“ഉമത്താലെ വന്ന രോഷം രമത്താലെ ഒഴിപ്പാനായ് മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രര് ..
ദ്യവരവള്ളിയാഴ്ചയുടെ ശോകസാന്ദ്രമായ അന്തരീക്ഷത്തിൽ പകൽ പക്ഷികൾ പോലും പാടാൻ മറന്ന സായാഹ്‌നം എല്ലാം നിശ്ചലം നിശ്ശബ്‌ദം ആയും വീർപ്പുമുട്ടിക്കുന്ന മുകതയിലേക്ക് ഒരു ശോകഗാനം ഒഴുകിപടർന്നു. പാലാ കത്തീഡ്രലിലെ പുത്തൻ പാനസംഘം പാടുന്ന സങ്കടങ്ങളുടെയും വേദനകളുടെയും അനുതാപത്തിന്റെ ആര്‍ദ്രത ചേർക്കുന്ന പുത്തൻപാനയിലെ പന്ത്രണ്ടാം പാദം കഴിഞ്ഞ അൻപതു വർഷമായി പാലായിലും പരിസരത്തുമുള്ള വിശ്വാസികളുടെ ആത്മാവിൽ നിറയുന്നു. അർണ്ണോസ് പാതിരിയുടെ 292-ാം ചരമവാർഷികവും പുത്തൻപാനയുടെ 308-ാം വാർഷികവും ഈ വർഷം ആചരിക്കുന്നു. പുത്തൻപാനയെന്ന അമൂല്യകൃതിയുടെ ഈണം വായനയിലൂടെ കാത്തുസൂക്ഷിക്കുകയും പുതുതലമുറയ്ക്ക് അത്പകർന്നു നൽകുകയുമാണ് പാന വായന സംഘത്തിന്റെ ലക്ഷ്യം. ദുഃഖവെള്ളിയാഴ്‌ചയിലെ ഭക്ത്യാധിഷ്‌ഠിതമായ ഒരു ആചരണം കൂടിയാണ് പാനവായന.
ഫാദർ മാത്യു മഠത്തിക്കുന്നേൽ വികാരിയായിരുന്ന കാലത്താണ് ഈ പാനവായന സംഘത്തിന്റെ തുടക്കം. ആവിമൂട്ടിൽ എ.യു. കുര്യൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പാനസംഘം പാനവായന ഒരു നിയോഗമായി ഏറ്റെടുക്കുകയായിരുന്നു. അന്നു മുതൽ തോമസ് ആൻ്റണി കുന്നുംപുറത്തിൻ്റെ ഭവനത്തിലാണ് ഈ സംഘം പാനവായന നടത്തിയിരുന്നത്. ആരംഭകാലത്തെ പ്രമുഖ പാനവായനക്കാരായിരുന്ന മുതിർന്നവരിൽ പലരും മൺമറഞ്ഞു പോയെങ്കിലും ഓരോ വർഷവും പുതുതലമുറ സംഘത്തിൽ ചേർന്നുകൊണ്ടിരിക്കുന്നു. ഫാ ജോസ് കാക്കല്ലിലിന്‍റെ നേതൃത്തൃത്തില്‍പാലാ കുന്നുപുറത്ത് തോമസ് ആൻ്റണിയും എ.യു. കുര്യന്റെ മകൻ എ.കെ. ഷാജിയുമാണ് ഇപ്പോൾ ഈ പാനവായന സംഘത്തെ നയിക്കുന്നത്. വ്രതശുദ്ധിയോടെ നോമ്പുനോറ്റും പ്രാർത്ഥിച്ചുമാണ് അംഗങ്ങൾ പാനവായനയ്ക്ക് ഒരുങ്ങുന്നത്.
കഴിഞ്ഞവർഷം മുതൽ കത്തീഡ്രൽ വികാരിയച്ചൻ വെരി. റവ. ഡോക്‌ടർ. ജോസ് കാക്കല്ലിയുടെ നിർദ്ദേശപ്രകാരം പള്ളിയിൽ വെച്ചാണ് പാനവായന നടത്തുന്നത്. ദുഃഖവെള്ളിയാഴ്ച്‌ച ദേവാലയത്തിൽ നടക്കുന്ന പീഢാനുഭവ ശുശ്രൂഷകൾക്ക് ശേഷമാണ് പാനവായന വൈകുന്നേരം നടത്തുന്നത്. ഈശോയുടെ ജനനം മുതൽ മരണവും ഉത്ഥാനവും വരെയുള്ള ചരിത്രസംഭവങ്ങളാണ് ജർമ്മൻകാരനായ അർണ്ണോസ് പാതിരി പുത്തൻ പാനയിൽ പ്രതിപാദിച്ചിട്ടുള്ളത്. 1500 ൽപരം വരികളിലായി എഴുതപ്പെട്ട ഈ കൃതി ലക്ഷണമൊത്തൊരു വിലാപകാവ്യമെന്നതിലുപരി മലയാള ഭാഷയ്ക്ക് വലിയ മുതൽക്കൂട്ടാണ്. പാനയുടെ പന്ത്രണ്ടാം പാദം ഏതൊരുവൻറെയും കരളലിയ്ക്കാൻ പോന്നതാണ്. മുതിർന്നവരും, വൈദികരും, വൈദിക വിദ്യാർത്ഥികളും, സർക്കാർ ഉദ്യോഗസ്ഥരും, കുട്ടികളും ഉൾപ്പെടെ അൻപതോളം പേരടങ്ങുന്നതാണ് ഈ സംഘം.
ഈശോ സഭാ വൈദികനായിരുന്ന അർണോസ് പാതിരി കേരളത്തിലെത്തി തൃശൂരിനടുത്ത് താമസിച്ച് മലയാളവും സംസ്‌കൃതവും പഠിച്ച് എഴുതിയ പൂത്തൻപാന ജ്ഞാനപ്പാനയുടെ രീതിയിലും ദ്രുതകാകളി വൃത്തത്തിലുമാണെന്നാണ് പറയുന്നത്. പന്ത്രണ്ടാം ഭാഗം കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പാടി വരുന്നത് വിവിധ രീതികളിലാണ്. അമ്മ കന്യാമണി തന്റെ നിർമ്മല ദുഃഖങ്ങളാണ് ഈ പാദത്തിൽ വിവരിക്കുന്നത്. സുറിയാനി സംഗീതത്തിന്റെ സ്വാധീനം കോട്ടയം പ്രദേശത്തുള്ളവരുടെ പാനവായനയിൽ പ്രകടമാണ്. 1952-ൽ ആൻഡ്രൂബേക്ക് എന്ന വിദേശ മിഷനറി കോട്ടയത്തുവച്ച് റിക്കാർഡു ചെയ്തിട്ടുള്ള പാനപ്പാട്ടിൽ ഈണപ്രത്യേകത തെളിഞ്ഞു കാണാം. പാനവായന പഠിക്കാനും കേൾക്കാനും വർഷം തോറും കൂടുതൽ ആളുകൾ എത്തിച്ചേരുന്നു. ജൂബിലി വർഷം പ്രമാണിച്ച് പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഈ വർഷത്തെ പാനവായനയിൽ പങ്കെടുത്ത് മുതിർന്ന വായനക്കാരെ ആദരിക്കുന്നു.
തോമസ് ആൻ്റണി കുന്നുംപുറത്ത്