കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവകയുടെ 13ാമത് ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തെരഞ്ഞെടുത്തു. സ്ഥാനാഭിഷേക ശുശ്രൂഷ നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. കോഴഞ്ചേരി പുന്നക്കാട് മലയില്‍ കുടുംബാംഗമാണ് റവ. സാബു കെ. ചെറിയാന്. ചെന്നൈയില്‍ സിഎസ്ഐ ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ്പ് എ. ധര്‍മരാജ് റസാലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന് കമ്മിറ്റിയാണ് റവ. സാബു കെ. ചെറിയാനെ ബിഷപ്പായി തെരഞ്ഞെടുത്തത്.
സിഎസ്ഐ മധ്യകേരള മഹായിടവക കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നിര്‍ദേശിച്ച വൈദികരായ റവ.ഡോ. സാബു കെ. ചെറിയാന്, റവ. നെല്‍സണ്‍ ചാക്കോ എന്നിവരുടെ അഭിമുഖം ചെന്നൈ റോയല്‍പേട്ട സിഎസ്ഐ സിനഡ് ആസ്ഥാനത്ത് ഇന്നലെ നടത്തുകയും തുടര്‍ന്ന് കമ്മിറ്റി റവ. സാബു കെ. ചെറിയാനെ പുതിയ ബിഷപ്പായി പ്രഖ്യാപിക്കുകയുമായിരുന്നു. റവ. ഡോ. തോമസ് കെ. ഉമ്മന്‍ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം. സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് എ. ധര്‍മരാജ് റസാലം, ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്നിവര്‍ കാര്‍മികരായിരിക്കും. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് ഡോ. കെ. രൂബേന്‍ മാര്‍ക്ക്, ബിഷപ്പ് റവ. ഡോ. ഉമ്മന്‍ ജോര്‍ജ് തുടങ്ങിയവര്‍ സഹകാര്‍മികരാകും.