കാക്കനാട് : ആരാധനയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ പള്ളിയിൽ അതിക്രമം കാണിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ പൂഞ്ഞാർ പള്ളി അസി.വികാരിയെ കയ്യേറ്റം ചെയ്യുകയും കാർ കൊണ്ട് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വിഷയത്തിൽ ശക്തമായി അപലപിച്ചു സീറോ മലബാർ യൂത്ത് മൂവ്മെന്റ്. ഇത്തരത്തിൽ തുടർച്ചയായി വൈദികർക്കും സന്യസ്ഥർക്കും നേരെ ഉണ്ടാകുന്ന അപമാനശ്രമങ്ങൾ തികച്ചും പ്രതിഷേധാർഹമാണെന്നും മതേതര രാജ്യത്തിനു അപമാനകരവുമാണ്. കുറ്റവാളികളായിട്ടുള്ളവരെ എത്രയും വേഗം നിയമത്തിനു മുൻപിൽ കൊണ്ടു വരികയും തക്കതായ ശിക്ഷ നൽകണമെന്നും മൗണ്ട് സെന്റ് തോമസ് മൗണ്ടിൽ വച്ചു നടന്ന യോഗം ആവശ്യപ്പെട്ടു. ഇനിയും ഇത്തരം പ്രവണതകളുമായി മുന്നോട്ട് പോകുവാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നതെങ്കിൽ ശക്തമായി തന്നെ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതാണെന്ന് യോഗത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ എസ്. എം.വൈ.എം സംസ്ഥാന സമിതി മുന്നറിയിപ്പ് നൽകി.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ മലയോര മേഖലയിൽ അടിക്കടിയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചു പ്രമേയം പാസാക്കി എസ്.എം.വൈ.എം സംസ്ഥാന സമിതി. വന്യ മൃഗങ്ങൾനാട്ടിൽ ഇറങ്ങുമ്പോൾ മനുഷ്യന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണകൂടത്തിന്റെ നിസംഗതാ മനോഭാവം തികച്ചും പ്രതിഷേധാർഹം തന്നെയാണെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യരുടെ ജീവൻ നഷ്ടമാകുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്യുമ്പോൾ നിസ്സഹായരായി വെറും നോക്കുകുത്തികളെപ്പോലെ നോക്കിനിൽക്കാൻ മാത്രമേ ഭരണാധികാരികൾ ശ്രമിക്കുന്നുള്ളു. ഇതിനു ശാശ്വതമായ പരിഹാരം കണ്ടെത്തി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സ്ഥിതി ഉണ്ടാകണമെന്ന് എസ്.എം.വൈ.എം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് ശ്രീ. വിശാഖ് തോമസ്, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, ജനറൽ സെക്രട്ടറി ശ്രീ. സാം സണ്ണി, ഗ്ലോബൽ ഡയറക്ടർ ഫാ. ജേക്കബ് ചക്കാത്ര, വിവിധ രൂപതകളിലെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.