ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. പരിശുദ്ധസഭയെ ഇത്ര സ്വാഭാവികമായ രീതിയിൽ സ്നേഹിച്ചവർ അധികം കാണുകയില്ല. ദൈവത്തിന്റെ സ്വരം കേട്ട് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിച്ച പവ്വത്തിൽ പിതാവ് നിത്യതയുടെ തീരത്തെത്തി. അസ്തമയസൂര്യന്റെ തിരോധാനവിസ്മയം കാണാൻ കടൽത്തീരത്തു കാത്തിരിക്കുന്ന സഞ്ചാരിയെപ്പോലെ, സ്വർഗത്തിലേക്കു തുറന്നുവച്ച രണ്ടു കണ്ണുകളുമായി പരലോകവിസ്മയം കാണാൻ നോക്കിപ്പാർത്തിരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ദിവസവും പവ്വത്തിൽ പിതാവ് അന്വേഷണത്തിലും യാത്രയിലുമായിരുന്നു. ദൈവാന്വേഷണത്തിന്റെ യാത്രയായിരുന്നു അത്. പരിശുദ്ധ സിംഹാസനത്തോട് നിർവ്യാജമായ സ്നേഹവും ആദരവും അനുസരണവും പുലർത്തി. തിരുസഭയുടെ നിയോഗംകാത്ത വിനീതവിശുദ്ധനായിരുന്നു പവ്വത്തിൽ പിതാവ്.
ബൗദ്ധികനിലപാടും സമീപനങ്ങളും
അസാധാരണമായ ധൈഷണികപ്രതിഭയും വിവേകവും പവ്വത്തിൽ പിതാവിൽ നിറഞ്ഞുനിന്നു. ആംഗ്ലിക്കൻ സഭ അതിന്റെ കാതോലിക പാരന്പര്യത്തിലേക്കും ദൈവശാസ്ത്രത്തിലേക്കും ആരാധനക്രമ ഉറവിടങ്ങളിലേക്കും തിരിച്ചുപോകണമെന്നു വാദിച്ച ഓക്സ്ഫഡ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു കർദിനാൾ ഹെൻറി ന്യൂമാൻ. സീറോ മലബാർ സഭ അതിന്റെ പൗരസ്ത്യ പാരന്പര്യങ്ങളും ദൈവശാസ്ത്ര വീക്ഷണങ്ങളും ആരാധനക്രമ തനിമയും വീണ്ടെടുക്കണമെന്ന നിലപാടിന്റെ ശക്തമായ പ്രചാരകനായിരുന്നു പവ്വത്തിൽ പിതാവ്. അദ്ദേഹത്തിന്റെ ഓക്സ്ഫഡിലെ പഠനം സ്വാഭാവികമായും ഈ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്.
മലബാർസഭയിലെ ആരാധനക്രമ പ്രസ്ഥാനത്തിന്റെയും വ്യക്തിസഭാ ദൈവശാസ്ത്രത്തിന്റെയും സഭൈക്യപ്രസ്ഥാന മുന്നേറ്റത്തിന്റെയും ബുദ്ധികേന്ദ്രം പവ്വത്തിൽ പിതാവായിരുന്നു. കർദിനാൾ ന്യൂമാന്റെയും കർദിനാൾ റാറ്റ്സിംഗറുടെയും ദൈവശാസ്ത്രനിലപാടുകളിൽ ഉറച്ചുനിന്ന്, ഭാരതനസ്രാണിസമുദായത്തിലെ പാറേമ്മാക്കൽ തോമ്മാക്കത്തനാർ, നിധീരിക്കൽ മാണിക്കത്തനാർ, പ്ലാസിഡ് പൊടിപാറ ഒപ്പം, കർദിനാൾ ടിസറാങ് എന്നിവരിൽനിന്നു പൗരസ്ത്യസുറിയാനി ദൈവശാസ്ത്രകാഴ്ചപ്പാടുകൾക്കു പ്രചുരപ്രചാരം നല്കിയ പിതാവ് എന്നും ഉറച്ച നിലപാടുകളുടെ ശ്രേഷ്ഠഗുരുവായിരുന്നു.
ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ രണ്ടാം വത്തിക്കാന് കൗണ്സിലിന്റെ വീക്ഷണം സീറോ മലബാർ സഭയിൽ നടപ്പാക്കുന്നതിനുവേണ്ടി ജീവിതം മാറ്റിവച്ച വ്യക്തിത്വമാണ് പവ്വത്തിൽ പിതാവിന്റേത്. സൂനഹദോസിന്റെ ഒരു സ്വീകാര്യതയ്ക്ക് ഭാരതത്തിൽ മുഖ്യകാരണമായത് പിതാവിന്റെ നിലപാടുകളാണ്. ഈ സൂനഹദോസിനെ ഭാരതത്തിൽ പോപ്പുലറാക്കിയതിനാലാണ് ഭാഗ്യസ്മരണാർഹനായ ബെനഡിക്ട് പിതാവ് പവ്വത്തിൽ പിതാവിനെ ‘സീറോ മലബാർ സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ചത്. ഇന്നു സഭയുടെ കിരീടത്തിൽനിന്നു ജീവന്റെ കിരീടത്തിലേക്ക് ആ ധന്യാത്മാവ് യാത്ര ചെയ്തുകഴിഞ്ഞു.
നല്ല ഭാഗം തെരഞ്ഞെടുത്തവൻ
തന്നിൽനിന്നു മറ്റാർക്കും എടുത്തുമാറ്റാൻ സാധിക്കാത്ത നല്ല ഭാഗം തെരഞ്ഞെടുത്ത വ്യക്തിയാണ് പവ്വത്തിൽ പിതാവ്. ദൈവശാസ്ത്രത്തിലെ ഏറ്റം ശ്രദ്ധേയമായ രണ്ടു പ്രയോഗശൈലികളാണ് Coram Deo (ദൈവത്തിന്റെ മുന്പിൽ), Cor Orans (പ്രാർത്ഥിക്കുന്ന ഹൃദയം) എന്നിവ. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ ഇതാണ് പവ്വത്തിൽ പിതാവ്. ഈ സുവിശേഷശൈലി സ്വന്തമാക്കിയപ്പോൾ കാഴ്ചയുള്ള ഒരു ഹൃദയം (Cor Cum Visum) അദ്ദേഹം സ്വന്തമാക്കി. അതിന്മേൽ അക്കാദമിക് പ്രാധാന്യത്തേക്കാൾ ആത്മീയപ്രാധാന്യമുള്ള ചിന്തകൾ രൂപീകരിച്ചു.
കാഞ്ഞിരപ്പള്ളി മെത്രാനായിരുന്ന കാലംമുതൽക്കേ ഒരു സമഗ്രസ്വഭാവമുള്ള ദൈവശാസ്ത്രജ്ഞനായി അറിയപ്പെട്ടു. ഗുണമേന്മയുള്ളതും ജനബന്ധമുള്ളതുമായ ഒരു ദൈവശാസ്ത്രസംസ്കാരം അദ്ദേഹം രൂപീകരിച്ചു. സഭയുടെ പാരന്പര്യങ്ങളെ ഇത്രമാത്രം ഫിലൊസോഫിക്കൽ ആയിട്ടുകണ്ട മറ്റൊരു വ്യക്തിയും ഭാരതത്തിൽ കാണില്ല. ജീവിക്കുന്ന സുവിശേഷമാകുന്ന ഈശോമിശിഹായാണ് സഭയിലെ ഏറ്റവും നല്ല ഫിലോസഫിയും ഫിലോസഫറും എന്ന ഒരിജന്റെ നിലപാടുതന്നെയാണ് പവ്വത്തിൽ പിതാവിന്റേതും.
താപസഗുണമേന്മയുള്ള സാത്വികൻ
ഏതെങ്കിലും ഒരു പ്രത്യേക ആശ്രമത്തിലെ അംഗമാകാതെ, എന്നാൽ, തികച്ചും താപസഗുണങ്ങളോടുകൂടി ജീവിച്ച ആചാര്യശ്രേഷ്ഠനായിരുന്നു പവ്വത്തിൽ പിതാവ്. വെറും സാധാരണ ജീവിതശൈലി-ഭക്ഷണക്രമത്തിലും വസ്ത്രധാരണത്തിലും വാക്കുകളിലും. പവ്വത്തിൽ പിതാവിൽ മർത്തായും മറിയവും ഒരുമിച്ചുചേർന്നിരുന്നു. മറിയത്തിന്റെ ഹൃദയവും മർത്തായുടെ കരങ്ങളുമായിരുന്നു അദ്ദേഹത്തിന്റേത്. എപ്പോഴും കർമനിരതനായിരുന്നു. ഒരിക്കലും വ്യഗ്രചിത്തനല്ലായിരുന്നു. ദൈവവചനത്തെ ധ്യാനിച്ചുജീവിച്ചതുകൊണ്ടാണത്. ഏകാഗ്രതയിലൂടെ വളർത്തിയ താപസഗുണത്തിനു കുലീനത്വമുണ്ട്.
സാത്വികനെ അറിയാൻ തമോഗുണം നിറഞ്ഞവനു സാധ്യമല്ല. എതിർക്കുന്നവരോടു മറുതലിക്കാൻ പോയില്ല. സംഭാഷണങ്ങളുടെയും സംവാദത്തിന്റെയും തലപ്പത്ത് ആയിരുന്ന കാലത്തും മറുവശം കേൾക്കുക എന്ന നിലപാട് എപ്പോഴും സ്വീകരിച്ചിരുന്നു. ക്ഷമയും ദീർഘശാന്തതയും പുലർത്തുന്ന ഭാരതഋഷിപ്രോക്തമായ പുണ്യംകൊണ്ടുകൂടിയാണിത്.
ബോധ്യങ്ങളുടെ മനുഷ്യൻ
പവ്വത്തിൽ പിതാവ് എന്നുപറഞ്ഞാൽ ബോധ്യങ്ങളുടെയും നിലപാടുകളുടെയും ആൾരൂപമാണ്. അദ്ദേഹത്തിന്റെ ശൈലി തുറന്ന മനസുള്ള എല്ലാവർക്കും തർക്കമറ്റത്, കുറ്റമറ്റത് എന്ന തോന്നലുളവാക്കുന്നതാണ്. വേണ്ടതുമാത്രം വേണ്ടപ്പോൾ, വേണ്ടപോലെ, വേണ്ടവരോട്, വേണ്ടരീതിയിൽ പറയുന്ന അധ്യാപകനായിരുന്നു അദ്ദേഹം. ഈ പൂർണതയ്ക്കുമുന്പിൽ എതിർപ്പുകൾ കളകൾപോലെ വളർന്നിരിക്കാം.
പവ്വത്തിൽ പിതാവിന്റെ നിലപാടുകളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്: ദൈവശാസ്ത്രവിഷയങ്ങളിൽ ലിറ്റർജിക്ക് മുൻഗണന നൽകി; ഭരണഘടനയിൽ ന്യൂനപക്ഷാവകാശങ്ങൾക്ക്, വിദ്യാഭ്യാസമേഖലയിൽ പൊതുവിദ്യാഭ്യാസത്തിന്, രാഷ്ട്രീയത്തിൽ മൂല്യാധിഷ്ഠിത രാഷ്ട്രീയനിലപാടുകൾക്ക്, അനുദിനജീവിതത്തിൽ പ്രാർഥനയ്ക്ക്, അജപാല പ്രബോധനങ്ങളിൽ വിശ്വാസപരിശീലനത്തിന്, സീറോ മലബാർ സിനഡിൽ സുറിയാനി പാരന്പര്യങ്ങൾക്ക്, സിബിസിഐയിൽ ഭാരതത്തിന്റെ വൈവിധ്യങ്ങൾക്ക്, കെസിബിസിയിൽ വ്യക്തിസഭകളുടെ കൂട്ടായ്മയ്ക്ക്, പത്രങ്ങളിൽ ദീപികയ്ക്ക്, പ്രവാസികളോട് സംസാരിക്കുന്പോൾ മാതൃസഭയ്ക്കും പാരന്പര്യങ്ങൾക്കും ലിറ്റർജിക്കും. നിറഞ്ഞ വാക്കുകളോ ഗർവു സ്ഫുരിക്കുന്ന പ്രയോഗങ്ങളോ ഒന്നുമില്ല. പക്ഷേ, ശക്തവും വിശുദ്ധവുമായ നിലപാടുകളുണ്ട്. ഒരു വിശുദ്ധനാണെന്നു തെളിയിക്കാനുള്ള തത്രപ്പാടും ഒരിക്കലും കാണിച്ചിരുന്നില്ല. പക്വമാനസനും ശുദ്ധഹൃദയനും മോശയുടെ ചൈതന്യംപേറിയ ധീരപുരുഷനുമായിരുന്നു അദ്ദേഹം.
പ്രാദേശികസഭയുടെ സ്വത്വബോധം
വ്യക്തിസഭകളുടെ സ്വന്തം വ്യക്തിത്വം, പവ്വത്തിൽ പിതാവിന്റെ നിരന്തരപഠനവിഷയമായിരുന്നു. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പ്രമാണരേഖകൾ പഠിച്ചവരിൽ പവ്വത്തിൽ പിതാവ് അഗ്രഗണ്യനായിരുന്നു. ശ്ലൈഹികപാരന്പര്യമുള്ള സഭകളെ റീത്തുകളായിമാത്രമല്ല വ്യക്തിസഭകളായി കാണണം, റീത്തുകളെ സഭാത്മകമായി വ്യാഖ്യാനിക്കണമെന്ന കാഴ്ചപ്പാടിനു മുൻതൂക്കം നൽകി.
പവ്വത്തിൽ പിതാവു സമയത്തിനുമുന്പേ പ്രാദേശികസഭയുടെ സ്വത്വബോധത്തെക്കുറിച്ചു ചിന്തിച്ചു. സമൂഹാരാധനയുടെ ഉദാത്തതയിലേക്ക് ഉയരുക എളുപ്പമല്ല. ഒരിക്കലും അസ്തമിക്കാത്ത സൗന്ദര്യത്തിന് അസ്തമിച്ചില്ലാതാകുന്ന ക്ഷണികലാവണ്യത്തിന്റെ സ്വഭാവമല്ല ഉള്ളത്. ഈ അനുഭവം അജപാലനധർമത്തിൽ എങ്ങനെ പ്രദാനം ചെയ്യാമെന്ന് പവ്വത്തിൽ പിതാവ് തന്റെ ജീവിതംകൊണ്ടു പഠിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അപ്രകാരം സഭാഗാത്രത്തെ കാത്ത വഴിവിളക്കായി.
സമൂഹമനസാക്ഷിയുടെ ശബ്ദം
മാതൃഭൂമിയെ ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരു പൗരനായിരുന്നു പവ്വത്തിൽ പിതാവ്. ഈ രാജ്യത്തിന്റെ സന്പത്തും വൈവിധ്യവും എല്ലാം അദ്ദേഹത്തിന്റെ മനസിൽ നിറഞ്ഞുനിന്നിരുന്നു. ഒരു നല്ല സെക്കുലർ കാഴ്ചപ്പാട് പിതാവിനു സഹജമായിരുന്നെങ്കിലും വഴിതെറ്റിപ്പോകുന്ന സെക്കുലറിസത്തെ ഒരിക്കലും ഉൾക്കൊണ്ടിരുന്നില്ല. അഗാധമായ വായനയിലൂടെ ഈ രാജ്യത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ-കലാ-കായികരംഗങ്ങളെല്ലാം പവ്വത്തിൽ പിതാവിന്റെ ബുദ്ധിയിലും മനസിലുമുണ്ടായിരുന്നു.
സഭകളുടെ കൂട്ടായ്മയിലും രാഷ്ട്രീയനിലപാടുകളിലും ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ച പിതാവ്, വിശ്വാസവിഷയങ്ങളിന്മേൽ ഉണ്ടാകുന്ന അപചയങ്ങളെക്കുറിച്ചു വേദനിച്ചിരുന്നു. സ്വാശ്രയവിദ്യാഭ്യാസമേഖലയിൽ സഭ എടുക്കേണ്ട നിലപാടുകളെക്കുറിച്ച് ഈടുറ്റ പ്രബോധനം നൽകി. ഭൗതികതയ്ക്കുമാത്രം ഊന്നൽ കൊടുക്കുന്ന വിദ്യാഭ്യാസത്തെ അദ്ദേഹം എതിർത്തു. കേരളത്തിൽ എല്ലാവരും കേൾക്കാനും അറിയാനും ആഗ്രഹിച്ചിരുന്നത് പവ്വത്തിൽ പിതാവിന്റെ സ്വരവും നിലപാടുകളുമായിരുന്നു. സമൂഹമനസാക്ഷിയുടെ ശബ്ദമായി ആ സ്വരം വിലമതിക്കപ്പെട്ടു.
സമാപനം
പവ്വത്തിൽ പിതാവ് പല വ്യവസ്ഥിതികളോടും കലഹിച്ചെങ്കിലും ഒരു വ്യക്തിയോടും പിണങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അസാധാരണമായ ഔന്നത്യം കാത്തുസൂക്ഷിച്ചു. അദ്ദേഹം എന്നും അന്വേഷിച്ചത് സത്യത്തിലുള്ള സമന്വയമാണ്. തത്വനിഷ്ഠയില്ലാത്ത കോംപ്രമൈസുകളെ എന്നും എതിർത്തിരുന്നു. ജനാധിപത്യത്തിന്റെ കാവൽക്കാരനടുത്ത കർമങ്ങളും മതേതരത്വത്തിന്റെ മൂല്യങ്ങളും മതമൈത്രിയുടെ അടിസ്ഥാനശിലകളും തിരിച്ചറിഞ്ഞിട്ടുള്ള പവ്വത്തിൽ പിതാവിനെ അറിയാനും അനുകരിക്കാനും പ്രയാസമുള്ളവരുണ്ടായേക്കാം.
തിന്മകൾക്കും അന്തസാരശൂന്യതകൾക്കും കാപട്യങ്ങൾക്കും അനീതിക്കും ചൂഷണത്തിനും സ്നേഹരാഹിത്യത്തിനും എതിരായ തീവ്രമായ മൂർച്ചയുള്ള ചിന്തകളും വിചാരങ്ങളുമായിരുന്നു പിതാവിന്റേത്. പവ്വത്തിൽ പിതാവ് നമ്മൾ നിരന്തരമായി പഠിക്കേണ്ട പാഠശാലയാണ്. അദ്ദേഹത്തിന്റെ പക്വതയിൽ പങ്കുചേരുക അത്ര എളുപ്പമല്ല. സത്യം സത്യമായി കാണാനുള്ള കഴിവു വളർത്താതെ വ്യക്തിയേയോ വസ്തുക്കളേയോ അവർ സൂചിപ്പിക്കാത്ത അർഥത്തിൽ കാണാൻ ശ്രമിക്കുന്നവർ വസ്തുതയെ വികലമാക്കുന്നു. സത്യത്തെ അസത്യമാക്കുന്നു. തിരിച്ചറിവ് എന്ന മനുഷ്യഗുണത്തെ പരിഹസിക്കലാണത്.
എഡ്വാർഡ് മ്യോറിക്കേ എന്ന ജർമൻ കവി ആരാലും ശ്രദ്ധിക്കപ്പെടാത്ത പഴയ ഓട്ടുവിളക്കിന്റെ സൗന്ദര്യത്തെക്കുറിച്ചു പറയുന്നുണ്ട്: ‘അതു കാണപ്പെടുന്നതായി തോന്നില്ലെങ്കിലും അതു യഥാർഥത്തിൽ തന്നിൽ തെളിഞ്ഞുകത്തി ജ്വലിക്കുന്നു’’(A thing of beauty rests in itself; from it bliss shines forth).
പ്രകാശശോഭ പരത്തിയ വഴിവിളക്കായി പവ്വത്തിൽ പിതാവ് നമ്മുടെ ഹൃദയങ്ങളിൽ വസിക്കട്ടെ. സഭാസ്നേഹത്തിന്റെ സഹനസാക്ഷിയായ പവ്വത്തിൽ പിതാവ് സ്വർഗീയസഭയിലും നിറഞ്ഞുശോഭിക്കട്ടെ.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
സീറോ മലബാർ സഭയുടെ അൽമായ കമ്മീഷൻ ചെയർമാൻ