ഇന്ന് പിതൃദിനം !

ജീവനും ശ്വാസവും വിയർപ്പും നൽകി സ്വന്തം രക്തത്തിൽ പിറന്ന മക്കളെയും കുടുംബത്തെയും പോറ്റാനും സംരക്ഷിക്കാനും ഒരു മനുഷ്യായുസ്സു് തന്നെ മാറ്റിവയ്ക്കുന്ന മനുഷ്യജന്മത്തിന്റെ പേരാണ് അച്ഛൻ ! അപ്പച്ചൻ ! അപ്പൻ ! ബാപ്പ ! മക്കളെ വളർത്തുന്ന കാര്യത്തിൽ ഒരു പിതാവിന് സ്വാർഥതയില്ല.

ജീവനും സർവ്വസുഖവും കൊടുത്താണ് മക്കളെ വളർത്തിവലുതാക്കുന്നത്. അപ്പനേക്കാൾ വലുതാവണം എന്ന ഒറ്റ ചിന്ത മാത്രം. അങ്ങനെയൊരപ്പനെ മക്കൾ ഓർമ്മിക്കുന്ന ദിനമാണ് “ഫാതെർസ് ഡേ”.

എന്നാൽ ഇന്ന് എത്ര മക്കൾ അപ്പനെ ഓർക്കുന്നുണ്ട് ? കരുതലോടെ സ്നേഹിക്കുന്നുണ്ട് ?

പിതൃദിനത്തിൽ ഒരു കത്തിടാം, അല്ലെങ്കിൽ ഒരു ഫോൺ വിളി, അതിൽമാത്രം ഒതുങ്ങിനിൽക്കേണ്ടതാണോ പിതാവിനോടുള്ള ഒടുങ്ങാത്ത കടപ്പാട് ?

മക്കൾക്കുവേണ്ടിമാത്രം ജീവിതത്തിലെ വിലപ്പെട്ട എണ്ണമറ്റ വർഷങ്ങൾ യാതനകളുടെ ഊഷരഭൂമിയിൽ പിച്ചിച്ചീന്തപ്പെട്ട് ഒടുവിൽ വാര്ധക്യമെന്ന ഒന്നുമില്ലാഅവസ്ഥയിൽ ഇരുട്ടിലേക്ക് കണ്ണുംനട്ട്ആകാശത്തിന്റെ ചെരുവിൽ മിന്നിമറയുന്ന നക്ഷത്ര തുണ്ടുകളിൽ നോക്കി നെടുവീർപ്പിടുമ്പോൾ, അടുത്ത് മ്ലാനവദനയായി ഭിത്തിയിൽ ചാരിനിൽക്കുന്ന ഭാര്യ നിസ്സംഗതയോടെ ചോദിക്കും, ‘എന്താ മക്കളെ ഓർത്തിരിക്കുകയാണല്ലേ ?

സങ്കടപ്പെടേണ്ട ഇന്നവർ തീർച്ചയായും വിളിക്കും , ഇന്ന് പിതൃദിനമാണ് ! പാതിരാത്രിയും കടന്നിരിക്കുന്ന ആ കാത്തിരിപ്പിൽ ചിലപ്പോഴാവും ടെലിഫോൺ ബെൽ ശബ്ദിക്കുക. തനിക്ക് ചുറ്റുമുള്ള ലോകം പതുക്കെ മങ്ങുകയും ഇരുളുകയും അവസാനം കൂരിരുട്ടിലാകുകയും ചെയ്യുന്നതായി അപ്പോൾ ആ വയോധികനു തോന്നും. അതെ സ്വാർഥതയുടെ നെരിപ്പോടിലേക്കു ജീവിതം ഞെരുങ്ങി അമരുന്നതായും, കാലത്തിന്റെ അനിഷേധ്യമായ അപചയപരിണാമത്തിൽ മനുഷ്യബന്ധങ്ങൾ ഇഴകൾ പൊട്ടുന്ന ഒരു ചരടായി മാറുന്നതായും ആ പാവം വയോധികൻ അറിയുന്നില്ല. അഥവാ അത്തരമൊരു പരിണാമം നടക്കുന്നതായി അയാൾ വിശ്വസിക്കുന്നില്ല. ഒടുങ്ങിക്കൊടിരിക്കുന്ന ആയുസ്സ് ആർദ്രമനസ്കനായി ചെലവിടുമ്പോൾ ക്ലേശകരമായ ജീവിതത്തിലെ അവശേഷിക്കുന്ന യാമങ്ങൾ നിറകണ്ണുകളോടെ അയാൾ തള്ളിനീക്കുന്നു.

വാർദ്ധക്യത്തിന്റെ അപശ്രുതികൾ അലോസരപ്പെടുത്തുന്ന അഭിശപ്തമായ ഒരു സായന്തകാലത്തു, കെട്ടിപ്പിടിക്കുവാനും ഉമ്മവയ്ക്കുവാനും കൊച്ചുമക്കൾ അടുത്തില്ലല്ലോ എന്ന ധർമസങ്കടത്തിൽ മരവിച്ചിരിക്കുമ്പോൾ, ഒരപരിചിതനുപോലും തോന്നാത്ത നിർമമതയോടെ, മക്കളെ കൂടുതൽ സ്നേഹിച്ചുപോയല്ലോ, അല്ല സ്നേഹിച്ചുകൊണ്ടിരിക്കുന്നല്ലോ എന്ന ചിന്ത ആ വയോധികനെ ഭ്രാന്തമായ ഒരു ശൂന്യതയുടെ അരികിൽകൊണ്ടെനിര്ത്തുന്നു. ഒരുപക്ഷെ മരണത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിനു മുൻപെ ജീവന്റെ സ്പന്ദനം നിലനിർത്തുന്നത് നിസ്സഹായതയുടെ ഇത്തരം സ്വപ്നങ്ങളാണല്ലോ എന്നോർത്ത് ആ പിതാവ് സ്വയം സാന്ത്വനപ്പെടുന്നു. അതെ ജീവിതമെന്നത് പൂർണതയെത്താത്ത ഒരു കഥയെന്നത് സത്യം.

(ചിത്രം കാണുക: അമ്മയുടെ മുത്തവും സ്നേഹവും ആസ്വദിക്കുന്ന കുട്ടി അമ്മയെയും തന്നെയും സദാസമയം താങ്ങിനിർത്തുന്ന അപ്പന്റെ കഠിനാധ്വാനത്തെ കാണുന്നില്ല).

എല്ലാ പിതാക്കന്മാർക്കും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഒരു നല്ല പിതൃദിനം ആശംസിക്കുന്നു.

ഡോ ജോർജ് തയ്യിൽ

നിങ്ങൾ വിട്ടുപോയത്