കാക്കനാട്: കേരളത്തിലെ മത സാംസ്‌കാരിക ബഹുലതകളുടെ മധ്യത്തിൽ ജീവിക്കുന്ന കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് കത്തോലിക്കാ രൂപതയുടെ തലവൻ എന്ന നിലയിലും സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ചെയർമാൻ എന്ന നിലയിലും ഒരു ആത്മീയപിതാവ് എന്ന നിലയിലും മക്കൾക്ക് നൽകുന്ന ആത്മീയോപദേശമാണ് എട്ടു നോമ്പ് തിരുനാളിനോടനുബന്ധിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിനകത്തും പുറത്തുമുള്ള സഭാംഗങ്ങളും അജപാലകരും ഉയർത്തിയ ഉൽക്കണ്ഠകളാണ് അഭിവന്ദ്യപിതാവ് പങ്കുവച്ചത്. ക്രൈസ്തവ കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം എന്ന നിലയിൽ ഇത്തരം ഉപദേശങ്ങൾ സഭയിൽ സാധാരണമാണ്. സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി അതിലെ പരാമർശങ്ങളെ വിവാദമാക്കാൻ ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തുന്ന നീക്കങ്ങൾ ദുരൂഹവും ദുരുപദിഷ്ടവുമാണ്. കേരളത്തിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കാൻ ചിലർ നടത്തുന്ന കുൽസിത നീക്കമായേ ഇതിനെ കാണുവാൻ സാധിക്കൂ. മതസൗഹാർദ ശ്രമങ്ങൾ എന്ന പേരിൽ ചിലർ നടത്തുന്ന നീക്കങ്ങൾ പ്രശ്നങ്ങൾ വ്യാപകമാക്കുന്നു. യഥാർത്ഥ ശ്രമങ്ങളെ വിശ്വാസികൾ സ്വാഗതം ചെയ്യുന്നു.

ദുരുദ്ദേശപരമായ ചില പ്രത്യയശാസ്ത്രങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നത് മൂലം യുവജനങ്ങളായ തന്റെ ആത്മീയ മക്കൾ ചതിക്കപ്പെടുന്നതായും ദുരുപയോഗിക്കപ്പെടുന്നതായും കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് മാർ കല്ലറങ്ങാട്ട് ഇത്തരം പ്രതിസന്ധികളെ നേരിടാൻ യുവജനങ്ങൾ നിതാന്തജാഗ്രത പുലർത്തണമെന്ന് പറഞ്ഞത്. അല്ലാതെ ഏതെങ്കിലും ഒരു മതത്തോടുള്ള വിരോധംകൊണ്ടോ എതിർപ്പുകൊണ്ടോ അല്ല. അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കും നിലപാടുകൾക്കും പിന്നിൽ സഭാ മക്കൾ ഉറച്ചുനിൽക്കുന്നു. ശക്തമായി പിന്തുണക്കുകയും ചെയ്യുന്നു.

മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ദുരുദേശപരമായ മതാന്തരപ്രണയങ്ങൾ കേരളത്തിൽ വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. മയക്കുമരുന്നിന്റെ ഉപയോ​​ഗം വർദ്ധിച്ചുവരുന്നതും അപായസൂചനയാണ്. അവയെക്കുറിച്ച്‌ യുവജനങ്ങളും കുടുംബങ്ങളും ജാഗ്രത പുലർത്തേണ്ടതുണ്ട്. ക്രൈസ്തവ കുടുംബസംസ്കാരത്തെ തകർക്കുന്ന വിധത്തിൽ പല വെല്ലുവിളികളും ഉയരുന്നുവെന്ന മാർ കല്ലറങ്ങാട്ടിന്റെ കണ്ടെത്തലുകൾ യാഥാർഥ്യമാണ്. മതസൗഹാർദ്ദത്തിനും സാമൂഹിക സമാധാനത്തിനും ഇവ വലിയ ആശങ്കകൾ ഉയർത്തുന്നു. കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ നീക്കങ്ങൾ നടക്കുന്നു എന്നത് വസ്തുതയാണ്. സാമുദായിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വളരെ ഗൗരവമായ രീതിയിൽ അന്വേഷിക്കേണ്ടതായിട്ടുണ്ട്.

ഭീകരതക്കും വിധ്വംസക പ്രവർത്തനങ്ങൾക്കും ജാതിയും മതവും ഇല്ല. ഉണ്ടെന്ന് വന്ദ്യപിതാവ് പറഞ്ഞിട്ടുമില്ല. യാഥാർത്ഥ്യബോധത്തോടെയുള്ള പ്രസംഗത്തിന്റെ പേരിൽ പിതാവിനെതിരെ വടിയുയർത്തുന്നവർ ആരുടെ പക്ഷത്താണ്? മതവിദ്വേഷപരമാണ് പിതാവിന്റെ പ്രസംഗമെന്ന് ആവേശം കൊള്ളുന്നവരാണ് മതങ്ങളെ ആക്ഷേപിക്കുന്നത്. സ്ഥാപിത താല്പര്യങ്ങൾക്കും താൽക്കാലിക ലാഭങ്ങൾക്കും വേണ്ടി നമ്മുടെ സമൂഹമനസ്സിനെ വിഷലിപ്തമാക്കുന്ന ഇത്തരം അനാവശ്യ വിവാദങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

എല്ലാ മതങ്ങളും ഉദ്ഭവിക്കുന്നത്‌ മനുഷ്യസ്‌നേഹമെന്ന ഉറവിടത്തിൽനിന്നാണെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ യഥാർത്ഥ മതസൗഹാർദം ഉടലെടുക്കുന്നത്. മതഭീകരതയും വർഗീയകലാപങ്ങളും പല സന്ദർഭങ്ങളിലും അവയുടെ കാരണങ്ങൾ പലപ്പോഴും രാഷ്ട്രീയവും സാമ്പത്തികവുമായിരുന്നുവെങ്കിൽക്കൂടി കേരളീയ സമൂഹം അത്‌ അതിജീവിക്കുകയും സാമൂഹ്യബന്ധങ്ങൾ ശിഥിലമാകാതെ നിലനിൽക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

മതവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വ്യവഹാരങ്ങൾ നമ്മുടെ സാമൂഹ്യമനസ്സിനെ കീഴ്‌പ്പെടുത്താതിരിക്കട്ടെ. ക്രൈസ്തവരും ക്രൈസ്തവ സംസ്കാരവും എക്കാലവും വൈവിദ്ധ്യത്തെ ആദരിക്കുകയും സഹിഷ്ണുതയെ ഉയർത്തിപ്പിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ബഹുസ്വരതയെ സ്വത്വത്തിൻറെ ഭാഗമായി കാണുകയും ചെയ്യുന്നവരാണ്. പൊതുപ്രവർത്തനങ്ങളിലൂടെയും പൊതുപ്രാർത്ഥനകളിലൂടെയും സംഭാഷണവേദികളിലൂടെയും മതങ്ങൾ തമ്മിൽ കൂടുതൽ ബന്ധപ്പെടാനും മനുഷ്യർ തമ്മിലുള്ള വിശ്വാസം ആഴമുള്ളതാക്കാനും പരിശ്രമിക്കുന്നവരാണ് സീറോമലബാർ സഭാ വിശ്വാസികൾ.

ക്രൈസ്തവ സംസ്കാരത്തിൻറെ അടിസ്ഥാനമൂല്യങ്ങൾ സ്നേഹവും കരുണയും ത്യാഗവും സൗഹാർദ്ദവും സഹവർത്തിത്വവുമാണ്. പീഡനങ്ങളിലും പ്രയാസങ്ങളിലും വൈവിധ്യങ്ങളും അന്തരങ്ങളും മാനിച്ചുകൊണ്ട് സംവാദത്തിൻറെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിൻറെയും പാതയിലാണ് കേരള ക്രൈസ്തവരുടെ എപ്പോഴുമുള്ള സഞ്ചാരം. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിയും നേടിയെടുക്കാനുള്ള ശ്രമങ്ങളിൽ ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് ഓർമ്മിപ്പിക്കുന്നു.

നാമൊക്കെ ഓരോ സമുദായത്തിലും മതവിശ്വാസത്തിലും രാജ്യത്തിലും പിറന്നു എന്നത് യാദൃച്ഛികമാണ്. മതസഹിഷ്ണുത രൂപപ്പെടാൻ ഈ ബോദ്ധ്യമുണ്ടായാൽ മാത്രം മതി. സ്നേഹത്തിനും ത്യാഗത്തിനും സൗഹാർദ്ദത്തിനും സഹവർത്തിത്വത്തിനുമെല്ലാം പരസ്പര ഐക്യത്തിന്റെ സാദ്ധ്യത കണ്ടെത്താനാകും.

ടോണി ചിറ്റിലപ്പിള്ളി


(സീറോമലബാർ അൽമായ ഫോറം സെക്രട്ടറി)

20 സെപ്റ്റംബർ 2021