പാപത്താൽ ചുറ്റിവരിയപ്പെട്ട മാനവരാശിക്ക് മോചനവുമായാണ് വചനം മാംസമായത്. എന്നാൽ, മനുഷ്യനായ ദൈവം ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചത് കേവലം വാക്കുകളിലൂടെ മാത്രമായിരുന്നില്ല. അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയുമെല്ലാം യേശുവിന്റെ പൊതുജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെയായിരുന്നു. യേശു സൗഖ്യദായകനാണ്. ഈ ലോകത്തിൽ നമ്മൾ അനുഭവിക്കുന്ന രോഗങ്ങളെയും ദുരിതങ്ങളേയും ഇല്ലാതാക്കാൻ യേശുവിനാകും. വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ സൗഖ്യം നൽകുന്നവനാണ് നമ്മുടെ കർത്താവ്.

തിരുവചനത്തിൽ തളർവാതരോഗിയെ സൗഖ്യമാക്കിയതായി പ്രതിപാദിക്കുന്നുണ്ട്. തളർവാത രോഗിയുടെയും തളർവാതരോഗിയെ കൊണ്ടുവന്ന ആൾക്കാരുടെ വിശ്വാസം കൊണ്ടാണ് തളർവാത രോഗിയെ യേശു സൗഖ്യം ആക്കിയത്. രക്ത സ്രാവക്കാരിയായ സ്ത്രീ വിശ്വാസത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് യേശുവിന്റെ വസ്ത്രത്തിൽ ഒന്നു സ്പർശിക്കുക മാത്രമാണ് ആ സ്ത്രീ ചെയ്തത്. “തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു”. വിശ്വാസത്തോടെ ദൈവസന്നിധിയിൽ അഭയം പ്രാപിക്കുന്ന ആരെയും ദൈവം നിരാശനാക്കി മടക്കി അയക്കുന്നില്ല.

ഏറെക്കാലമായി രോഗത്തിന് പരിഹാരം അന്വേഷിച്ചിട്ട് കണ്ടെത്താൻ കഴിയാത്ത ഒരു പ്രശ്നത്തിനുടമയാണോ നിങ്ങളിന്ന്? പിടിച്ചുവയ്പ്പുകളില്ലാതെ, ദൈവമേ അങ്ങേക്ക് മാത്രമേ എന്നെ സഹായിക്കാനാവൂ എന്ന് ഹൃദയം കൊണ്ട് പൗർണ്ണ വിശ്വാസത്തോടെ ഏറ്റുപറയുക. അവിടുന്ന് സൗഖ്യം നൽകും. മനുഷ്യദൃഷ്ടിക്ക് അസാധ്യമായ കാര്യങ്ങൾ സാധ്യമാക്കുന്ന സർവ്വശക്തനായ കർത്താവേ, അങ്ങയുടെ സ്പർശനത്താൽ എല്ലാ രോഗങ്ങളിൽ നിന്നും എന്നെയും സൗഖ്യമുള്ളവനാക്കണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാ രോഗികളെയും സൗഖ്യമാക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്