കുടുംബാംഗങ്ങൾക്ക്‌ ഹാപ്പി റിട്ടയർമെന്റ് ഒരുക്കാൻ എന്ത് ചെയ്യണം?

ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത് യാത്രയയപ്പുമൊക്കെ കഴിഞ്ഞു വീട്ടിലേക്ക് വരികയാണ് . അടുത്ത ദിവസം മുതൽ ജോലിയില്ല . അത് കൊണ്ട് രൂപപ്പെട്ട ദിനചര്യ നഷ്ടമാകുന്നു. നിഷ്ക്രീയ നേരങ്ങൾ വർദ്ധിക്കുന്നു .ഈ മാറ്റങ്ങൾ ചിലരുടെ മനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.കൂടുതൽ നേരം ചെലവഴിക്കാൻ ഇടയുള്ളത് വീട്ടിലാണ്. റിട്ടയർമെന്റ് ജീവിതവുമായി ആരോഗ്യകരമായി പൊരുത്തപ്പെടുത്തുവാൻ വീട്ടുകാർ കൂടുതൽ ശ്രദ്ധിക്കണം.

വേലയും കൂലിയുമില്ലാതെ വെറുതെ ഇരിക്കേണ്ട അവസ്ഥയെന്ന വിചാരത്തിൽ കുടുങ്ങി അപകർഷതാ ബോധത്തിൽ വീണ്‌ പോകുന്നവരുണ്ട് .പഴയ രീതിയിൽ ആദരവ് കിട്ടില്ലെന്ന ചിന്തയുള്ളവരുമുണ്ട്. സ്വയം മതിപ്പിന് കോട്ടം വരാത്ത രീതിയിലുള്ള ഇടപെടലുകൾ വേണം. . ഇത്രയും കാലം പണിയെടുത്തതും,വീടിനെ പിന്തുണച്ചതുമൊക്കെ ഓർമ്മിപ്പിക്കണം. ജോലിയിൽ നിന്നും പിരിഞ്ഞു വെറുതെ ഇരിക്കുന്നത് കൊണ്ട് ഇനി ഗാർഹീക കാര്യങ്ങൾ ചെയ്യെന്ന നിർദ്ദേശം ചിലപ്പോൾ ദുർവ്യാഖ്യാനത്തിന് ഇടയാക്കാം.സമയം നന്നായി വിനിയോഗിക്കാനുള്ള പങ്ക്‌ ചേരലെന്ന തോന്നലുണ്ടാക്കണം .

തൊഴിലിടം ഒരു സാമൂഹിക വൃത്തമാണ്. വർഷങ്ങൾ കൊണ്ട് രൂപപ്പെടുത്തി എടുത്ത ചങ്ങാത്തങ്ങളുണ്ട് .അവരുമായി സൊറ പറയുന്ന ഇടവേളകളുണ്ട് .

ചായ കുടി കൂട്ടായ്മകളുണ്ട്.

തൊഴിലിൽ നിന്നും വിട്ട് പോരുമ്പോൾ ഇതും നഷ്ടമാകുന്നുണ്ട് .ബദലായി ഒരു സാമൂഹിക ജീവിതം ഉണ്ടാക്കിയെടുക്കാനുള്ള ഉത്തേജനവും അവസരങ്ങളും ഉണ്ടാക്കാൻ വീട്ടുകാർ ശ്രദ്ധിക്കണം .റെസിഡന്റ്‌സ് അസോസിയേഷൻ, മറ്റ് സാമൂഹിക സംഘടനകൾ ഇവയിലൊക്കെ സജീവമാകട്ടെ .പുതിയൊരു സുഹൃദ് വലയം രൂപപ്പെട്ട് വരട്ടെ.

പെൻഷൻ ഉള്ളവർക്കും ,ജീവിത സായാഹ്നത്തിലേക്കുള്ള സാമ്പത്തിക കരുതലെടുത്തവർക്കും ചെലവഴിക്കാൻ കൈയ്യിൽ കാശുണ്ടാകും.അതില്ലാത്തവർക്ക് വിഷമം ഉണ്ടാകാം . ക്ഷേമ പെൻഷൻ മാതൃകയിൽ ചെറിയ പോക്കറ്റ് മണി സ്നേഹ പൂർവ്വം നൽകിയാൽ നല്ലത് .

അനുഭവജ്ഞാനത്തിന്റെയും സൽപ്പേരിന്റെയും പേരിൽ പുതിയ ജോലി അവസരങ്ങൾ തരമായാൽ ആരോഗ്യം അനുവദിക്കും കാലം അത് ചെയ്യാം. അങ്ങനെയും വരുമാനം ഉണ്ടാക്കാം.

തൊഴിൽ നേരത്തിന്റെ ചട്ടക്കൂടിൽ ആവിഷ്‌ക്കരിക്കാൻ പറ്റാതെ പോയ ഇഷ്ടങ്ങളും അഭിരുചികളുമൊക്കെ ചെയ്യുവാനുള്ള ആവേശം കാട്ടണം.ജോലിക്ക് പോകാതാകുമ്പോഴുള്ള

ദിനചര്യ നഷ്ടത്തിന് പകരം വെടിപ്പുള്ള മറ്റൊന്ന് സൃഷ്ടിച്ചെടുക്കണം. ജോലിയിൽ നിന്നുള്ള വിരമിക്കൽ ജീവിതത്തിൽ നിന്നുള്ള വിരമിക്കലല്ല .ആ ജീവിതത്തിൽ ആഹ്ലാദവും ആത്മവിശ്വാസവും നിറയ്ക്കാൻ വീടിന്റെ പിന്തുണ എപ്പോഴും വേണം

(ഡോ .സി. ജെ .ജോൺ )