ജനക്കൂട്ടത്തിന്റെ ‘ഓശാന’വിളിയും ‘കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍’ എന്ന ഉദ്‌ഘോഷണവും ‘മരച്ചില്ലകളും’ സങ്കീ 118,25-27-ല്‍നിന്നു കടമെടുത്തിട്ടുള്ളതാണ്. യഹൂദര്‍ പെസഹാ ആചരണത്തിന് ഉപയോഗിച്ചിരുന്ന കീര്‍ത്തനങ്ങളാണല്ലോ ‘ഹല്ലേല്‍’ഗീതങ്ങള്‍ (സങ്കീ 113-118). ഈജിപ്തില്‍നിന്നുള്ള ഇസ്രായേലിന്റെ മോചനാനുസ്മരണമായിരുന്നു ആ പെസഹാചരണം.

പുറപ്പാടോര്‍മയുടെ അത്തരം ഒരു സങ്കീര്‍ത്തനശകലം ജറുസലേമിലേക്കുള്ള യേശുവിന്റെ സാഘോഷപ്രവേശവേളയില്‍ ജനം ആര്‍ത്തുപാടിയത് ഏറെ അര്‍ത്ഥഗര്‍ഭമാണ്. പുത്തന്‍പുറപ്പാടിന്റെ ഉദ്ഘാടനവേളയാണ് യേശുവിന്റെ സാഘോഷമായ ജറുസലേംപ്രവേശം.

ഞങ്ങളെ രക്ഷിക്കണമേ’ എന്നര്‍ത്ഥമുള്ള ‘ഹോഷിയാനാ’ എന്ന ഹെബ്രായ പദം യേശുവിന്റെ പേരിനോടു ചേര്‍ന്നു പോകുന്നതാണ്. ‘കര്‍ത്താവു രക്ഷിക്കുന്നു’ എന്നര്‍ത്ഥമുള്ള ‘യഹോഷുവാ’ അഥവാ ‘യോഷുവാ’ എന്ന നാമമാണല്ലോ ഈശോ അഥവാ, യേശു എന്നു നമ്മള്‍ ഉച്ചരിക്കുന്നത്. ഓശാന എന്നത് ആദ്യകാലത്ത് ഒരു പ്രാര്‍ത്ഥനയായിരുന്നെങ്കില്‍, പിന്നീട് അത് ഇസ്രായേല്‍ കാത്തിരുന്ന മിശിഹായെ എതിരേല്ക്കുന്ന മുദ്രാവാക്യം വിളിയായി മാറി. ജറുസലേമിലേക്ക് കടന്നുവന്ന യേശുവിനെ മിശിഹായായി തിരിച്ചറിഞ്ഞ് ജനം ഏറ്റുപറഞ്ഞതാണ് ഓശാന. റോമാഭരണത്തില്‍നിന്നു തങ്ങളെ രക്ഷിക്കാനുള്ളവന്‍ എന്നതായിരുന്നു യേശുവിനെക്കുറിച്ചുള്ള ജനത്തിന്റെ സങ്കല്പമെങ്കിലും, ആ ഓശാനാവിളിയിലൂടെ, തങ്ങള്‍ക്ക് രക്ഷ നിറവേറ്റിത്തരാന്‍ – അറിയാതെയാണെങ്കിലും – അവര്‍ യേശുവിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു! അത് ഉത്പ 3,15-ല്‍ കാണുന്ന രക്ഷാവാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിന്റെ പ്രാരംഭമായി മാറുകയായിരുന്നു…

സങ്കീ 118,27-ല്‍ കാണുന്ന ”മരച്ചില്ലകളേന്തി ബലിപീഠത്തിലേക്കു പ്രദക്ഷിണം തുടങ്ങുവിന്‍” എന്ന വാക്യമാണ് ഓശാനവിളികളോടൊപ്പം ജനം ‘മരച്ചില്ലകള്‍’ ഉപയോഗിച്ചതിന്റെ അണിയറരഹസ്യം. കുരിശെന്ന തന്റെ ബലിപീഠത്തിലേക്കുള്ളതാണ് യേശുവിന്റെ സാഘോഷയാത്ര എന്ന യാഥാര്‍ത്ഥ്യമാണ് അത് വ്യംഗ്യമായി സൂചിപ്പിക്കുന്നത്.

ഒലിവു ചില്ലകള്‍ക്കു പകരം നമുക്കു സുലഭമായ കുരുത്തോലകള്‍ കൈകളിലേന്തി ഓശാന പാടി നാം പ്രദക്ഷിണം ചെയ്യുമ്പോള്‍ നോമ്പുനോറ്റു സുന്ദരമാക്കിയ ജീവിതത്തിന്റെ വഴിത്താരയിലേക്കാണ് യേശുവിനെ ഓശാന പാടി നാം എതിരേല്ക്കുന്നത് എന്നു മറക്കരുത്. പക്ഷേ, ഇത് ഒരു ദിവസത്തിന്റെ ഏര്‍പ്പാടല്ല. കര്‍ത്താവിനുമുമ്പില്‍ വിരിച്ചിട്ട വസ്ത്രങ്ങളും തിരുമുമ്പില്‍ സാനന്ദം ആടിയുലയുന്ന മരച്ചില്ലകളുമായി നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ ജീവിതം മാറണം. ചുരുക്കിപ്പറഞ്ഞാല്‍, ഓശാനഗീതം ജറുസലേംവീഥിയില്‍നിന്ന് നമ്മുടെ തെരുവീഥികളിലേക്കും കുടുംബങ്ങളിലേക്കും ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറാനുള്ളതാണ്!

ഏവര്‍ക്കും ഓശാനത്തിരുനാള്‍ മംഗളങ്ങള്‍!

ഏവര്‍ക്കും വിശുദ്ധവാര പുണ്യങ്ങള്‍!

Joshyachan Mayyattil

നിങ്ങൾ വിട്ടുപോയത്