ്ട് കിരീടമണിയിച്ചിരുന്നു. എന്നാൽ, പാപത്തിലൂടെ മനുഷ്യൻ “ദൈവത്തിന്റെ മഹത്വത്തിനു അർഹത ഇല്ലാത്തവനായി” (റോമാ 3:23). ആദ്യത്തെ യാചനയിലൂടെ ഈശോ ആഗ്രഹിക്കുന്നത്, ദൈവത്തെ നമ്മുടെ ജീവിതം കൊണ്ട് മഹത്വപ്പെടുത്തി, നഷ്ടപ്പെട്ടുപോയ നമ്മിലെ മഹത്വം അല്ലെങ്കിൽ വിശുദ്ധി നമ്മൾ തിരികെ സ്വീകരിക്കണം എന്നാണ്.

ദൈവത്തിന്റെ രാജ്യം വരണമേ എന്ന പ്രാർത്ഥന പ്രധാനമായും ക്രിസ്തുവിന്റെ രണ്ടാം വരവിലൂടെയുള്ള ദൈവരാജ്യത്തിന്റെ അന്തിമ ആഗമനത്തെയാണ്‌ സൂചിപ്പിക്കുന്നത്. ദൈവരാജ്യം എന്നാൽ പരിശുദ്ധാത്മാവിലുള്ള നീതിയും സമാധാനവും സന്തോഷവുമാണ് (റോമാ 14:17). ഇതു നമ്മുടെ മധ്യേയുണ്ട്; ക്രിസ്തുവിന്റെ രണ്ടാം വരവിൽ, വിധിയാളനായ ഈശോ ഭൂമിയെ പിതാവിന് എല്പിക്കുമ്പോൾ ദൈവരാജ്യം സകല മഹത്വത്തോടും എന്നേക്കുമായി ഭൂമിയിൽ ആഗതമാകുന്നു. അതുകൊണ്ടുതന്നെ, വിശുദ്ധിയുള്ള മനുഷ്യന്റെ ആത്മാവിനു മാത്രമേ പ്രത്യാശയോടെ ദൈവരാജ്യം വരണമേ എന്നു പ്രാർത്ഥിക്കാൻ സാധിക്കുകയുള്ളൂ.നാം ഓരോരുത്തർക്കും കർത്താവിനോട് ശിഷ്യൻമാർ ചോദിച്ചതുപോലെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ എന്ന് അപേക്ഷിക്കാം.

Phone 9446329343

നിങ്ങൾ വിട്ടുപോയത്